National
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെയോടെ പ്രഖ്യാപിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ആശയവിനിമയത്തിനായി കെപിസിസി മുൻ അധ്യക്ഷന്മാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും ഡൽഹിക്കു വിളിപ്പിച്ചു.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ഡൽഹിയിൽ ഇന്നു മുതിർന്ന നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ ചർച്ച. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയിൽ ചേരുന്ന സാഹചര്യത്തിൽ പകരം നേതാവിനെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളും ഡൽഹിയിൽ ചർച്ചയായേക്കും.
മന്ത്രിസഭയിലെ പ്രാതിനിധ്യവും വി.ഡി. സതീശന് അനുകൂലമായി കേരളത്തിലുണ്ടായ പൊതുവികാരവും മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയുടെ സാധ്യതകളുമെല്ലാം കണക്കിലെടുത്തുള്ള സമവായവും യുഡിഎഫ് ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കുന്നതും പുതിയ മന്ത്രിസഭയ്ക്ക് അനുകൂലമായ സാഹചര്യം വളർത്തിയെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഇന്നത്തെ ചർച്ചകളിൽ ഉയർന്നേക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും നേരിട്ടുതന്നെ കേരള നേതാക്കളുമായി ആശയവിനിമയം നടത്തും.
ഡൽഹിക്കു വിളിപ്പിച്ച കെപിസിസി മുൻ അധ്യക്ഷന്മാരും വർക്കിംഗ് പ്രസിഡന്റുമാരും അടക്കമുള്ള മുതിർന്ന നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഇന്നു നടത്തുന്ന ചർച്ചകളെത്തുടർന്ന് എല്ലാ സാഹചര്യങ്ങളും വിലയിരുത്തി പ്രഖ്യാപനം നടത്തുമെന്ന് എഐസിസി കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
തർക്കങ്ങളില്ലെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്ത് ജനാധിപത്യപരമായാണു തീരുമാനങ്ങളെടുക്കുകയെന്നും ഉന്നത നേതാവ് വിശദീകരിച്ചു. കേരളത്തിലെ സാഹചര്യങ്ങൾ വിശദമായി ഹൈക്കമാൻഡും നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ടെന്നും പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടാകില്ലെന്നും ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങുമെന്നും നേതാവ് അവകാശപ്പെട്ടു.
വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറന്പിൽ, എ.പി. അനിൽകുമാർ തുടങ്ങിയവരുമായി ഇന്നു നടക്കുന്ന ചർച്ച നിർണായകമാണെന്നും സമവായമുണ്ടാകുമെന്നും എഐസിസി നേതൃത്വം കരുതുന്നു. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ നടന്ന ചർച്ചയുടെ തുടർച്ചയാണെങ്കിലും ചർച്ചാവിഷയങ്ങൾ വ്യത്യസ്തമാകും. മുല്ലപ്പള്ളിയുമായി ടെലിഫോണിലാകും ചർച്ച.
സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള പ്രധാന നേതാക്കളുമായി രാഹുലും ഖാർഗെയും ഇതിനിടെ പലതവണ ആശയവിനിമയം നടത്തി. ചർച്ചകൾക്കുശേഷം അസാധാരണ സാഹചര്യമുണ്ടായില്ലെങ്കിൽ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്ന് എഐസിസി വ്യക്തമാക്കി.
ടീം യുഡിഎഫാണു മത്സരിച്ചതെന്നും മുഖ്യമന്ത്രിസ്ഥാനാർഥിയായി ആരെയും ഉയർത്തിക്കാട്ടുന്നില്ലെന്നു മുൻകൂർ വ്യക്തമാക്കിയിരുന്നുവെന്നും എഐസിസി ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായ പ്രക്രിയ ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നതിനാണ് നേരിയ കാലതാമസമെന്നും ഹൈക്കമാൻഡ് തീരുമാനം അടിച്ചേൽപ്പിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും നേതൃത്വം വിശദീകരിച്ചു.
Kerala
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്കെന്ന് സൂചന. നിയുക്ത എംഎൽഎമാരെ കണ്ട എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ വി.ഡി.സതീശനെയും രമേശ് ചെന്നിത്തലയേയും സണ്ണി ജോസഫിനെയും ഡൽഹിക്ക് വിളിപ്പിച്ചു. നിലവിൽ കെ.സി.വേണുഗോപാൽ ഡൽഹിയിൽ തുടരുകയാണ്. ശനിയാഴ്ച നാലുനേതാക്കളെയും ഒരുമിച്ചിരുത്തി ചർച്ച നടത്തും.
ഞായറാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതിനിടെ എഐസിസി നിരീക്ഷകർക്ക് എംഎൽഎമാർ നൽകിയ നിർദേശങ്ങളെന്ന തരത്തിൽ പുറത്തുവന്ന ചിത്രം ശരിയല്ലെന്ന് മുകുൾ വാസ്നിക് പറഞ്ഞു. 63 കോൺഗ്രസ് സാമാജികരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ കെ.സി.വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നുണ്ട്.
ഇത് ശരിവെക്കുന്നതാണ് പുറത്തുവന്ന ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈവശമുള്ള പട്ടിക. 45ലേറെ പേരുടെ പിന്തുണ കെ.സി പക്ഷവും 35 ലേറെ എംഎൽഎമാരുടെ പിന്തുണ സതീശൻ പക്ഷവും അവകാശപ്പെടുന്നുണ്ട്. 23 എംഎൽഎമാരുടെ പിന്തുണയാണ് രമേശ് ചെന്നിത്തല പക്ഷം അവകാശപ്പെട്ടിരിക്കുന്നത്.
Leader Page
നീണ്ട ഇടവേളയ്ക്കു ശേഷം 1980ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു ഭരണം ലഭിച്ചെങ്കിലും രണ്ടു വർഷത്തെ ഭരണത്തിൽ അവർ ഏറെ ദുഷ്പേരു കേൾപ്പിച്ചു. ഇടതുപക്ഷത്തുണ്ടായിരുന്ന എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്-എമ്മും ജനാധിപത്യമുന്നണിയിലെത്തി. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ രൂപീകരിക്കപ്പെട്ട ശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ഭരണം ലഭിച്ചു.
