International
സോഷ്യൽ മീഡിയയുടെ അതിരുകടന്ന ഉപയോഗം സമകാലികലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. കുട്ടികളുടെയും കൗമാരക്കാരുടെയും അതിരുകടന്ന സോഷ്യൽ മീഡിയ ഉപയോഗം ആഗോളതലത്തിൽ വലിയ ആശങ്കകളാണു സൃഷ്ടിക്കുന്നത്. കാര്യങ്ങൾ അതിർവരന്പിൽ നിൽക്കുന്പോൾ ഡിജിറ്റൽ ലോകത്ത് വിപ്ലവകരമായ നിയന്ത്രണങ്ങളുമായി രംഗത്തുവരികയാണു ലോകരാജ്യങ്ങൾ. കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി വിവിധ രാജ്യങ്ങൾ കർശന നിയമങ്ങൾ നടപ്പാക്കുകയാണ്.
മാതൃകയായി ഓസ്ട്രേലിയ
പതിനാറ് വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പൂർണമായി നിരോധിച്ചുകൊണ്ട് ലോകത്ത് ആദ്യമായി നിയമം കൊണ്ടുവന്നത് ഓസ്ട്രേലിയയാണ്. കഴിഞ്ഞ വർഷം ഡിസംബർ പകുതിയോടെ പ്രാബല്യത്തിൽ വന്ന നിയമം നടപ്പാക്കാൻ കമ്പനികൾക്ക് ഒരു വർഷത്തെ സമയം നൽകിയിട്ടുണ്ട് ഭരണകൂടം. പ്രായം കൃത്യമായി പരിശോധിക്കാനും ഉറപ്പാക്കാനും കഴിഞ്ഞില്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഭീമമായ തുക പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത തിരിച്ചറിയൽ രേഖകൾ, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയവ ഉപയോഗിച്ചാണ് പ്രായം പരിശോധിക്കുന്നത്. നിയമം നടപ്പിലാക്കിയതോടെ കുട്ടികൾ കായിക വിനോദങ്ങളിലേക്കും വായനയിലേക്കും തിരിഞ്ഞതായാണ് പ്രാദേശിക ഭരണകൂടങ്ങളുടെ വിലയിരുത്തൽ.
ഓസ്ട്രേലിയയ്ക്കു പിന്നാലെ പതിനാറ് വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ സ്പെയിനും പദ്ധതിയിടുന്നു. നിയമലംഘനം നടത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മേധാവികളെ നേരിട്ട് ഉത്തരവാദികളാക്കാനും, അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും സ്പെയിൻ പ്രത്യേക സംവിധാനമാണ് ഒരുക്കുന്നുത്.
കർശന നിയമങ്ങളുമായി ഫ്രാൻസ്, നോർവേ
ഫ്രാൻസിൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ നാഷണൽ അസംബ്ലി പാസാക്കിയെങ്കിലും ഉപരിസഭയായ സെനറ്റ് ഇതിൽ ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. എല്ലാ പ്ലാറ്റ്ഫോമുകളും നിരോധിക്കുന്നതിനു പകരം ഏറ്റവും ഹാനികരമായവമാത്രം നിരോധിക്കണമെന്നാണ് സെനറ്റിന്റെ നിലപാട്. വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
നോർവേയിൽ പതിനാറു വയസു തികയുന്ന വർഷം മുതൽ മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതി നൽകൂ എന്ന തരത്തിലുള്ള കർശന നിയമനിർമാണത്തിന് പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റൊറെ തുടക്കമിട്ടിട്ടുണ്ട്.
ഡിജിറ്റൽ കർഫ്യൂവിലേക്ക് ഗ്രീസും ബ്രിട്ടനും
2027 ജനുവരി മുതൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക് ടോക് തുടങ്ങിയവ നിരോധിക്കാനുള്ള നീക്കത്തിലാണ് ഗ്രീസ്. പ്രായം പരിശോധിക്കുന്നതിനായി "കിഡ്സ് വാലറ്റ് ആപ്പ്' എന്ന പേരിൽ ഒരു പ്രത്യേക ആപ്ലിക്കേഷനും പുറത്തിറക്കാനാണ് സർക്കാർ നീക്കം.
ബ്രിട്ടനിൽ പതിനാറ് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കുന്ന പുതിയ നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളുടെയും വിദഗ്ധരുടെയും വലിയ പിന്തുണ ഈ തീരുമാനത്തിനുണ്ട്. ഗെയിമിംഗ്, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ കുട്ടികൾ മുതിർന്നവരുമായി ചാറ്റ് ചെയ്യുന്നത് തടയാനും രാത്രികാലങ്ങളിൽ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ ഒരു 'ഡിജിറ്റൽ കർഫ്യൂ' ഏർപ്പെടുത്താനും ബ്രിട്ടൻ ആലോചിക്കുന്നുണ്ട്. കൂടാതെ കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള ചാറ്റ്ബോട്ടുകൾക്ക് പതിനെട്ട് വയസ് പ്രായപരിധി നിശ്ചയിക്കാനും നീക്കമുണ്ട്.
യൂറോപ്യൻ യൂണിയൻ കുട്ടികളുടെ സംരക്ഷണത്തിനായി "ഡിജിറ്റൽ സർവീസസ് ആക്ട്' പ്രകാരം സോഷ്യൽ മീഡിയ കമ്പനികൾക്ക് മേൽ കർശനമായ നിയന്ത്രണങ്ങളും പിഴകളും ചുമത്തുന്നുണ്ട്.
തുർക്കി, യുഎഇ
തുർക്കി പാർലമെന്റ് കഴിഞ്ഞ ഏപ്രിലിൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ഇ-ഗവൺമെന്റ് സംവിധാനത്തിലൂടെ പ്രായം പരിശോധിക്കാനും മാതാപിതാക്കളുടെ നിയന്ത്രണം ഉറപ്പാക്കാനും നിർദേശമുണ്ട്. രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് കനത്ത പിഴയും മറ്റു നടപടികളും നേരിടേണ്ടിവരും. രാഷ്ട്രീയ കാരണങ്ങളാൽ എക്സ് (ട്വിറ്റർ) പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് തുർക്കി മുൻപും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎഇ പതിനാല് വയസിനു താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയയിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച്, പതിനാറ് വയസുള്ളവർക്ക് മാതാപിതാക്കളുടെ കർശനമായ മേൽനോട്ടത്തിലും ഐഡി കാർഡുകൾ വഴി പ്രായം പരിശോധിച്ച ശേഷവും മാത്രമാണ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കുക.
മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും പ്രായം അടിസ്ഥാനമാക്കിയുള്ള ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം സജീവമായി പരിഗണിക്കുകയാണ്. വരും നാളുകളിൽ ലോകമെമ്പാടുമുള്ള കൗമാരക്കാരുടെ ഡിജിറ്റൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതായിരിക്കും ഈ നിയമനിർമാണങ്ങൾ.
അതേസമയം ഇന്ത്യ..?
സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും ഡിജിറ്റൽ ഭീഷണികളും ഒഴിവാക്കാൻ ഇന്ത്യയിലും ചർച്ചകൾ നടക്കുന്നുണ്ട്. വിവിധ ലോകരാജ്യങ്ങളുടെ മാതൃക പിന്തുടർന്നാണ് ഇന്ത്യയും നീക്കം തുടങ്ങിയത്. വൈകാതെ ഇന്ത്യയിലും നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
Tech
സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് പൂർണമായി മാറാനുള്ള മെറ്റയുടെ നീക്കം വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഈ പരിവർത്തനത്തിന്റെ ഭാഗമായി കമ്പനിയിൽ വലിയ തോതിലുള്ള ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലും പുനഃക്രമീകരണവുമാണ് നടക്കുന്നത്. ഈ പ്രക്രിയ സുഗമമായിരുന്നില്ലെന്നും നിരവധി പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും മെറ്റാ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് വ്യക്തമാക്കി.
കടുത്ത മത്സരമുള്ള എഐ മേഖലയിൽ മുൻപന്തിയിലെത്താനുള്ള മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി എഐ വിഭാഗത്തിന് മുൻഗണന നൽകിക്കൊണ്ട് മെറ്റ തങ്ങളുടെ ജീവനക്കാരുടെ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിവരികയായിരുന്നു. മേയ് മാസത്തിൽ കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം (ഏകദേശം 8,000 പേരെ) മെറ്റ പിരിച്ചുവിട്ടു. മാർച്ചിലെ കണക്കനുസരിച്ച് 78,000 ജീവനക്കാരായിരുന്നു കമ്പനിയിലുണ്ടായിരുന്നത്.
പിരിച്ചുവിടലിനൊപ്പം തന്നെ ഏഴായിരത്തോളം ജീവനക്കാരെ എഐ സംബന്ധമായ പുതിയ ടീമുകളിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തു. നിലവിലെ പുനഃസംഘടനകൾ വിലയിരുത്തുമ്പോൾ മെറ്റയിലെ അഞ്ചിൽ ഒരാളെ വീതം ഈ മാറ്റങ്ങൾ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഐ അടിസ്ഥാന സൗകര്യങ്ങൾക്കും, പ്രതിഭകളെ കണ്ടെത്തുന്നതിനും, പുതിയ ഉത്പന്നങ്ങൾക്കുമായി കമ്പനി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ, മനുഷ്യർ ചെയ്തിരുന്ന പല ജോലികളും എഐ ഏജന്റുകളെ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാൽ, ഈ മാറ്റങ്ങൾ വിചാരിച്ചത്ര എളുപ്പമായിരുന്നില്ലെന്ന് സക്കർബർഗ് വ്യക്തമാക്കുന്നു.
"ഈ മാറ്റങ്ങളുടെ സങ്കീർണത കണക്കിലെടുക്കുമ്പോൾ, ഞങ്ങൾക്ക് ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, ഇനിയും തെറ്റുകൾ ഉണ്ടായേക്കാം," സക്കർബർഗ് മെമ്മോയിൽ കുറിച്ചു.
കൂടുതൽ ജോലിനഷ്ടം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ എന്നാൽ ഈ വർഷം ഇനി കമ്പനിയിലുടനീളം ഒരു പിരിച്ചുവിടൽ പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ് സക്കർബർഗ് ജീവനക്കാർക്ക് ഉറപ്പ് നൽകി. എങ്കിലും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പൂർണമായ ഒരു ഗ്യാരണ്ടി നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ല. എഐ പരിശീലനത്തിലേക്കും വികസനത്തിലേക്കും മാറ്റപ്പെട്ട ജീവനക്കാർക്ക്, കമ്പനിയുടെ മുൻഗണനകൾ മാറുന്നതിനനുസരിച്ച് ഭാവിയിൽ മറ്റ് വിഭാഗങ്ങളിലേക്ക് മാറാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ബംഗളൂരു: കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ഫേസ്ബുക്കിൽ വധഭീഷണിയും ജാതി അധിക്ഷേപവും നടത്തിയയാൾ അറസ്റ്റിൽ. ഉഡുപ്പി ജില്ലയിലെ കാർക്കളയ്ക്ക് സമീപമുള്ള കെർവാസെ ഗ്രാമവാസിയായ 48കാരനാണ് അറസ്റ്റിലായത്.
ഇയാളെ കാർക്കള ടൗൺ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു."നമ്മ കർള' എന്ന ഫേസ്ബുക്ക് പേജിൽ മന്ത്രിയുടെ ചിത്രത്തോടൊപ്പം പങ്കുവെച്ച കമന്റാണ് കേസിന് ആധാരം.
ജൂൺ ഏഴിന് നിട്ടെ ഗ്രാമവാസിയായ ഒരാൾ ഈ പോസ്റ്റ് ശ്രദ്ധിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകി. തുടർന്നാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്.
Kerala
ആലപ്പുഴ: ബ്രിട്ടണിലെ ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. റൊസാരിയോ ടോമിനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദിച്ചത്.
