നീണ്ട ഇടവേളയ്ക്കു ശേഷം 1980ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു ഭരണം ലഭിച്ചെങ്കിലും രണ്ടു വർഷത്തെ ഭരണത്തിൽ അവർ ഏറെ ദുഷ്പേരു കേൾപ്പിച്ചു. ഇടതുപക്ഷത്തുണ്ടായിരുന്ന എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്-എമ്മും ജനാധിപത്യമുന്നണിയിലെത്തി. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ രൂപീകരിക്കപ്പെട്ട ശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ഭരണം ലഭിച്ചു.
◄ കാലാവധി പൂർത്തിയാക്കി കരുണാകരൻ
തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് 77 സീറ്റാണു ലഭിച്ചത്. 1982 മേയ് 24ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായി മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാലാവധി പൂർത്തിയാക്കുന്ന ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന ഖ്യാതിയോടെയാണ് കരുണാകരൻ പടിയിറങ്ങിയത്. ഭരണമുന്നണിയിൽ അനിശ്ചിതത്വവും ഭിന്നതകളും നിലനിന്നെങ്കിലും മുന്നണി ഭരണം കേരളത്തിൽ സ്ഥിരത കൈവരിക്കുന്നതും ഈ കാലയളവിൽ കണ്ടു.
ആദ്യ കേരള നിയമസഭയിൽ അഞ്ച് രാഷ്ട്രീയ പാർട്ടികൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഏഴാം നിയമസഭയായപ്പേഴേക്കും ഇരുപത്തിയഞ്ചോളം പാർട്ടികൾ കളത്തിലുണ്ടായിരുന്നു. ഇവയിൽ പലതും ചുരുങ്ങിയ കാലത്തിനു ശേഷം അപ്രത്യക്ഷമായി എന്നതു ചരിത്രം. കോണ്‍ഗ്രസ്-ഐ, കോണ്‍ഗ്രസ്-എ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്-എം, കേരള കോണ്‍ഗ്രസ്-ജെ, കേരള കോണ്‍ഗ്രസ്-ബി, എൻഡിപി, എസ്ആർപി, പിഎസ്പി, ജനത-ജി, ആർഎസ്പി-ശ്രീകണ്ഠൻനായർ, ഡിഎൽപി തുടങ്ങിയ പാർട്ടികളെല്ലാം യുഡിഎഫിന്റെ ഭാഗമായിരുന്നു. എൽഡിഎഫിലാകട്ടെ സിപിഎമ്മിനെ കൂടാതെ സിപിഐ, കോണ്‍ഗ്രസ്-എസ്, അഖിലേന്ത്യ ലീഗ്, കേരള കോണ്‍ഗ്രസ്-സോഷ്യലിസ്റ്റ്, ഡിഎസ്പി, ലോക്ദൾ തുടങ്ങിയ പാർട്ടികൾ ഉൾപ്പെട്ടിരുന്നു. കൂടാതെ ജനതാ പാർട്ടി സീറ്റ് ധാരണയുമുണ്ടാക്കിയിരുന്നു.
1982 ഡിസംബർ 30ന് എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-എ കോണ്‍ഗ്രസ്-ഐയിൽ ലയിച്ചതായിരുന്നു ഇക്കാലയളവിലെ പ്രധാന രാഷ്ട്രീയ സംഭവവികാസം. മുസ്ലിം ലീഗിലെ സി.എച്ച്. മുഹമ്മദ് കോയ ആയിരുന്നു ഉപമുഖ്യമന്ത്രി. അദ്ദേഹം അന്തരിച്ചതിനെ തുടർന്ന് അവുക്കാദർകുട്ടി നഹ ഉപമുഖ്യമന്ത്രിയായി. സ്പീക്കർ സ്ഥാനത്തേക്കും രണ്ടുപേർ വന്നു. വക്കം പുരുഷോത്തമനായിരുന്നു ആദ്യം സ്പീക്കർ. ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 1984 ഡിസംബർ 28ന് അദ്ദേഹം രാജിവച്ചു. പകരം വി.എം. സുധീരൻ സ്പീക്കറായി.
