ഇംഫാൽ: മണിപ്പുരിലെ കാംജോംഗ് ജില്ലയിൽ സായുധ തീവ്രവാദികൾ ഗ്രാമങ്ങൾ ആക്രമിച്ച് വീടുകൾക്കു തീയിട്ടു. പ്രദേശവാസികൾ പലായനം ചെയ്തു. ഇന്നലെ വെളുപ്പിന് നാലിന് ഇന്ത്യ-മ്യാൻമർ അതിർത്തിയിലായിരുന്നു ആക്രമണം.
നാംലീ, വാംഗ്ലീ, ചോരോ എന്നീ നാഗാ ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടത്. പ്രദേശവാസികൾ തൊട്ടടുത്ത വനത്തിലേക്കു പലായനം ചെയ്തു. ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്നതിനിടെ ഒരു വയോധികയ്ക്കു പരിക്കേറ്റു.
ആസാം റൈഫിൾസ് ഉൾപ്പെടെയുള്ള സുരക്ഷാസേന പ്രദേശത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മ്യാൻമർ കേന്ദ്രമായി പ്രവർത്തിക്കുന്ന കുക്കി നാഷണൽ ആർമി (ബർമ), പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് (പിഡിഎഫ്) എന്നീ തീവ്രവാദ സംഘടനകളാണ് ആക്രമണം നടത്തിയതെന്ന് എൽ. കീഷിംഗ് എംഎൽഎ ആരോപിച്ചു.
നാഗാ പീപ്പിൾസ് ഫ്രണ്ട് എംഎൽഎയാണ് കീഷിംഗ്. മേഖലയിൽ മണിപ്പുർ പോലീസിന്റെ സാന്നിധ്യമില്ലായിരുന്നുവെന്നും ഗ്രാമീണരെ സംരക്ഷിക്കുന്നതിൽ ആസാം റൈഫിൾസ് പരാജയപ്പെട്ടുവെന്നും എംഎൽഎ കുറ്റപ്പെടുത്തി.