ഇലന്തൂർ ഗവ. കോളജ് പ്രവർത്തിക്കുന്ന ഗവ.എച്ച്എസ്എസിൽ അബിൻ വർക്കി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ സന്ദർശനം.
പത്തനംതിട്ട: 12 കൊല്ലമായി ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇലന്തൂർ ഗവ: കോളജിന്റെ സ്ഥിതിഗതികൾ അബിൻ വർക്കി എംഎൽഎയുടെ നേതൃത്വത്തിൽ വിലയിരുത്തി. 2014ൽ കെ.ശിവദാസൻ നായർ എംഎൽഎ ആയിരിക്കേ ഇലന്തൂർ ഗവ. എച്ച്എസ്എസ് കെട്ടിടത്തിലാണ് കോളജ് പ്രവർത്തനം ആരംഭിച്ചത്. ഖാദി ബോർഡിന്റെ മൂന്ന് ഏക്കർ സ്ഥലം കോളജിനായി കണ്ടെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് രണ്ട് ഏക്കർ സ്ഥലം കൂടി കണ്ടെത്തി മുൻ എംഎൽഎയുടെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നടത്തിയെങ്കിലും സ്ഥലത്തേക്ക് പ്രവേശിക്കാനുള്ള വഴിയുടെ പ്രശ്നത്തെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായി.
ഇപ്പോൾ കോളജ് പ്രവർത്തിക്കുന്ന കെട്ടിടം ഉപയോഗപ്രദമല്ലാത്ത അവസ്ഥയിലാണ്. 150 വിദ്യാർഥികൾ പഠിക്കുന്ന കോളജിൽ ആവശ്യമായ സംവിധാനങ്ങളുമില്ല. ഈ സാഹചര്യത്തിലാണ് അബിൻ വർക്കി എംഎൽഎ കോളജിൽ സന്ദർശനം നടത്തി, അധ്യാപകരും ജീവനക്കാരുമായി ചർച്ച നടത്തിയത്.
22ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണുമായി വിഷയത്തിൽ ചർച്ച നടത്തുമെന്നും വഴിയുുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പരിഹാരം കണ്ടെത്താനും എസ്റ്റിമേറ്റ് തയാറാക്കാനും പഞ്ചായത്ത് അധികൃതരെ ചുമതലപ്പെടുത്തിയതായും അബിൻ വർക്കി അറിയിച്ചു. ഇലന്തൂർ ഗവ: കോളജിനെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും എംഎൽഎ വ്യക്തമാക്കി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്സ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മുകുന്ദൻ , പഞ്ചായത്തംഗം ജോഷ്വാ സാമുവേൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Tags :