District News
ചങ്ങനാശേരി: അഞ്ചരക്കണ്ടി ഡെന്റല് കോളജ് വിദ്യാര്ഥി നിതിന് രാജിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത്-ആദിവാസി സംഘടനകള് നടത്തിയ ഹര്ത്താല് ചങ്ങനാശേരിയില് ഭാഗികം. നഗരത്തിലും സമീപ ടൗണുകളിലും വ്യാപാര സ്ഥാപനങ്ങള് അടഞ്ഞുകിടന്നു. രാവിലെ മുതല് സ്വകാര്യ വാഹനങ്ങള് നിരത്തിലോടി. എന്നാല്, ഏഴുമുതല് ഹര്ത്താലനുകൂലികള് വിവിധ സ്ഥലങ്ങളില് വാഹനങ്ങള് തടഞ്ഞിട്ടു. മാമ്മൂട്ടില് വാഹനങ്ങള് തടഞ്ഞതിനെത്തുടര്ന്ന് വാഹനങ്ങളുടെ നിര കുര്യച്ചന്പടി വരെ നീണ്ടു. തെങ്ങണ, തൃക്കൊടിത്താനം, പായിപ്പാട് എന്നിവിടങ്ങളിലും വാഹനങ്ങള് തടഞ്ഞു.
ചങ്ങനാശേരി കെഎസ്ആര്ടിസി ജംഗ്ഷനില് കെഎസ്ആര്ടിസി ഉള്പ്പെടെ വാഹനങ്ങള് തടഞ്ഞശേഷം വിട്ടയച്ചു. എല്ലായിടത്തും പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല് അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഭൂരിപക്ഷം സര്ക്കാര് ഓഫീസുകളും ബാങ്കുകളും പ്രവര്ത്തിച്ചില്ല.
കറുകച്ചാൽ മേഖലയിലും ഹർത്താൽ ഏറെക്കുറെ പൂർണമായിരുന്നു. കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ മേഖലകളിലെല്ലാം കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയും വാഹനഗതാഗതം സ്തംഭിക്കുകയും ചെയ്തു. മിക്ക സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ പതിവുപോലെ തുറന്നുവെങ്കിലും സമരാനുകൂലികളെത്തി കടകൾ അടപ്പിക്കുകയായിരുന്നു.
കോട്ടയത്തുനിന്നു കോഴഞ്ചേരിയിലേക്ക് പോയ കെഎസ്ആർടിസി ബസ് കറുകച്ചാൽ സ്റ്റാൻഡിൽ സമരക്കാർ ഏറെനേരം തടഞ്ഞിട്ടു. ഓട്ടോ സ്റ്റാൻഡിലെത്തി ഓട്ടോ ഡ്രൈവർമാർ ഓട്ടം പോകുന്നത് വിലക്കുകയും ചെയ്തു. ഇരുചക്ര വാഹനങ്ങളും ടാക്സികളും അപൂർവമായി മാത്രമാണ് നിരത്തിൽ കാണപ്പെട്ടത്.
കെഎസ്ആർടിസി 27 സർവീസുകൾ നടത്തി
ഹർത്താൽ ദിനത്തിൽ ചങ്ങനാശേരി കെഎസ്ആർടിസിഡിപ്പോയിൽനിന്ന് 27 ബസുകൾ സർവീസ് നടത്തി. 47 സർവീസുകളാണ് ഈ ഡിപ്പോയിലുള്ളത്.
ഹർത്താലനുകൂലികൾ രാവിലെ ഡിപ്പോയിലെത്തി ബസുകൾ ഓടിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. തിരുനെൽവേലി സർവീസ് ഒഴികെയുള്ള മറ്റെല്ലാ ദീർഘദൂര സർവീസുകളും ഓടി. എന്നാൽ, കളക്ഷൻ തീരെ കുറവായിരുന്നു.
