എടക്കര: എരുമമുണ്ട ഇരുനൂറിൽ ടാപ്പിംഗിനിടെ കാട്ടാനക്കൂട്ടത്തിന്റെ മുന്നിലകപ്പെട്ട തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. കൃഷിയിടത്തിലിറങ്ങിയ ആനകൾ വ്യാപക നാശം വിതച്ചു. കളപ്പുരയ്ക്കർ റോജിയാണ് സ്വന്തം തോട്ടത്തിൽ ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാനക്കൂട്ടത്തിന് മുന്നിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മൂന്ന് ആനകളെ മുന്നൽ കണ്ട റോജി ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം. തുടർന്ന് കാട്ടാനക്കൂട്ടം സമീപത്തുള്ള കാരിക്കുളം മത്തായിയുടെ കൃഷിയിടത്തിൽ വ്യാപക നാശം വിതയ്ക്കുകയും ചെയ്തു. മത്തായിയുടെ തെങ്ങ്, കമുക് എന്നിവ വ്യാപകമായി നശിപ്പിച്ചു.
ഇരുനൂറിനും മേരി ലാന്റിനുമിടയിലുള്ള ഈ പ്രദേശത്ത് കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി കാട്ടാന ശല്യം രൂക്ഷമാണ്. നിലന്പൂർ റേഞ്ചിലെ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്റെ നാല് കിലോമീറ്റർ അകലെയുള്ള ജനവാസ കേന്ദ്രത്തിലാണ് കാട്ടാനകൾ നാശം വിതച്ചത്. വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിച്ച് വന്യമൃഗങ്ങളിൽനിന്ന് കർഷകരെ രക്ഷിക്കാൻ നടപടിയുണ്ടാകണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
Tags :