തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്കെന്ന് സൂചന. നിയുക്ത എംഎൽഎമാരെ കണ്ട എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ വി.ഡി.സതീശനെയും രമേശ് ചെന്നിത്തലയേയും സണ്ണി ജോസഫിനെയും ഡൽഹിക്ക് വിളിപ്പിച്ചു. നിലവിൽ കെ.സി.വേണുഗോപാൽ ഡൽഹിയിൽ തുടരുകയാണ്. ശനിയാഴ്ച നാലുനേതാക്കളെയും ഒരുമിച്ചിരുത്തി ചർച്ച നടത്തും.
ഞായറാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതിനിടെ എഐസിസി നിരീക്ഷകർക്ക് എംഎൽഎമാർ നൽകിയ നിർദേശങ്ങളെന്ന തരത്തിൽ പുറത്തുവന്ന ചിത്രം ശരിയല്ലെന്ന് മുകുൾ വാസ്നിക് പറഞ്ഞു. 63 കോൺഗ്രസ് സാമാജികരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ കെ.സി.വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നുണ്ട്.
ഇത് ശരിവെക്കുന്നതാണ് പുറത്തുവന്ന ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈവശമുള്ള പട്ടിക. 45ലേറെ പേരുടെ പിന്തുണ കെ.സി പക്ഷവും 35 ലേറെ എംഎൽഎമാരുടെ പിന്തുണ സതീശൻ പക്ഷവും അവകാശപ്പെടുന്നുണ്ട്. 23 എംഎൽഎമാരുടെ പിന്തുണയാണ് രമേശ് ചെന്നിത്തല പക്ഷം അവകാശപ്പെട്ടിരിക്കുന്നത്.
Tags : cm discussion leaders congress delhi