തൃശൂർ: കാലവർഷത്തിൽ ചാലക്കുടിപ്പുഴയിലെ ജലനിരപ്പു നിയന്ത്രിക്കാനും ജനവാസമേഖലയിൽ വെള്ളപ്പൊക്കം ഒഴിവാക്കാനും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
നിലവിൽ പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 417.35 മീറ്ററാണ്. മുൻവർഷത്തെ മാതൃകയിൽ ഇക്കുറിയും ഡാമിലെ ജലനിരപ്പ് ക്രെസ്റ്റ് ലെവലായ 419.40 മീറ്ററിൽ നിലനിർത്താൻ തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ ഒ.ജെ. ജനീഷ്, എംഎൽഎമാർ എന്നിവർ പങ്കെടുത്ത എക്സ്റ്റൻഡഡ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി മീറ്റിംഗിൽ തീരുമാനിച്ചു.
ഇന്നുമുതൽ 419.40 മീറ്ററിൽ ഗേറ്റുകൾ തുറന്നുവയ്ക്കും. ഷോളയാർ ഡാം, വൃഷ്ടിപ്രദേശങ്ങൾ, മറ്റ് അണക്കെട്ടുകൾ എന്നിവിടങ്ങളിൽനിന്നുള്ള നീരൊഴുക്കും നിരീക്ഷിക്കും. ഡാമുകളിൽനിന്നു വെള്ളമൊഴുക്കേണ്ടിവന്നാൽ ജനങ്ങളെ മുൻകൂട്ടി അറിയിക്കാനും കളക്ടർ നിർദേശിച്ചു.