ഹർത്താൽ: ഗതാഗതം തടസപ്പെട്ടു
ചിങ്ങവനം: നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിതിൻ രാജ് ആക്ഷൻ കൗൺസിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. നാട്ടകം, ചിങ്ങവനം, കുറിച്ചി, പരുത്തുംപാറ പ്രദേശങ്ങളിൽ രാവിലെ മുതൽ പ്രവർത്തകർ നിരത്തിലിറങ്ങി സ്വകാര്യ വാഹനങ്ങൾ തടത്തു. കടകളും അടഞ്ഞുകിടന്നു.
പ്രദേത്ത് തുറന്ന ബാങ്ക് ശാഖകൾ അടപ്പിച്ചു. മണിപ്പുഴയിലെ ലുലു മാളിൽ എത്തിയ ആളുകളെ അകത്തേക്കു കയറ്റി വിടാതെ തിരിച്ചയച്ചു.
കുമരകത്തും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസ് സർവീസുകളും ഉണ്ടായിരുന്നില്ല.ഹർത്താലിനെ പിന്തുണച്ച് പ്രകടനവും യോഗവും നടത്തി. വിവിധ പ്രാദേശിക ആക്ഷൻ കൗൺസിൽ രൂപീകരിച്ചാണ് കുമരകത്ത് ഹർത്താൽ സംഘടിപ്പിച്ചത്.
കുമരകം ചന്തക്കവലയിൽ നടന്ന പ്രതിഷേധ യോഗത്തിൽ ബാബു കുമരകം, ജോഷി നക്കരത്തറ, ബാബു കുന്നങ്കേരി, പ്രിൻസ് കായിത്ര, ഓമന കുമ്മനം, ഷാർലിൻ പീറ്റർ എന്നിവർ പ്രസംഗിച്ചു.
ഹര്ത്താലിൽ ജനം വലഞ്ഞു
കടുത്തുരുത്തി: കടുത്തുരുത്തിയില് ഹര്ത്താല് പൂര്ണം. കട കമ്പോളങ്ങള് അടഞ്ഞുകിടന്നു. ഓഫീസുകളും സര്ക്കാര്, അര്ധസര്ക്കാര് സ്ഥാപനങ്ങളും ബാങ്കുകളുമൊന്നും പ്രവര്ത്തിച്ചില്ല. ഹര്ത്താനുകൂലികളുടെ നേതൃത്വത്തില് കടുത്തുരുത്തിയില് പ്രകടനം നടത്തുകയും വാഹനങ്ങള് തടയുകയും ചെയ്തു. രാവിലെ 9.30നാണ് സംഭവം.
സംയുക്ത സംഘടനകളുടെ നേതൃത്വത്തില് രൂപീകരിച്ച ആക്ഷന് കൗണ്സിലാണ് പ്രകടനത്തിനും വഴിതടയലിനും നേതൃത്വം നല്കിയത്. വന് പോലീസ് സന്നാഹം കടുത്തുരുത്തി ടൗണിലുണ്ടായിരുന്നു. പോലീസ് ഇടപെട്ട് സമരക്കാരെ നീക്കം ചെയ്ത് വാഹനഗതാഗതം പുനഃസ്ഥാപിച്ചു.
ആക്ഷന് കൗണ്സില് നേതാക്കളായ അഡ്വ ഇ.ഒ. ജോണ്, എം.ഡി. തോമസ്, അപ്പു കാപ്പില് തുടങ്ങിയവര് നേതൃത്വം നല്കി. ദളിത് സംഘടനകള് ആഹ്വാനം ചെയ്ത ഹര്ത്താലിനെത്തുടര്ന്ന് കടുത്തുരുത്തി മേഖലയില് വാഹനഗതാഗതവും സ്തംഭിച്ചു. ആക്ഷന് കൗണ്സില് അംഗങ്ങളുടെ നേതൃത്വത്തില് തലേദിവസം തന്നെ വ്യാപാര സ്ഥാപനങ്ങളിലെത്തി ഹര്ത്താലിനോട് സഹകരിക്കണമെന്നും കടകള് തുറക്കരുതെന്നും അഭ്യര്ഥിച്ചിരുന്നു. ഇന്നലെ രാവിലെ തുറന്ന വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും ഓഫീസുകളുമെല്ലാം സമരാനുകൂലികള് അടപ്പിച്ചു.