◄ കാലാവധി പൂർത്തിയാക്കി കരുണാകരൻ
തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് 77 സീറ്റാണു ലഭിച്ചത്. 1982 മേയ് 24ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായി മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാലാവധി പൂർത്തിയാക്കുന്ന ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന ഖ്യാതിയോടെയാണ് കരുണാകരൻ പടിയിറങ്ങിയത്. ഭരണമുന്നണിയിൽ അനിശ്ചിതത്വവും ഭിന്നതകളും നിലനിന്നെങ്കിലും മുന്നണി ഭരണം കേരളത്തിൽ സ്ഥിരത കൈവരിക്കുന്നതും ഈ കാലയളവിൽ കണ്ടു.
ആദ്യ കേരള നിയമസഭയിൽ അഞ്ച് രാഷ്ട്രീയ പാർട്ടികൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഏഴാം നിയമസഭയായപ്പേഴേക്കും ഇരുപത്തിയഞ്ചോളം പാർട്ടികൾ കളത്തിലുണ്ടായിരുന്നു. ഇവയിൽ പലതും ചുരുങ്ങിയ കാലത്തിനു ശേഷം അപ്രത്യക്ഷമായി എന്നതു ചരിത്രം. കോണ്‍ഗ്രസ്-ഐ, കോണ്‍ഗ്രസ്-എ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്-എം, കേരള കോണ്‍ഗ്രസ്-ജെ, കേരള കോണ്‍ഗ്രസ്-ബി, എൻഡിപി, എസ്ആർപി, പിഎസ്പി, ജനത-ജി, ആർഎസ്പി-ശ്രീകണ്ഠൻനായർ, ഡിഎൽപി തുടങ്ങിയ പാർട്ടികളെല്ലാം യുഡിഎഫിന്റെ ഭാഗമായിരുന്നു. എൽഡിഎഫിലാകട്ടെ സിപിഎമ്മിനെ കൂടാതെ സിപിഐ, കോണ്‍ഗ്രസ്-എസ്, അഖിലേന്ത്യ ലീഗ്, കേരള കോണ്‍ഗ്രസ്-സോഷ്യലിസ്റ്റ്, ഡിഎസ്പി, ലോക്ദൾ തുടങ്ങിയ പാർട്ടികൾ ഉൾപ്പെട്ടിരുന്നു. കൂടാതെ ജനതാ പാർട്ടി സീറ്റ് ധാരണയുമുണ്ടാക്കിയിരുന്നു.
1982 ഡിസംബർ 30ന് എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-എ കോണ്‍ഗ്രസ്-ഐയിൽ ലയിച്ചതായിരുന്നു ഇക്കാലയളവിലെ പ്രധാന രാഷ്ട്രീയ സംഭവവികാസം. മുസ്ലിം ലീഗിലെ സി.എച്ച്. മുഹമ്മദ് കോയ ആയിരുന്നു ഉപമുഖ്യമന്ത്രി. അദ്ദേഹം അന്തരിച്ചതിനെ തുടർന്ന് അവുക്കാദർകുട്ടി നഹ ഉപമുഖ്യമന്ത്രിയായി. സ്പീക്കർ സ്ഥാനത്തേക്കും രണ്ടുപേർ വന്നു. വക്കം പുരുഷോത്തമനായിരുന്നു ആദ്യം സ്പീക്കർ. ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 1984 ഡിസംബർ 28ന് അദ്ദേഹം രാജിവച്ചു. പകരം വി.എം. സുധീരൻ സ്പീക്കറായി.
◄ രാഷ്ട്രീയ കോളിളക്കങ്ങൾ
സുധീരനും മുഖ്യമന്ത്രി കെ. കരുണാകരനുമായി സ്വരച്ചേർച്ചയിലല്ലായിരുന്നു. നിയമസഭയിൽ ഭരണപക്ഷത്തിനു സുഖകരമല്ലാത്ത പല റൂളിംഗുകളും ഉണ്ടായി. നിരന്തരം ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നതിനെതിരേ സുധീരൻ നൽകിയ റൂളിംഗ് സർക്കാരിനു തിരിച്ചടിയായിരുന്നു. കരുണാകരനും സുധീരനും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായി. പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ കേരള കോണ്‍ഗ്രസ് നേതാവ് ആർ. ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയിൽനിന്നു പുറത്താക്കിയ സംഭവം വലിയ വിവാദമായിരുന്നു. 1985 ജൂണ്‍ അഞ്ചിന് മന്ത്രിസഭയിൽനിന്നു പുറത്തായ പിള്ള 1986 മേയ് 25നു വീണ്ടും മന്ത്രിസഭയിൽ മടങ്ങിയെത്തി.
സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങൾ ഈ കാലയളവിലുമുണ്ടായി. അത് ഏറെക്കുറെ വിജയത്തിലേക്കെത്തിയതുമാണ്. എന്നാൽ, അവസാനനിമിഷം പ്രതിപക്ഷനീക്കം മണത്തറിഞ്ഞ കെ. കരുണാകരൻ അതു പൊളിച്ചു. അപ്പോഴേക്കും മൂന്നു കോണ്‍ഗ്രസ് എംഎൽഎമാർ മറുക്യാന്പിലെത്തിയിരുന്നു. കെ.കെ. ബാലകൃഷ്ണൻ, സിറിയക് ജോണ്‍, ജോസ് കുറ്റിയാനി എന്നിവരായിരുന്നു അന്നു മറുകണ്ടം ചാടിയത്. എന്നാൽ, സർക്കാരിനെ താഴെയിറക്കാൻ മൂന്നു പേർ പോരായിരുന്നു.
സിപിഎമ്മിനെ പിടിച്ചുലച്ച ബദൽരേഖയുടെ പേരിൽ എം.വി. രാഘവനെ പാർട്ടിക്കു പുറത്താക്കുന്നതും ഈ കാലയളവിലായിരുന്നു. 1986 ജൂണ്‍ 23നായിരുന്നു രാഘവനെ പുറത്താക്കിയത്. പിന്നീട് അദ്ദേഹം യുഡിഎഫിന്റെ ഭാഗമായതും ചരിത്രം.
