Kerala
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 25 പേർ മരിച്ചുവെന്ന് സർക്കാർ അറിയിച്ചു. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
52 വീടുകൾ പൂർണമായി തകർന്നു. 565 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്ത് 418 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 18434 പേർ നിലവിൽ ക്യാമ്പുകളിലുണ്ട്. ഒന്നാം തീയതി മുതൽ ഇന്ന് വൈകുന്നേരം അഞ്ച് വരെയുള്ള കണക്കാണ് സർക്കാർ പുറത്ത് വിട്ടത്.
കോട്ടയത്താണ് കൂടുതൽ മരണം. ജില്ലയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മലപ്പുറത്ത് നാല് പേർക്കും, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ മൂന്ന് വീതം പേർക്കും ജീവൻ നഷ്ടപ്പെട്ടു. ഇടുക്കിയിലും (14) കോട്ടയത്തുമാണ് (11) ഏറ്റവും കൂടുതൽ വീടുകൾ പൂർണമായി തകർന്നത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ വീടുകൾ ഭാഗികമായി തകർന്നത് (103).
Kerala
ആലപ്പുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം അതിരൂക്ഷം. ശനിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും തൃക്കുന്നപ്പുഴ പ്രണവം ജംഗ്ഷനും മൂത്തേരിക്കുമിടയിൽ 15 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു. രാവിലെ മുതൽ കടലാക്രമണം ശക്തമായതോടെ തീരദേശ ജീവിതം അക്ഷരാർഥത്തിൽ വഴിമുട്ടിയിരിക്കുകയാണ്.
ശക്തമായ തിരമാലകളിൽ തീരദേശ റോഡിൽ മുഴുവൻ മണൽ നിറഞ്ഞു. തൃക്കുന്നപ്പുഴ പ്രണവം ജംഗ്ഷനിൽ ജലജീവൻ മിഷന്റെ ഭാഗമായി റോഡരികിൽ ഇറക്കിയിരുന്ന പൈപ്പുകൾ ശക്തമായ തിരയിൽ റോഡിൽ പരക്കെ നിരന്നുകിടക്കുകയാണ്.
മംഗലം, കുറിച്ചിക്കൽ ഭാഗങ്ങളിൽ തീരദേശ റോഡ് ഉയർന്നതിനാൽ കടൽവെള്ളം ഒഴുകിപ്പോകാനാവാതെ കിഴക്കുവശത്തും വീട്ടുപരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. കടൽഭിത്തി പേരിനുപോലുമില്ലാത്ത മംഗലം, പത്തിശേരി ഭാഗങ്ങളിൽ കടൽക്ഷോഭം വലിയ ദുരിതമാണ് വിതയ്ക്കുന്നത്.
തീരാദുരിതം പതിവായതോടെ മംഗലത്ത് നാട്ടുകാർ റോഡിന് കുറുകെ വലകെട്ടി തീരദേശ റോഡിലെ ഗതാഗതം തടഞ്ഞു. എന്നാൽ പ്രശ്നപരിഹാരത്തിന് റവന്യൂ അധികൃതരോ പോലീസോ പഞ്ചായത്ത് അധികൃതരോ ഇതുവരെ ഇടപെടാൻ തയാറായിട്ടില്ല.
District News
തൃശൂർ: അതിരൂപതയുടെ സാമൂഹികക്ഷേമവിഭാഗമായ സാന്ത്വനവും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സഹകരിച്ച് നിർമാണം പൂർത്തിയാക്കിയ 38 വീടുകളുടെ താക്കോൽദാനച്ചടങ്ങും രണ്ടാംഘട്ടമായി ഈ വർഷത്തെ അന്പതു വീടുകളുടെ പദ്ധതി ഉദ്ഘാടനവും നടത്തി. കാത്തലിക് പാസ്റ്റർ സെന്ററിൽ നടന്ന ചടങ്ങ് അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീവാ താക്കോൽ വിതരണം നടത്തി. രണ്ടാംഘട്ട ഭവനപദ്ധതിയുടെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ബി. ജയരാജ് നിർവഹിച്ചു. സാന്ത്വനം ഡയറക്ടർ ഫാ. ജോജു ആളൂർ, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർ എസ്.എം. വിനോദ്, മാനേജർ ജി. ദീപക്, സാന്ത്വനം അസോസിയേറ്റ് ഡയറക്ടർ ഡോ. ഫാ. ജോസ് വട്ടക്കുഴി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബെൻവിൻ തട്ടിൽ, പ്രോജക്ട് കോ-ഓർഡിനേറ്റർ സിസ്റ്റർ ജീസ്മരിയ എന്നിവർ പങ്കെടുത്തു.
Kerala
കോലഞ്ചേരി: അഞ്ചു പതിറ്റാണ്ടായി പരിഹാരമില്ലാതെ നീണ്ടുനിന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്നു വർഷമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടിരുന്ന ഏഴു കുടുംബങ്ങളുടെ ദുരിതത്തിനും വിരാമമാകുന്നു. 16ന് രാവിലെ 11ന് മന്ത്രി റോജി എം. ജോൺ വീടുകളുടെ തറക്കല്ലിടും. വി.പി. സജീന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയായിരിക്കും.
