നേമം: കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് പരീക്ഷയിൽ 57–ാം റാങ്ക് നേടിയ സന്തോഷത്തിലാണ് നരുവാമൂട് വെള്ളാപ്പള്ളി രോഹിണി ഭവനിൽ എം.ജയകുമാറിന്റെയും കെ. ഷീജ കുമാരിയുടെയും മകൾ ജെ.എസ്. ശ്രീജ (24).
മികച്ച റാങ്ക് കിട്ടുമെന്ന് ഏല്ലാവരും പറഞ്ഞെങ്കിലും റിസൾട്ട് അറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. പണി തീരാത്ത വീട്ടിലാണ് താമസം. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. ഡിഗ്രി, പിജി ക്ലാസുകളിൽ പൊളിറ്റിക്കൽ സയൻസ് ഐച്ഛിക വിഷയമായെടുത്ത് പഠിച്ച ശ്രീജ ആദ്യതവണ തന്നെ സിവിൽ സർവീസ് പരീക്ഷ പാസായിരിക്കുകയാണ്.
ഐഎഫ്എസ് തെരഞ്ഞെ ടുക്കാനാണ് താത്പര്യം. ഒരു വർഷം തുടർച്ചയായി നടത്തിയ പരിശ്രമമാണ് മികച്ച റാങ്കിലെത്തിച്ചത്. പത്രവായന മികച്ച നേട്ടം കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യമൊക്കെ ഒരു പത്രമാണ് വായിച്ചിരുന്നത്. പരിശീലനം ആരംഭിച്ചതോടെ രണ്ടു പത്രങ്ങൾ വായിക്കുന്നത് പതിവായി.
ഏഴാം ക്ലാസ് മുതൽ സിവിൽ സർവീസിനോട് ഇഷ്ടം തുടങ്ങിയതാണ്. അച്ഛനും അമ്മയും പകർന്നു തന്ന ഊർജവും കരുതലുമാണ് വിജയത്തിന് കാരണമെന്ന് ശ്രീജ പറയുന്നു.

ഷൈബിന് ജോസഫ്
നീലേശ്വരം: ഇന്ത്യന്‍ റെയില്‍വേ സര്‍വീസില്‍ ട്രെയിനിംഗിനായി ജമ്മുവിലെത്തിയപ്പോഴാണു നീലേശ്വരം പള്ളിക്കര സ്വദേശി കാജല്‍ രാജു താന്‍ ജീവിതത്തില്‍ കേള്‍ക്കാന്‍ ഏറ്റവുമധികം കൊതിച്ച ആ സന്തോഷവാര്‍ത്ത അറിയുന്നത്. വൈകല്യത്തെയും മറ്റു പ്രതികൂല സാഹചര്യങ്ങളെയുമെല്ലാം മറികടന്ന് നാലാമൂഴത്തില് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 167-ാം റാങ്കോടെ ഐഎഎസ് എന്ന സ്വപ്നനേട്ടം കൈവരിച്ചിരിക്കുകയാണ് ഈ ഇരുപത്തിയേഴുകാരി. ഓഗസ്റ്റില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കി സര്‍വീസില്‍ കയറാനിരിക്കേയാണു സന്തോഷവാര്ത്തയെത്തുന്നത്.
കാജലിന് ജന്മനാ വലതുകൈപ്പത്തിയില്ല. എന്നാല്‍ അതൊരിക്കലും ഒരു കുറവായി അവള് കണ്ടില്ല. സ്കൂളില്‍ പഠനകാലം തൊട്ടേയുള്ള സ്വപ്നമായിരുന്നു ഐഎഎസ്. 2022ല്‍ ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയപ്പോള്‍ ലഭിച്ചത് 910-ാം റാങ്കായിരുന്നു ലഭിച്ചത്. അന്ന് ഇന്ത്യന്‍ റെയില്‍വേ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ അതുകൊണ്ട് തൃപ്തിപ്പെടാന്‍ കാജല്‍ തയാറായിരുന്നില്ല. 2023ല്‍ പരീക്ഷയെഴുതിയപ്പോള്‍ 956-ാം റാങ്കിലേക്ക് താഴ്ന്നു. 2024ല്‍ പ്രിലിമിനറി പരീക്ഷയില്‍ തന്നെ പരാജയം രുചിച്ചു. എന്നിട്ടും തോറ്റുകൊടുക്കാന്‍ കാജല്‍ തയാറായിരുന്നില്ല. ഇത്തവണ ഉജ്വലവിജയത്തോടെ സ്വപ്നനേട്ടം കൈവരിച്ചു.
ഇസ്രയേൽ-പലസ്തീന് സംഘര്‍ഷം, ഇന്ത്യന്‍ റെയില്‍വേ, ഇന്ത്യയിലെ ഗവേഷണ രംഗത്തെ പോരായ്മകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഇന്റര്വ്യുവിലുണ്ടായിരുന്നതെന്ന് കാജല്‍ പറഞ്ഞു.
മുന്‍ പ്രവാസിയും കൃഷിക്കാരനുമായ പി. രാജുവിന്റെയും ഡിവൈന്‍ പ്രോവിഡന്‍സ് സ്കൂള്‍ അധ്യാപിക ഷീബയുടെയും മകളാണ്.

