Kerala
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കണ്ണൂർ കളക്ടർ ഉൾപ്പെടെ ആറ് കളക്ടർമാരെ മാറ്റി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇറങ്ങി. വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയാണ് സ്ഥാനംമാറ്റിക്കൊണ്ടുള്ള ഉത്തരവുകൾ വന്നിരിക്കുന്നത്.
ജിഎസ്ടി കമ്മീഷണറായിരുന്ന പാട്ടീൽ അജിത് ഭഗവത് റാവുവിന് ധനവകുപ്പ് സെക്രട്ടറിയായാണ് മാറ്റം. പകരം പി.ബി. നൂഹ് ജിഎസ്ടി കമ്മീഷണറായി. ആലപ്പുഴ കളക്ടറായിരുന്ന കെ. ഇമ്പശേഖറിനെ വാട്ടർ അതോറിറ്റി എംഡിയായി നിയമിച്ചു.
കണ്ണൂർ കളക്ടറായ അരുൺ കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായും സ്നേഹിൽ കുമാർ സിംഗിനെ എൻട്രൻസ് കമ്മീഷണറായും നിയമിച്ചു.
പത്തനംതിട്ട കളക്ടറായ പ്രേം കൃഷ്ണനെ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. പാലക്കാട് കളക്ടറായിരുന്നു എം.എസ്. മാധവിക്കുട്ടിയെ കോഴിക്കോട് കളക്ടറായാണ് മാറ്റിയിരിക്കുന്നത്. എ. നിസാമുദ്ദീൻ പത്തനംതിട്ടയുടെ പുതിയ കളക്ടറാകും.
Kerala
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രശാന്ത് നായർക്കെതിരെ വീണ്ടും അച്ചടക്ക നടപടിയുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സസ്പെൻഷനിൽ തുടരുന്ന പ്രശാന്തിനെതിരെ ഇത് എട്ടാം തവണയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിനാണ് ചീഫ് സെക്രട്ടറി ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.
അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പരസ്യപ്രതികരണം നടത്തി, സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെക്കുറിച്ച് മുൻകൂട്ടി അനുവാദം വാങ്ങാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. നിലവിൽ സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനെതിരെ തുടർച്ചയായി ഉണ്ടാകുന്ന അച്ചടക്ക നടപടികൾ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോകിനെതിരെയും സമാനമായ പ്രശ്നങ്ങൾ ഉന്നയിച്ച് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ഓൺലൈൻ അഭിമുഖങ്ങളും ഇന്റ്ർനെറ്റിൽ ഇതിനോടകം വൈറലാണ്. നേരത്തെയും സോഷ്യൽ മീഡിയ ഇടപെടലുകളുടെയും മറ്റ് ഔദ്യോഗിക വീഴ്ചകളുടെയും പേരിൽ പ്രശാന്ത് നായർക്കെതിരെ അന്വേഷണങ്ങളും നടപടികളും ഉണ്ടായിരുന്നു.
Leader Page
“When you want something, all the universe conspires in helping you to achieve it.” പൗലോ കൊയ്ലോയുടെ ‘ആൽക്കെമിസ്റ്റ്’ എന്ന പുസ്തകത്തിലെ പ്രസിദ്ധമായ വാക്യമാണിത്.
രണ്ട് ആഴ്ചകൾക്കു മുമ്പു വന്ന ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ആകാംക്ഷ് ദുൽ എന്ന ചെറുപ്പക്കാരനും ഇത്തരമൊരു തിരുമാനത്തിന്റെ ഉടമയാണ്. കഴിഞ്ഞ നാലുവർഷമായി ഞാൻ എന്റെ കഴിവനുസരിച്ചു യുപിഎസ്സി പരീക്ഷയ്ക്കു ആകാംക്ഷിനെ പഠിപ്പിക്കുകയായിരുന്നു. അദ്ദേഹം ഇത്തവണ മൂന്നാം റാങ്ക് നേടിയത് എന്നെ അദ്ഭുതപ്പെടുത്തുന്നില്ല. കാരണം അത്രയും ചിട്ടയോടെയും നേടുമെന്ന ഉറച്ച വിശ്വാസത്തോടെയുമുള്ള പഠനരീതിയായിരുന്നു അത്.
ആകാംക്ഷ് ദുൽ ആ മൂന്നാം റാങ്കിൽ എങ്ങനെ എത്തിയെന്ന് നമ്മൾ ആലോചിക്കണം. അതിന് ആറു കാരണങ്ങൾ ഉണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്.
