ന്യൂഡൽഹി: വോട്ടിംഗ് മെഷീനിൽ "നോട്ട' ഉൾപ്പെടുത്തിയതിനുശേഷം തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കളുടെ ഗുണനിലവാരം മെച്ചപ്പെട്ടോ എന്ന ചോദ്യവുമായി സുപ്രീംകോടതി.
ഒരു സ്ഥാനാർഥി മാത്രമുള്ള സാഹചര്യത്തിൽ വോട്ടെടുപ്പു നടത്താതെ ആ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കുകയാണു പതിവ്. എന്നാൽ ഒരു സ്ഥാനാർഥി മാത്രമേ ഉള്ളൂവെങ്കിലും വോട്ടെടുപ്പു നടത്തി നോട്ട (നണ് ഓഫ് ദ എബവ്) എണ്ണണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
എന്നാൽ നോട്ട ഒരു വ്യക്തിയല്ലാത്ത സാഹചര്യത്തിൽ മത്സരരംഗത്തുള്ള ഏക സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കാൻ അനുവദിക്കാതിരിക്കുന്നത് ഗുണം ചെയ്യില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
എതിരില്ലാതെ സ്ഥാനാർഥിയെ തെരഞ്ഞെടുത്താൽ 2013ൽ സുപ്രീംകോടതി അംഗീകരിച്ച "നോട്ട' ഉപയോഗിക്കാനുള്ള ജനങ്ങളുടെ അവകാശം ഇല്ലാതാക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ വിഷയം വളരെ സാങ്കല്പികമാണെന്നും നിയമത്തെ അങ്ങനെ പരീക്ഷിക്കാൻ സാധിക്കില്ലെന്നും ഹർജിയെ എതിർത്തുകൊണ്ട് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി വാദിച്ചു. വിഷയം ഏപ്രിലിൽ വീണ്ടും പരിഗണിക്കും.
Tags : NOTA better off leaders voting Machine Supreme Court