'ബ്രിട്ടീഷ് രാജഭരണത്തിന്റെ പ്രത്യേക അംഗീകാരമുള്ളതും 200 വർഷത്തിലധികം അക്കാദമിക് പാരമ്പര്യമുള്ളതുമായ യുകെയിലെ പ്രശസ്തമായ ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് അഡ്വ. റൊസാരിയോ ടോം. ഈ സർവ്വകലാശാലയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയായി റൊസാരിയോ മാറി എന്ന വാർത്ത അതീവ സന്തോഷത്തോടെ പങ്കുവയ്ക്കട്ടെ.'-രമേശ് ചെന്നിത്തല കുറിച്ചു.
റോയൽ ലീഡ്സ് ട്രിനിറ്റി യൂണിവേർസിറ്റിയിൽ നിന്നും എം.ബി.എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടാനും യൂണിവേഴ്സിറ്റി ട്രസ്റ്റി ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെടാനും റൊസാരിയോയ്ക്ക് കഴിഞ്ഞിരുന്നു. വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുള്ള റൊസാരിയോയുടെ ഈ തിളക്കമാർന്ന നേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്.
തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജിൽ പഠിക്കുമ്പോൾ കെഎസ്യുവിന്റെ സജീവ ഭാരവാഹിയായിരുന്നു റൊസാരിയോ. ഭാവിയെന്താകണമെന്നും, തന്റെ രാഷ്ട്രീയം എങ്ങനെ മുൻപോട്ട് കൊണ്ടുപോകണമെന്നുമുള്ള ചോദ്യവുമായി എന്റെ അടുത്ത് വന്ന പലരിൽ ഒരാളായിരുന്നു ഈ യുവാവ്.
ഒരിക്കലും മറ്റുള്ളവരുടെ ആജ്ഞാനുവർത്തികളോ ഏതെങ്കിലും ചങ്ങലക്കെട്ടുകളുടെ ഭാഗമോ ആകരുത് എന്നാണ് അന്ന് ഞാൻ അവനോട് പറഞ്ഞത്. യുവാക്കൾ സ്വതന്ത്രരായിരിക്കണം. സ്വതന്ത്രമായ ചിന്തകൾക്ക് മാത്രമേ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ. മാത്രമല്ല, അറിവും യോഗ്യതയുമുള്ള മനുഷ്യരായി സമൂഹത്തിന് മുതൽക്കൂട്ടാകാൻ അവരെ വഴിനടത്തുന്നതാണ് യഥാർത്ഥ വിദ്യാർത്ഥി രാഷ്ട്രീയം എന്നും ഞാൻ വിശ്വസിക്കുന്നു.
വിദ്യാർഥികളിൽ കൃത്യമായ രാഷ്ട്രീയ ബോധവും വ്യക്തിത്വവും വളർത്തിയെടുക്കാൻ കെ.എസ്.യു സഹായിക്കുന്നത് എങ്ങനെയെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഡ്വ. റൊസാരിയോ ടോം.
പ്രിയപ്പെട്ട റൊസാരിയോ, ഈ ചരിത്ര നേട്ടത്തിൽ എനിക്ക് അത്യധികം സന്തോഷമുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നിനക്ക് സാധിക്കട്ടെ. എല്ലാവിധ പ്രാർഥനകളും ആശംസകളും! -മന്ത്രി കുറിച്ചു.
Movies
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജപോസ്റ്റുകൾക്കെതിരെ ആന്റണി വർഗീസ് (പെപ്പെ) രംഗത്ത്. പെപ്പെയുടെ പേരിലുള്ള ഫാൻസ് ഫേസ്ബുക്ക് പേജിൽ നിന്നാണ് ‘ദൃശ്യം 3’ സിനിമയുടെ പിആർ ടീം കാട്ടാളനെതിരെ പ്രവർത്തിക്കുന്ന രീതിയിലുള്ള പോസ്റ്റ് വന്നത്.
ഇതിനെതിരെയാണ് പെപ്പെ രംഗത്തെത്തിയത്. ‘കാട്ടാളൻ’ സിനിമയെ ചില ഗൂഢ ആൾക്കാർ മനഃപൂർവം നെഗറ്റീവ് പറഞ്ഞു പോസ്റ്റ് ഇട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഒരാഴ്ച മുൻപ് ഇറങ്ങിയ ഒരു സീരിയൽ നിലവാരം പോലും ഇല്ലാത്ത ‘ദൃശ്യം 3’യുടെ പിആർ ടീം ആണ് ഇതിന് പിന്നിലെന്നും അവരുടെ മോശം റിവ്യൂ ആരും വിശ്വസിക്കരുതെന്നുമായിരുന്നു ആന്റണി വർഗീസ് ഫാൻസ് പേജ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നും വന്ന പോസ്റ്റിന്റെ ഉള്ളടക്കം.
തന്റെ ഫാൻസ് പേജ് എന്ന പേരിൽ ഫെയ്സ്ബുക്കിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പ്രസ്തുത പേജിന് താനുമായോ തന്റെ ആരാധകരുമായോ ബന്ധമില്ലെന്ന് താരം കുറിച്ചു.
‘‘എന്റെ ഫാന്‍ പേജ് എന്ന പേരില്‍ ഒരു വ്യാജ ഫെയ്സ്ബുക്ക് പേജിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഈ പേജിന് ഞാനുമായോ എന്റെ ആരാധകരുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു.
അനാവശ്യമായ ആരോപണങ്ങളും നാടകീയതയും സൃഷ്ടിക്കാനായി ബോധപൂർവം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണിവര്‍. ഇവിടെ പോസ്റ്റ് ചെയ്യുന്നതൊന്നും വിശ്വസിക്കുകയോ പങ്കുവെക്കുകയോ ഇതുമായി ഇടപെടുകയോ ചെയ്യരുത്. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയവര്‍ക്ക് നന്ദി.’’– ആന്റണി വർഗീസ് കുറിച്ചു.