◄ വീണ്ടും എൽഡിഎഫ്, നായനാർ
എം.വി. രാഘവൻ സിപിഎം വിട്ടതിനു പിന്നാലെ നടന്ന എട്ടാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിനു നിർണായകമായിരുന്നു. ഒപ്പം നിന്ന അഖിലേന്ത്യാ ലീഗിനെ കൂടി ഒഴിവാക്കി വർഗീയതയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന മതേതര മുന്നണി എന്ന പ്രതിച്ഛായ ഉയർത്തിയായിരുന്നു എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അഞ്ചു വർഷത്തെ ഭരണത്തിന്റെ ബാധ്യതയുമായി കെ. കരുണാകരന്റെ നേതൃത്വത്തിൽ യുഡിഎഫ് മറുവശത്തും. എം.വി. രാഘവന്റെ സിഎംപിയുമായി തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കി സിപിഎമ്മിനെ ദുർബലമാക്കാനുള്ള തന്ത്രവും യുഡിഎഫ് പയറ്റി.
തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ എൽഡിഎഫിന് 77 സീറ്റുകൾ. ഇ.കെ. നായനാർ രണ്ടാം വട്ടം മുഖ്യമന്ത്രിയായി അധികാരമേറ്റു. സിപിഎം കോട്ടയായ അഴീക്കോട് മത്സരിച്ച എം.വി. രാഘവൻ ജയിച്ചതിലൊതുങ്ങി സിഎംപിയുടെ തെരഞ്ഞെടുപ്പു നേട്ടം. ജനതാ പാർട്ടി പ്രതിനിധിയായി മന്ത്രിസഭയിലെത്തിയ എം.പി. വീരേന്ദ്രകുമാർ സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനകം രാജി പ്രഖ്യാപിച്ചതായിരുന്നു തുടക്കത്തിലുണ്ടായ കല്ലുകടി. കേരളത്തിലെ വനങ്ങളിലെ മരംമുറി നിരോധിച്ചുകൊണ്ട് ആദ്യ ഉത്തരവു പുറപ്പെടുവിച്ച വീരേന്ദ്രകുമാർ സ്വന്തം പാർട്ടിയിലുണ്ടായ ആഭ്യന്തരപ്രശ്നങ്ങളെ തുടർന്നു സ്വമേധയാ രാജി പ്രഖ്യാപിക്കുകയായിരുന്നു. പകരം എൻ.എം. ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജി സ്വീകരിച്ച ദിവസം കണക്കുകൂട്ടിയാൽ വീരേന്ദ്രകുമാർ അഞ്ചു ദിവസം മന്ത്രിയായിരുന്നു.
കാര്യമായ പ്രശ്നങ്ങളില്ലാതെ ഭരണസ്ഥിരത നിലനിർത്താനും താരതമ്യേന ഭേദപ്പെട്ട ഭരണം നടത്താനും ഇടതുസർക്കാരിനു കഴിഞ്ഞു. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതും ട്രഷറി പൂട്ടാൻ നിർബന്ധിതമായതുമായിരുന്നു സർക്കാർ നേരിട്ട ഏറ്റവും വലിയ പ്രതിന്ധി. കേരള സർവകലാശാലാ സെനറ്റിലേക്കു സർക്കാർ ശിപാർശ മറികടന്ന് നാമനിർദേശം നടത്തിയതിന്റെ പേരിൽ ഗവർണറായിരുന്ന റാംദുലാരി സിൻഹയ്ക്കെതിരേ നിയമസഭ 1989 ഫെബ്രുവരി രണ്ടിനു ശാസനാപ്രമേയം പാസാക്കിയതും എട്ടാം നിയമസഭയിലെ ശ്രദ്ധേയമായ സംഭവമായിരുന്നു. 1990 ജനുവരി 16ന് ഗവർണർ രാജിവച്ചു.
◄ കേരള കോണ്‍ഗ്രസ്-ജെ യുഡിഎഫിനു പുറത്തേക്ക്
യുഡിഎഫിനൊപ്പം നിന്ന കേരള കോണ്‍ഗ്രസ്-ജെ 1989ൽ മുന്നണി വിട്ടു. പിന്നീട് അവർ ഇടതുമുന്നണിയിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തിൽ പ്രതിഷേധിച്ചായിരുന്നു പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ പാർട്ടി മുന്നണി വിട്ടത്. എന്നാൽ, ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിൽതന്നെ തുടർന്നു. ഫലത്തിൽ കേരള കോണ്‍ഗ്രസ്-ജെ പിളർന്നു. ബാലകൃഷ്ണപിള്ള കൂറുമാറ്റം നടത്തിയെന്നു ചൂണ്ടിക്കാട്ടി പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ സ്പീക്കർക്കു പരാതി നൽകി. 1990 ജനുവരി 15ന് ബാലകൃഷ്ണപിള്ളയെ എംഎൽഎസ്ഥാനത്തുനിന്ന് അയോഗ്യനാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളത്തിൽ ആദ്യമായി അയോഗ്യനാക്കപ്പെട്ട നിയമസഭാംഗം ബാലകൃഷ്ണപിള്ളയായിരുന്നു.
◄ ജില്ലാ കൗണ്‍സിലിൽ നേട്ടം, നിയമസഭയിൽ വീഴ്ച
ജനാധിപത്യ വികേന്ദ്രീകരണ ഭരണ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കൗണ്‍സിലുകൾ രൂപീകരിക്കാൻ തീരുമാനിച്ചത് ഇക്കാലയളവിലാണ്. 1990ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മലപ്പുറമൊഴികെ മുഴുവൻ ജില്ലകളിലും വിജയിച്ചു. ഈ വിജയത്തിൽനിന്നു പ്രചോദനമുൾക്കൊണ്ട് നിയമസഭ പിരിച്ചുവിട്ടു നേരത്തേ തെരഞ്ഞെടുപ്പു നടത്താൻ ഇടതുമുന്നണി തീരുമാനിച്ചു. അങ്ങനെ കാലാവധി പൂർത്തിയാകുന്നതിനു പത്തു മാസം മുന്‍പേ നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പിനെ നേരിട്ടു.
വി.എസ്. അച്യുതാനന്ദനു മുഖ്യമന്ത്രിയാകാനാണു നേരത്തേ തെരഞ്ഞെടുപ്പു നടത്തിയതെന്നു രാഷ്ട്രീയകേന്ദ്രങ്ങളിൽ സംസാരമുണ്ടായിരുന്നു. എന്നാൽ, അപ്രതീക്ഷിത സംഭവവികാസങ്ങളിൽ എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മുന്‍പ് ശ്രീപെരുംപതൂരിൽ ബോംബ് സ്ഫോടത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പുരംഗം ഇതോടെ മാറിമറിഞ്ഞു. സഹതാപതരംഗത്തിൽ എൽഡിഎഫ് കടപുഴകി. അങ്ങനെ ഭരണത്തുടർച്ച എന്ന ഇടതുമോഹം മോഹഭംഗമായി മാറി.