സ്വകാര്യ വാഹനങ്ങള് നിരത്തിലിറങ്ങിയെങ്കിലും സ്വകാര്യ ബസുകൾ സര്വീസ് നടത്തിയില്ല. കെഎസ്ആര്ടിസി ദീര്ഘദൂര ബസുകള് സര്വീസ് നടത്തി. പ്രദേശത്തെ ഭൂരിഭാഗം പെട്രോള് പമ്പുകളും അടഞ്ഞുകിടന്നു.
വൈക്കം: നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻപേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ഹർത്താൽ വൈക്കത്ത് ഏറെക്കുറെ പൂർണം. വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കാനും കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ബസ് തടയാൻ ശ്രമിച്ചപ്പോഴും സമരാനുകൂലികളുമായി പലയിടത്തും വാക്കേറ്റവും ഒച്ചപ്പാടുമുണ്ടായെങ്കിലും പോലീസിന്റെ സംയമനത്തോടെയുള്ള ഇടപെടൽ സംഘർഷം ഒഴിവാക്കി.
ആശുപത്രികളും മരുന്നുകടകളും പ്രവർത്തിച്ചതൊഴിച്ചാൽ മറ്റ് വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. വൈക്കം-തവണക്കടവ് ഫെറിയിൽ ബോട്ടുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു.സർക്കാർ ഓഫീസുകളും പ്രവർത്തിച്ചില്ല.
സ്വകാര്യബസുകൾ നിരത്തിലിറങ്ങിയില്ല. കോവിലകത്തുംകടവ്, ചെമ്പ്, തലയോലപ്പറമ്പ് മാർക്കറ്റുകളും അടഞ്ഞുകിടന്നു.പതിവിന് വിപരീതമായി പൊരിവെയിൽ വകവയ്ക്കാതെ സമരാനുകൂലികൾ നിരത്തിൽ വാഹനങ്ങൾ തടഞ്ഞും കടകൾ അടഞ്ഞുകിടക്കുന്നെന്ന് ഉറപ്പാക്കിയും വൈക്കം തലയോപ്പറമ്പ്, കടുത്തുരുത്തി, വെള്ളൂർ, പെരുവ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചു.
വൈക്കം തലയോലപ്പറമ്പ്, വെള്ളൂർ കല്ലറ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധികളിലെ ക്രമസമാധാന പരിപാലത്തിനായി വ്യാപൃതരായിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് സമരാനുകൂലികളുടെ പേരിൽ ഒരു കേസെടുത്തു.
Kerala
കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിനെത്തുടർന്ന് നടത്തിയ ഹർത്താൽ ദിനത്തിൽ പെരിയ ബസാറിലെ എകെജി ഭവനു സമീപം നിർത്തിയിട്ട ബൈക്ക് തകർത്തുവെന്ന കേസിൽ അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഡീൻ കുര്യാക്കോസ് എംപി അടക്കം പ്രതിചേർക്കപ്പെട്ട ഒമ്പതു പേരെയും വെറുതേവിട്ടു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കിരൺ, രഞ്ജിത്, അനീഷ്, സുകുമാരൻ, വിനോദ് കുമാർ, അശോകൻ, യുഡിഎഫ് ജില്ലാ ചെയർമാനായിരുന്ന എം.സി. കമറുദ്ദീൻ, കൺവീനർ എ. ഗോവിന്ദൻ നായർ എന്നിവരെയും വെറുതേ വിട്ടു.
Kerala
തിരുവനന്തപുരം: നിതിന് രാജിന്റെ മരണത്തില് പ്രതിഷേധിച്ച് ദളിത് സംഘടനകള് ആഹ്വാനം ചെയ്ത ഹര്ത്താലില് ജനങ്ങള് വലഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്, കണിയാപുരം, നെടുമങ്ങാട്, കാട്ടാക്കട, തമ്പാനൂര് ഉള്പ്പെടെയുള്ള കെഎസ്ആര്ടിസി ഡിപ്പോകളില് നിന്നു സര്വീസ് നടത്താനൊരുങ്ങിയ ബസുകള് ഹര്ത്താല് അനുകൂലികള് തടഞ്ഞു.