കോഴിക്കോട്: പ്രതിബന്ധങ്ങളെ മനോധൈര്യംകൊണ്ട് മറികടന്ന് സിവിൽ സർവീസ് പരീക്ഷയിൽ ഉജ്വല വിജയം കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായിരിക്കുകയാണ് അജയ് ആർ. രാജ്.
ജന്മനാ കാഴ്ചപരിമിതിയുള്ള അജയ് അഖിലേന്ത്യാ തലത്തിൽ 109-ാം റാങ്ക് നേടിയാണ് ഈ നേട്ടം കൈവരിച്ചത്. കഠിനാധ്വാനത്തിന്റെയും അചഞ്ചലമായ ലക്ഷ്യബോധത്തിന്റെയും കഥയാണു കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയായ ഈ യുവാവിന് പറയാനുള്ളത്.
തന്റെ അഞ്ചാമത്തെ ശ്രമത്തിലാണ് അജയ് സിവിൽ സർവീസ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. കഴിഞ്ഞ തവണ 730-ാം റാങ്ക് ലഭിച്ചിരുന്നെങ്കിലും റാങ്ക് മെച്ചപ്പെടുത്തണമെന്ന ഉറച്ച തീരുമാനമാണ് ഇത്തവണ വിജയം കണ്ടത്.
തിരുവനന്തപുരത്തെ ലീഡ് ഐഎഎസ് അക്കാദമിയിൽനിന്നുള്ള പരിശീലനവും അക്കാദമി നൽകിയ ഷെഡ്യൂളുകളും തന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചതായി അജയ് പറഞ്ഞു. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.

തിരുവനന്തപുരം: ചക്രകസേരയിൽ ഒതുങ്ങേണ്ടതല്ല ജീവിതം എന്ന് തെളിയിച്ച ഡോ. ആതിര സുഗതന് ഐഎഎസ്.
ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സമൂഹത്തിന്റ് നേതൃ സ്ഥാനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനും അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി സ്ഥാപകനുമായ ഡോ. ജോബിൻ എസ്. കൊട്ടാരം ആരംഭിച്ച ‘പ്രോജക്റ്റ് ചിത്രശലഭം’ എന്ന സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയിലൂടെയാണ് വിധിയെ തോൽപ്പിച്ച് 483-ാം റാങ്ക് നേടി കോഴിക്കോട് സ്വദേശിനി ഡോ. ആതിര സിവിൽ സർവീസ് സ്വന്തമാക്കിയിരിക്കുന്നത്.
ഒരു റോഡ് അപകടത്തെത്തുടർന്നു ഓർമ ഇല്ലാതെ അരയ്ക്ക് കീഴ്പോട്ട് ചലനശേഷി നഷ്ടപ്പെട്ടു വീൽചെയറിൽ ആയ അവസ്ഥയിൽനിന്നും തന്റെ മെന്റർക്കൊപ്പം ഐഎഎസ് എന്ന സ്വപ്നം കണ്ട ഡോ. ആതിര ഇന്നത്തെ യുവത്വത്തിന് ഒരു പ്രചോദനമാണ്.