- (തുടരും)
Kerala
പാലക്കാട്: വോട്ടിന് കോഴ നൽകിയെന്ന ആരോപണം ഉയർന്ന പാലക്കാട്ട് കണ്ണാടി പഞ്ചായത്തിലേക്ക് നേതാക്കൾ എത്തുന്നു. എൽഡിഎഫ്, യുഡിഎഫ് നേതൃത്വത്തിൽനിന്ന് മുതിർന്ന നേതാകൾ സ്ഥലത്തേയ്ക്ക് എത്തുമെന്ന് പ്രവർത്തകർ പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ. റസാഖ് സ്ഥലത്തെത്തി. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നത് റസാഖ് പറഞ്ഞു. മരണ വീടുകളിലും കല്യാണ വീടുകളിലും എത്തി ബിജെപി പണം നൽകിയിരുന്നു. ഇപ്പോൾ പിടിക്കപ്പെട്ടു എന്നേയുള്ളു. ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും റസാഖ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയും സ്ഥലത്തെത്തും. കണ്ണാടി പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെയെത്തിയ സ്ത്രീ വോട്ടർക്ക് പണം നൽകിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്‍കുകയായിരുന്നു. വയോധികയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.
അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നുമാണ് ആരോപണം.
Kerala
തിരുവനന്തപുരം: ഇരുപത്തിയഞ്ചു ദിവസത്തെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ മുന്നണികൾ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലും. ഭരണത്തുടർച്ചയെന്ന് എൽഡിഎഫും ഭരണമാറ്റമെന്നു യുഡിഎഫും ഉറപ്പിച്ചു പറയുന്പോഴും ആത്മവിശ്വാസത്തിൽ ഒരുപടി മുന്നിൽ യുഡിഎഫ് എന്നു കാണാം.
സമീപകാലത്തൊന്നും ഇത്രയും വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണം കണ്ടിട്ടില്ല. ഒരു പഴുതുമിടാതെയുള്ള പ്രചാരണമാണു മൂന്നു മുന്നണികളും കാഴ്ചവച്ചത്. പരമാവധി വിഭവങ്ങളും പുറത്തെടുത്തു. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കേരളത്തിലെ പാതയോരങ്ങളെല്ലാം പരസ്യബോർഡുകൾ കൊണ്ടു നിറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ ഭരണപക്ഷം ഏറെ മുന്നിലായിരുന്നു. പിന്നാലെ ടെലിവിഷനിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പരസ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. സമൂഹമാധ്യമങ്ങളിലും മൂന്നു മുന്നണികളുടെയും പരസ്യങ്ങൾ നിറഞ്ഞു നിന്നു. നൂതനമായ പരസ്യസങ്കേതങ്ങൾ ഉപയോഗിക്കുന്നതിലും മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം നിന്നു.
പരസ്യപ്രചാരണത്തിന്റെ അവസാനദിനം ഡോ. മാത്യു കുഴൽനാടൻ ഒരു ബോംബ് പൊട്ടിച്ചു. 2014 ലെ മഹാപ്രളയം മനുഷ്യനിർമിതമായിരുന്നു എന്നും അതു മണൽ ലോബിക്കു വേണ്ടിയായിരുന്നു എന്നുമുള്ള മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയാണു കുഴൽനാടൻ പുറത്തു വിട്ടത്. കൃഷ്ണൻകുട്ടി ഇതു നിഷേധിച്ചെങ്കിലും പ്രളയദുരിതത്തിനിരയായ പ്രദേശങ്ങളിൽ യുഡിഎഫ് വൻ പ്രതിഷേധമാണു സംഘടിപ്പിച്ചത്. മറ്റൊരു തെരഞ്ഞെടുപ്പു വിഷയമായി മധ്യകേരളത്തിലെങ്കിലും ഇതു മാറി.
സിപിഎം-ബിജെപി ഡീൽ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയരംഗം ഉണർന്നെങ്കിൽ പിന്നീടങ്ങോട്ടു ഡീൽ ആരോപണങ്ങളുടെ പ്രവാഹമായിരുന്നു. സതീശന്റെ ആരോപണം സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കി. പിന്നാലെ എസ്ഡിപിഐ പിന്തുണ വിവാദം സിപിഎമ്മിനും ക്ഷീണമുണ്ടാക്കി. എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുമായി ഇരുമുന്നണികൾക്കും ബന്ധമെന്നു പറഞ്ഞു ബിജെപിയും കളത്തിലെത്തി.
ഇതുമായി ബന്ധപ്പെടുത്തി ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ ലൗ ജിഹാദ് ആരോപണങ്ങളിൽ വരെ എത്തി. വയനാട് ഫണ്ട് സംബന്ധിച്ച് എൽഡിഎഫും സിപിഎമ്മും കോണ്‍ഗ്രസിനെതിരേ വന്പൻ പ്രചാരണം അഴിച്ചു വിട്ടു. ഒടുവിൽ കണക്കുകൾ പരസ്യപ്പെടുത്താൻ കോണ്‍ഗ്രസ് നിർബന്ധിതമായി.
ജി. സുധാകരനെ പോലെയുള്ള പ്രമുഖ നേതാക്കൾ പാർട്ടിക്കെതിരേ പരസ്യമായി രംഗത്തു വരികയും യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കാനിറങ്ങുകയും ചെയ്തത് സിപിഎമ്മിനും എൽഡിഎഫിനും വലിയ ക്ഷീണമായി. ശബരിമല സ്വർണക്കൊള്ള വിഷയമാക്കിയ യുഡിഎഫ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നു എന്നു പറഞ്ഞു ബിജെപിയെയും പ്രതിരോധത്തിലാക്കാൻ ശ്രമിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപിയുടെ നിരവധി ദേശീയ നേതാക്കൾ എല്ലാം കേരളത്തിലെമ്പാടും എൻഡിഎ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡിയും സിദ്ധരാമയ്യയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കോണ്‍ഗ്രസിനായി കളം നിറഞ്ഞു.