തമ്പാനൂരില് ബസ് യാത്രക്കാരും ഹര്ത്താല് അനുകുലികളും തമ്മില് വാക്കേറ്റം ഉണ്ടായി. ജില്ലയിലെ വിവിധ സ്ഥലങ്ങളില് കടകള് ബലമായി അടപ്പിച്ചു. ഹര്ത്താല് അനുകൂലികള് ബസുകള് തടഞ്ഞതും കടകള് ബലമായി അടപ്പിച്ചതും പോലീസുകാര് നോക്കി നിന്നു. യാതൊരു നടപടിയും സ്വീകരിക്കാതെ പോലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ആക്ഷേപം ഉയര്ന്നിട്ടുണ്ട്.
കീം പരീക്ഷ എഴുതാന് പരീക്ഷാകേന്ദ്രങ്ങളിലേക്ക് പോയ വിദ്യാര്ഥികളും വിഐടി എന്ട്രന്സ് എഴുതാന് എത്തിയവരും റോഡില് കുടുങ്ങി. രാവിലെ ഒന്പതിന് രജിസ്ട്രേഷന് അവസാനിപ്പിച്ച സമയത്തുപോലും വിദ്യാര്ഥികള്ക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചേരാന് സാധിച്ചില്ല.
ദേശീയപാതയില് കഴക്കൂട്ടം മുതല് കണിയാപുരം വരെയും ആറ്റിങ്ങല് മുതല് മംഗലപുരം വരെയും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹര്ത്താല് അനുകുലികള് വാഹനങ്ങള് തടഞ്ഞതാണ് ഗതാഗതകുരുക്കിനു കാരണമായത്.
കണ്ണൂർ പഴയങ്ങാടിയിൽ രാവിലെ ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞു. പയ്യന്നൂരിൽ കടകൾ അടഞ്ഞുകിടക്കുകയാണ്. കണ്ണൂർ നഗരത്തിൽ രാവിലെ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞ് റോഡ് ഉപരോധിച്ചെങ്കിലും പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ഹർത്താൽ അനുകൂലികൾ കാൽടെക്സിൽ റോഡ് ഉപരോധിച്ചു.
കോട്ടയ ജില്ലയിലെ തിരുനക്കര, ചിങ്ങവനം, അയര്ക്കുന്നം, കുറവിലങ്ങാട് കുറിച്ചി, തലയോലപ്പറമ്പ്, വൈക്കം, മുണ്ടക്കയം, കടുത്തുരുത്തി, പൊന്കുന്നം എന്നിവിടങ്ങളിൽ സമരാനുകൂലികള് വാഹനങ്ങള് തടഞ്ഞു.
സര്വീസ് നടത്തിയ കെഎസ്ആര്ടിസി ബസുകള് പലയിടത്തും ഹര്ത്താലനുകൂലികള് തടഞ്ഞിട്ടു. ഇതോടെ വിവിധ ഡിപ്പോകളില്നിന്നുള്ള സര്വീസുകള് അവസാനിപ്പിക്കുകയും തുടര്ന്ന് പോലീസ് സംരക്ഷണത്തില് സര്വീസുകള് ആരംഭിക്കുകയും ചെയ്തു.
തിരുനക്കരയില് ഇരു ചക്ര വാഹനങ്ങള് ഉള്പ്പെടെയുള്ള സ്വകാര്യവാഹനങ്ങള് ഹര്ത്താലനുകൂലികള് സംഘടിച്ച് തടഞ്ഞു.
വാഹന ഉടമകളും ഹര്ത്താലനുകൂലികളും തമ്മില് പലയിടത്തും വാക്കേറ്റമുണ്ടായി. ചിലയിടങ്ങളില് വാക്കേറ്റം സംഘര്ഷത്തിന്റെ വക്കിലെത്തി. കോട്ടയത്ത് കേരള ബാങ്കും അര്ബന് ബാങ്കും സമാരാനുകൂലികള് അടപ്പിച്ചു. മുണ്ടക്കയത്ത് ദേശീയ പാതയില് സമാരാനുകൂലികള് വാഹനങ്ങള് തടഞ്ഞു. കോട്ടയത്ത് ലുലുമാള് അടപ്പിക്കാന് ഹര്ത്താലനുകൂലികള് ശ്രമം നടത്തി.
