പാലാ: അക്ഷരമുറ്റത്തിന്റെ പടിവാതിലിലെത്തിയ കുരുന്നുകള്‍ക്ക് വര്‍ണാഭമായ സ്വീകരണം. വിവിധ നിറങ്ങളിലുള്ള ബലൂണുകളും തൊപ്പികളും മധുരപലഹാരങ്ങളുമായാണ് അധ്യാപകര്‍ കുരുന്നുകളെ വരവേറ്റത്. നവാഗതര്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് സ്കൂളുകള്‍ ഒരുക്കിയത്. പാട്ടും നൃത്തവും കളിചിരികളുമായി സ്കൂള്‍ അന്തരീക്ഷം ഹൃദ്യമാക്കി.
ഉഴവൂര്‍: ഒഎല്‍എല്‍ എച്ച്എസില്‍ നവാഗതരെ സ്വീകരിക്കാനായി തയാറാക്കിയ റോബോട്ടിക് കുട്ടിക്കൊമ്പന് വിദ്യാര്‍ഥികള്‍ക്ക് കൗതുകം പകര്‍ന്നു. നവാഗതരായ 107 കുട്ടികളെ വാദ്യമേളങ്ങള്‍, നൃത്തം തുടങ്ങിയവയുടെ അകമ്പടിയോടെ സ്വീകരിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ.അലക്സ് ആക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയില്‍, വാര്‍ഡ് മെംബര്‍ ആന്‍സി ടോമി കാരക്കുന്നത്ത്, പിടിഎ പ്രസിഡന്റ് അജി തോമസ്, എംപിടിഎ പ്രസിഡന്റ് ലിസി ജോണ്‍, പ്രധാനാധ്യാപകൻ തോമസ് ലൂക്കോസ്, സ്റ്റാഫ് സെക്രട്ടറി മാത്തുക്കുട്ടി ഏബ്രഹാം തുടങ്ങിയവര്‍ സന്ദേശം നല്കി.
കളത്തൂക്കടവ്: ലയൺസ് ക്ലബ് അരുവിത്തുറയുടെയും എകെസിസി കളത്തൂക്കടവ് യൂണിറ്റിന്റെയും നേതൃത്വത്തിൽ കളത്തൂക്കടവ് സിസ്റ്റർ അൽഫോൻസ എൽപി സ്കൂൾ പ്രവേശനോത്സവത്തിനു നേതൃത്വം നൽകുകയും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ബാഗ്, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ് എന്നിവ വിതരണം ചെയ്യുകയും ചെയ്തു.
അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് ടിറ്റോ മാത്യു തെക്കേലിന്റെ അധ്യക്ഷതയിൽ തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ വരിക്കമാക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. അരുവിത്തുറ ലയൺസ് ക്ലബ് മെംബർ പ്രഫ. റോയ് തോമസ് കടപ്ലാക്കൽ, ലയൺസ് ക്ലബ് മെംബേഴ്സ്, എകെസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.