Tech
മെറ്റ, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി പുതിയ പെയ്ഡ് സബ്സ്ക്രിപ്ഷൻ പദ്ധതികൾ അവതരിപ്പിച്ചു. പരസ്യ വരുമാനത്തെ മാത്രം ആശ്രയിക്കാതെ ഉപയോക്താക്കളിൽ നിന്ന് നേരിട്ട് വരുമാനം നേടാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇൻസ്റ്റഗ്രാം പ്ലസ്, ഫേസ്ബുക്ക് പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 3.99 ഡോളറും വാട്സ്ആപ്പ് പ്ലസിന് 2.99 ഡോളറുമാണ് നിലവിലെ അന്താരാഷ്ട്ര നിരക്ക്. ഇന്ത്യയിലെ ഔദ്യോഗിക നിരക്കുകൾ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇൻസ്റ്റഗ്രാം പ്ലസ് ഉപയോക്താക്കൾക്ക് സാധാരണ അക്കൗണ്ടുകളിൽ ലഭിക്കാത്ത നിരവധി പ്രത്യേക സൗകര്യങ്ങൾ ലഭിക്കും. സ്റ്റോറി വീണ്ടും കണ്ടവരുടെ എണ്ണം അറിയുക, കൂടുതൽ ആളുകൾക്കായി സ്റ്റോറി പ്രദർശിപ്പിക്കുക തുടങ്ങിയ ഫീച്ചറുകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. കൂടാതെ പ്രത്യേക ഫോണ്ടുകൾ, ആനിമേറ്റഡ് 'സൂപ്പർ ഹാർട്ട്' റിയാക്ഷനുകൾ, കസ്റ്റമൈസ്ഡ് ആപ്പ് ഐക്കണുകൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും.
ഫേസ്ബുക്ക് പ്ലസിലും സമാനമായ വ്യക്തിഗത ക്രമീകരണങ്ങളും പ്രൊഫൈൽ കസ്റ്റമൈസേഷൻ സംവിധാനങ്ങളും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, വാട്സ്ആപ്പ് പ്ലസ് പ്രധാനമായും മെസേജിംഗ് അനുഭവം കൂടുതൽ വ്യക്തിഗതമാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ തീമുകൾ, പ്രത്യേക റിങ്ടോണുകൾ, പ്രീമിയം സ്റ്റിക്കറുകൾ, കൂടുതൽ പിൻ ചെയ്ത ചാറ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
മെറ്റാ വൺ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സബ്സ്ക്രിപ്ഷൻ പദ്ധതികളും മെറ്റ അവതരിപ്പിച്ചു. ഇമേജ് നിർമ്മാണം, വീഡിയോ ക്രിയേഷൻ, ഉയർന്ന തലത്തിലുള്ള എഐ സേവനങ്ങൾ എന്നിവയ്ക്കായി ഉപയോക്താക്കൾക്ക് പ്രത്യേക പ്ലാനുകൾ നൽകും. ഉയർന്ന ഉപയോഗ പരിധിയുള്ള പ്രീമിയം പതിപ്പുകൾക്കും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ, കണ്ടന്റ് ക്രിയേറ്റർമാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമായി പുതിയ പ്രൊഫഷണൽ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.
Kerala
ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ്. സുനിൽകുമാറിനെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.
ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന വിധം മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണിതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഫേസ്ബുക്ക് പേജിൽ ഫോളേവേഴ്സിന്റെ എണ്ണം കുത്തനെ ഉയരുന്നുവെന്നും കൂടുതൽ ആളുകളും ബംഗ്ലാദേശികളാണെന്നും കോൺഗ്രസ് നേതാവും തൃക്കരിപ്പൂർ എംഎൽഎയുമായ സന്ദീപ് ജി. വാര്യർ.
ഓരോ മിനിറ്റിലും ഫോളോവേഴ്സിന്റെ എണ്ണം റോക്കറ്റ് പോലെ കുതിച്ചുയരുന്നുവെന്നും ആദ്യം വിചാരിച്ചു നമ്മൾ അങ്ങ് ആഗോള തലത്തിൽ ഫേമസ് ആയതാണെന്നെന്നും ഫേസ്ബുക്കിൽ സന്ദീപ് ജി. വാര്യർ കുറിച്ചു.
ഫോളോവേഴ്സിൽ കുറച്ചുപേർ ഒറിജിനൽ ആണെങ്കിലും, സിംഹഭാഗവും വ്യാജ പ്രൊഫൈലുകളാണെന്നും അതിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും സന്ദീപ് ജി. വാര്യർ പറയുന്നു.
പണം കൊടുത്ത് വ്യാജ ഫോളോവേഴ്സിനെ കേറ്റി വിട്ട് പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാനോ അല്ലെങ്കിൽ ഇവൻ കാശ് കൊടുത്തു ഫോളോവേഴ്സിനെ വാങ്ങി എന്ന് വരുത്തിതീർത്ത് അപമാനിക്കാനോ ഒക്കെ ആരോ ഒപ്പിച്ച ഒരു കുബുദ്ധിയാണിതെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പേജിന്റെ പൂർണരൂപം
Kerala
തിരുവനന്തപുരം: തന്റെ പേരിൽ കെ.സി.വേണുഗോപാലിനെതിരേ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്നു കാട്ടി മുൻ മന്ത്രി കെ.സി ജോസഫ് എഐസിസിക്ക് പരാതി നൽകി.
ഇതുപോലെ മറ്റു പല നേതാക്കളുടെയും പേരിൽ അവരുടെ അറിവില്ലാതെ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇതിന്റെ പിന്നിൽ ആരാണെങ്കിലും ഇത് അല്പത്തരമാണെന്ന് പറയാതെ വയ്യ.
കോണ്‍ഗ്രസ് പാർട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ പാർട്ടിയെ സ്നേഹിക്കുന്ന ആരെങ്കിലും തയാറാകുമെന്ന് തോന്നുന്നില്ല. ഇതുകൊണ്ട് എന്തെങ്കിലും നേടാമെന്ന് ആരും കരുതരുത്.