ജില്ലയില് കടകമ്പോളങ്ങള് അടഞ്ഞുകിടക്കുകയാണ്. ഹോട്ടലുകളും ചുരുക്കം ചില കടകളും മാത്രമാണു തുറന്നിരിക്കുന്നത്. സ്വകാര്യ ബസുകള് സര്വീസ് നടത്തിയില്ല. പ്രധാനപ്പെട്ട കേന്ദ്രങ്ങളില് ഹര്ത്താലനുകൂലികള് രാവിലെ പകടനം നടത്തി.
ഹര്ത്താൽ അനുകൂലികളുടെ നേതൃത്വത്തില് കടുത്തുരുത്തിയില് വാഹനങ്ങള് തടഞ്ഞു. രാവിലെ ഒമ്പതരയോടെയാണ് സംഭവം. ആക്ഷന് കൗണ്സിലാണു പ്രകടനത്തിനും വഴിതടയലിനും നേതൃത്വം നല്കിയത്.വന് പോലീസ് സന്നാഹവും കടുത്തുരുത്തി ടൗണിലുണ്ടായിരുന്നു. പോലീസ് ഇടപെട്ട് സമരക്കാരെ നീക്കം ചെയ്തു വാഹനഗതാഗതം പുനഃസ്ഥാപിച്ചു.
ഹര്ത്താല് കാഞ്ഞിരപ്പള്ളിയിലും പൂര്ണമായിരുന്നു. കടകമ്പോളങ്ങള് പൂര്ണമായും അടഞ്ഞുകിടന്നു. തുറന്ന ചില കടകള് സമരക്കാര് പ്രടനമായെത്തി അടപ്പിച്ചു. സ്വകാര്യ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും നിരത്തിലിറങ്ങി.
രാവിലെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില് സമരക്കാര് വാഹനങ്ങള് തടഞ്ഞെങ്കിലും പിന്നീടു വാഹനം വിട്ടു. മുണ്ടക്കയത്ത് രാവിലെ മുതൽ ആക്ഷൻ കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ തുറന്ന് പ്രവർത്തിച്ച വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും അടപ്പിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും ഹർത്താലുമായി സഹകരിക്കണമെന്ന് യാത്രക്കാരോട് ഹർത്താൽ അനുകൂലികൾ ആവശ്യപ്പെട്ടു.
മുണ്ടക്കയത്ത് തുറന്നു പ്രവർത്തിച്ച പെട്രോൾ പമ്പ്, സ്വകാര്യ വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ അടപ്പിച്ചു. നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ മുണ്ടക്കയം ടൗണിൽ പ്രകടനവും നടന്നു.
സ്വകാര്യ ബസുകൾ പൂർണമായും സർവീസ് ഒഴിവാക്കി. കെഎസ്ആർടിസി ബസ് ദീർഘദൂര സർവീസുകൾ നടത്തുന്നുണ്ട്. കെഎസ്ഇബി ഓഫീസ് അടക്കമുള്ള അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.
പത്തനംതിട്ട ജില്ലയിലെ അടൂരിലും കണ്ണൂരിലെ പഴയങ്ങാടിയിലും ബസുകൾ തടഞ്ഞു.
Kerala
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല് കോളജിലെ ബിഡിഎസ് വിദ്യാര്ഥി നിതിന് രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള് നടത്തുന്ന ഹര്ത്താലില് എറണാകുളത്തും വാഹനങ്ങള് തടഞ്ഞു.
ഹര്ത്താല് കൊച്ചിയില് കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും വടക്കന് പറവൂരില് ദളിത് സംഘടനകള് വാഹനങ്ങള് തടഞ്ഞു. എന്നാല് പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും വാഹനങ്ങള് കടത്തി വിടുകയും ചെയ്തു.