◄ രാഷ്ട്രീയ കോളിളക്കങ്ങൾ
സുധീരനും മുഖ്യമന്ത്രി കെ. കരുണാകരനുമായി സ്വരച്ചേർച്ചയിലല്ലായിരുന്നു. നിയമസഭയിൽ ഭരണപക്ഷത്തിനു സുഖകരമല്ലാത്ത പല റൂളിംഗുകളും ഉണ്ടായി. നിരന്തരം ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നതിനെതിരേ സുധീരൻ നൽകിയ റൂളിംഗ് സർക്കാരിനു തിരിച്ചടിയായിരുന്നു. കരുണാകരനും സുധീരനും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായി. പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ കേരള കോണ്‍ഗ്രസ് നേതാവ് ആർ. ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയിൽനിന്നു പുറത്താക്കിയ സംഭവം വലിയ വിവാദമായിരുന്നു. 1985 ജൂണ്‍ അഞ്ചിന് മന്ത്രിസഭയിൽനിന്നു പുറത്തായ പിള്ള 1986 മേയ് 25നു വീണ്ടും മന്ത്രിസഭയിൽ മടങ്ങിയെത്തി.
സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങൾ ഈ കാലയളവിലുമുണ്ടായി. അത് ഏറെക്കുറെ വിജയത്തിലേക്കെത്തിയതുമാണ്. എന്നാൽ, അവസാനനിമിഷം പ്രതിപക്ഷനീക്കം മണത്തറിഞ്ഞ കെ. കരുണാകരൻ അതു പൊളിച്ചു. അപ്പോഴേക്കും മൂന്നു കോണ്‍ഗ്രസ് എംഎൽഎമാർ മറുക്യാന്പിലെത്തിയിരുന്നു. കെ.കെ. ബാലകൃഷ്ണൻ, സിറിയക് ജോണ്‍, ജോസ് കുറ്റിയാനി എന്നിവരായിരുന്നു അന്നു മറുകണ്ടം ചാടിയത്. എന്നാൽ, സർക്കാരിനെ താഴെയിറക്കാൻ മൂന്നു പേർ പോരായിരുന്നു.
സിപിഎമ്മിനെ പിടിച്ചുലച്ച ബദൽരേഖയുടെ പേരിൽ എം.വി. രാഘവനെ പാർട്ടിക്കു പുറത്താക്കുന്നതും ഈ കാലയളവിലായിരുന്നു. 1986 ജൂണ്‍ 23നായിരുന്നു രാഘവനെ പുറത്താക്കിയത്. പിന്നീട് അദ്ദേഹം യുഡിഎഫിന്റെ ഭാഗമായതും ചരിത്രം.
◄ വീണ്ടും എൽഡിഎഫ്, നായനാർ
എം.വി. രാഘവൻ സിപിഎം വിട്ടതിനു പിന്നാലെ നടന്ന എട്ടാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിനു നിർണായകമായിരുന്നു. ഒപ്പം നിന്ന അഖിലേന്ത്യാ ലീഗിനെ കൂടി ഒഴിവാക്കി വർഗീയതയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന മതേതര മുന്നണി എന്ന പ്രതിച്ഛായ ഉയർത്തിയായിരുന്നു എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അഞ്ചു വർഷത്തെ ഭരണത്തിന്റെ ബാധ്യതയുമായി കെ. കരുണാകരന്റെ നേതൃത്വത്തിൽ യുഡിഎഫ് മറുവശത്തും. എം.വി. രാഘവന്റെ സിഎംപിയുമായി തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കി സിപിഎമ്മിനെ ദുർബലമാക്കാനുള്ള തന്ത്രവും യുഡിഎഫ് പയറ്റി.
തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ എൽഡിഎഫിന് 77 സീറ്റുകൾ. ഇ.കെ. നായനാർ രണ്ടാം വട്ടം മുഖ്യമന്ത്രിയായി അധികാരമേറ്റു. സിപിഎം കോട്ടയായ അഴീക്കോട് മത്സരിച്ച എം.വി. രാഘവൻ ജയിച്ചതിലൊതുങ്ങി സിഎംപിയുടെ തെരഞ്ഞെടുപ്പു നേട്ടം. ജനതാ പാർട്ടി പ്രതിനിധിയായി മന്ത്രിസഭയിലെത്തിയ എം.പി. വീരേന്ദ്രകുമാർ സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനകം രാജി പ്രഖ്യാപിച്ചതായിരുന്നു തുടക്കത്തിലുണ്ടായ കല്ലുകടി. കേരളത്തിലെ വനങ്ങളിലെ മരംമുറി നിരോധിച്ചുകൊണ്ട് ആദ്യ ഉത്തരവു പുറപ്പെടുവിച്ച വീരേന്ദ്രകുമാർ സ്വന്തം പാർട്ടിയിലുണ്ടായ ആഭ്യന്തരപ്രശ്നങ്ങളെ തുടർന്നു സ്വമേധയാ രാജി പ്രഖ്യാപിക്കുകയായിരുന്നു. പകരം എൻ.എം. ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജി സ്വീകരിച്ച ദിവസം കണക്കുകൂട്ടിയാൽ വീരേന്ദ്രകുമാർ അഞ്ചു ദിവസം മന്ത്രിയായിരുന്നു.