എനിക്ക് പറയാനുള്ളതു ഞാൻ തന്നെ പറഞ്ഞു കൊള്ളാം. അതിനായി ആരും ബുദ്ധിമുട്ടേണ്ടയെന്നും കെ.സി.ജോസഫ് പറഞ്ഞു
Kerala
പറവൂർ: മുഖ്യമന്ത്രി പിണറായി വിജയനുമായി സംവാദം നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ തന്റെ നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫേസ്ബുക്കിലൂടെയുള്ള സംവാദങ്ങളിൽ തനിക്ക് താത്പര്യമില്ലെന്നും, രാഷ്ട്രീയ കാര്യങ്ങൾ ജനമധ്യത്തിൽ നേരിട്ട് സംവദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ എഴുത്തുകളേക്കാൾ, ജനങ്ങൾ സാക്ഷികളാകുന്ന തുറന്ന വേദികളിൽ മുഖ്യമന്ത്രിയുമായി വികസന-ഭരണ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് താൻ വെല്ലുവിളിച്ചത്. ഫേസ്ബുക്ക് പോസ്റ്റുകൾക്ക് മറുപടി നൽകുന്നതിൽ വലിയ 'ത്രില്ലില്ലെന്ന്' അദ്ദേഹം പരിഹസിച്ചു.
സർക്കാരിന്റെ വീഴ്ചകളും ഭരണ നേട്ടങ്ങളും നേർക്കുനേർ ചർച്ച ചെയ്യപ്പെടട്ടെ എന്നും, അതിൽ ജനങ്ങൾ തീരുമാനമെടുക്കട്ടെ എന്നുമാണ് യുഡിഎഫ് നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. പറവൂർ മണ്ഡലത്തിലെ പര്യടനത്തിനിടെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. വികസന മുരടിപ്പും അഴിമതിയും ഉയർത്തിക്കാട്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും വെല്ലുവിളി ഏറ്റെടുത്തുകൊണ്ടുള്ള കൃത്യമായ മറുപടി വരാത്ത സാഹചര്യത്തിലാണ് സതീശന്റെ ഈ പരിഹാസം കലർന്ന പ്രതികരണം.
Leader Page
ജനാധിപത്യത്തിന്റെ ഹൃദയം തെരഞ്ഞെടുപ്പാണ്. ഇന്ന് തിരഞ്ഞെടുപ്പുകൾ വോട്ടിംഗ് ബൂത്തിൽ മാത്രമല്ല, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നടക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ തുടങ്ങിയവ ഇന്ന് രാഷ്ട്രീയ സംവാദങ്ങളുടെ പ്രധാന വേദികളായി മാറിയിരിക്കുന്നു.
അവിടെ ജനാധിപത്യത്തിന്റെ അന്തസും ഡിജിറ്റൽ മര്യാദകളും എത്രത്തോളം സംരക്ഷിക്കപ്പെടുന്നു എന്നത് ഗൗരവതരമായ ചർച്ചയർഹിക്കുന്നു. ജനാധിപത്യത്തിന്റെ വിജയം സംവാദങ്ങളുടെ ഗുണനിലവാരംകൂടിയാണ്.
ആവർത്തനത്തിന്റെ മായാജാലം
മനഃശാസ്ത്രപരമായ ചില തന്ത്രങ്ങളിലൂടെ വോട്ടർമാരുടെ ബോധത്തെ കീഴടക്കാൻ ഇന്ന് രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് ‘ഇല്യൂസറി ട്രൂത്ത് ഇഫക്റ്റ്’. ഒരു നുണ ആദ്യമായി കേൾക്കുമ്പോൾ തോന്നുന്ന സംശയം, അത് വിവിധ ഗ്രൂപ്പുകളിലൂടെയും പ്ലാറ്റ്ഫോമുകളിലൂടെയും ആവർത്തിച്ചു കേൾക്കുമ്പോൾ സത്യമാണെന്ന തോന്നലിലേക്ക് വഴിമാറുന്നു.
സൗജന്യം എന്ന മിഥ്യ
“നിങ്ങൾ ഒരു സേവനത്തിന് പണം നൽകുന്നില്ലെങ്കിൽ, നിങ്ങൾ അവിടെ കേവലം ഒരു ഉപഭോക്താവല്ല; മറിച്ച്, അവിടെ വിൽക്കപ്പെടുന്ന ഉത്പന്നമാണ്” എന്ന ആൻഡ്രൂ ലൂയിസിന്റെ വാക്കുകൾ ഡിജിറ്റൽ യുഗത്തിൽ ഏറെ പ്രസക്തമാണ്.
കേരളത്തിലെ വോട്ടർമാർ ഇന്ന് വെറുമൊരു വോട്ട് ബാങ്ക് മാത്രമല്ല, വൻകിട ടെക് കമ്പനികളുടെ ഡാറ്റാബാങ്ക് കൂടിയാണ്.
ഡിജിറ്റൽ രാഷ്ട്രീയത്തിലെ പത്തു കല്പനകൾ
കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത ലോകപ്രശസ്തമാണ്. ആ പ്രബുദ്ധത നമ്മുടെ ഡിജിറ്റൽ ഇടപെടലുകളിലും പ്രതിഫലിക്കണം.
(അവസാനിച്ചു)
Kerala
കണ്ണൂർ: എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡിന്റെ കടുത്ത നിലപാടിൽ കോൺഗ്രസിനെ ഫേസ്ബുക്ക് പോസ്റ്റിൽ കുരുക്കി കെ. സുധാകരൻ എംപി. ഫേസ്ബുക്കിൽ സുധാകരനിട്ട വൈകാരിക കുറിപ്പാണു കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്.
കണ്ണൂർ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ് എന്നും തന്റെ മേൽവിലാസവുമാണെന്നു സുധാകരൻ പോസ്റ്റിൽ പറയുന്നു. കല്ലിൽനിന്നും കത്തിയിൽനിന്നും അരിവാളിൽനിന്നും ബോംബിൽനിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ താൻ മുന്നിൽനിന്നു പൊരുതി സംരക്ഷിച്ച തന്റെ സഹോദരരെ കമ്യൂണിസ്റ്റ് കാപാലികർ ഉപദ്രവിക്കുന്നത് കണ്ടുനില്ക്കാൻ തനിക്കൊരിക്കലും സാധിക്കില്ല...കണ്ണൂർ ഹൃദയരക്തം ഇറ്റുവീണ നമ്മുടെ മണ്ണാണ്.