കൊച്ചി നഗരത്തില് സാധാരണ രീതിയില് പ്രൈവറ്റ് ബസുകള് സര്വീസ് നടത്തുന്നുണ്ടെങ്കിലും ചിലത് സര്വീസ് നടത്തുന്നില്ല. കെഎസ്ആര്ടിസി ബസുകള് സര്വീസ് നടത്തുന്നുണ്ട്. ഹര്ത്താലില് പങ്കെടുക്കില്ലെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി നേരത്തെ അറിയിച്ചിരുന്നു. അതിനാല് കടകളും തുറന്നു പ്രവര്ത്തിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: നിതിന്രാജിന്റെ മരണത്തില് പ്രതിഷേധിച്ച് ദളിത് സംഘടനകള് ആഹ്വാനം ചെയ്ത ഹര്ത്താലില് ജനങ്ങള് വലഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്, കണിയാപുരം, നെടുമങ്ങാട്, കാട്ടാക്കട, തമ്പാനൂര് ഉള്പ്പെടെയുള്ള കെഎസ്ആര്ടിസി ഡിപ്പോകളില് നിന്നും സര്വീസ് നടത്താനൊരുങ്ങിയ ബസുകള് ഹര്ത്താല് അനുകൂലികള് തടഞ്ഞു.
തമ്പാനൂരില് ബസ്സിലെ യാത്രക്കാരും ഹര്ത്താല് അനുകുലികളും തമ്മില് വാക്കേറ്റം ഉണ്ടായി. ജില്ലയിലെ വിവിധ സ്ഥലങ്ങളില് കടകള് ബലമായി അടപ്പിച്ചു. ഹര്ത്താല് അനുകൂലികള് ബസുകള് തടയുകയും കടകള് ബലമായി അടപ്പിക്കുന്നത് പോലീസുകാര് നോക്കി നിന്നു. യാതൊരു നടപടിയും സ്വീകരിക്കാതെ പോലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ആക്ഷേപം ഉയര്ന്നിട്ടുണ്ട്.
കീം പരീക്ഷ എഴുതാന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോയ വിദ്യാർഥികളും വിഐടി എന്ട്രന്സ് എഴുതാന് എത്തിയ വിദ്യാർഥികളും റോഡില് കുടുങ്ങി. രാവിലെ ഒന്പത് മണിക്ക് രജിസ്ട്രേഷന് അവസാനിപ്പിച്ച സമയത്ത് പോലും വിദ്യാർഥികള്ക്ക് പരീക്ഷ കേന്ദ്രങ്ങളിലെത്തിച്ചേരാന് സാധിച്ചില്ല.
ദേശീയപാതയില് കഴക്കൂട്ടം മുതല് കണിയാപുരം വരെയും ആറ്റിങ്ങല് മുതല് മംഗലപുരം വരെയും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹര്ത്താല് അനുകുലികള് വാഹനങ്ങള് തടഞ്ഞതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. ഹർത്താൽ അനുകൂലികൾ വ്യാപകമായി വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയുമാണ്.
ഇതോടെ ആർസിസി, മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള രോഗികളും വിഐടി പരീക്ഷയ്ക്കായി എത്തിയ വിദ്യാർഥികളും പെരുവഴിയിലായി. നൂറുകണക്കിന് വിദ്യാര്ഥികളാണ് പരീക്ഷാ സെന്ററുകളിലെത്താനാകാതെ വഴിയിലായത്. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ഒമ്പതിന് അവസാനിച്ചു.
ഇതോടെ ചില വിദ്യാർഥികൾ സമരക്കാരോട് തട്ടിക്കയറി. അവശ്യ സർവീസുകളെ ഒഴിവാക്കി സമാധാനപരമായി ഹർത്താൽ ആചരിക്കുമെന്നാണ് ആക്ഷൻ കൗൺസിൽ അറിയിച്ചതെങ്കിലും പലയിടങ്ങളിലും കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
തമ്പാനൂരിൽ കെഎസ്ആർടിസി ബസുകൾ സമരക്കാർ തടഞ്ഞു. കണിയാപുരത്തും നെടുമങ്ങാട്ടും ബസ് തടഞ്ഞു. ഇതോടെ കണിയാപുരം മുതൽ കഴക്കൂട്ടം വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. അടൂരിലും സമരക്കാർ വാഹനങ്ങൾ തടഞ്ഞു.