രേവന്ത് റെഡ്ഡിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ചൂടേറിയ വാക്പോരും അരങ്ങേറി. എൽഡിഎഫിൽ എല്ലാം പിണറായി വിജയനായിരുന്നു.
സംസ്ഥാനത്തെമ്പാടും നിരന്ന ആയിരക്കണക്കിനു ഫ്ളെക്സ് ബോർഡുകളിൽ അദ്ദേഹത്തിന്റെ മുഖം മാത്രമായിരുന്നു. വാർത്താസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം പിണറായി തന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ താരം. എൽഡിഎഫിനു ഗുണമുണ്ടായാലും തളർച്ച ഉണ്ടായാലും ഉത്തരവാദി പിണറായി വിജയൻ തന്നെയാകുമെന്നതാണു സ്ഥിതി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുടെ പ്രതീക്ഷാകണക്കുകളിൽ സീറ്റെണ്ണം നൂറും കടന്നിരിക്കുന്നു. ഭൂരിപക്ഷം കിട്ടുമെന്നു മുഖ്യമന്ത്രിയും എൽഡിഎഫ് നേതൃത്വവും ഇപ്പോഴും വാദിക്കുന്നു. ഏതാനും സീറ്റുകളിൽ വിജയിച്ചാൽ ബിജെപിയും എൻഡിഎയും തൃപ്തരാകും.
District News
തൃശൂർ: നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം വാദ്യമേളങ്ങളുടെയും കാവടിയുടെയും അകന്പടിയോടെ നാമനിർദേശപത്രികസമർപ്പണം ആഘോഷമാക്കി ജില്ലയിലെ വിവിധ മുന്നണിസ്ഥാനാർഥികൾ. 41 സ്ഥാനാർഥികളാണ് ഇന്നലെ ജില്ലയിലെ വിവിധയിടങ്ങളിലുള്ള തെരഞ്ഞെടുപ്പ് ഓഫീസർമാർക്കു പത്രിക സമർപ്പിച്ചത്.
തൃശൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജൻ ജെ. പല്ലനും എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും എൻഡിഎ സ്ഥാനാർഥി പദ്മജ വേണുഗോപാലും കളക്ടറേറ്റിലെത്തി ആർഡിഒ വിനോദ് രാജ് മുന്‍പാകെയാണു പത്രിക സമർപ്പിച്ചത്.
രാജൻ പല്ലനോടൊപ്പം മേയർ ഡോ. നിജി ജസ്റ്റിൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, കേരള കോൺഗ്രസ് -എം ഉന്നതാധികാരസമിതി അംഗം ജോൺസൺ കാഞ്ഞിരത്തിങ്കൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ. റഷീദ് എന്നിവരുമുണ്ടായിരുന്നു. പി. ബാലചന്ദ്രൻ എംഎൽഎ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർക്കൊപ്പമെത്തിയാണ് ആലങ്കോട് ലീലാകൃഷ്ണൻ പത്രിക സമർപ്പിച്ചത്.
തുറന്ന വാഹനത്തിൽ മണലൂർ നിയോജകമണ്ഡലം സ്ഥാനാർഥി അഡ്വ. കെ.കെ. അനീഷ് കുമാർ, നാട്ടിക മണ്ഡലം സ്ഥാനാർഥി സി.സി. മുകുന്ദൻ, ചേലക്കര മണ്ഡലം സ്ഥാനാർഥി. കെ. ബാലകൃഷ്ണൻ എന്നിവർക്കൊപ്പം പ്രവർത്തകരുടെയും പഞ്ചവാദ്യത്തിന്റെയും അകന്പടിയോടെയാണ് പദ്മജ പത്രികസമർപ്പണത്തിനു കളക്ടറേറ്റിലെത്തിയത്. ഇവരെല്ലാം ആർഡിഒ വിനോദ് രാജിനാണു പത്രിക സമർപ്പിച്ചത്.
പദ്മജയുടെ അച്ഛനും മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പടിഞ്ഞാറെകോട്ടയിൽനിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിനു പ്രവർത്തകർ അണിനിരന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, പദ്മജയുടെ ഭർത്താവ് ഡോ. വേണുഗോപാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഒല്ലൂർ നിയോജകണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാജി കോടങ്കണ്ടത്തും എൽഡിഎഫ് സ്ഥാനാർഥി മന്ത്രി കെ. രാജനും ചെന്പൂക്കാവിലെ തൃശൂർ കൃഷിഭവനിലെത്തി പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. ഇന്ദുനായർക്കു പത്രിക സമർപ്പിച്ചു. ടൗൺഹാൾ പരിസരത്തുനിന്ന് പ്രവർത്തകർക്കൊപ്പം വാദ്യമേളവും കാവടികളുമായി പ്രകടനത്തോടെയാണ് ഇരുവരും ഓഫീസിലെത്തിയത്.
