പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: വയനാട് ജില്ല രൂപീകരണം നടന്നിട്ട് ഇന്നേക്ക് 46 വർഷം തികയുകയാണ്. കാര്യമായ പുരോഗതികൾ ഇല്ലാതെ അവഗണനയും വികസനമുരടിപ്പിലും ഉഴലുകയാണ് ജില്ല. അടിസ്ഥാന സൗകര്യങ്ങളില്ല. കാലങ്ങളായിവന്ന വ്യതിയാനത്തിനനുസരിച്ചുള്ള മാറ്റമല്ലാതെ എടുത്തുപറയാൻ ഒന്നുമില്ല. ജില്ലയുടെ വികസന കാര്യങ്ങളിൽ മുരടിപ്പ് തന്നെയാണ് തുടരുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, റെയിൽവേ, വ്യവസായം, തൊഴിൽ, കൃഷി, വിനോദ സഞ്ചാരം തുടങ്ങി സമസ്ത മേഖലകളിലും അടിസ്ഥാനപരമായ മാറ്റങ്ങൾ ഇനിയും യാഥാർത്ഥ്യമാകേണ്ടതുണ്ട്.
ആരോഗ്യമേഖല
ആതുരശുശ്രൂഷ രംഗത്താണ് വയനാട് ഇന്നും ഏറ്റവും പിറകിൽ കിടക്കുന്നത്. വിദഗ്ധ ചികിത്സകിട്ടണമെങ്കിൽ ചുരം ഇറങ്ങേണ്ട അവസ്ഥയാണ്. പേരിനൊരു മെഡിക്കൽ കോളജ് ഉണ്ടങ്കിലും വിദഗ്ധ ഡോക്ടർമാരുടെയും മറ്റ് ചികിത്സാ സൗകര്യങ്ങളുടെയും അഭാവം കാരണം ഒരു റഫറൽ ആശുപത്രി പോലെയാണ് പ്രവർത്തിക്കുന്നത്. താലൂക്ക് കേന്ദ്രീകരിച്ചും ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയുണ്ടങ്കിലും ഇവിടെയും ഡോക്ടർമാരുടെ കുറവ് രോഗികളെ കാര്യമായി ബാധിക്കുന്നു. അത്യാവശ്യം ഘട്ടങ്ങളിൽ ഇപ്പോഴും മറ്റു ജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
യാത്ര സൗകര്യം
വയനാടിന്റെ വികസനത്തിന് പ്രധാന തടസങ്ങളിലൊന്നാണ് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത. വർഷങ്ങൾക്ക് മുന്പുള്ള അതേ അവസ്ഥ തന്നെ. പൊതുഗതാഗതം കാര്യമായി വികസിച്ചില്ലെങ്കിലും സ്വകാര്യവാഹനങ്ങൾ വൻതോതിൽ വർധിച്ചു. ഇതിന് ആനുപാതികമായി പാതകൾ വികസിച്ചില്ല. ഇതോടെ ഗതാഗതകുരുക്ക് രൂക്ഷമായി തീർന്നു. കോഴിക്കോട്ട് നിന്ന് വയനാട്ടിലേയ്ക്ക് കയറുന്ന താമരശേരി ചുരവും വർഷങ്ങൾക്ക് മുന്പുള്ള അവസ്ഥ തുടരുകയാണ്.
പുതിയതായി നിർമാണം ആരംഭിച്ച കള്ളാടി - ആനക്കാംപൊയിൽ തുരങ്കപാത ഏറെ പ്രതീക്ഷ നൽകിയെങ്കിലും പ്രകൃതി ദുരന്തങ്ങളുടെ പേരിൽ എങ്ങും എത്താതെ അനിശ്ചിതത്വത്തിൽ നിൽക്കുകയാണ്. ദേശീയ പാതയുടെ വികസനവും അനന്തമായി നീളുകയാണ്. 17 വർഷമായി തുടരുന്ന ദേശീയപാത 766ലെ രാത്രികാല ഗതാഗത നിരോധനം മറികടക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
റെയിൽവേ
റെയിൽപാളമില്ലാത്ത ജില്ല എന്ന പേര് ഇന്നും മാറ്റവുമില്ലാതെ തുടരുകയാണ്. നഞ്ചൻകോട്-വയനാട്-നിലന്പൂർ റെയിൽ എന്ന സ്വപ്നം കാണുവാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടതാണ്. വയനാട്ടിൽ റെയിൽവേ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യം കൂടുന്പോഴും ട്രെയിനിന്റെ ചൂളംവിളിമാത്രം വയനാട്ടിൽ മുഴങ്ങിയില്ല.
