ഫിലിം ഫെസ്റ്റ്
കൽപ്പറ്റ: വയനാട്ടിലെ തരിയോട് പഞ്ചായത്തിലുള്ള കാവുംമന്ദത്ത് കാസാ ബ്ലാങ്കാ ഫിലിം ഫാക്ടറി ഓഫിസിൽ സംഘടിപ്പിച്ച വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റിന്റെ മൂന്നാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു.
സ്വതന്ത്ര സിനിമാ നിർമാണം, തിരക്കഥാരചന, സാഹിത്യം, കഥാരചന എന്നീ മേഖലകളിലെ മികവിനാണ് ഇത്തവണ പുരസ്കാരങ്ങൾ നൽകിയത്. ടിമോത്തി മൈറിക് സംവിധാനം ചെയ്ത അമേരിക്കൻ ചിത്രം ’ഓഫ് ഹു വി വേർ’ നെ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. മെക്കൽ റിംഗ്ഡാളിന്റെ സ്പാനിഷ് ചിത്രം ‘ദ ചോക്ലേറ്റ്’ മികച്ച മൊബൈൽ ഫോണ്‍ ചിത്രത്തിനുള്ള പുരസ്കാരം നേടി. മോളി വെർണൻ സംവിധാനം ചെയ്ത ‘ഐ/ഒ’ മികച്ച ട്രെയിലറിനുള്ള പുരസ്കാരം സ്വന്തമാക്കി.
മൈക്കൽ വില്യംസിന്റെ(അമേരിക്ക)ഹാർട്ട് സ്റ്റോണ്‍ മികച്ച ക്രൈം ത്രില്ലർ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ഗിനി ഗ്രഹാം സ്കോട്ടിന്റെ (അമേരിക്ക) ’ദ ഹീലർ’ മികച്ച സോഷ്യൽ ത്രില്ലർ തിരക്കഥയായും ’ഓഫ് മൈസ് ആൻഡ് ഹ്യൂമൻസ്’ മികച്ച സയൻസ് ഫിക്ഷൻ തിരക്കഥയായും ’സ്വീറ്റ് റിവഞ്ച്’ മികച്ച സോഷ്യൽ ഡ്രാമ തിരക്കഥയായും തെരഞ്ഞെടുക്കപ്പെട്ടു.
സാഹിത്യ വിഭാഗത്തിൽ ബ്രിട്ടീഷ് എഴുത്തുകാരൻ പോൾ ഹോഡ്ജ്സണ്‍ നാല് പുരസ്കാരങ്ങൾ നേടി. ’ജോണ്‍സ് ജേണി’-നോവൽ, ’ബിനീത്ത് ദ ഗാലോഗേറ്റ് സ്കൈ’-ചരിത്ര പുസ്തകം, ’ഫോർ എവർ ബോറോ’-മികച്ച കായിക ചരിത്ര പുസ്തകം, ’റൈക്കർ പാർട്ട് വണ്‍’-ക്രൈം ഫിക്ഷൻ എന്നിവയാണ് അദ്ദേഹത്തെ പുരസ്കാരങ്ങൾക്ക് അർഹനാക്കിയത്. സ്പെയിനിൽനിന്നുള്ള ജോസ് മിഗ്വൽ സോറിയാനോയുടെ ‘നൂനുയാച്ചി’ മികച്ച ഒറിജിനൽ കഥയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കി.
ഐഎംഡിബി(ഇന്റർനെറ്റ് മൂവി ഡാറ്റ ബേസ്)യോഗ്യത നേടിയ അന്താരാഷ്ട്ര വാർഷിക ചലച്ചിത്രമേളയാണ് വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ്’. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ആദ്യ ഫീച്ചർ ചിത്രമായ ’വഴിയെ’യുടെ വിജയത്തിന് പിന്നാലെ ലോകമെന്പാടുമുള്ള സ്വതന്ത്ര സിനിമകളെയും ചലച്ചിത്ര പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള തുടങ്ങിയത്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറി സിഇഒയും ചലച്ചിത്ര സംവിധായകനുമായ നിർമൽ ബേബി വർഗീസാണ് മേള ഡയറക്ടർ.
Tags :