എൽഡിഎഫ് കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർഥി കെ.കെ. വത്സരാജ് തൃശൂർ ഡെപ്യൂട്ടി കളക്ടർ (എൽഎ) സിസിലി ആന്റണിക്കു പത്രിക സമർപ്പിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ പി.കെ. ചന്ദ്രശേഖരൻ, സിപിഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
നാട്ടിക നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഗീത ഗോപി അയ്യന്തോൾ ചുങ്കം സെന്ററിൽനിന്ന് പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കുടുംബത്തോടുമൊപ്പം പ്രകടനമായാണു കളക്ടറേറ്റിൽ എത്തിയത്. എൽഡിഎഫ് നേതാക്കളായ പി.കെ. ഷാജൻ, ടി.ആർ. രമേഷ്കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
പുതുക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്, യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ബാബുരാജ് എന്നിവർ ജില്ലാ രജിസ്ട്രാര്‍ ജനറല്‍ പി.കെ. ബിജു മുമ്പാകെ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന സിപിഎം നേതാവായിരുന്ന എം.എ. കാര്‍ത്തികേയന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം പാറമേക്കാവ് ക്ഷേത്രത്തിന്റെ മുന്‍വശത്തുനിന്നും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയാണ് കെ.കെ. രാമചന്ദ്രന് പത്രികസമര്‍പ്പണം നടത്തിയത്.എല്‍ഡിഎഫ് നേതാക്കളായ വി.എസ്. പ്രിന്‍സ്, പി.കെ. ശിവരാമന്, അഡ്വ.ടി.ഐ. സേവ്യര്‍, രാഘവന് മുളങ്ങാടന്‍, സി.യു. പ്രിയന് എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
എച്ചിപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുമാറിന്റെ വസതിയില്നിന്നുമാണ് ബാബുരാജ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി പുറപ്പെട്ടത്. സ്ഥാനാര്‍ഥിക്കു കെട്ടിവയ്ക്കാനുള്ള തുക മലയോര നിവാസികള്‍ കൈമാറി. മുന്‍ എംഎല്‍എ എം.കെ. പോള്‍സണ്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് എം.പി. പോളി, കെപിസിസി ജനറല്‍ സെക്രട്ടറി കെ.വി. ദാസന്, മുസ്ലിം ലീഗ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് അബ്ദുട്ടി ഹാജി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വടക്കാഞ്ചേരി, ചേലക്കര നിയോജകമണ്ഡലങ്ങളിലെ ഇടതുസ്ഥാനാർഥികളായ സേവ്യർ ചിറ്റിലപ്പിള്ളിയും യു.ആർ. പ്രദീപും നാമനിർദേശപത്രിക സമർപ്പിച്ചു. എൽഡിഎഫ് നേതാക്കളായ എം. ബാലാജി, എം.ആർ. സോമനാരായണൻ, പി.എൻ. സുരേന്ദ്രൻ, മേരി തോമസ്, കെ.എസ്. സുഭാഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഗുരുവായൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എൻ.കെ. അക്ബർ ചാവക്കാട് താലൂക്ക് തഹസിൽദാർ ടി. ആർ. സംഗീത് മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു.
ഗുരുവായൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.എച്ച്. റഷീദ് ചാവക്കാട് താലൂക്ക് തഹസിൽദാർ ടി.ആർ. സംഗീത് മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു. യുഡിഎഫ് നേതാക്കൾക്കൊപ്പം നൂറുകണക്കിനു പ്രവർത്തകരുമായി പ്രകടനമായി എത്തിയാണ് പത്രിക നൽകിയത്.ഇന്നലത്തേതടക്കം 44 പേരാണ് ആകെ പത്രിക സമർപ്പിച്ചത്.
Kerala
തിരുവനന്തപുരം: കോൺഗ്രസിൽ സീറ്റിന് അർഹരായ നിരവധി ആളുകൾ പാർട്ടിയിലുണ്ടെന്നും സീറ്റ് ആഗ്രഹിച്ച പലർക്കും നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. എന്നാൽ സീറ്റ് കിട്ടാത്തവർ പാർട്ടി വിടരുതെന്നും പോയാൽ അനുഭവിക്കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.
പാർട്ടിയാണ് എല്ലാവരെയും വളർത്തിയതെന്നും നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ചെന്നിത്തല ഓർമിപ്പിച്ചു. ഇത്തവണ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്നും തുടർന്ന് ആവശ്യമായ പരിഗണന എല്ലാവർക്കും നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്. വലിയ നേതാക്കൾ ഒന്നും പോയിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ ദിവസത്തോടെ പരിഹരിച്ചതായി നേതാവ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
"ജി. സുധാകരന് യുഡിഎഫ് പിന്തുണ നൽകുമെന്ന് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ജി. സുധാകരനെ സിപിഎം കറിവേപ്പിലയാക്കി. വ്യക്തതയുള്ള നിലപാടുള്ള നേതാവാണ് അദ്ദേഹം. സിപിഎം അദ്ദേഹത്തെ അവഗണിച്ചു. സിപിഎം കാണിച്ചത് ക്രൂരതയാണ്.'-രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിക്ക് പിന്നാലെ രണ്ട് കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. 2021ൽ ചിറയിൻകീഴിൽ കോൺഗ്രസ് സ്ഥാനാർഥി ആയിരുന്ന ബി.എസ്. അനൂപും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ.എസ്. അരുൺ രാജുമാണ് ബിജെപിയിൽ ചേർന്നത്.
ഇരുവർക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. ബി.എസ്.അനൂപ് ചിറയിൻകീഴിലും അരുൺ രാജ് ചടയമംഗലത്തും എൻഡിഎ സ്ഥാനാർഥികളാകും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ബി.എസ്. അനൂപ്.
കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു അരുൺ രാജ്. രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് അനൂപ് കോണ്‍ഗ്രസ് വിട്ടത്. പ്രാദേശിക എതിർപ്പ് മറികടന്ന് തീരുമാനം എടുത്തെന്നാണ് പരാതി.
Kerala
കോട്ടയം: സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെ മൊണാലിസ ഭോസ്ലയും കാമുകന് ഫര്മാന് ഖാനും തമ്മിലുള്ള വിവാഹം നടന്നതിനെത്തുടർന്ന് സിപിഎം നേതാക്കളെ പരിഹസിച്ച് എൻഡിഎ നേതാവും മുൻ എംഎൽഎയുമായ പി.സി. ജോര്‍ജ് രംഗത്ത്. തന്റെ ഫോസ്ബുക്ക് അക്കൗണ്ടിലാണ് പി.സി. ജോർജ് സിപിഎം നേതാക്കളെ പരിഹസിച്ച് പോസ്റ്റിട്ടത്.
‘ശിവൻകുട്ടിയും ഗോവിന്ദനും റഹീമും കല്യാണം നടത്തി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞു. വേടന്റെ വിവാഹം വരെ നടത്തിയ സ്ഥിതിക്ക് നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്’ എന്നാണ് പി.സി. ജോർജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ചെറുക്കൻ നന്നാവട്ടെയെന്നും രാഹുൽ ഗാന്ധിയല്ല പാലക്കാട് എംഎൽഎ രാഹുലിനെയാണ് ഉദ്ദേശിച്ചതെന്നും പി.സി. ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
പോളിറ്റ് ബ്യൂറോയിൽനിന്നും മാര്യേജ് ബ്യൂറോയിലേക്കുള്ള കേരള കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയെന്നും പി.സി. ജോർജ് പരിഹസിച്ചു.
National
ന്യൂഡൽഹി: വോട്ടിംഗ് മെഷീനിൽ "നോട്ട' ഉൾപ്പെടുത്തിയതിനുശേഷം തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കളുടെ ഗുണനിലവാരം മെച്ചപ്പെട്ടോ എന്ന ചോദ്യവുമായി സുപ്രീംകോടതി.