പോലീസെത്തി സമരക്കാരെ ബലം പ്രയോഗിച്ച് നീക്കി. തൊടുപുഴയിലും തിരുവല്ലയിലും രോഗികൾ ഉൾപ്പടെയുള്ളവർ സഞ്ചരിച്ച വാഹനങ്ങൾ തടഞ്ഞു. അതിനിടെ തൊടുപുഴ ടൗണിലൂടെ ബൈക്കിൽ സഞ്ചരിച്ച സമരാനുകൂലിയെ നാട്ടുകാർ തടഞ്ഞു.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര്ഥി നിതിന് രാജിന്റെ മരണത്തില് പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹര്ത്താല് ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.
നിരത്തിലിറങ്ങിയ എല്ലാ വാഹനങ്ങളും സമരാനുകൂലികൾ തടഞ്ഞു. തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. പ്രതിഷേധവുമായെത്തിയ പ്രവർത്തകരാണ് ബസ് തടഞ്ഞത്. കണിയാപുരത്തും നെടുമങ്ങാട്ടും ബസുകൾ തടഞ്ഞു.
അടൂരിൽ വാഹനം തടഞ്ഞ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കണ്ണൂർ പഴയങ്ങാടി ടൗണിലും എറണാകുളത്തും പത്തനംതിട്ടയിലും വാഹനങ്ങൾ തടയുന്നുണ്ട്. അതേസമയം ഹർത്താൽ കോഴിക്കോട് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചില്ല. സിറ്റി സർവീസടക്കം സ്വകാര്യബസുകൾ നിരത്തിൽ ഓടുന്നുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ചൊവ്വാഴ്ച ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.
അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. 52 ദളിത് സംഘടനകൾ ചേർന്നാണ് സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ.
ഹർത്താലിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഇന്ന് വൈകുന്നേരം പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്നും നേതാക്കള് പറഞ്ഞു.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിതിൻ രാജ് ആക്ഷൻ കൗൺസിൽ സംസ്ഥാനത്ത് 28ന് ഹർത്താൽ നടത്തും.
രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ നടത്തുന്ന ഹർത്താൽ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികളായ സുനിൽ കൊയിലേരിയനും ഡോ. ഡി. സുരേന്ദ്രനാഥും പത്രസമ്മേളനത്തിൽ അറിയിച്ചു.
നിതിൻ രാജിന്റെ മരണത്തിനുത്തരവാദികളായവരെ മുഴുവൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമൂല ആക്ട് നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദു ചെയ്യുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസ് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ. പത്രം, പാൽ, ആശുപത്രി എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയും. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികൾ സഹകരിക്കണമെന്നു ഭാരവാഹികൾ പറഞ്ഞു.
60 സംഘടനകളാണു ഹർത്താലിനു നേതൃത്വം നൽകുന്നത്. പത്രസമ്മേളനത്തിൽ കുഞ്ഞമ്പു കല്യാശേരി, വി.സി. വിജയൻ എന്നിവരും പങ്കെടുത്തു.
Kerala
മലപ്പുറം: പെരിന്തൽമണ്ണയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. പെരിന്തൽമണ്ണ നിയോജകമണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സിപിഎം പ്രവർത്തകരെ പോലീസ് പിടികൂടിയതിനാലാണ് ഹർത്താൽ പിൻവലിച്ചതെന്ന് യുഡിഎഫ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.
സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുത്ത് ഹർത്താൽ പിൻവലിച്ചതായി അറിയിക്കുന്നുവെന്നും യുഡിഎഫ് പ്രസ്താവനയിൽ പറയുന്നു.
പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയാണ് പെരിന്തൽമണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്.
Kerala
മലപ്പുറം: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താൽ ആരംഭിച്ചു. മുസ്ലിം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.
സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തർ നടത്തിയ പ്രകടനത്തിനിടെയാണ് ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. പിന്നാലെ പ്രതിഷേധവുമായി റോഡിലിറങ്ങിയ ലീഗ് പ്രവർത്തകർ രാത്രി പിരിഞ്ഞപോയെങ്കിലും ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.