വർഷങ്ങളായി വിവിധ തലങ്ങളിൽ ശ്രമങ്ങൾ നടന്നിട്ടും ഫലമുണ്ടാകാതിരുന്ന പ്രശ്നത്തിനു സർക്കാർതലത്തിൽ സമവായം രൂപപ്പെടുത്തി പരിഹാരം കണ്ടെത്തുന്നതിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി റോജി എം. ജോണും വി.പി. സജീന്ദ്രൻ എംഎൽഎയും നിർണായക പങ്കുവഹിച്ചതോടെയാണ് കുടുംബങ്ങൾക്ക് സ്വന്തം മണ്ണിൽ സുരക്ഷിതമായി വീടുകൾ നിർമിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നത്.
സ്പോൺസർഷിപ്പ് അടിസ്ഥാനത്തിൽ സർക്കാർ മുൻകൈയെടുത്ത് ഒരു വർഷത്തിനുള്ളിൽ 1,000 ചതുരശ്ര അടിയിൽ കുറയാത്ത ഏഴ് ആധുനിക വീടുകളാണ് നിർമിച്ചുനൽകുക. വീടുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ നിലവിലെ വീടുകളിൽത്തന്നെ താമസിക്കാൻ കുടുംബങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഭൂവുടമകളുടെ സമ്മതത്തോടെ നിർമാണത്തിനാവശ്യമായ സ്ഥലമൊരുക്കുന്ന നടപടികളും പൂർത്തിയായി.
മന്ത്രി റോജി എം. ജോണിന്റെ സാന്നിധ്യത്തിൽ അഞ്ചു ഘട്ടങ്ങളിലായി നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ ഭൂവുടമകളും സമരസമിതിയും ധാരണയിലെത്തിയതോടെയാണ് പുനരധിവാസം യാഥാർഥ്യമായത്.
ഓരോ വീടുകളിലേക്കും മൂന്നു മീറ്റർ വീതിയിലുള്ള പ്രവേശനവഴിയും ഭൂവുടമകളുടെ വസ്തുവുമായി അതിർത്തി പങ്കിടുന്ന ഭാഗത്തു സംരക്ഷണമതിലും നിർമിക്കും. ഭൂമിതർക്കവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ നിയമപരമായി പിൻവലിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
National
ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ വെസ്റ്റിൽ മെയ്തെയ് വിഭാഗക്കാരുടെ വീടുകൾ കുക്കി വിഭാഗക്കാർ കൂട്ടത്തോടെ എത്തി തീവച്ചു നശിപ്പിച്ചു.
2023ൽ സംഘർഷം തുടങ്ങിയ സമയത്ത് ആളുകൾ ഒഴിഞ്ഞുപോയിരുന്ന നാലു വീടുകളാണ് കാന്തോ സബാൽ മേഖലയിൽ അഗ്നിക്കിരയായത്. കാങ്പോക്പിയിൽനിന്നാണ് അറുനൂറോളം കുക്കികൾ പ്രദേശത്തേക്ക് ഇരച്ചുകയറിയത്.
ഇതിനിടെ മെയ്തെയ് വിഭാഗക്കാർ സംഘടിച്ച് പ്രദേശത്തേക്ക് എത്തിയെങ്കിലും സുരക്ഷാസേന ഇവരെ തടഞ്ഞതോടെ വലിയ സംഘർഷം ഒഴിവാകുകയായിരുന്നു.
ആകാശത്തേക്ക് വെടിയുതിർത്താണ് സുരക്ഷാസേന ആളുകളെ പിരിച്ചുവിട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം അങ്കമാലിയിലെ വീടുകളിൽ മോഷണം. ആളില്ലാത്ത വീട്ടിൽ നിന്നും രണ്ടേകാൽ പവൻ സ്വർണം കവരുകയും മൂന്നു വീടുകളിൽ മോഷണശ്രമം നടത്തുകയും ചെയ്തു. മങ്ങാട്ടുകര കപ്പളയ്ക്ക് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്ന ആൾതാമസം ഇല്ലാത്ത വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്നാണ് മോഷ്ടാവ് സ്വർണം കവർന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുഖം മറിച്ചാണ് മോഷ്ടാവ് എത്തിയത്. മങ്ങാട്ടുകര അരീക്കൽ ബേബി പോളിന്റെ വീടിന്റെ മുൻ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അകത്തു കയറിയ മോഷ്ടാവ് അലമാര തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ച് ഇട്ടിട്ടുണ്ട്. എന്നാൽ വീട്ടിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
മോഷ്ടാവ് ഗേറ്റ് തുറന്ന് വരുന്നതിന്റെയും പിൻവാതിലിലൂടെ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സമീപത്തെ അരീക്കൽ വർഗീസിന്റെ വീടിന്റെ പിൻവാതിൽ തകർത്തും മോഷണശ്രമം നടത്തിയിട്ടുണ്ട്.
ഒരു മാസത്തിനിടെ പീചാനിക്കാട്, മങ്ങാട്ടുകര ഭാഗങ്ങളിൽ തന്നെ നിരവധി മോഷണങ്ങളാണ് നടന്നിട്ടുള്ളത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല ജനലിലൂടെ പൊട്ടിച്ചെടുത്തിരുന്നു. ഇതിലെ പ്രതികൾക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
District News
കാഞ്ഞിരക്കോട്
എരുമപ്പെട്ടി: കാഞ്ഞിരക്കോട് ഞായറാഴ്ച അർധരാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകിവീണ് പഞ്ചായത്തംഗത്തിന്റെ വീടു തകർന്നു. കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കാഞ്ഞിരക്കോട് പരാത്തുകുളം കല്ലൂർമഠത്തിൽ കൃഷ്ണറാവുവിന്റെ മകനും എരുമപ്പെട്ടി പഞ്ചായത്തംഗവുമായ കെ. സതീഷ് കുമാറിന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് വീണത്.
