ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയെന്ന് സംശയിക്കുന്ന വിദേശ പൗരന്മാർ അറസ്റ്റിൽ. ചെന്നൈ, മധുര വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ ബ്യൂറോയും ലോക്കൽ പോലീസും സംയുക്തമായാണ് ഇവരെ പിടികൂടിയത്.
വിദേശ പാസ്പോർട്ട് കൈവശം വച്ചിരുന്ന 25ഓളം പൗരന്മാരാണ് പിടിയിലായത്. ഇവർക്കെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾക്കൊപ്പം, 2023 ലെ ഭാരതീയ ന്യായ സംഹിതയിലെ വ്യവസ്ഥകൾ പ്രകാരം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി ദി സൺഡേ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ശ്രീലങ്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് പിടിയിലായത്. പതിവ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെയാണ് ഇവരെ പിടികൂടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
നാല് സ്ത്രീകളുൾപ്പെടെ 10 പേരാണ് അറസ്റ്റിലായത്. രഞ്ജിനി (59), സർഫുദീൻ (68), നിലന്തി (44), ജയന്തൻ (40), ചാർളി ബാലചന്ദ്രൻ (48), ചക്രവർത്തി ലോഗപ്രിയ (50), സുനിത ചക്രവർത്തി (48) എന്നിവർ ശ്രീലങ്കൻ പൗരന്മാരാണ്.
യുകെയിൽ നിന്നുള്ള അയ്യാദുരൈ (53), ഇന്തോനേഷ്യയിൽ നിന്നുള്ള ടിറ്റിൻ മരിയാട്ടി (47), കാനഡയിൽ നിന്നുള്ള ജിത്തേന്ദ്രനാഥ് (38) എന്നിവരാണ് അറസ്റ്റിലായ മറ്റ് വിദേശ പൗരന്മാർ. വിദേശ യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയിൽ ഇവരുടെ ചൂണ്ടുവിരലുകളിൽ മായാത്ത മഷി പാടുകൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശ്രീലങ്കൻ പാസ്പോർട്ട് കൈവശമുണ്ടായിരുന്ന ഇവരുടെ പക്കൽ നിന്നും ഇലക്ഷൻ കമ്മീഷന്റെ വോട്ടർ രേഖകളും കണ്ടെത്തി. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : Foreigners Arrest Vote TamilNadu Poll