പൊരുതി വിജയിച്ച കോൺഗ്രസുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിനു വേണ്ടി കോൺഗ്രസിന്റെ ത്രിവർണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെയുണ്ടാകും... ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽവഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണെന്നു സുധാകരൻ പോസ്റ്റിൽ പറയുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിൽക്കവേ ഇത്തരം വിഷയങ്ങൾ ഒന്നും സ്പർശിക്കാതെ അതിവൈകാരികമായാണു സുധാകരൻ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. പോസ്റ്റ് ഇട്ടതിനു പിന്നാലെ സുധാകരന്റെ കണ്ണൂർ നടാലിലുള്ള വീട്ടിലേക്കു പ്രവർത്തകരും നേതാക്കളും ഒഴുകിയെത്തി. സുധാകരന്റെ പ്രതികരണം തേടി മാധ്യമങ്ങൾ എത്തിയെങ്കിലും മാധ്യമങ്ങളെ കാണാൻ കൂട്ടാക്കിയില്ല.
ഇതിനിടെ, കെ. സുധാകരനെ സ്ഥാനാർഥിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നു കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രതികരിച്ചു. കെ.സുധാകരൻ കണ്ണൂരിന്റെ ഹൃദയരക്തംതന്നെയാണ്. ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. സുധാകരനെ സന്ദർശിച്ച ശേഷമായിരുന്നു മാർട്ടിൻ ജോർജിന്റെ പ്രതികരണം.
എംപിസ്ഥാനമൊഴിഞ്ഞ് നിയമസഭയിലേക്കു മത്സരിക്കണമെന്നാണു സുധാകരന്റെ ആവശ്യം. എന്നാൽ, ഒരാൾക്ക് അനുമതി നൽകിയാൽ മറ്റു അഞ്ച് എംപിമാരും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുണ്ട് എന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി. അതേസമയം, സുധാകരന്റെ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് എഐസിസി നേതൃത്വം. ഇതിനിടെ, സുധാകരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്ത് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു കെ. സുധാകരനെ മാറ്റാനുള്ള തീരുമാനത്തിനിടെ സുധാകരൻ കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. രാഹുൽ ഗാന്ധി ഇടപെട്ടാണ് അന്ന് പരിഹാരമുണ്ടാക്കിയത്. സുധാകരനെ മാറ്റി പകരം സുധാകരൻ നിർദേശിക്കുന്നയാളെ കെപിസിസി പ്രസിഡന്റാക്കാമെന്നു പറഞ്ഞാണ് പ്രശ്നം പരിഹരിച്ചത്. അങ്ങനെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു സണ്ണി ജോസഫ് കടന്നുവന്നത്.
എന്നാൽ, അന്ന് കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം നല്കുമെന്നു രാഹുൽ ഗാന്ധി വാക്കുനൽകിയതായി സുധാകരൻ പറയുന്നുണ്ട്. ഇക്കുറിയും പ്രശ്നപരിഹാരത്തിന് രാഹുൽ ഗാന്ധിതന്നെയാണ് മുൻകൈയെടുക്കുന്നത്. സുധാകരൻ മത്സരിച്ചില്ലെങ്കിൽ സുധാകരൻ നിർദേശിക്കുന്നയാളായിരിക്കും കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുക. ഇതായിരിക്കും അനുരഞ്ജന ഫോർമുല.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. ഡൽഹിയിൽ നിന്ന് അതൃപ്തനായി നാട്ടിലേയ്ക്ക് തിരിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ എംപി വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിൽക്കുമ്പോൾ അത്തരം വിഷയങ്ങൾ ഒന്നും സ്പർശിക്കാതെ അതിവൈകാരികമായാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല എന്ന് അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതു പോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.
ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.
കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.
എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.
National
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച വ്യാജരേഖകൾ, ഡീപ് ഫേക്ക് വീഡിയോകൾ എന്നിവയുൾപ്പെടെയുള്ള ഉള്ളടക്കങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ. പരാതി ലഭിച്ചാലോ കോടതികൾ നിർദ്ദേശിച്ചാലോ അത്തരം ഉള്ളടക്കങ്ങൾ വെറും മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.
നേരത്തെ ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ 36 മണിക്കൂർ സമയമാണ് നൽകിയിരുന്നത്. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇത് മൂന്ന് മണിക്കൂറായി കുറച്ചു. ഫെബ്രുവരി 20 മുതൽ ഈ നിയമം നിലവിൽ വരും. തെരഞ്ഞെടുപ്പ് അട്ടിമറികൾ, വ്യക്തിഹത്യ, വർഗീയ സംഘർഷങ്ങൾ എന്നിവ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾക്കും എഐ ഉപയോഗിച്ചുള്ള വ്യാജ വിവരങ്ങൾക്കും തടയിടുകയാണ് ലക്ഷ്യം.
എഐ ഉപയോഗിച്ച് നിർമ്മിച്ചതോ മാറ്റം വരുത്തിയതോ ആയ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവയിൽ 'എഐ ജനറേറ്റഡ്' എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
നിയമവിരുദ്ധമായ എഐ ഉള്ളടക്കങ്ങൾ, ലൈംഗിക വൈകൃതങ്ങൾ ചിത്രീകരിക്കുന്ന വീഡിയോകൾ, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ എന്നിവ തനിയെ കണ്ടെത്തി നീക്കം ചെയ്യാൻ പ്രത്യേക സോഫ്റ്റ്വെയർ സംവിധാനങ്ങൾ ഏർപ്പെടുത്താനും പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Tech
വാഷിംഗ്ടൺ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് ഉപയോക്താ ക്കൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാൻ മെറ്റ ഒരുങ്ങുന്നു. പണമടച്ചുള്ള സേവനങ്ങളിലെ കമ്പനിയുടെ ഏറ്റവും പുതിയ പരീക്ഷണമാണിത്. ആർട്ടിഫിഷൽ ഇന്റലിജൻസ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക ഫീച്ചറുകൾ ഈ പുതിയ സേവനത്തിലൂടെ ലഭ്യമാകും.
