National
ന്യൂഡൽഹി: ഇന്ത്യ-മ്യാൻമർ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിമത ഗ്രൂപ്പുകൾക്ക് സൈനിക സഹായവും ഡ്രോൺ പരിശീലനവും നൽകിവന്ന ഏഴ് വിദേശികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. കോൽക്കത്ത, ഡൽഹി, ലക്നൗ വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ആറ് യുക്രെയ്ൻ പൗരന്മാരും ഒരു അമേരിക്കൻ പൗരനുമാണ് പിടിയിലായത്. അമേരിക്കൻ പൗരനായ മാത്യു ആരോൺ വാൻ ഡൈക് ആണ് സംഘത്തിലെ പ്രമുഖൻ. വിനോദസഞ്ചാര വിസയിൽ ഇന്ത്യയിലെത്തിയ ഇവർ, മിസോറാം വഴി അനധികൃതമായി മ്യാൻമറിലേക്ക് കടക്കുകയും അവിടെയുള്ള വംശീയ സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ കൈകാര്യം ചെയ്യുന്നതിലും നിർമിക്കുന്നതിലും പരിശീലനം നൽകുകയും ചെയ്തു.
യൂറോപ്പിൽ നിന്ന് ഡ്രോണുകൾ ഇന്ത്യ വഴി അതിർത്തി കടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂർ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് എൻഐഎ കരുതുന്നു. യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി കോടതി പ്രതികളെ മാർച്ച് 27 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
Kerala
കൊച്ചി: ഇന്ത്യയിലെത്തുന്ന വിദേശികളുടെ നീക്കങ്ങള് ഫോറിനേഴ്സ് ആക്ട് പ്രകാരം നിയന്ത്രിക്കുന്ന സാഹചര്യങ്ങളില് അവരുടെ ഭാഗംകൂടി കേള്ക്കണമെന്നു ഹൈക്കോടതി. വയനാട് കല്പ്പറ്റയില് നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില് പ്രതികളായ നേപ്പാള് സ്വദേശികളെ ജാമ്യം ലഭിച്ചിട്ടും ഷെല്ട്ടര് ഹോമില് അടച്ച നടപടി നിയമവിരുദ്ധമെന്നു വ്യക്തമാക്കുന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
ഇവരുടെ ഭാഗംകൂടി കേട്ട് ഒരു മാസത്തിനകം നിയമപരമായ തീരുമാനമെടുക്കാന് കോഴിക്കോട് ഫോറിനേഴ്സ് റീജണല് രജിസ്ട്രേഷന് ഓഫീസര്ക്കു കോടതി നിര്ദേശം നല്കി. ജാമ്യം ലഭിച്ചിട്ടും സഞ്ചാരസ്വാതന്ത്ര്യവും ജീവനോപാധിയും നിഷേധിക്കുന്നതിനെതിരേ മഞ്ജു സൗദ്, ഭര്ത്താവ് അമര്, മകന് റോഷന് എന്നിവര് സമര്പ്പിച്ച ഹര്ജിയിലാണ് ജസ്റ്റീസ് സി. ജയചന്ദ്രന്റെ ഉത്തരവ്.
കല്പ്പറ്റയിലെ റിസോര്ട്ടില് ഹൗസ് കീപ്പര്മാരായാണു ഹര്ജിക്കാര് ജോലിചെയ്തിരുന്നത്. ഇതിനിടെ മകന്റെ സുഹൃത്തായ നേപ്പാള് സ്വദേശിനി മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ മഞ്ജു കഴുത്തുഞെരിച്ച് കൊന്നുവെന്നാണു കേസ്. 2024 സെപ്റ്റംബര് ഒന്പതിനാണ് ഇവര് അറസ്റ്റിലായത്. വിഷയത്തില് സ്വാഭാവികനീതി ഉറപ്പാക്കണമെന്നും അതേസമയം ഹര്ജിക്കാര് നിയമത്തിന്റെ പിടിയില്നിന്നു വഴുതിപ്പോകാന് ഇടയാകരുതെന്നും കോടതി പറഞ്ഞു. ഒരു മാസംകൂടി മാനന്തവാടി ആറാട്ടുതറ ട്രാന്സിറ്റ് ഹോമില് തുടരണം. അതിനകം ഫോറിനേഴ്സ് റീജണല് രജിസ്ട്രേഷന് ഓഫീസര് പുതിയ ഉത്തരവിറക്കണമെന്നും കോടതി നിര്ദേശിച്ചു.
ഹര്ജിക്കാര്ക്കു പറയാനുള്ളത് കേള്ക്കാതെയാണ് ഇവരെ ട്രാന്സിറ്റ് ഹോമിലാക്കിയതെന്നായിരുന്നു അഭിഭാഷകന്റെ വാദം. വിചാരണ നടപടികള്ക്കടക്കം ഇവര്ക്കു യാത്ര ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭരണഘടന പറയുന്ന മൗലികാവകാശങ്ങള് വിദേശികള്ക്കു ബാധകമല്ലെന്നാണ് കേന്ദ്രസര്ക്കാര് വാദിച്ചത്.
മൗലികാവകാശങ്ങളില് പലതിലും പൗരന് എന്നല്ല വ്യക്തി എന്നാണു പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാശില്പികള് ഇതു ദീര്ഘവീക്ഷണത്തോടെ ചെയ്തതാണ്. രാജ്യങ്ങള് തമ്മിലുള്ള വാണിജ്യവും ടൂറിസവുമെല്ലാം കൂടുതല് ഉദാരമായ കാലഘട്ടമാണിത്. ഇവിടെയെത്തുന്ന വിദേശികളുടെ പരിമിതമായ അവകാശങ്ങളെക്കുറിച്ചെങ്കിലും നമ്മള് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും സ്വര്ണക്കൂട്ടിലായാലും ബന്ധനം ബന്ധനം തന്നെയെന്നും കോടതി വ്യക്തമാക്കി.