കൊല്ലം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 68-ാം റാങ്ക് സ്വന്തമാക്കി ആശ്രാമം സ്വദേശി എച്ച്. ആദിത്യനാരായൺ (28). നാലാം ശ്രമത്തിലാണ് ആദിത്യ തന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിച്ചത്. നാഗ്പുരിൽ ഐആർഎസ് പരിശീലനത്തിനിടയിലാണ് നാലാം തവണ പരീക്ഷ എഴുതിയത്.
സോഷ്യോളജിയായിരുന്നു ഐച്ഛിക വിഷയം. തിരുവനന്തപുരം സിഇടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയാണ്. ടെസ്റ്റ് സീരീസുകൾക്ക് മാത്രമാണ് സ്വകാര്യ പരിശീലന കേന്ദ്രങ്ങളെ ആശ്രയിച്ചിരുന്നത്.
കൊല്ലം ആശ്രാമം ഗാന്ധിനഗർ 82ൽ നാരായണീയത്തിൽ ബിസിനസുകാരനായ ഹരികൃഷ്ണന്റെയും സജിതയുടെയും മകനാണ്.

കോട്ടയം: സിവില്‍ സര്‍വീസ് നാലാം പരിശ്രമത്തില്‍ 166-ാം റാങ്കിന്റെ തിളക്കത്തിലാണ് എസ്. ദിവ്യ. തിരുവാര്‍പ്പ് സ്വദേശിയായ സുരേന്ദ്ര ബാബുവിന്റെയും തിരുവാര്‍പ്പ് പഞ്ചായത്തിലെ സിഡിഎസ് വൈസ് ചെയര്പേഴ്സന് വി.പി. പ്രസന്നയുടെയും ഇളയ മകളാണ്.
ആര്‍ഐടി കോളജില്‍നിന്ന് ബിടെക് പഠനശേഷം 2021 മുതല്‍ തിരുവനന്തപുരത്തെ അക്കാദമിയില്‍ പരിശീലനം നടത്തുകയായിരുന്നു.
ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ് സിവില്‍ സര്‍വീസ്. ഓരോ തവണ പരാജയപ്പെടുമ്പോഴും വിജയിക്കണമെന്ന വാശിയോടെ പരിശ്രമിച്ചെന്നും ദിവ്യ പറയുന്നു.

നേമം: പ്രാവച്ചമ്പലം പ്ലാവൂർക്കോണം അൻഷികയിൽ കരസേനയിൽ നിന്ന് ഓണററി ക്യാപ്റ്റനായി റിട്ടയർ ചെയ്ത കെ. അനിൽകുമാറിന്റെയും ഷീലയുടെയും ഏക മകളാണ് എ.എസ്. അനുഷ (26).
മൂന്നാമത്തെ ശ്രമത്തിലാണ് അനുഷ സ്വപ്നസാഫല്യം എത്തിപ്പിടിച്ചത്. പിതാവ് മിലിട്ടറി ഉദ്യോഗസ്ഥനായതിനാൽ ജമ്മു കാശ്മീർ, ഹൈദരാബാദ്, ഹരിയാനയിലെ അംബാല, സെക്കന്ദരാബാദ് തുടങ്ങി രാജ്യത്തെമ്പാടുമുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലാണ് അനുഷയുടെ പ്രാഥമിക വിദ്യാഭ്യാസം നടന്നത്.