ഇതിനൊപ്പം പ്ലാറ്റ്ഫോമുകളുടെ അടിസ്ഥാന സേവനങ്ങൾ സൗജന്യമായും ഉപയോഗിക്കാം. വേരിഫൈഡ് അക്കൗണ്ടുകളിൽനിന്നു വ്യത്യസ്തമായിരിക്കും ഇത്തരം അക്കൗണ്ടിൽ ലഭ്യമാകുന്ന സേവനങ്ങൾ. സാധാരണ അക്കൗണ്ട് ഉടമകൾക്കു ലഭിക്കാത്ത പല എക്സ്ക്ലൂസീവ് ഫീച്ചറുകളും പ്രീമിയം ഉപയോക്താക്കൾക്കു ലഭിക്കും.
മാനുസ് എഐ
വൈബ്സ് വീഡിയോ ജനറേഷൻ ആപ്പ് പോലുള്ള ഫീച്ചറുകൾക്കായി സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. പുതിയ എഐ വിഷ്വൽ ക്രിയേഷൻ ടൂളുകൾ ഉപയോഗിച്ചു നിങ്ങളുടെ ആശയങ്ങൾക്കു ജീവൻ നൽകാൻ ഇതിനു സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. മെറ്റ എഐ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പായ മെറ്റ വൈബ്സ് സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. ഡിസംബറിൽ ഏകദേശം 200 കോടി ഡോളറിനു വാങ്ങാൻ ധാരണയായ ചൈനീസ് എഐ കമ്പനിയുടെ മാനുസ് എഐ, സേവനങ്ങളും തങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ ഉൾപ്പെടുത്താൻ മെറ്റ ലക്ഷ്യമിടുന്നു. ബിസിനസുകൾക്കായി മാനുസ് എഐയുടെ സേവനങ്ങൾ മെറ്റ തുടർന്നും ലഭ്യമാക്കും.
കൂടുതൽ കഴിവുകൾ
ചൈനയിൽനിന്നു സിംഗപ്പൂരിലേക്ക് ആസ്ഥാനം മാറ്റിയ മാനുസ്, പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഏജന്റാണെന്ന് അവകാശപ്പെടുന്നുണ്ട്. പല ചാറ്റ്ബോട്ടുകളെ പോലെ ആഗ്രഹിച്ച ഉത്തരം നല്കുന്നതിനു വീണ്ടും വീണ്ടും നിർദേശങ്ങൾ നല്കുന്നതു പോലെയല്ല മാനുസിന്റെ സേവനം. ഉപയോക്താവിന്റെ നിർദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ സ്വയം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും പൂർത്തിയാക്കാനും പ്രാപ്തമാണ് മാനനുസ് എഐ എന്നു കമ്പനി പറഞ്ഞിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കു പ്രതിമാസ ഫീസോടെ ബ്ലൂ ടിക്ക് നൽകുന്ന പെയ്ഡ് വെരിഫിക്കേഷൻ സേവനം 2023ൽ മെറ്റ ആരംഭിച്ചിരുന്നു.
Business
കലിഫോർണിയ: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ റിയാലിറ്റി ലാബിൽ ജോലി ചെയ്യുന്ന 10 മുതൽ 15 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
15,000 ത്തിൽപരം ജീവനക്കാർ ജോലി ചെയ്യുന്ന റിയാലിറ്റി ലാബ്സിലെ ജോലിക്കാരെയാകും പറഞ്ഞുവിടുന്നത്. മെറ്റാവേഴ്സ് യൂണിറ്റിലെ വിർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളിലും വിർച്വൽ സോഷ്യൽ നെറ്റ്വർക്കുകളിലും ജോലി ചെയ്യുന്നവരെയാണ് ഇതു കൂടുതൽ ബാധിക്കുകയെന്നു റിപ്പോർട്ടുകൾ പറയുന്നു.
സിഇഒമാർക്ക് സുക്കർബർഗിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വലിയ പദ്ധതിയായിരുന്നു മെറ്റാവേഴ്സ്. ഇതിനായി അദ്ദേഹം വൻതോതിൽ പണം ചെലവഴിച്ചെങ്കിലും 2020ന് ശേഷം സംരംഭത്തിന് 60 ബില്യൺ ഡോളറിലധികം (ഏകദേശം അഞ്ച് ലക്ഷം കോടി) നഷ്ടം സംഭവിച്ചു.
മെറ്റാവേഴ്സിനു പുറമെ, മെറ്റയുടെ ക്വസ്റ്റ് മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റുകൾ, എസിലർ ലക്സോട്ടിക്കയുമായി ചേർന്നു നിർമിച്ച റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾ, ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകൾ എന്നിവയും റിയാലിറ്റി ലാബാണ് നിർമിക്കുന്നത്.
റിയാലിറ്റി ലാബ്സിന്റെ ചുമതല വഹിക്കുന്ന മെറ്റാ ചീഫ് ടെക്നോളജി ഓഫീസർ ആൻഡ്രൂ ബോസ്വർത്ത് ജീവനക്കാരോടു നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു യോഗം വിളിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.
Kerala
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഭര്‍ത്താവിനെ പരാജയപ്പെടുത്തിയ നാട്ടുകാർക്ക് നന്ദി പറഞ്ഞ് സ്ഥാനാര്‍ഥിയുടെ ഭാര്യ.
മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥി സജികുമാര്‍ പരടയിലിന്റെ ഭാര്യ സിന്ധു പരടയിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞത്. ബിജെപി സ്ഥാനാര്‍ഥി കലാധരനാണ് സജികുമാറിനെ തോല്‍പ്പിച്ചത്.
മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡ് നിവാസികള്‍ക്ക് നന്ദി !' -എന്നായിരുന്നു സിന്ധു പരടയിലിന്റെ ആദ്യ പോസ്റ്റ്. ഇതിനു പിന്നാലെ എന്തിനാണ് നന്ദി പറഞ്ഞതെന്ന് വിശദീകരിച്ച് സിന്ധു മറ്റൊരു പോസ്റ്റുകൂടി പങ്കുവയ്ക്കുകയായിരുന്നു.