വീടിന്റെ പിറകുവശത്തു നിന്നിരുന്ന വലിയ തെങ്ങ് ശക്തമായ കാറ്റിൽ വേരോടെ പിഴുത് വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു.
അപകടത്തിൽ വീടിന്റെ പിറകുവശത്തെ ഷീറ്റു മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. വീടിനകത്തുണ്ടായിരുന്ന വാഷിംഗ് മെഷീൻ ഉൾപ്പടെയുള്ള വീട്ടുപകരണങ്ങളും നശിച്ചു.
അപകടസമയത്തു സതീഷ് കുമാറും ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. വലിയ ശബ്ദംകേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങി. ഈ സമയത്താണ് തെങ്ങ് കടപുഴകിവീണതു കണ്ടത്.
പുന്നയൂർക്കുളം
പുന്നയൂർക്കുളം: പുന്നയൂർക്കുളത്ത് ശക്തമായ കാറ്റിൽ വീടു തകർന്നു. വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചു. പുന്നയൂർ അകലാട് ത്വാഹ പള്ളി ബീച്ചിനുസമീപം കരിമത്തിപ്പറമ്പിൽ മുബാറക്കിന്റെ ഓലമേഞ്ഞ വീടാണ് തകർന്നുവീണത്. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
മുബാറക്കും ഭാര്യയും രണ്ടു കുട്ടികളുമായിരുന്നു വീട്ടിൽ താമസം. വീടുതകർന്ന സമയത്ത് മുബാറക് ജോലിക്കും കുട്ടികൾ മദ്രസയിലേക്കും പോയിരിക്കുകയായിരുന്നു. മുബാറക്കിന്റെ ഭാര്യ വീടിനു പുറത്തിറങ്ങിയ സമയത്താണ് മേൽക്കൂര നിലംപൊത്തിയത്. വീട്ടുപകരണങ്ങൾ പൂർണമായും നശിച്ചു.
Kerala
ആലപ്പുഴ: ചേര്ത്തലയില് വെള്ളത്തില് കിടന്ന് നാട്ടുകാരുടെ പ്രതിഷേധം. നിരവധി വീടുകളില് വെള്ളം കയറിയതോടെയാണ് പ്രതിഷേധം. ദേശീയപാത നിര്മ്മാണത്തിലെ അപാകതയാണ് വീടുകള് വെള്ളത്തിലാകാന് കാരണമെന്ന് നാട്ടുകാര് പറയുന്നു.
ചേര്ത്തലയില് ഏറെ നാളുകളായി ഈ പ്രശ്നം നിലനില്ക്കുന്നുണ്ട്. ഹൈവേ നിര്മാണം തുടങ്ങിയതിന് ശേഷമെന്നാണ് ആരോപണം. ദേശീയ പാത നിര്മാണത്തിന്റെ ഭാഗമായി പലയിടങ്ങളിലും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതോടെയാണ് പ്രദേശവാസികള് ദുരിതത്തിലായത്.
തോട് കരകവിഞ്ഞൊഴുകി വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇതുവഴി നഗരത്തിലെ സകലമാലിന്യങ്ങളുമടങ്ങിയ വെള്ളം വീടുകളിലേക്കെത്തുന്നു. ശുചിമുറി മാലിന്യങ്ങളടക്കം വീടുകളില് കയറിയിറങ്ങിപ്പോകുന്ന ഗതികേടിലാണ്. ഭക്ഷണം കഴിക്കാനോ വീടുകളില് സ്വസ്ഥമായിരിക്കാനോ ജനങ്ങള്ക്ക് കഴിയുന്നില്ല.
വാര്ത്ത പുറത്തുവന്നതോടെ അധികൃതര് നടപടിയുമായി എത്തി. വൈകുന്നേരം ഏഴിന് തോട്ടിലെ തടസങ്ങള് പൊളിച്ചു നീക്കുമെന്ന് അധികൃതര് അറിയിച്ചു. ദേശീയപാത അതോറിറ്റി പ്രവര്ത്തി ചെയ്യാമെന്ന് ഉറപ്പ് നല്കി. തടസം നീക്കിയില്ലെങ്കില് നഗരസഭ പൊളിച്ചു നീക്കും എന്ന് ചെയര്പേഴ്സണ് ഉറപ്പ് നല്കി. ദേശീയപാത അതോറിറ്റിക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.
National
ചെന്നൈ: വൈദ്യുതി ബോർഡ് ജീവനക്കാരനെന്ന വ്യാജേന ഹെൽമെറ്റ് ധരിച്ചെത്തി വീടുകളിൽ മോഷണം നടത്തിയ യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. തിരുവള്ളൂർ ജില്ലയിലെ പൊന്നാരിക്ക് സമീപമാണ് സംഭവം.