തൃശൂർ: സിവിൽ സർവീസ് പരീക്ഷയിലെ വിജയം അച്ഛനു സമർപ്പിക്കുന്നെന്നു 133-ാം റാങ്ക് നേടിയ തൃശൂർ ചേറ്റുപുഴ വട്ടപ്പിള്ളി വീട്ടിൽ ഡോ. വി.സി. ശ്രീലക്ഷ്മി.
പൊതുമരാമത്തുവകുപ്പിൽനിന്ന് ഓവർസീയറായി വിരമിച്ച പിതാവ് ചന്ദ്രൻ കോവിഡിനെതുടർന്നാണ് മരിച്ചത്. മകളെ സിവിൽ സർവീസുകാരിയാക്കണമെന്ന അച്ഛന്റെ ആഗ്രഹമാണ് റാങ്ക് നേട്ടത്തിലൂടെ ശ്രീലക്ഷ്മി സഫലീകരിച്ചത്.
തൃശൂരിലെ അശ്വനി ആശുപത്രിയിൽ ആർഎംഒയായി ജോലി ചെയ്യുന്നതിനിടെയാണ് ഈ റാങ്ക് നേട്ടം.

ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം പഞ്ചായത്തിലെ വേട്ടേക്കര സ്വദേശിനിക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) സിവിൽ സർവീസ് പരീക്ഷയിൽ മിന്നുംജയം. വേട്ടേക്കര അനുഗ്രഹ നിവാസിൽ അഞ്ജന (27)യാണ് 222-ാം റാങ്കോടെ തിളക്കമാർന്ന ജയം സ്വന്തമാക്കിയത്.
സംസ്ഥാനത്തു 44 പേർ യോഗ്യത നേടിയതിൽ പതിനാലാംസ്ഥാനക്കാരിയാണ് അഞ്ജന. കടമ്പഴിപ്പുറം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ ബാലകൃഷ്ണന്റെയും കോങ്ങാട് കെപിആർപി സ്കൂൾ അധ്യാപിക രമയുടെയും രണ്ടാമത്തെ മകളായ അഞ്ജനയ്ക്കു നാലാമത്തെ ശ്രമത്തിലാണ് യോഗ്യത നേടാനായത്.

പേരൂര്‍ക്കട: കഠിനപരിശ്രമം വിജയത്തിലേക്കു വഴിമാറിയപ്പോള്‍ പാര്‍വ്വതിയുടെ മുഖത്ത് അമിതാഹ്ലാദവും ആത്മവിശ്വാസവും. സിവില്‍സര്‍വീസ് പരീക്ഷയില്‍ 218-ാം റാങ്ക് നേടിയാണ് പാര്‍വ്വതി വിജയതിലകം അണിഞ്ഞിരിക്കുന്നത്.
കുടപ്പനക്കുന്ന് എന്‍സിസി റോഡ് ശ്രീനഗര്‍ ഹൗസ് നമ്പര്‍ 10-ബി കണിവിളാകം വീട്ടില്‍ സുരേഷ്-ലേഖ ദമ്പതികളുടെ ഏക മകളാണ് പാര്‍വതി. താന്‍ താങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍ ഉന്നതവിജയം ഉണ്ടാകുമെന്നുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും പാര്‍വതി പ്രതികരിച്ചു.

