ഒറ്റപ്പാലം: മഴ കനത്തതോടെ നഗരസഭ ബസ് സ്റ്റാൻഡിനു പുറകിൽ വൻ വെള്ളക്കെട്ട്. കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന പീപ്പിൾസ് ബസാറിലേക്കും മറ്റു വ്യാപാരസ്ഥാപനങ്ങളിലേക്കും എത്തിപ്പെടണമെങ്കിൽ ഈ വെള്ളക്കെട്ട് കടക്കണം. മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് വലിയ ദുരിതമാകുകയാണ്. പടിഞ്ഞാറുഭാഗത്ത് ജലശുദ്ധീകരണശാലയുടെ പണിനടക്കുന്നതിനാൽ അവിടം അടച്ചുകെട്ടിയിരിക്കുകയാണ്. അതുകൊണ്ട് കെട്ടിടത്തിന്റെ കിഴക്കുഭാഗത്തുകൂടി വളഞ്ഞുവേണം ഇവിടേക്കെത്താൻ.
മഴ തുടങ്ങിയതുമുതൽ കെട്ടിടത്തിനു പുറകിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കെത്തുന്ന നൂറുകണക്കിന് ജനങ്ങളുടെ ദുരിതമാണിത്. ശക്തമായൊരു മഴപെയ്താൽ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ കിഴക്കുവശംമുതൽ പടിഞ്ഞാറുഭാഗംവരെ വെള്ളത്താൽ നിറയും. പിന്നെ വെള്ളം ഒഴിയണമെങ്കിൽ മണിക്കൂറുകൾ കഴിയണം. പൂട്ടുകട്ട വിരിച്ചതിലെ അശാസ്ത്രീയതമൂലമാണ് വെള്ളം കെട്ടിനിൽക്കുന്നതെന്നാണ് ആക്ഷേപം.
റോഡിനെക്കാൾ താഴ്ചയിലാണ് ഇവിടെ പൂട്ടുകട്ട വിരിച്ചിരിക്കുന്നത്. അതിനാൽ വേഗത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിന് ഇടയാക്കും. റോഡിനും പൂട്ടുകട്ട വിരിച്ചതിനുമിടയിലുള്ള മൺതിട്ടയടക്കം ചെളിനിറഞ്ഞുകിടക്കുന്നതിനാൽ സ്ഥാപനത്തിലേക്കു പോകുന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ഇരുചക്രവാഹനങ്ങളിൽ വരുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. പീപ്പിൾസ് ബസാറിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ചെളിനിറഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. ഇവിടേക്കെത്തുന്ന പ്രായമായവർക്കും പ്രയാസമുണ്ടാക്കുന്നുണ്ട്.
Tags : Nattuvishesham Local News Flooding