District News
കാഞ്ഞിരപ്പള്ളി: പേട്ടക്കവലയിലെ വെള്ളക്കെട്ട് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു. ദേശീയപാത 183ൽ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളി പേട്ടക്കവലയ്ക്ക് സമീപത്തായി ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പിനു മുന്നിലാണ് വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കി വെള്ളക്കെട്ട് സ്ഥിതി ചെയ്യുന്നത്.
ദേശീയപാതയോരത്തെ ഓടകൾ അടഞ്ഞതാണ് വെള്ളക്കെട്ടിനു കാരണം. സ്ലാബ് ഒടിഞ്ഞതും മാലിന്യം നിറഞ്ഞതുമാണ് ഓടകൾ മൂടാൻ കാരണമായതെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.
വാഹനങ്ങൾ കടന്നുപോകുമ്പോൾ പരിസരമാകെ ചെളിവെള്ളം തെറിക്കുകയും പലപ്പോഴും കാൽനട യാത്രക്കാരുടെയും ഇരുചക്ര വാഹനയാത്രകരുടെയും ദേഹത്ത് പതിക്കുകയും ചെയ്യുന്നത് പതിവുകാഴ്ചയാണ്. ഓടയിലെ തടസംമാറ്റി വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
District News
കോതമംഗലം: വേനൽ മഴയിൽ കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നിൽ എ.എം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ആശുപത്രിയുടെ കവാടത്തിലുള്‍പ്പെടെ റോഡില്‍ ഒരു അടിയിലേറെ വെള്ളം ഉയര്‍ന്നു. ഇതോടെ വാഹനങ്ങളുടെയും കാല്‍നടക്കാരുടെയും യാത്ര ദുഷ്കരമായി. പ്രദേശത്ത് ഗതാഗതകുരുക്കും രൂപപ്പെട്ടു. റോഡില്‍ വെള്ളം ഉയര്‍ന്നതോടെ ഏതാനും കടകളിലേക്കും വെള്ളം കയറി.ചെളിനിറഞ്ഞ വെള്ളമാണ് കടകളിലേക്കൊഴുകിയത്.
മറ്റിടങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളം ഒഴുകി പോയിരുന്ന തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതും വിനയായി. കാലങ്ങളായുള്ള തോടാണ് കഴിഞ്ഞവര്‍ഷം നികത്തിയത്.
കഴിഞ്ഞ മഴക്കാലത്തും സമാന പ്രശ്നം ഉണ്ടായിരുന്നു. അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തോട് പുനസ്ഥാപിച്ചില്ലെങ്കില്‍ മഴക്കാലത്ത് സ്ഥിതി രൂക്ഷമാകും. എത്രയും വേഗം അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
District News
കൂരാച്ചുണ്ട്: കൂരാച്ചുണ്ട്-ബാലുശേരി പിഡബ്ല്യുഡി റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിലെ കൈതക്കൊല്ലിയിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന് മുൻവശത്താണ് ഒരു മഴ പെയ്താൽ തൽക്ഷണം വെള്ളക്കെട്ട് രൂപപ്പെടുന്നത്.
ഏറെ കഷ്ടപ്പെട്ടാണ് ദേഹത്ത് വെള്ളം തെറിക്കാതെ യാത്രക്കാർ ഓടി മാറുന്നത്. റോഡിന് ഈ ഭാഗങ്ങളിൽ ഓവുചാലുകൾ നിർമിച്ചിട്ടില്ല. ഒട്ടനവധി വാഹനങ്ങൾ സർവീസ് നടത്തുന്ന കോഴിക്കോട്ടേക്കുള്ള പ്രധാന റോഡുമാണിത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ദുരിതമായി മാറിയ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
District News
വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ ചോലമലയിൽ വീണ്ടും വെള്ളപ്പൊക്കം. ചോലമല പുഴ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 2024 ജൂലൈയിൽ വൻ ദുരന്തം വിതച്ച പ്രദേശമായതിനാൽ ഇത്തവണയും മണ്ണിടിച്ചിൽ ഭീതിയിലാണ് പ്രദേശവാസികൾ.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബെയ്ലി പാലത്തിന് സമീപവും വെള്ളം ഉയർന്നിട്ടുണ്ട്. പുഴയിൽ പാറകളും മരങ്ങളും ഒഴുകി വരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ദുരന്തനിവാരണ സേനയും അധികൃതരും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
മഴ കടുക്കുകയാണെങ്കിൽ കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2024-ലെ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട പല കുടുംബങ്ങളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇവർക്ക് സുരക്ഷിതമായ പുനരധിവാസം ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.