റെയിൽവേയ്ക്ക് ആവശ്യമായ പ്രാഥമിക സർവേ പൂർത്തീകരിച്ചെങ്കിലും തുടർ നടപടികൾ അനന്തമായി നീളുകയാണ്. മാറിമാറി വരുന്ന സർക്കാരുകളിലും ജനപ്രതിനിധികളിലും പ്രതീക്ഷയർപ്പിച്ച് ജനങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി.
വിദ്യാഭ്യാസ മേഖല
ജില്ലയിലെ വിദ്യാഭ്യാസ മേഖല ഇന്നും പിന്നിൽ നിൽക്കുകയാണ . കാലത്തനനുസരിച്ച മാറ്റം ഉൾക്കൊണ്ട് പുത്തൻ പഠന സംവിധാനങ്ങൾ വന്നപ്പോഴും വയനാട്ടിൽ അവയുടെ പ്രതിഫലനം കാണാനില്ല. തൊഴിൽപരമായ വിദ്യാഭ്യാസം കാംക്ഷിക്കുന്ന പലരും തൊട്ടടുത്ത സംസ്ഥാനമായ കർണാടകത്തിലും തമിഴ്നാട്ടിലും പോയാണ് വിദ്യാഭ്യാസം തേടുന്നത്. ജില്ലയിൽ മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ വിദ്യാഭ്യാസ കോഴ്സുകളോ തുടങ്ങാത്തതാണ് ഇതിന് കാരണം.
പുതുതലമുറയ്ക്ക് അനുയോജ്യമായ അവസരങ്ങൾ ഇല്ലാത്തതിനാൽ വിദ്യയും തൊഴിലും തേടി മറ്റ് രാജ്യത്തേക്ക് പോകുന്നവരും നിരവധിയാണ്. ജില്ലയിൽ ഉണ്ടായിരുന്ന ചില ഓഫിസുകൾപോലും ചുരമിറങ്ങിക്കഴിഞ്ഞു. മെഡിക്കൽ, എൻജിനിയറിംഗ്, പാരാമെഡിക്കൽ, നഴ്സിംഗ്, ഐടി, കാർഷിക, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കൂടുതൽ പഠനസൗകര്യങ്ങൾ ജില്ലയിൽ ആരംഭിക്കണമെന്ന ആവശ്യമുണ്ട്.
വന്യജീവി ആക്രമണം
വർഷങ്ങളായി തുടർന്നുവരുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വന്യജീവി ആക്രമണം. ഇത് പരിഹരിക്കാനോ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്താനോ ഇതുവരെ കാര്യക്ഷമമായ ഒരു നടപടിയും ഫലപ്രദമായി നടപ്പാക്കാനായില്ല. കാടും നാടും വേർതിരിക്കാനോ വനത്തിനകത്ത് കഴിയുന്നവരെ പുറം ലോകത്ത് എത്തിക്കാനോ കഴിഞ്ഞിട്ടില്ല.
കാർഷിക മേഖല
കറുത്തപൊന്നിന്റെ നാട് എന്നറിയപ്പെടുന്ന വയനാട്ടിൽ കൃഷിയെ വ്യാപകമായി ബാധിച്ചിരിക്കുന്നത് രോഗബാധയാണ്. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന വയനാടൻ ജനതയുടെ വരുമാന മാർഗമായ കൃഷി നശിച്ചതോടെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലായി. കാലാവസ്ഥ വ്യതിയാനവും കാർഷിക മേഖലയിലെ മാറ്റങ്ങളെയും അതിജീവിക്കുന്നതിന് ആവശ്യമായ പരിഹാരമാർഗങ്ങൾ കൃത്യമായി നൽകേണ്ടവർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. കാർഷിക വിളകളുടെ രോഗബാധയും കർഷകരെ പ്രതിസന്ധിയിലാക്കി.
ടൂറിസം മേഖലയിലാണ് അൽപ്പമെങ്കിലും ഉണർവുണ്ടായിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് അടിക്കടിയുണ്ടാകുന്ന നിയന്ത്രണങ്ങൾ ഈ മേഖലയേയും ദുരിതത്തിലാക്കിയിരിക്കുകയാണ്. അനവധി സമരങ്ങൾക്ക് പതിറ്റാണ്ടുകളായി സാക്ഷ്യം വഹിക്കുന്ന വയനാട് ജില്ലയിൽ ഇനിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു അധികൃതരും ഭരണാധികാരികളും പ്രവർത്തിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Tags :