ബൈക്കിലെത്തിയ പ്രതി വൈദ്യുതി ബോർഡ് ജീവനക്കാരനെന്ന് പരിചയപ്പെടുത്തി പരിശോധനയ്ക്കെന്ന വ്യാജേനയാണ് ഇയാൾ വീടുകൾക്കുള്ളിൽ കയറിയിരുന്നത്. തുടർന്ന് മുറിക്കുള്ളിലെ എസികൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടും. വീട്ടുകാരുടെ ശ്രദ്ധമാറുന്ന നിമിഷത്തിൽ മൊബൈൽ ഫോണുകളും പണവും കവർന്ന് കടന്നുകളയുകയാണ് ഇയാളുടെ രീതി.
നാല് വീടുകളിൽ ഇയാൾ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയുമാണ്.
നന്പർ പ്ലേറ്റില്ലാത്ത വാഹനമാണ് പ്രതി ഉപയോഗിച്ചിരുന്നതെന്നും തിരിച്ചറിയാതിരിക്കാൻ ഇയാൾ എപ്പോഴും ഹെൽമെറ്റ് ധരിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് -കരകുളം മുല്ലശേരിയിൽ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശം. മുല്ലശേരി സ്വദേശികളായ രാധാകൃഷ്ണൻ നായർ , ഗിരിജ കുമാരി , കൃഷ്ണകുമാർ , മധുസൂദനൻ നായർ , രവീന്ദ്രൻ നായർ എന്നിവരുടെ വീടുകളിലെ വൈദ്യുതോപകരണങ്ങൾക്ക് നാശം ഉണ്ടായി.
ഗിരിജ കുമാരിയുടെയും രാധാകൃഷ്ണൻ നായരുടെയും വീടുകളിലെ ഭിത്തികൾക്ക് വിള്ളൽ ഉണ്ടാകുകയും ജന്നൽ ചില്ലുകൾ തകരുകയും ചെയ്തു. ഗിരിജ കുമാരിയുടെ മകൻ അനീഷിന് പൊള്ളലേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം നടന്നത്.
National
ഇംഫാൽ: മണിപ്പുരിലെ കാംജോംഗ് ജില്ലയിൽ സായുധ തീവ്രവാദികൾ ഗ്രാമങ്ങൾ ആക്രമിച്ച് വീടുകൾക്കു തീയിട്ടു. പ്രദേശവാസികൾ പലായനം ചെയ്തു. ഇന്നലെ വെളുപ്പിന് നാലിന് ഇന്ത്യ-മ്യാൻമർ അതിർത്തിയിലായിരുന്നു ആക്രമണം.
നാംലീ, വാംഗ്ലീ, ചോരോ എന്നീ നാഗാ ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടത്. പ്രദേശവാസികൾ തൊട്ടടുത്ത വനത്തിലേക്കു പലായനം ചെയ്തു. ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്നതിനിടെ ഒരു വയോധികയ്ക്കു പരിക്കേറ്റു.
ആസാം റൈഫിൾസ് ഉൾപ്പെടെയുള്ള സുരക്ഷാസേന പ്രദേശത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മ്യാൻമർ കേന്ദ്രമായി പ്രവർത്തിക്കുന്ന കുക്കി നാഷണൽ ആർമി (ബർമ), പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് (പിഡിഎഫ്) എന്നീ തീവ്രവാദ സംഘടനകളാണ് ആക്രമണം നടത്തിയതെന്ന് എൽ. കീഷിംഗ് എംഎൽഎ ആരോപിച്ചു.
നാഗാ പീപ്പിൾസ് ഫ്രണ്ട് എംഎൽഎയാണ് കീഷിംഗ്. മേഖലയിൽ മണിപ്പുർ പോലീസിന്റെ സാന്നിധ്യമില്ലായിരുന്നുവെന്നും ഗ്രാമീണരെ സംരക്ഷിക്കുന്നതിൽ ആസാം റൈഫിൾസ് പരാജയപ്പെട്ടുവെന്നും എംഎൽഎ കുറ്റപ്പെടുത്തി.
Kerala
കൽപ്പറ്റ: വയനാട് പുനരധിവാസ ടൗൺഷിപ്പിൽ താമസയോഗ്യമായ ആദ്യ ഏഴ് വീടുകളുടെ താക്കോൽ സർക്കാർ കുടുംബങ്ങൾക്ക് കൈമാറി. ടൗൺഷിപ്പിലെ മൂന്നാം സോണിലെ ഒരു ക്ലസ്റ്ററിലുള്ള വീടുകളാണ് താമസയോഗ്യമെന്ന് കണ്ട് കൈമാറിയത്. എന്നാൽ, ആദ്യഘട്ടത്തിലെ 178 വീടുകളുടെയും നിർമാണവും പരിശോധനയും പൂർത്തിയായ ശേഷം മാത്രമേ താമസം തുടങ്ങുകയുള്ളൂ എന്ന നിലപാടിലാണ് ദുരന്തബാധിതരായ കുടുംബങ്ങൾ.
മാർച്ച് ഒന്നിന് 178 ഗുണഭോക്താക്കൾക്ക് വീടുകൾ അനുവദിച്ചിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാകാത്തതിനാൽ താക്കോൽ നൽകിയിരുന്നില്ല. ഇപ്പോൾ ഊരാളുങ്കലും കിഫ്കോണും ചേർന്ന് നടത്തിയ മൂന്ന് ഘട്ട പരിശോധനകൾ പൂർത്തിയായ 7 വീടുകളുടെ താക്കോലാണ് ആദ്യമായി ഔദ്യോഗികമായി കൈമാറിയത്.
