കണ്ണൂർ: എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡിന്റെ കടുത്ത നിലപാടിൽ കോൺഗ്രസിനെ ഫേസ്ബുക്ക് പോസ്റ്റിൽ കുരുക്കി കെ. സുധാകരൻ എംപി. ഫേസ്ബുക്കിൽ സുധാകരനിട്ട വൈകാരിക കുറിപ്പാണു കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്.
കണ്ണൂർ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ് എന്നും തന്റെ മേൽവിലാസവുമാണെന്നു സുധാകരൻ പോസ്റ്റിൽ പറയുന്നു. കല്ലിൽനിന്നും കത്തിയിൽനിന്നും അരിവാളിൽനിന്നും ബോംബിൽനിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ താൻ മുന്നിൽനിന്നു പൊരുതി സംരക്ഷിച്ച തന്റെ സഹോദരരെ കമ്യൂണിസ്റ്റ് കാപാലികർ ഉപദ്രവിക്കുന്നത് കണ്ടുനില്ക്കാൻ തനിക്കൊരിക്കലും സാധിക്കില്ല...കണ്ണൂർ ഹൃദയരക്തം ഇറ്റുവീണ നമ്മുടെ മണ്ണാണ്.
പൊരുതി വിജയിച്ച കോൺഗ്രസുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിനു വേണ്ടി കോൺഗ്രസിന്റെ ത്രിവർണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെയുണ്ടാകും... ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽവഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണെന്നു സുധാകരൻ പോസ്റ്റിൽ പറയുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിൽക്കവേ ഇത്തരം വിഷയങ്ങൾ ഒന്നും സ്പർശിക്കാതെ അതിവൈകാരികമായാണു സുധാകരൻ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. പോസ്റ്റ് ഇട്ടതിനു പിന്നാലെ സുധാകരന്റെ കണ്ണൂർ നടാലിലുള്ള വീട്ടിലേക്കു പ്രവർത്തകരും നേതാക്കളും ഒഴുകിയെത്തി. സുധാകരന്റെ പ്രതികരണം തേടി മാധ്യമങ്ങൾ എത്തിയെങ്കിലും മാധ്യമങ്ങളെ കാണാൻ കൂട്ടാക്കിയില്ല.
ഇതിനിടെ, കെ. സുധാകരനെ സ്ഥാനാർഥിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നു കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രതികരിച്ചു. കെ.സുധാകരൻ കണ്ണൂരിന്റെ ഹൃദയരക്തംതന്നെയാണ്. ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. സുധാകരനെ സന്ദർശിച്ച ശേഷമായിരുന്നു മാർട്ടിൻ ജോർജിന്റെ പ്രതികരണം.
എംപിസ്ഥാനമൊഴിഞ്ഞ് നിയമസഭയിലേക്കു മത്സരിക്കണമെന്നാണു സുധാകരന്റെ ആവശ്യം. എന്നാൽ, ഒരാൾക്ക് അനുമതി നൽകിയാൽ മറ്റു അഞ്ച് എംപിമാരും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുണ്ട് എന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി. അതേസമയം, സുധാകരന്റെ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് എഐസിസി നേതൃത്വം. ഇതിനിടെ, സുധാകരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്ത് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു കെ. സുധാകരനെ മാറ്റാനുള്ള തീരുമാനത്തിനിടെ സുധാകരൻ കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. രാഹുൽ ഗാന്ധി ഇടപെട്ടാണ് അന്ന് പരിഹാരമുണ്ടാക്കിയത്. സുധാകരനെ മാറ്റി പകരം സുധാകരൻ നിർദേശിക്കുന്നയാളെ കെപിസിസി പ്രസിഡന്റാക്കാമെന്നു പറഞ്ഞാണ് പ്രശ്നം പരിഹരിച്ചത്. അങ്ങനെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു സണ്ണി ജോസഫ് കടന്നുവന്നത്.
എന്നാൽ, അന്ന് കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം നല്കുമെന്നു രാഹുൽ ഗാന്ധി വാക്കുനൽകിയതായി സുധാകരൻ പറയുന്നുണ്ട്. ഇക്കുറിയും പ്രശ്നപരിഹാരത്തിന് രാഹുൽ ഗാന്ധിതന്നെയാണ് മുൻകൈയെടുക്കുന്നത്. സുധാകരൻ മത്സരിച്ചില്ലെങ്കിൽ സുധാകരൻ നിർദേശിക്കുന്നയാളായിരിക്കും കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുക. ഇതായിരിക്കും അനുരഞ്ജന ഫോർമുല.
Tags : K. Sudhakaran post Congress traps Kannur Facebook