പറവൂർ: മുഖ്യമന്ത്രി പിണറായി വിജയനുമായി സംവാദം നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ തന്റെ നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫേസ്ബുക്കിലൂടെയുള്ള സംവാദങ്ങളിൽ തനിക്ക് താത്പര്യമില്ലെന്നും, രാഷ്ട്രീയ കാര്യങ്ങൾ ജനമധ്യത്തിൽ നേരിട്ട് സംവദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ എഴുത്തുകളേക്കാൾ, ജനങ്ങൾ സാക്ഷികളാകുന്ന തുറന്ന വേദികളിൽ മുഖ്യമന്ത്രിയുമായി വികസന-ഭരണ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് താൻ വെല്ലുവിളിച്ചത്. ഫേസ്ബുക്ക് പോസ്റ്റുകൾക്ക് മറുപടി നൽകുന്നതിൽ വലിയ 'ത്രില്ലില്ലെന്ന്' അദ്ദേഹം പരിഹസിച്ചു.
സർക്കാരിന്റെ വീഴ്ചകളും ഭരണ നേട്ടങ്ങളും നേർക്കുനേർ ചർച്ച ചെയ്യപ്പെടട്ടെ എന്നും, അതിൽ ജനങ്ങൾ തീരുമാനമെടുക്കട്ടെ എന്നുമാണ് യുഡിഎഫ് നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. പറവൂർ മണ്ഡലത്തിലെ പര്യടനത്തിനിടെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. വികസന മുരടിപ്പും അഴിമതിയും ഉയർത്തിക്കാട്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും വെല്ലുവിളി ഏറ്റെടുത്തുകൊണ്ടുള്ള കൃത്യമായ മറുപടി വരാത്ത സാഹചര്യത്തിലാണ് സതീശന്റെ ഈ പരിഹാസം കലർന്ന പ്രതികരണം.
Tags : VD Satheeshan Chief Minister Facebook Debate Latest News