വീടുകൾ ക്ലസ്റ്ററുകളായി കൈമാറാനാണ് അധികൃതർ നീക്കം നടത്തുന്നതെങ്കിലും, തങ്ങൾ ഒന്നിച്ച് മാത്രമേ താമസം തുടങ്ങൂ എന്ന് കുടുംബങ്ങൾ അറിയിച്ചു. ദുരന്തത്തിന് ശേഷം ഒരേ സാഹചര്യത്തിൽ കഴിയുന്നവർ എന്ന നിലയിലുള്ള ഐക്യദാർഢ്യമാണിതെന്ന് അവർ വ്യക്തമാക്കി. 178 വീടുകളിൽ 56 എണ്ണത്തിൽ മാത്രമാണ് ഇതുവരെ രണ്ട് ഘട്ട പരിശോധനകൾ പൂർത്തിയായത്. കിഫ്കോൺ ചൂണ്ടിക്കാണിക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാണ് ഓരോ വീടും താമസയോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നത്.
കാലവർഷത്തിന് മുൻപായി ആദ്യഘട്ടത്തിലെ 178 വീടുകളും താമസയോഗ്യമാക്കാനാണ് ഊരാളുങ്കൽ ശ്രമിക്കുന്നത്. എന്നാൽ പരിശോധനകൾ നീളുന്നതിനാൽ മേയ് മാസത്തിനുള്ളിൽ എല്ലാ വീടുകളും പൂർണതോതിൽ സജ്ജമാകാൻ സാധ്യതയില്ലെന്നാണ് സൂചന. മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ 51 വീടുകളിൽ ഗൃഹപ്രവേശനം നടന്നതിന് തൊട്ടുപിന്നാലെയാണ് സർക്കാർ ടൗൺഷിപ്പിലെ 7 വീടുകളുടെ താക്കോൽ കൈമാറിയത് എന്നത് ശ്രദ്ധേയമാണ്.
മഴ തുടങ്ങുന്നതിന് മുൻപ് 410 വീടുകളും താമസയോഗ്യമാകുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ ടൗൺഷിപ്പിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
Kerala
തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ടൗണ്ഷിപ്പിലെ വീടുകളിലുണ്ടായത് സ്ട്രക്ചറൽ ക്രാക്ക് അല്ലെന്ന് മന്ത്രി കെ. രാജൻ. വീടുകൾ നിർമിക്കുന്പോൾ വാട്ടർ പോണ്ടിംഗ് ടെസ്റ്റ് നടത്തണമെന്നു നേരത്തേ തീരുമാനിച്ചിരുന്നു. ചോർച്ചയും ബലക്ഷയവും ഇല്ല എന്ന് ഉറപ്പാക്കുന്നതിനാണ് ഈ പരിശോധന.
വാട്ടർ പോണ്ടിംഗ് ടെസ്റ്റ് നടത്തിയപ്പോൾ രണ്ടു വീടുകളിൽ വെള്ളം കിനിഞ്ഞു പോകുന്നതു കണ്ടു. നിർമാണവേളയിൽ ഉണ്ടാകാവുന്ന ഒരു ലീക്കേജാണ് ഇവിടെയും ഉണ്ടായതെന്നാണ് എൻജിനിയർമാർ പറഞ്ഞത്. ഇതു ശരിയാണോ എന്നു നേരിട്ടു ബോധ്യപ്പെടാൻ വേണ്ടിയാണ് അവിടെ പോയതെന്നും മന്ത്രി രാജൻ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടു ചിലർ നടത്തിയത് അപകടകരമായ പ്രചാരണമാണ്. വയനാട് ദുരന്തബാധിതരിൽ ഒരാൾക്കുപോലും ഭീതി വേണ്ട. ടൗണ്ഷിപ്പ് ഒരു തുറന്ന പുസ്തകമാണ്. ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കയറി പരിശോധിക്കാം. ഉപജീവന ബത്ത കൊടുത്തില്ല എന്ന ആശങ്ക ഉയർന്നു. പതിനെട്ടാം തീയതി അതു നൽകി. ആളുകൾക്കിടയിൽ അനാവശ്യമായി ഭീതി ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.
ആക്ഷേപങ്ങൾ കേൾക്കുന്പോൾ ആർത്തു ചിരിക്കുന്നവർക്ക് ഒരു കക്കൂസ് എങ്കിലും നിർമിച്ചുനൽകാൻ ഇതുവരെയും സാധിച്ചില്ല. ആക്ഷേപങ്ങൾ എന്നും ഉണ്ടാകും. അതു കനഗോലു സിദ്ധാന്തമാണ്. ആക്ഷേപങ്ങളിൽ പതറുന്നവരല്ല തങ്ങൾ.
രണ്ടും മൂന്നും ഘട്ട പരിശോധനകൾക്കു ശേഷമാണു വീട് കൈമാറുന്നത്. ഈ മാസം 30ന് മൂന്നു ഘട്ടത്തിലുമുള്ള പരിശോധനയും പൂർത്തിയാകും. അടുത്ത മാസം ആദ്യവാരം തന്നെ വീടുകൾ കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
കൽപ്പറ്റ: വയനാട് ടൗണ്ഷിപ്പിൽ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന വീടുകളിൽ വിള്ളൽ കണ്ടെത്തിയത് ദുരന്തബാധിതരെ ആശങ്കയിലാഴ്ത്തുന്നു.
ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകളിൽ രണ്ടു വീടുകൾക്കാണ് നിലവിൽ വിള്ളൽ ദൃശ്യമായിരിക്കുന്നത്. ഇതോടെ ഈ മാസവും ടൗണ്ഷിപ്പ് താമസയോഗ്യമാകില്ലെന്നാണു ലഭിക്കുന്ന വിവരം.
തനിക്ക് ലഭിച്ച വീടിന്റെ മേൽക്കൂരയിൽ വിള്ളലുണ്ടെന്നും മഴ പെയ്തപ്പോൾ വെള്ളം ചോർന്നിറങ്ങിയെന്നും ചൂരൽമല സ്വദേശിയായ നൗഫൽ പരാതിപ്പെട്ടു.
കൈമാറിയ ഭൂരിഭാഗം വീടുകളും നിലവിൽ താമസയോഗ്യമല്ലെന്ന വിമർശനവും ഉയരുന്നുണ്ട്. 178 വീടുകളെങ്കിലും എത്രയും വേഗം പൂർത്തീകരിച്ച് നൽകണമെന്നാണു ദുരന്തബാധിതരുടെ ആവശ്യം.
Kerala
കോട്ടയം: സംസ്ഥാന സ്കൂള് കായികമേളയില് മികച്ച പ്രകടനം നടത്തിയ ഭവനരഹിതരായ വിദ്യാര്ഥികള്ക്ക് വീട് നിര്മിച്ചുനല്കാന് കേരള സ്കൂള് ടീച്ചേഴ്സ് അസോസിയേഷന് ആവിഷ്കരിച്ച പദ്ധതിയിലൂടെ നിര്മിച്ച വീടിന്റെ താക്കോല് നാളെ കൈമാറും.
കോട്ടയം മൗണ്ട് കാര്മല് ഹയര് സെക്കന്ഡറി സ്കൂള് വിദ്യാര്ഥിനിക്കു നിര്മിച്ച വീടിന്റെ താക്കോല് ഉച്ചകഴിഞ്ഞു 2.30ന് സിപിഎം ജനറല് സെക്രട്ടറി എം.എ. ബേബി കൈമാറും. മൂന്ന് കായികതാരങ്ങള്ക്ക് വീട് നിര്മിച്ചുനല്കാനായിരുന്നു തീരുമാനം.
കാസര്ഗോഡ് ചെറുവത്തൂര് കുട്ടമത്ത് ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥിനി, പാലക്കാട് വിഎം എച്ച്എസ്എസ് വടവന്നൂര് സ്കൂളിലെ വിദ്യാര്ഥിനി എന്നിവര്ക്കാണ് വീട് നല്കുന്നത്.
ഇതിന് അധ്യാപകരില്നിന്ന് 29,78,178 രൂപ സമാഹരിച്ചു. പാലക്കാട് ജില്ലയിലെ വീടിന്റെ താക്കോല് ആറിന് കെഎസ്ടിഎ ജനറല് സെക്രട്ടറി ടി.കെ.എ. ഷാഫി കൈമാറും.
കാസര്ഗോട്ടെ വീട് നിര്മാണം പുരോഗമിക്കുന്നു. കുട്ടിക്കൊരു വീട് പദ്ധതിയിലൂടെ സംസ്ഥാനത്ത് 147 വീടുകള് കെഎസ്ടിഎ നിര്മിച്ച് നല്കിയിട്ടുണ്ട്.
District News
ചെറുതോണി: പ്രായപൂർത്തിയായ മകളുമായി പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരുമോയെന്ന വേവലാതിയിലാണ് ഒരമ്മ. വാഴത്തോപ്പ് പഞ്ചായത്തിൽ ആറാം വാർഡിൽ പനന്താനത്ത് സുരേഷ്കുമാർ ശശിധരന് സർക്കാർ അനുവദിച്ച വീടാണ് സഹകരണ ബാങ്ക് ജപ്തിചെയ്യാനൊരുങ്ങുന്നത്. 2018ലെ മഹാപ്രളയത്തിൽ ഇടുക്കി അലിൻചുവടിന് സമീപമുണ്ടായിരുന്ന വീട് ഒലിച്ചുപോയിരുന്നു. തുടർന്ന് സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും വീട് നിർമിക്കാൻ നാലു ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. വാഴത്തോപ്പിൽ ആറു ലക്ഷം രൂപ നൽകി അഞ്ചു സെന്റ് സ്ഥലം വാങ്ങി വീടു നിർമിച്ചു.
വീട് പണിയാൻ നാലു ലക്ഷം രൂപ തികയാതെ വന്നതിനാൽ രണ്ടു ലക്ഷം രൂപ ജില്ലാ സഹകരണ ബാങ്കിൽനിന്ന് വീടിരിക്കുന്ന സ്ഥലം പണയപ്പെടുത്തി വായ്പയെടുത്തു. എന്നിട്ടും വീട് പണി പൂർത്തിയായില്ല. പണി ഏറ്റെടുത്തിരുന്ന കരാറുകാരൻ ഇവരെ വഞ്ചിച്ച് പണികൾ പൂർത്തിയാക്കാതെ പണവും വാങ്ങി പോയി.