ഔദ്യോഗിക സ്ഥാനത്തുള്ള ഒരാള്‍ക്ക് പറ്റിയതല്ല വാര്‍ഡ് മെമ്പറുടെ പണി എന്നും പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത ആള്‍ക്ക് മാത്രമേ വാര്‍ഡ് മെമ്പറാകാന്‍ കഴിയൂ എന്നും സിന്ധു ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
സജികുമാര്‍ പിഎസ്സി പരീക്ഷയെഴുതി അഭിമുഖം കഴിഞ്ഞ് കുട്ടമ്പേരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി കഴിഞ്ഞ 20 വര്‍ഷമായി ജോലി ചെയ്യുകയാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ രണ്ടുപേരും വിരമിക്കും. പെന്ഷന് പറ്റിക്കഴിഞ്ഞാല്‍ വിദേശത്തേക്ക് പറക്കാനാണ് തന്റെ ഉറച്ച തീരുമാനം.
പക്ഷേ പഞ്ചായത്തും പിടിച്ച് നില്ക്കുന്ന ഇദ്ദേഹം ഒരിക്കലും ആ വഴിക്ക് വരില്ല. തെരഞ്ഞെടുപ്പില്‍ നില്‍ക്കരുതെന്ന് എത്ര നിര്‍ബന്ധിച്ചിട്ടും പാര്‍ട്ടിയുടെ തീരുമാനം എന്നുപറഞ്ഞ് മനസില്ലാ മനസോടെ നില്‍ക്കുകയായിരുന്നു. ഒരു പരിശ്രമവും കൂടാതെ എനിക്ക് സൗകര്യം ഒപ്പിച്ചുതന്നതിനാണ് താന്‍ നന്ദി പറഞ്ഞതെന്നും സിന്ധു ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
Kerala
തൃശൂർ: ജീവകാരുണ്യപ്രവർത്തകർ ചമഞ്ഞ് ഫേസ്ബുക്കിൽ വിദേശികളുടെ സൈബർ തട്ടിപ്പ്. മലയാളികളുടെ പ്രൊഫൈൽ കണ്ടെത്തി പരിചയം സ്ഥാപിച്ചാണു തട്ടിപ്പുസംഘങ്ങൾ പണം തട്ടിയെടുക്കുന്നത്.
അഗതികൾ, കറുത്ത വർഗക്കാരായ നിർധനകുടുംബങ്ങളിലെ കുട്ടികൾ, രോഗികളായ കുട്ടികൾ എന്നിവരെ സഹായിക്കുന്ന വിധത്തിലുള്ള നിരവധി ചിത്രങ്ങൾ, പുരസ്കാരദാന ചടങ്ങുകൾ, കിടപ്പുരോഗികളെ ദയാപൂർവം ശുശ്രൂഷിക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ എന്നിവ തട്ടിപ്പുകാരുടെ പ്രൊഫൈലിൽ പോസ്റ്റു ചെയ്തിട്ടുണ്ടാകും. ഇതുകാണിച്ച് ഇരകളെ വിശ്വസിപ്പിക്കുകയാണു പ്രാരംഭരീതി. തുടർന്ന് ഇരകളുടെ നന്പർ വാങ്ങി സംഭാഷണം വാട്സാപ്പിലെത്തിക്കും.
താൻ ജീവകാരുണ്യമേഖലയിൽ അറിയപ്പെടുന്ന ആളാണെന്നും നിരവധി പുരസ്കാരങ്ങൾ തനിക്കു ലഭിക്കാറുണ്ടെന്നും അവകാശപ്പെട്ടാണ് സൗഹൃദം വളർത്തുക. ജീവകാരുണ്യപ്രവർത്തനങ്ങൾക്കു ബഹുമതിയായി ലക്ഷക്കണക്കിനു രൂപയും സ്വർണമെഡലുകളും മറ്റുമാണ് തനിക്കു ലഭിക്കാറുള്ളതെന്നു വ്യക്തമാക്കും. ഈ പണവും സ്വർണവും തന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ സുഹൃത്തിന് അയച്ച് സുഹൃദ്ബന്ധം കൂടുതൽ ശക്തമാക്കാൻ താൻ ആഗ്രഹിക്കുന്നതായി വിശ്വസിപ്പിച്ചാണ് തട്ടിപ്പിനു തുടക്കമിടുന്നത്.
ഇരയുടെ അഡ്രസ് വാങ്ങി സമ്മാനങ്ങളടങ്ങുന്ന പെട്ടി തയാറാക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും അയച്ചുനൽകുകയാണ് അടുത്തപടി. ഏതാനും ദിവസങ്ങൾക്കുശേഷം ഡൽഹി കസ്റ്റംസിൽനിന്ന് ഇവ എത്തിയതായി അറിയിപ്പെത്തും.
സർവീസ് ചാർജ് ഇനത്തിൽ കസ്റ്റംസിന് ഒരു തുക അയയ്ക്കാനായി അറിയിച്ചതിനുശേഷം ഒരു ഇന്ത്യൻ നന്പർ കൈമാറുകയാണ് പതിവ്. സർവീസ് ചാർജ് ലഭിച്ചാൽമാത്രമേ വിദേശി അയച്ച സമ്മാനം ലഭിക്കൂ എന്ന സമ്മർദത്തിലാണ് ഇരകൾ വീഴുന്നത്. പണം ഒരുതവണ അയച്ചാൽ വീണ്ടും ഓരോ കാരണങ്ങൾ പറഞ്ഞ് ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
ഇത്തരം തട്ടിപ്പുകൾക്കും ഫേസ്ബുക്ക് അക്കൗണ്ടുകൾക്കുമെതിരേ ജാഗ്രത വേണമെന്നു പോലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനിരയായാൽ ഉടനെ സൈബർ പോലീസ് ഹെൽപ്ലൈൻ നന്പറായ 1930ൽ വിളിക്കണം.