‘താൻ യുപിഎസ്സി പരീക്ഷ വിജയിച്ചേ അടങ്ങൂ, ഐഎഎസ് പദവി നേടിയിരിക്കും’ - നാലുവർഷംമുമ്പ് ആദ്യതവണ പരീക്ഷ എഴുതുമ്പോഴേയുള്ള ആകാംക്ഷിന്റെ ഉറച്ച തീരുമാനമായിരുന്നു അത്. അതുതന്നെയാണ് ആ വിജയത്തിളക്കത്തിന്റെ ആദ്യ കാരണം! താൻ വിജയിക്കും എന്ന ഉറച്ച വിശ്വാസമുണ്ടാക്കിയെടുക്കുന്ന ആർക്കും എവിടെയും ഒന്നാമതെത്താനാവും. ആകാംക്ഷിന്റെ വിജയത്തിനു പിന്നിൽ ആ ഉറച്ച തീരുമാനമുണ്ടായിരുന്നു എന്നുകാണാം. ‘യുപിഎസ്സി സർവീസ് കൊണ്ടല്ലാതെ താൻ തൃപ്തിപ്പെടില്ല’ എന്ന ചിന്തയോടെ പഠനം തുടങ്ങിയെന്നതാണ് മറ്റൊരു കാര്യം. അതൊരു അസന്നിഗ്ദ്ധമായ തീരുമാനം ആയിരുന്നിരിക്കണം. മറ്റേതെങ്കിലുമൊക്കെ പരീക്ഷയെഴുതാൻ ശ്രമിച്ചാൽ യുപിഎസ്സി തയാറെടുപ്പിനു സമയം കുറയുമെന്നദ്ദേഹം മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് ഈ നാലുവർഷവും യുപിഎസ്സിക്കുവേണ്ടി മാത്രം പഠിച്ചത്. സിവിൽ സർവീസ് നേടാൻ ആഗ്രഹിക്കുന്നവർക്കൊക്കെ ഇതൊരു പാഠമാണ്.
ആദ്യതവണ എഴുത്തുപരീക്ഷ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും തീരുമാനം ഉറച്ചതായതിനാൽ പിന്മാറാൻ അദ്ദേഹം തയാറല്ലായിരുന്നു. രണ്ടാമത്തെ തവണ 296 ാമത്തെ റാങ്ക് നേടുകയും ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസിൽ പ്രവേശിക്കുകയും ചെയ്തു. പക്ഷെ അവിടം കൊണ്ടു തൃപ്തിപ്പെടാൻ കൂട്ടാക്കിയില്ല. മൂന്നാം തവണയും പരീക്ഷ എഴുതി. എന്നാൽ നല്ല മാർക്കുണ്ടായിരുന്നെങ്കിലും ഇന്റർവ്യൂവിലെ പിഴവുകൊണ്ട് റാങ്കു മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. കഠിനപരിശ്രമത്തോടെ നാലാം തവണ എഴുതുമ്പോൾ 3ാം റാങ്കിൽ എത്തുകയുണ്ടായി. ആദ്യതവണയും രണ്ടാം തവണയുമൊക്കെ പരാജയപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തിൽ മുന്നോട്ടു പോവുകയും വിജയിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹം ചെയ്തത്. അതായിരുന്നു വേറൊരു സവിശേഷത.
സാധാരണ ഗതിയിൽ ഇത്തരം പരീക്ഷയെഴുതി അക്കൗണ്ട് ആൻഡ് ഓഡിറ്റ് സർവീസ് പോലെയുള്ള ജോലിയിൽ പ്രവേശിച്ചാൽ അതൊരു സുരക്ഷിത മേഖലയായി കണ്ട് അവിടെ തുടരുകയാണ് പലരുടെയും പതിവ്. ഇനിയും എന്തിനു വെറുതേ ബുദ്ധിമുട്ടണം എന്ന ചിന്തയും ഉണ്ടാവും. മാത്രമല്ല ശമ്പളവും ഏറെക്കുറെ തുല്യമായിരിക്കും. എന്നാൽ ആകാംക്ഷ് അങ്ങനെയല്ല ചിന്തിച്ചത്. തനിക്കു ജോലിയേ കിട്ടിയിട്ടില്ല എന്നു കരുതി തുടർന്നു പഠിച്ചതിനാൽ മികച്ച പ്രകടനം നടത്താനും ആഗ്രഹിച്ചതു നേടാനും കഴിഞ്ഞു.
ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയുമൊക്കെ വിജയിച്ച പലരും യുപിഎസ്സിയിൽ തങ്ങളുടെ വിഷയം മാറ്റുന്നത് സർവസാധാരണമാണ്. എന്നാൽ കോമേഴ്സ് ഡിഗ്രി വിദ്യാർത്ഥിയായ ആകാംക്ഷ് യുപിഎസ്സിയിലും അതുതന്നെ തെരഞ്ഞെടുത്തുവെന്നതാണ് വിജയത്തിനു പിന്നിലെ വേറൊരു കാര്യം. പ്ലസ്ടുവിനും ഡിഗ്രിക്കും പിജിയ്ക്കുമൊക്കെ പഠിക്കുന്ന വിഷയം തന്നെ യുപിഎസ്സിക്കും തെരഞ്ഞെടുത്താൽ നിശ്ചയമായും അതിന്റെ ഗുണം കിട്ടുമെന്നുതന്നെയാണ് എന്റെയും അഭിപ്രായം. കാരണം നമ്മൾ പഠിച്ച വിഷയവും യുപിഎസ്സിയിൽ നമ്മൾ തെരഞ്ഞെടുക്കുന്ന വിഷയവും തമ്മിലൊരു ചേർച്ചയുണ്ടായിക്കുകയും അതു നമുക്കു മികച്ച മാർക്കുനേടിത്തരാൻ സഹായിക്കുകയും ചെയ്യും. മാത്രമല്ല, പൊതുവിജ്ഞാനത്തിലും ഇന്റർവ്യൂവിലും ധാരാളം ചോദ്യങ്ങൾ കോമേഴ്സ് സബ്ജക്ടിലായിരുന്നു. ആ ചോദ്യങ്ങളുടെ മറുപടി വളരെ എളുപ്പത്തിൽ നല്കാൻ ആകാംക്ഷിനു സാധിച്ചു.
സ്വയം വിശകലനം ചെയ്തു വിലയിരുത്താനായി എന്നത് ആ വിജയത്തിലെ പ്രധാനപ്പെട്ട മറ്റൊരു കാര്യമായി കാണാം. നാലുതവണ പരീക്ഷയെഴുതിയപ്പോഴും ഒരോ തവണയും എഴുത്തുപരീക്ഷയിൽ അദ്ദേഹം നില മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നുകാണാം. എന്തുകൊണ്ട് തനിക്ക് എഴുത്തുപരീക്ഷയിൽ മാർക്കു കുറഞ്ഞു എന്നു വിലയിരുത്തി അതെങ്ങനെ മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം ആലോചിച്ചു. മുൻ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ വലിയ ജാഗ്രതയാണ് പുലർത്തിയത്. ഉന്നത വിജയത്തിന് അതു നിർബന്ധമാണുതാനും. യുപിഎസ്സിയിൽഎഴുത്തുപരീക്ഷയും ഇന്റർവ്യൂവും ഒരുപോലെ പരമപ്രധാനമാണ്.
ആയിരക്കണക്കിനു മോക്ക് ഇന്റർവ്യൂകളിൽ പങ്കെടക്കുകയെന്ന തീരുമാനം പരമപ്രധാനമായ ഒരു കാരണമായി ഞാൻ വിലയിരുത്തുന്നു. ‘ലക്ഷ്യം നേടുന്നതിനേക്കാൾ വലിയ തടസം പരാജയപ്പെടുമോ എന്ന ഭയമാണ്. ആ ഭയത്തെ കീഴടക്കുന്നവനാണ് യഥാർഥ ആൽക്കെമിസ്റ്റ്’ എന്ന് പൗലോ കൊയ്ലോ പറഞ്ഞത് ഓർക്കുക.
അതുകൊണ്ട് എത്രത്തോളം മോക് ഇന്റർവ്യൂവിൽ പങ്കെടുക്കാമോ അത്രയും പങ്കെടുക്കുക. അത് ഭയം മാറ്റാനും അടുത്ത തവണത്തേയ്ക്ക് കൂടുതൽ കരുത്തു പകരാനും ഭാഷാപ്രാവീണ്യം നേടാനും ഉപകരിക്കും. ഓരോ തവണയും കിട്ടുന്ന മാർക്കു വിവരങ്ങൾ ഗൂഗിളിൽ സെർച്ചു ചെയ്താൽ ആർക്കും കാണാവുന്നതാണ്.
സിവിൽ സർവീസ് നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ആകാംക്ഷ് ദുല്ലിനെപ്പോലെ കഠിനമായ പരിശ്രമവും മനഃസാന്നിധ്യവുമുള്ള ആർക്കും ആദ്യത്തെ പത്തു റാങ്കുകൾക്കുള്ളിൽ എത്താൻ കഴിയും എന്നുറപ്പാണ്.