ബാങ്കിൽനിന്ന് എടുത്ത വായ്പയിൽ കുറച്ച് തിരിച്ചടച്ചെങ്കിലും സുരേഷിന് ആരോഗ്യപ്രശ്നങ്ങളാൽ പണിക്ക് പോകാനാകാതെ വന്നതോടെ തിരിച്ചടവ് മുടങ്ങി. 2,86,243 രൂപ തിരിച്ചടയ്ക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം 28ന് വീട് ജപ്തി ചെയ്യുമെന്നാണ് ബാങ്ക് അധികൃതർ നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് രണ്ടാമത്തെ നോട്ടീസാണെന്നും വീട്ടുകാർ പറഞ്ഞു.
പണമില്ലാത്തതിനാൽ മകളുടെ തുടർപഠനം അവസാനിപ്പിക്കേണ്ടി വന്നുവെന്നും ഇവർ പറഞ്ഞു. സുരേഷിന് വല്ലപ്പോഴും ലഭിക്കുന്ന പണിയും ഭാര്യ അംബികയുടെ തൊഴിലുറപ്പ് ജോലിയുമാണ് ഈ കുടുംബത്തിന്റെ വരുമാനം. വീടിൻമേലുള്ള വായ്പ എഴുതിത്തള്ളി ജപ്തി നടപടികളിൽനിന്ന് ഒഴിവാക്കണമെന്നാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്.
ഇവരുടെ സമീപത്തുള്ള മറ്റൊരു കുടുംബത്തിനും ഇതേ അവസ്ഥയാണ്. പ്രളയത്തിൽ ഒലിച്ചുപോയ വീടിന് പകരം ലഭിച്ച വീടിനാണ് സഹകരണ ബാങ്കിന്റെ ജപ്തി നടപടിയായിരിക്കുന്നത്. വിധവയായ പുഷ്പമംഗലത്ത് ബീന ശശിയാണ് ജപ്തി ഭീഷണി നേരിടുന്നത്. സർക്കാർ അനുവദിച്ച നാലു ലക്ഷം രൂപയ്ക്ക് വീടു പണി പൂർത്തിയാക്കാനാകാതെ വന്നതോടെ ഒന്നര ലക്ഷം രൂപ ജില്ലാ ബാങ്കിൽനിന്നു വായ്പയെടുത്തു. എന്നിട്ടും വീട് പണി പൂർത്തിയായില്ല.
രണ്ട് വീടും ഒരാൾ തന്നെയാണ് പണിതത്. പണി പൂർത്തിയായില്ലെന്നു മാത്രമല്ല, വീട് പലയിടത്തും ഇടിഞ്ഞുതാണും തുടങ്ങി. കുടുംബശ്രീയിൽനിന്നും മറ്റും വായ്പ വാങ്ങിയാണ് കുറച്ചൊക്കെ പണികൾ തീർത്തത്. ഉണ്ടായിരുന്ന സ്വർണം വിറ്റും കൂലിപ്പണിക്കുപോയും ബാങ്ക് വായ്പ പകുതിയിലധികം തിരിച്ചടച്ചെങ്കിലും പിന്നീട് അടവ് മുടങ്ങി. ഇപ്പോൾ ഒന്നരലക്ഷം രൂപകൂടി തിരിച്ചടയ്ക്കണമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. 28നകം മുഴുവൻ തുകയും തിരിച്ചടയ്ക്കാത്തപക്ഷം വീട് ജപ്തി ചെയ്യുമെന്നാണ് ബാങ്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഇവർക്കും രണ്ടാമത്തെ നോട്ടീസാണ് ലഭിച്ചിരിക്കുന്നത്. വായ്പ എഴുതിത്തള്ളി ജപ്തി ഒഴിവാക്കണമെന്നാണ് ഈ വീട്ടമ്മയും ആവശ്യപ്പെടുന്നത്.
Kerala
കല്പറ്റ: വയനാട് പുഞ്ചരിമട്ടം ഉരുള് ദുരന്ത ബാധിതര്ക്ക് കോണ്ഗ്രസ് നിര്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുന്നമ്പറ്റയില് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി നിര്വഹിക്കും.
എഐസിസി ജനറല് സെക്രട്ടറിമാരായ കെ.സി. വേണുഗോപാല് എംപി, പ്രിയങ്കാഗാന്ധി എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്എ, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്, അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര് പങ്കെടുക്കും.
ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, എംഎല്എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്, എഐസിസി അംഗം എന്.ഡി. അപ്പച്ചന്, കെപിസിസി അംഗം പി.പി. ആലി എന്നിവര് വാര്ത്താസമ്മേളനത്തില് അറിയിച്ചതാണ് വിവരം.
ഭവന പദ്ധതിയുടെ ആദ്യഘട്ടം ആറ് മാസത്തിനകം പൂര്ത്തിയാക്കും. ഓരോ ഗുണഭോക്താവിനും എട്ട് സെന്റ് സ്ഥലവും 1,100 ചതുരശ്ര അടി വിസ്തീര്ണത്തില് വീടും നല്കും. മണ്ണ്, നീരൊഴുക്ക് പരിശോധന, എന്വയണ്മെന്റല് എന്ജിനിയറിംഗ് ഉള്പ്പെടെ പൂര്ത്തിയാക്കി എല്ലാ സംവിധാനങ്ങളോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.