പാലാ: പ്രവിത്താനം കദളിയില്‍ സ്മിത സാബു ഇപ്രാവശ്യത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 239-ാം റാങ്ക് തിളക്കത്തില്‍. റിട്ട. അധ്യാപക ദമ്പതികളായ പ്രവിത്താനം കദളിയില്‍ സാബുവിന്റെയും ചന്ദ്രന്‍കുന്നേല്‍ വല്‍സമ്മ അഗസ്റ്റിന്റെയും മകളാണ്. സ്ഥിരോത്സാഹത്തോടെയുള്ള പഠനവും കഠിനാധ്വാനവുമാണ് തന്റെ വിജയത്തിന് പിന്നിലുള്ളതെന്ന് സ്മിത ദീപികയോട് പറഞ്ഞു.
ദിവസവും എട്ടു മുതല്‍ പത്തു മണിക്കൂര്‍ വരെ പഠിക്കും. കൃത്യമായ ടൈംടേബിള്‍ തയാറാക്കി ടാര്‍ജറ്റ് സെറ്റ് ചെയ്ത് ദിവസേനയും ആഴ്ചയിലും മാസത്തിലും പഠിച്ചുതീര്‍ക്കേണ്ടത് പൂര്‍ത്തിയാക്കിയിരുന്നു. പത്രവായന ഗൗരവമായി തന്നെ കണ്ടു. ഓണ്‍ലൈനായി പല ഇൻസ്റ്റിറ്റ്യൂട്ടിലും പരിശീലനം നേടിയിട്ടുണ്ട്.
രണ്ടു വര്‍ഷമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു വേണ്ടി ഉത്സാഹിച്ചിരുന്നതായി ഇക്കണോമിക്സില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള സ്മിത പറഞ്ഞു.

ചമ്പക്കുളം: 2025ലെ സിവിൽ സർവീസ് പരീക്ഷയിൽ 289-ാം റാങ്ക് നേടി ചമ്പക്കുളം സ്വദേശി ഡോ. അലൻ സിബി നാടിന് അഭിമാനമായി. ചമ്പക്കുളം അമിച്ചകരി, വടക്കേടം അൻപതിൽച്ചിറ വീട്ടിൽ റിട്ട. എയർ ഫോഴ്സ് ഓണററി ഫ്ലൈയിംഗ് ഓഫീസർ സിബി ജോസഫിന്റെയും മെർലി മോളുടെയും മകനായ അലന്റെ രണ്ടാം ശ്രമത്തിലാണ് മികച്ച റാങ്ക് നേടിയത്.
ആദ്യശ്രമത്തിൽ ഐപി ആൻഡ് ടിഎഎഫ്എസ് നേടിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ചമ്പക്കുളം ബിഷപ് കുര്യാളശേരി പബ്ലിക് സ്കൂളിലായിരുന്നു. തുടർന്ന് താമ്പരം കേന്ദ്രീയ വിദ്യാലയത്തിൽ പത്താം ക്ലാസ് വരെ പഠനം.
കാഞ്ഞിരപ്പള്ളി ആനക്കൽ സെന്റ് ആന്റണീസ് സ്കൂളിൽ പ്ലസ്ടു പഠനത്തിനു ശേഷം ചണ്ഡിഗഡ് ഗവ. മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് നേടിയതിനു ശേഷമാണ് സിവിൽ സർവീസ് പരീക്ഷ ലക്ഷ്യമാക്കിയത്.
ഷാലു ജോസഫ്
രാമങ്കരി: സിവിൽ സർവീസ് പരീക്ഷയിൽ 805-ാം റാങ്ക് നേടി കാവാലം കുന്നുമ്മ കിഴക്ക് മൂലയിൽ ഷാലു ജോസഫ് കുട്ടനാടിന്റെ അഭിമാനമായി.
കാവാലം കുന്നുമ്മ കിഴക്ക് മൂലയിൽ റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ ജോസഫ് ജോസഫിന്റെയും റോസമ്മ ജോസഫിന്റെയും ഇളയ മകളായ ഷാലു, കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം പുളിങ്കുന്ന് സെന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ പ്ലസ് ടുവിനു ചേർന്നു. പാലാ അൻഫോൻസാ കോളജിൽനിന്ന് യുജി അഞ്ചാം റാങ്കും, ബാംഗ്ലൂർ ്രെകെസ്റ്റ് കോളജിൽനിന്ന് പിജി ഒന്നാം റാങ്കോടെയും പാസായി. മൂന്നാം ശ്രമത്തിലാണ് ഷാലു ഐഎഎസ് സ്വന്തമാക്കുന്നത്. സഹോദരൻ ഷാലിൻ.
Tags : Kerala shines IAS