Education
തിരുവനന്തപുരം: ഗ്രാമനികേതൻ - കെയർ, എൻഎസ്എസ് സ്റ്റേറ്റ് സെൽ എന്നിവ സംയുക്തമായി നടത്തുന്ന സൗജന്യ ഐഎഎസ് പരിശീലനത്തിനുള്ള സർവോദയ സ്കോളർഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി കഴിഞ്ഞവർക്കും ഡിഗ്രി അവസാന വർഷം വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഈ മാസം 29 ന് ഓണ്ലൈൻ ആയാണ് സ്കോളർഷിപ്പ് പരീക്ഷ. വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.. കൂടുതൽ വിവരങ്ങൾക്ക് 9895269700.
Kerala
നേമം: കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് പരീക്ഷയിൽ 57–ാം റാങ്ക് നേടിയ സന്തോഷത്തിലാണ് നരുവാമൂട് വെള്ളാപ്പള്ളി രോഹിണി ഭവനിൽ എം.ജയകുമാറിന്റെയും കെ. ഷീജ കുമാരിയുടെയും മകൾ ജെ.എസ്. ശ്രീജ (24).
മികച്ച റാങ്ക് കിട്ടുമെന്ന് ഏല്ലാവരും പറഞ്ഞെങ്കിലും റിസൾട്ട് അറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. പണി തീരാത്ത വീട്ടിലാണ് താമസം. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. ഡിഗ്രി, പിജി ക്ലാസുകളിൽ പൊളിറ്റിക്കൽ സയൻസ് ഐച്ഛിക വിഷയമായെടുത്ത് പഠിച്ച ശ്രീജ ആദ്യതവണ തന്നെ സിവിൽ സർവീസ് പരീക്ഷ പാസായിരിക്കുകയാണ്.
ഐഎഫ്എസ് തെരഞ്ഞെ ടുക്കാനാണ് താത്പര്യം. ഒരു വർഷം തുടർച്ചയായി നടത്തിയ പരിശ്രമമാണ് മികച്ച റാങ്കിലെത്തിച്ചത്. പത്രവായന മികച്ച നേട്ടം കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യമൊക്കെ ഒരു പത്രമാണ് വായിച്ചിരുന്നത്. പരിശീലനം ആരംഭിച്ചതോടെ രണ്ടു പത്രങ്ങൾ വായിക്കുന്നത് പതിവായി.
ഏഴാം ക്ലാസ് മുതൽ സിവിൽ സർവീസിനോട് ഇഷ്ടം തുടങ്ങിയതാണ്. അച്ഛനും അമ്മയും പകർന്നു തന്ന ഊർജവും കരുതലുമാണ് വിജയത്തിന് കാരണമെന്ന് ശ്രീജ പറയുന്നു.
National
ന്യൂഡൽഹി: യുപിഎസ്സി 2025ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. മലയാളിയായ എസ്. ശ്രുതി 18-ാം റാങ്ക് സ്വന്തമാക്കി.
തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെ.എസ്. ശ്രീജ 57-ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്. രാജ് 109-ാം റാങ്കും നേടി.
കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും. ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം.
Kerala
കൊച്ചി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ ഇടപെട്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സിഎടി). ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014 ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇത് സർക്കാരിന് വലിയ തിരിച്ചടിയായി
ബി. അശോക് കുമാറിനെ മാറ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ കോടതി റദ്ദാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി.
നിലവിൽ എക്സൈസ് കമ്മീഷണറായ എം.ആർ. അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തികയാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.
ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടിവരും. കില (KILA), ഐഎംജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐഎഎസ് കേഡർ തസ്തികകളാണെന്നും സിഎടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിലെ കൽബുർഗിയിലുണ്ടായ വാഹനാപകടത്തിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ മരിച്ചു. കർണാടക സ്റ്റേറ്റ് മിനറൽസ് കോർപറേഷൻ എംഡി മഹാന്തേഷ് ബിലാഗിയും സഹോദനും അവരുടെ ബന്ധുവും ആണ് മരിച്ചത്.
കലബുർഗി ജില്ലയിലെ ജിവാർഗി താലുക്കിലുള്ള ഗൗനാലിയിലാണ് അപകടമുണ്ടായത്. മഹാന്തേഷും ബന്ധുക്കളും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ തലകീഴായി മറിയുകയായിരുന്നു. നായ കുറുകെ ചാടിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
രാംദുർഗിൽ നിന്ന് കൽബുർഗിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ഒരു കല്ല്യാണത്തിന് പോകുകയായിരുന്നു ബിലാഗിയും ബന്ധുകളും.