ദുരന്തത്തില് കെട്ടിടം നശിച്ച 40 പേര്ക്ക് അഞ്ചു ലക്ഷം രൂപ വീതംപാര്ട്ടി നല്കും. കെട്ടിടം പൂര്ണമായും ഭാഗികമായും നശിച്ചവരെ സര്ക്കാര് 19 മാസമായി പരിഗണിച്ചിരുന്നില്ല. കോണ്ഗ്രസ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനുശേഷമാണ് സര്ക്കാര് നിലപാട് തിരുത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്ഗ്രസ് സംഭാവന നല്കിയിരുന്നു. ഇതിന് പുറമേയാണ് ഭവന പദ്ധതി നടപ്പാക്കുന്നത്. സാങ്കേതികത്വത്തിന്റെയും മാനദണ്ഡങ്ങളുടെയും പേരില് സര്ക്കാര് പട്ടികയില് ഇടം ലഭിക്കാത്തവരും എസ്റ്റേറ്റ് പാടികളില് താമസിച്ചിരുന്നവരും ഭവന പദ്ധതി ഗുണഭോക്താക്കളില് ഉള്പ്പെടും. പദ്ധതിയുടെ രണ്ടാംഘട്ടത്തിനു സ്ഥലമെടുക്കുന്നതിന് നടപടികള് പുരോഗതിയിലാണ്.
ദുരന്തവിവരം അന്നുതന്നെ പാര്ലമെന്റില് ഉന്നയിച്ച രാഹുല്ഗാന്ധി തൊട്ടടുത്ത ദിവസം പ്രിയങ്ക ഗാന്ധിയോടൊപ്പം ചൂരല്മലയില് സന്ദര്ശനം നടത്തിയിരുന്നു. സര്ക്കാര് വിഭാവനം ചെയ്ത ടൗണ്ഷിപ്പിന് കര്ണാടക സര്ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് രാഹുലും പ്രിയങ്കയും ഇടപെടുകയുണ്ടായി. കോണ്ഗ്രസും മുസ്ലിംലീഗും പ്രഖ്യാപിച്ച ഭവന പദ്ധതികള്ക്ക് തുരങ്കം വയ്ക്കാന് സിപിഎം നടത്തിയ ശ്രമം ജനങ്ങള് തിരിച്ചറിഞ്ഞതായും നേതാക്കള് പറഞ്ഞു.
Kerala
തൃശൂർ: വയനാട് ദുരിത ബാധിതർക്കായി കോണ്ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് ഫെബ്രുവരി 26ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തറക്കല്ലിടും. കൽപ്പറ്റ മേപ്പാടിയിൽ 3.24 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. ഈയാഴ്ചതന്നെ 2.18 ഏക്കർ സ്ഥലംകൂടി ഏറ്റെടുക്കും.
ആകെ 5.42 ഏക്കറിൽ 1100 ചതുരശ്രയടി വിസ്തീർണമുള്ള 50 വീടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുകയെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.
യൂത്ത് കോണ്ഗ്രസ് ഒരുകോടി രൂപ നൽകി. കെപിസിസിയുടെ നേതൃത്വത്തിൽ ജനങ്ങളിൽനിന്നു പിരിച്ചതും എഐസിസി, അധ്യാപക- പെൻഷൻ സംഘടനകൾ എന്നിവർ സ്വരൂപിച്ചതുമായ പണവും നിർമാണത്തിന് ഉപയോഗിക്കുക. എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവർ പങ്കെടുക്കും.
മേപ്പാടി കുന്നന്പറ്റയിലാണ് ആദ്യഘട്ടത്തിൽ വീടു നിർമിക്കുക. ഏഴാഞ്ചിറയിൽ അഞ്ച് ഏക്കർകൂടി ഏറ്റെടുത്ത് ബാക്കി അന്പതു വീടുകളുടെ നിർമാണം ആരംഭിക്കും. എട്ടു സെന്റിൽ 25 ലക്ഷം രൂപ ചെലവിലാണു വീടുകൾ നിർമിക്കുക. ദുരിതബാധിതരായവർ, പാഡികളിൽ താമസിച്ചിരുന്നവർ, സാങ്കേതിക കാരണങ്ങളാൽ സർക്കാർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ എന്നിവരാണു ഗുണഭോക്താക്കൾ.
മണ്ണിന്റെ ഘടന, നീരൊഴുക്ക്, പാരിസ്ഥിതിക പരിശോധനകൾ പൂർത്തിയാക്കി. ഏറ്റവും മികച്ച സൗകര്യങ്ങളോടെയുള്ള വീടുകളാകും കൈമാറുക. മുണ്ടക്കൈയിലെ ദുരിതബാധിതരുടെ കച്ചവട സ്ഥലങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് 40 വ്യാപാരികൾക്ക് അഞ്ചുലക്ഷം വീതം ചടങ്ങൽ നൽകും. ഷാഫി പറമ്പില് എംപി, എ.പി. അനില് കുമാര്, ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് എന്നിവര് വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു.
Kerala
കൊച്ചി: എറണാകുളം തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നു. ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്റെ ഭിത്തിയാണ് തകർന്നത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് മേഖലയാകെ വെള്ളക്കെട്ടിലായി. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.
ഒരു കോടി 38 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് തകർന്നത്. മഴ പെയ്ത് വെള്ളം കയറി എന്നാണ് ആദ്യം പ്രദേശ വാസികൾ പറഞ്ഞത്. എന്നാല് പിന്നീടാണ് ടാങ്ക് തകര്ന്നതാണ് എന്ന മനസിലായത്.
വെള്ളം കയറിയതോടെ പ്രദേശത്തെ ചെറിയ റോഡുകളിലുൾപ്പെടെ വെള്ളം കയറിയതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിയായിട്ടുണ്ട്. ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.