ഒരു സ്ഥാനാർഥി മാത്രമുള്ള സാഹചര്യത്തിൽ വോട്ടെടുപ്പു നടത്താതെ ആ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കുകയാണു പതിവ്. എന്നാൽ ഒരു സ്ഥാനാർഥി മാത്രമേ ഉള്ളൂവെങ്കിലും വോട്ടെടുപ്പു നടത്തി നോട്ട (നണ് ഓഫ് ദ എബവ്) എണ്ണണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
എന്നാൽ നോട്ട ഒരു വ്യക്തിയല്ലാത്ത സാഹചര്യത്തിൽ മത്സരരംഗത്തുള്ള ഏക സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കാൻ അനുവദിക്കാതിരിക്കുന്നത് ഗുണം ചെയ്യില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
എതിരില്ലാതെ സ്ഥാനാർഥിയെ തെരഞ്ഞെടുത്താൽ 2013ൽ സുപ്രീംകോടതി അംഗീകരിച്ച "നോട്ട' ഉപയോഗിക്കാനുള്ള ജനങ്ങളുടെ അവകാശം ഇല്ലാതാക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ വിഷയം വളരെ സാങ്കല്പികമാണെന്നും നിയമത്തെ അങ്ങനെ പരീക്ഷിക്കാൻ സാധിക്കില്ലെന്നും ഹർജിയെ എതിർത്തുകൊണ്ട് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി വാദിച്ചു. വിഷയം ഏപ്രിലിൽ വീണ്ടും പരിഗണിക്കും.
National
ഇംഫാൽ: മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. സംസ്ഥാനത്ത് പുതിയ സർക്കാർ ഇന്ന് തന്നെ ചുമതലയേൽക്കും എന്നാണ് റിപ്പോർട്ട്.
ബിജെപി നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. മുതിർന്ന നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും.
കഴിഞ്ഞ ദിവസം ചേർന്ന ബിജെപി നിയമഭാകക്ഷി യോഗം യുംനാം ഖേംചന്ദിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിരേൺ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നത്.
Kerala
തിരുവനന്തപുരം: പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകള്‍ നേതാക്കൾ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ നേതാക്കൾ നടത്താൻ പാടില്ലെന്നും അത്തരം പ്രസ്താവകളെ പാര്‍ട്ടി തളളുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദേശം.
മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാന്, മുതിര്‍ന്ന നേതാവ് എ.കെ. ബാലന് എന്നിവര്‍ സമീപ കാലത്ത് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കാസർഗോഡ് മുനിസിപ്പാലിറ്റിയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും വിജയികളുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന സജി ചെറിയാൻ വാക്കുകൾ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നാലെ അതിനെ ന്യായീകരിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. തുടർന്ന് മന്ത്രി ഖേദപ്രകടനം നടത്തി.
പ്രതികരണം അനവസരത്തിലായിരുന്നു എന്നാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.
Kerala
കോഴിക്കോട്: കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.വി. അൻവർ. ഐഷാ പോറ്റിക്ക് പിന്നാലെ കൂടുതൽ സിപിഎം നേതാക്കൾ കോൺഗ്രസിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയുടെ തകർച്ചയുടെ കാരണം മുഹമ്മദ് റിയാസ് ആണ്. മരുമോനിസമാണ് കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ നടപ്പാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധത പൂർണമായി പ്രകടമായിട്ടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നും അൻവർ
പറഞ്ഞു.
സംസ്ഥാനത്ത് എവിടെയും മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് തയാറാണെന്നും അൻവർ അറിയിച്ചു. യുഡിഎഫിൽ ഒരു സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് ഒരു ഉപാധിയുമില്ലെന്നും പറഞ്ഞ അൻവർ എല്ലാം യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാമെന്നും വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി പരിശോധിക്കാൻ ഗൃഹസന്ദർശന പരിപാടിയുമായി സിപിഎം.
ജനുവരി 15 മുതൽ 22 വരെ ഒരാഴ്ച സംസ്ഥാനത്തെ എല്ലാ വാർഡുകളിലും നേതാക്കൾ ഉൾപ്പെടെ ജനങ്ങളുമായി തോൽവിയെ സംബന്ധിച്ചു സംസാരിക്കും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിലും സമാനമായ പ്രവർത്തനം സിപിഎം നടത്തിയിരുന്നു. ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സമിതിയുടേതാണു തീരുമാനം. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ ജനുവരി 15ന് ലോക്ഭവനിലേക്കു മാർച്ച് നടത്തും.
Kerala
കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തിന്റെ പേരില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. ദീപ്തി മേരി വര്‍ഗീസിനെ വെട്ടിയതോടെ കോണ്‍ഗ്രസില്‍ പോര് പുറത്തേക്ക് പുകഞ്ഞു തുടങ്ങിയിരിക്കുകയാണ്. വി.കെ. മിനിമോളെയും രണ്ടാം ടേമില്‍ ഷൈനി മാത്യുവിനെയും മേയറായി തീരുമാനിച്ചതില്‍ ഒരു വിഭാഗം നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വി.കെ. മിനിമോളെയോ ഷൈനി മാത്യുവിനെയോ മേയര്‍ ആക്കണമെന്ന ആവശ്യം ലത്തീന്‍ സഭ നേരത്തെ ഉന്നയിച്ചിരുന്നു. ഇരുവരും ലത്തീന്‍ സഭാംഗങ്ങളാണ്. 2015ല്‍ യുഡിഎഫ് അധികാരം നേടിയപ്പോഴും ലത്തീന്‍ സഭ ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നുവെങ്കിലും അന്ന് ഡെപ്യൂട്ടി മേയര്‍ സ്ഥാനമാണ് നല്‍കിയത്.
അതേസമയം, മേയര്‍ സ്ഥാനം കൈവിട്ടു പോയതോടെ കടുത്ത അതൃപ്തിയാണ് ദീപ്തി അറിയിക്കുന്നത്. ഇനി മേയര്‍ സ്ഥാനത്തേക്ക് ഇല്ല എന്നാണ് ദീപ്തിയുടെ നിലപാട്. കൂടുതല്‍ കൗണ്‍സിലര്‍മാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിച്ചു. കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു എന്നും ദീപ്തി വ്യക്തമാക്കി.
