കോട്ടയം: മഴമേഘങ്ങള്‍ മാറിനിന്ന അന്തരീക്ഷത്തില്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ലോകത്തേക്ക് പുതുപ്രവേശം. രണ്ടു മാസത്തെ വേനലവധിക്കുശേഷം തിരികെയെത്തിയ കുട്ടികള്‍ക്കും സൗഹൃദത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് വീണ്ടുമെത്തിയതിന്റെ ആഹ്ലാദം.
വര്‍ണാഭമായി അലങ്കരിച്ച ക്ലാസ് മുറികളിലേക്ക് എത്തിയ നവാഗതരെ മധുരം നല്കി സ്വീകരിച്ചാണ് ജില്ലയിലെ സ്കൂളുകളില്‍ പ്രവേശനോത്സവം ആഘോഷിച്ചത്. പുത്തനുടുപ്പും ബാഗും കുടയും പുസ്തകവും ചോറ്റുപാത്രവുമൊക്കെയായി മാതാപിതാക്കളുടെ കൈപിടിച്ചെത്തിയ നവാഗതര്‍ അക്ഷരമുറ്റം കണ്ടപ്പോള്‍ ആദ്യം അമ്പരന്നുനിന്നു. പിന്നീട് മധുരം കഴിച്ച് കളിയും ചിരിയുമായി കൂട്ടുകാര്‍ക്കൊപ്പം കൂടി. ചിലരാകട്ടെ മാതാപിതാക്കളെ കാണാതെ കരഞ്ഞു.
ഇവരെ ആശ്വസിപ്പിക്കാന്‍ മുതിര്‍ന്ന കുട്ടികളും അധ്യാപകരും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളുമായി എത്തി. പാട്ടും ഡാന്‍സും പഠനവും കളിചിരികളുമായി പുത്തന്‍ കൂട്ടുകാര്‍ക്കൊപ്പം ആദ്യദിനം ആഘോഷമാക്കിയാണ് മടങ്ങിയത്.
പ്രവേശനോത്സവ ഘോഷയാത്രയില്‍ വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും വര്‍ണാഭമായി. എന്‍സിസി, സ്കൗട്ട് വിഭാഗങ്ങളടക്കം നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു.
Tags : nattu vishesham new academic year entrance ceremony