കാര്യമായ പ്രശ്നങ്ങളില്ലാതെ ഭരണസ്ഥിരത നിലനിർത്താനും താരതമ്യേന ഭേദപ്പെട്ട ഭരണം നടത്താനും ഇടതുസർക്കാരിനു കഴിഞ്ഞു. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതും ട്രഷറി പൂട്ടാൻ നിർബന്ധിതമായതുമായിരുന്നു സർക്കാർ നേരിട്ട ഏറ്റവും വലിയ പ്രതിന്ധി. കേരള സർവകലാശാലാ സെനറ്റിലേക്കു സർക്കാർ ശിപാർശ മറികടന്ന് നാമനിർദേശം നടത്തിയതിന്റെ പേരിൽ ഗവർണറായിരുന്ന റാംദുലാരി സിൻഹയ്ക്കെതിരേ നിയമസഭ 1989 ഫെബ്രുവരി രണ്ടിനു ശാസനാപ്രമേയം പാസാക്കിയതും എട്ടാം നിയമസഭയിലെ ശ്രദ്ധേയമായ സംഭവമായിരുന്നു. 1990 ജനുവരി 16ന് ഗവർണർ രാജിവച്ചു.
◄ കേരള കോണ്‍ഗ്രസ്-ജെ യുഡിഎഫിനു പുറത്തേക്ക്
യുഡിഎഫിനൊപ്പം നിന്ന കേരള കോണ്‍ഗ്രസ്-ജെ 1989ൽ മുന്നണി വിട്ടു. പിന്നീട് അവർ ഇടതുമുന്നണിയിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തിൽ പ്രതിഷേധിച്ചായിരുന്നു പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ പാർട്ടി മുന്നണി വിട്ടത്. എന്നാൽ, ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിൽതന്നെ തുടർന്നു. ഫലത്തിൽ കേരള കോണ്‍ഗ്രസ്-ജെ പിളർന്നു. ബാലകൃഷ്ണപിള്ള കൂറുമാറ്റം നടത്തിയെന്നു ചൂണ്ടിക്കാട്ടി പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ സ്പീക്കർക്കു പരാതി നൽകി. 1990 ജനുവരി 15ന് ബാലകൃഷ്ണപിള്ളയെ എംഎൽഎസ്ഥാനത്തുനിന്ന് അയോഗ്യനാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളത്തിൽ ആദ്യമായി അയോഗ്യനാക്കപ്പെട്ട നിയമസഭാംഗം ബാലകൃഷ്ണപിള്ളയായിരുന്നു.
◄ ജില്ലാ കൗണ്‍സിലിൽ നേട്ടം, നിയമസഭയിൽ വീഴ്ച
ജനാധിപത്യ വികേന്ദ്രീകരണ ഭരണ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കൗണ്‍സിലുകൾ രൂപീകരിക്കാൻ തീരുമാനിച്ചത് ഇക്കാലയളവിലാണ്. 1990ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മലപ്പുറമൊഴികെ മുഴുവൻ ജില്ലകളിലും വിജയിച്ചു. ഈ വിജയത്തിൽനിന്നു പ്രചോദനമുൾക്കൊണ്ട് നിയമസഭ പിരിച്ചുവിട്ടു നേരത്തേ തെരഞ്ഞെടുപ്പു നടത്താൻ ഇടതുമുന്നണി തീരുമാനിച്ചു. അങ്ങനെ കാലാവധി പൂർത്തിയാകുന്നതിനു പത്തു മാസം മുന്‍പേ നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പിനെ നേരിട്ടു.
വി.എസ്. അച്യുതാനന്ദനു മുഖ്യമന്ത്രിയാകാനാണു നേരത്തേ തെരഞ്ഞെടുപ്പു നടത്തിയതെന്നു രാഷ്ട്രീയകേന്ദ്രങ്ങളിൽ സംസാരമുണ്ടായിരുന്നു. എന്നാൽ, അപ്രതീക്ഷിത സംഭവവികാസങ്ങളിൽ എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മുന്‍പ് ശ്രീപെരുംപതൂരിൽ ബോംബ് സ്ഫോടത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പുരംഗം ഇതോടെ മാറിമറിഞ്ഞു. സഹതാപതരംഗത്തിൽ എൽഡിഎഫ് കടപുഴകി. അങ്ങനെ ഭരണത്തുടർച്ച എന്ന ഇടതുമോഹം മോഹഭംഗമായി മാറി.
- (തുടരും)