ദീപ്തിക്ക് മേയര്‍ സ്ഥാനം നിഷേധിച്ചതില്‍ എറണാകുളത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. കെപിസിസി ജനറല്‍ സെക്രട്ടറി എം.ആര് അഭിലാഷ്, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ എന്നിവര്‍ ദീപ്തിയെ വെട്ടിയതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, തൊടുപുഴ നഗരസഭയിലും ഈരാറ്റുപേട്ട നഗരസഭയിലും കോണ്‍ഗ്രസിനുള്ളില്‍ കലാപം നടക്കുന്നുണ്ട്. തൊടുപുഴയില്‍ റബര്‍ സ്റ്റാമ്പ് ചെയര്‍പേഴ്സണെ തൊടുപുഴയ്ക്ക് വേണ്ടെന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിഷ സോമന് അധ്യക്ഷയാകേണ്ട എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അധ്യക്ഷ സ്ഥാനം ലിറ്റി ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് കൗണ്‍സിലര്‍മാര്‍ ഡിസിസിക്കും കെപിസിസിക്കും കത്ത് നല്കി.
ഈരാറ്റുപേട്ട നഗരസഭയില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് തര്‍ക്കവും രൂക്ഷമാകുന്നുണ്ട്. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ വൈസ് ചെയര്മാന് സ്ഥാനം മാത്രമേ നല്‍കുകയുള്ളു എന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.
District News
ചേര്‍ത്തല: തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ അന്വേഷിക്കാന്‍ സിപിഎം. ശനിയാഴ്ച നടന്ന ചേര്‍ത്തല ഏരിയാ കമ്മിറ്റിയോഗം നഗരസഭയില്‍ ചെയര്മാന് സ്ഥാനാര്‍ഥിയായിരുന്ന എന്‍.ആര്. ബാബുരാജിന്റെയും ഏരിയാ കമ്മിറ്റിയംഗം കെ.പി. പ്രതാപന്റെയും തോല്‍വിയും പെരുമ്പളത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന പി.കെ. രാജന്റെയും തൈക്കാട്ടുശേരിയില്‍ ദീപാ സജീവിന്റെയും ബ്ലോക്ക് പഞ്ചായത്ത് വാഴത്തറ ഡിവിഷനില്‍ നിര്‍മലാ ശെല്‍വരാജിന്റെയും അരൂക്കുറ്റി ലോക്കല്‍ സെക്രട്ടറി വിനു ബാബുവിന്റെയും തോല്‍വി പരിശോധിക്കാന്‍ തീരുമാനിച്ചു.
തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായ പള്ളിപ്പുറത്തെ രണ്ടു ലോക്കല്‍ കമ്മിറ്റികള്ക്കുമെതിരേ കടുത്ത നടപടി സ്വീകരിക്കും. ഇവിടെ കമ്മിറ്റിക്കും നേതൃത്വം നല്കിയവര്ക്കും ഗുരുതര വീഴ്ചയുണ്ടായതായാണ് കണ്ടെത്തല്‍. ഏരിയാകമ്മിറ്റിയും ജില്ലാ സംസ്ഥാന നേതൃത്വവും നല്കിയ നിര്‍ദേശങ്ങള്‍ പോലും അവഗണിച്ച് ഏകപക്ഷീയമായ പ്രവര്ത്തനങ്ങളുണ്ടായതായും നിര്‍ദേശിച്ച കൂട്ടിച്ചേര്‍ക്കലുകള്‍ അട്ടിമറിച്ചതായും വിമര്‍ശനമുണ്ടായി. ബിജെപിക്കാണ് ഇതു ഗുണമായത്.
പള്ളിപ്പുറം വടക്കിലടക്കം ന്യൂനപക്ഷങ്ങളെ അകറ്റുന്ന പ്രവര്‍ത്തനങ്ങളുണ്ടായി. തെക്കുകമ്മിറ്റിയില് നാലു വാര്‍ഡുകള്‍ വിജയിച്ചെങ്കിലും വീഴ്ചകളുണ്ടായി. വടക്ക് കമ്മിറ്റിയില്‍ സമ്പൂര്‍ണ പരാജയമായിരുന്നെന്നാണ് വിലയിരുത്തല്‍. കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന ആവശ്യംവരെ ഉയര്‍ന്നു.
തൈക്കാട്ടുശേരിയില്‍ ചില നേതാക്കള്‍ നേരിട്ടിറങ്ങി വോട്ടുമറിച്ചതായ പരാതി അന്വേഷിക്കാനും യോഗം നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ കേരളകോണ്‍ഗ്രസ്-എം പാര്‍ട്ടിക്കു നല്കിയ പരാതികളും പരിശോധിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ യുവതി പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. പരാതി ഇല്ലെന്ന കോണ്‍ഗ്രസിന്റെ പ്രശ്നം തീര്‍ന്നെന്നും യുവതി മുഖ്യമന്ത്രിക്ക് പരാതി നല്കിയല്ലോ എന്നും രാമകൃഷ്ണന് പറഞ്ഞു.
"രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ മറുപടി പറയേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ വികൃത മുഖമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. സസ്പെന്ഷന് പ്രധാന നടപടിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചൂണ്ടിക്കാണിക്കുന്നത്. രാഹുല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് കെ. സുധാകരന്റെ വാദം.'- രാമകൃഷ്ണന് പറഞ്ഞു.
പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് രാഹുലിന് ഒളിവില്‍ പോകേണ്ടതായി വന്നു. ഇത് അപമാനകരമാണ്. കുറ്റം ചെയ്തവരെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് എന്തിനാണ്. പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.'-ടി.പി. രാമകൃഷ്ണന് കുറ്റപ്പെടുത്തി.
"ദീപാ ദാസ് മുന്‍ഷിയടക്കമുള്ളവര്‍ പരാതിക്കാരിയെ കുറ്റം പറയുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സമൂഹം അത് തിരിച്ചറിയും. മുകേഷിന്റെ കേസുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുജീവിതത്തില്‍ നിന്ന് മാറി നിന്ന് നിരപരാധിത്വം തെളിയിക്കണം. അതിന് പ്രേരിപ്പിക്കേണ്ടത് കോണ്‍ഗ്രസാണ്.'-ടി പി രാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു