National
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരവെ ടിവികെയെ വെട്ടിലാക്കി മലക്കം മറിഞ്ഞ് എഎംഎംകെ പാർട്ടിയുടെ എംഎൽഎയായ കാമരാജ്. ടിവികെയെ പിന്തുണയ്ക്കുന്ന കത്തിൽ കാമരാജ് ഒപ്പുവയ്ക്കുന്ന വീഡിയോ ടിവികെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ, വീഡിയോയിൽ കാണുന്ന ആൾ താൻ അല്ലെന്നാണ് ഇപ്പോൾ കാമരാജ് പറയുന്നത്. ടിവികെയെ പിന്തുണച്ചുള്ള കത്തിൽ ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വ്യാജരേഖ ചമച്ചെന്ന കേസിൽ വിജയ്ക്കെതിരെ അന്വേഷണം വേണമെന്ന് എഎംഎംകെ അധ്യക്ഷൻ ടി.ടി.വി. ദിനകരൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഗവർണറോടും ടി.ടി.വി. ദിനകരൻ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
കാമരാജിന്റെ പിന്തുണയുണ്ടെന്ന വ്യാജരേഖ ടിവികെ തയാറാക്കിയെന്ന് ടി.ടി.വി. ദിനകരൻ ഗവർണറെ കണ്ടു പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ടിവികെ ഇന്നു രാവിലെ ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു.
ടി.ടി.വി. ദിനകരനാണ് തങ്ങൾക്കെതിരെ വ്യാജം പ്രചരിപ്പിക്കുന്നതെന്നും എഎംഎംകെയുടെ എംഎൽഎ കാമരാജ് തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതായും ടിവികെ അറിയിച്ചു. കാറിന്റെ മുൻസീറ്റിൽ ഇരുന്നു കാമരാജ് പിന്തുണക്കത്ത് എഴുതി നൽകുന്ന ദൃശ്യങ്ങളും ടിവികെ തെളിവായി പുറത്തുവിട്ടിരുന്നു. ഇതോടെയാണ് ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന വാദവുമായി കാമരാജ് രംഗത്തുവന്നത്.
തമിഴ്നാട്ടിൽ ടിവികെയുടെ സർക്കാർ രൂപീകരണം സംബന്ധിച്ച സസ്പെൻസ് നീളുകയാണ്. സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് കക്ഷികളുടെ പിന്തുണ ലഭിച്ചിട്ടും വിജയ്ക്ക് ഇതേവരെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല.
Leader Page
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നാലു രാജ്യങ്ങളിലായി പതിനൊന്നു ദിവസം നീണ്ട ലെയോ പതിനാലാമൻ മാർപാപ്പയുടെ അജപാലനയാത്ര ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ സുവ്യക്തമായ വാക്കുകൾകൊണ്ടാണ്. രാഷ്ട്രീയ നേതാക്കൾക്കുള്ള കൃത്യമായ സന്ദേശമാണ് അദ്ദേഹം നല്‍കിയത്. കർക്കശമായ വിമർശനം ഉന്നയിച്ച്, അഴിമതിക്കാരും ഏകാധിപതികളുമായ രാഷ്ട്രനേതാക്കന്മാരുടെ അധികാര ഗർവിനെയും ജനാധിപത്യ ധ്വംസനത്തെയും അദ്ദേഹം ചോദ്യംചെയ്തു.
മാർപാപ്പമാരുടെ സന്ദർശനങ്ങളിൽ പാലിച്ചുപോരുന്ന പൊതുവായ ഒരു ക്രമമുണ്ട്. വിമാനത്താവളത്തിൽതന്നെ ഒരു സ്വീകരണച്ചടങ്ങുണ്ടാകും. തുടർന്ന് ഭരണത്തലവന്റെ ആസ്ഥാനത്തുവച്ച് ചെറിയൊരു കൂടിക്കാഴ്ച. അതിൽ മറ്റാരുംതന്നെ പങ്കെടുക്കാറില്ല. ആതിഥേയന് തന്റെ സ്വീകാര്യതയും ഒപ്പം രാജ്യത്തിന്റെ ഊഷ്മളതയും പ്രകടിപ്പിക്കാനുള്ള അവസരമാണിത്. ഇപ്രാവശ്യം മാർപാപ്പ നാലു രാജ്യങ്ങളാണു സന്ദർശിച്ചത്. ആദ്യ കൂടിക്കാഴ്ചയ്ക്കുശേഷം മാർപാപ്പ നടത്തിയ പ്രസംഗങ്ങളിൽ അവിടങ്ങളിലെ ഭരണാധികാരികൾക്ക് അഹിതമായ കാര്യങ്ങളും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.
അൾജീരിയയിൽവച്ച് അദ്ദേഹം പറഞ്ഞത്, ഭരണാധികാരികൾ ജനങ്ങളുടെമേൽ അധികാരം പ്രയോഗിക്കാനല്ല, പകരം പൗരസഞ്ചയത്തിന്റെ സമഗ്ര വികസനത്തിനായി അധികാരം വിനിയോഗിക്കാനാണ് ശ്രമിക്കേണ്ടത് എന്നാണ്. കാമറൂണിൽ അദ്ദേഹം ഊന്നിപ്പറഞ്ഞത് അഴിമതി അവസാനിപ്പിക്കണം എന്ന കാര്യമാണ്. നീതിയും സമാധാനവും നടപ്പാകണമെങ്കിൽ അഴിമതിയുടെ ചങ്ങലകൾ പൊട്ടിച്ചെറിയണം. രാഷ്ട്രീയാധികാരികളെക്കുറിച്ച് പൗരജനങ്ങൾ നിരാശരായിത്തീരുന്ന അന്തരീക്ഷം. ലാഭക്കൊതി ഒരു വിഗ്രഹാരാധനയായി മാറിയതുപോലെ.
അംഗോളയും ഇക്വറ്റോറിയൽ ഗിനിയയുമാണ് മാർപാപ്പ പിന്നീട് സന്ദർശിച്ചത്. ഈ നാലു രാജ്യങ്ങളും നിരവധി ധാതുക്കളാൽ സന്പന്നമാണ്. മാത്രമല്ല, എണ്ണ, പ്രകൃതിവാതകം, രത്നങ്ങൾ, അപൂർവ ധാതുക്കൾ തുടങ്ങിയവയുമുണ്ട്. എന്നാൽ, രാജ്യത്തെ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ട വരുമാനം രാഷ്ട്രീയാധികാരികളും അവരുടെ സിൽബന്ധികളും പങ്കിട്ടെടുക്കുന്നു. ബഹുഭൂരിപക്ഷം ജനങ്ങളും ദരിദ്രരായി തുടരുന്നു.
ട്രംപുമായുള്ള തർക്കം
യുദ്ധാവസാനത്തിനും സമാധാനസ്ഥാപനത്തിനുമായി മാർപാപ്പ യാത്രാരംഭത്തിൽതന്നെ നടത്തിയ ആഹ്വാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഹാസപൂർവം തള്ളിക്കളഞ്ഞത് ലോകം മുഴുവൻ കണ്ടതാണ്. ട്രംപ് ഭരണകൂടത്തെ താൻ ഭയക്കുന്നില്ലെന്നു പറഞ്ഞ മാർപാപ്പ, സുവിശേഷത്തിന്റെ സന്ദേശം ഉച്ചത്തിൽ പ്രഘോഷിക്കാൻ തനിക്കു ഭയമില്ലെന്നും പ്രസ്താവിച്ചു. ആഫ്രിക്കയിലെ ഏകാധിപതികളായ ഭരണാധികാരികൾക്ക് മാർപാപ്പ പറഞ്ഞ അപ്രിയ സത്യങ്ങൾ അഹിതകരമായിരുന്നതുപോലെതന്നെ ട്രംപിനും ഇഷ്ടപ്പെടാത്ത പ്രസ്താവന. എന്നാൽ, ലോക രാഷ്ട്രീയ ചിന്താലോകത്ത് മാർപാപ്പയുടെ പ്രസ്താവനകൾ അനുരണനങ്ങൾ സൃഷ്ടിച്ചു.
സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ
ലോകസമാധാനത്തിനുവേണ്ടിയുള്ള ശക്തമായ ആഹ്വാനമാണ് ലെയോ മാർപാപ്പ ആവർത്തിച്ചു നടത്തിയത്. ലോകത്തെ നശിപ്പിക്കുന്ന ‘ഏതാനും ഏകാധിപതികളെ’ക്കുറിച്ച് കാമറൂണിൽവച്ചു മാർപാപ്പ ശബ്ദമുയർത്തി. ഫ്രാൻസിസ് മാർപാപ്പയെപ്പോലെ സമൂഹത്തിലെ ദരിദ്രരും ദുർബലരും അരികുവത്കരിക്കപ്പെട്ടവരുമായി അദ്ദേഹവും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. “സമാധാനം നിങ്ങളോടുകൂടെ’’എന്ന ആശംസയോടെയാണല്ലോ ലെയോ മാർപാപ്പ തന്റെ ആചാര്യ ശുശ്രൂഷ ആരംഭിച്ചതും. അത് സെന്റ് പീറ്റേഴ്സിന്റെ മട്ടുപ്പാവിൽനിന്നുള്ള ആശംസയായിരുന്നെങ്കിൽ വിശാല ലോകത്തിന്റെ വിവിധ നഗരങ്ങളിൽനിന്നായിരുന്നു ഈ തുടർ പ്രസ്താവനകൾ.
ആഫ്രിക്കൻ യാത്ര കഴിഞ്ഞു മടങ്ങുംവഴി വിമാനത്തിൽവച്ച് മാധ്യമപ്രവർത്തകരോടു സംസാരിച്ചപ്പോൾ കുടിയേറ്റത്തെപ്പറ്റി ലെയോ മാർപാപ്പ പറഞ്ഞ കാര്യങ്ങളും ലോകശ്രദ്ധ നേടി. ഓരോ രാജ്യത്തിനും അതിന്റെ അതിർത്തികൾ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ബാധ്യതയുണ്ടെന്ന് മാർപാപ്പ പ്രസ്താവിച്ചു. അനിയന്ത്രിതമായ കുടിയേറ്റം ഒരു രാജ്യത്തിനും താങ്ങാനാവില്ല. എന്നാൽ, കുടിയേറുന്നവരുടെ മനുഷ്യാവകാശങ്ങളും മാന്യതയും എല്ലായ്പോഴും സംരക്ഷിക്കപ്പെടണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്തു.
മതസൗഹാർദം
ഇസ്ലാം ഭൂരിപക്ഷ രാജ്യമായ അൾജീരിയയിൽ ഇസ്ലാം - ക്രൈസ്തവ സഹവർത്തിത്വം ലെയോ മാർപാപ്പ പരാമർശിക്കുകയുണ്ടായി. അൾജിയേഴ്സിലെ വലിയ മോസ്ക് മാർപാപ്പ സന്ദർശിച്ചു. “നമ്മുടെ മതങ്ങളും വിശ്വാസവുമൊക്കെ വ്യത്യസ്തമാണെങ്കിലും നമുക്കു സമാധാനത്തിൽ ജീവിക്കാം’’ എന്ന സന്ദേശമാണ് തന്റെ സന്ദർശനം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ അഗസ്റ്റിനുമായി ബന്ധപ്പെട്ട അന്നാബയിലെ (ഹിപ്പോ) പ്രാചീന സ്മാരകങ്ങൾ മാർപാപ്പ സന്ദർശിച്ചു. ക്രൈസ്തവരോടൊപ്പം നിരവധി മുസ്ലിംകളും തീർഥാടനം നടത്തുന്ന സ്ഥലങ്ങളാണിവ. കാമറൂണിലെ വിഘടനവാദികൾ ഭീഷണി ഉയർത്തുന്ന ബമേന്ദ പട്ടണത്തിൽ ലെയോ മാർപാപ്പ നടത്തിയ ‘സമാധാന സമ്മേളനം’ ശ്രദ്ധേയമായിരുന്നു. ലോകമെങ്ങും യുദ്ധവും അശാന്തിയും വിതയ്ക്കുന്ന ഒരുപിടി ഏകാധിപതികളുടെ അതിക്രമങ്ങൾക്കെതിരേ മാർപാപ്പ ശബ്ദമുയർത്തി. കാമറൂണിന്റെ 93 കാരനായ പ്രസിഡന്റ് പോൾ ബിയായെ സന്ദർശിച്ച മാർപാപ്പ അഴിമതിയുടെ ശൃംഖല പൊട്ടിച്ചെറിയാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. അതുപോലെ സംശുദ്ധമായ നേതൃനിര ഉണ്ടാകണമെന്നും. എണ്ണ, പ്രകൃതിവാതകം, ഇരുന്പ് - സ്വർണ - രത്നനിക്ഷേപങ്ങൾ, അപൂർവലോഹങ്ങൾ എന്നിവ ധാരാളമുള്ള രാജ്യമാണെങ്കിലും അതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നത് വിദേശ കന്പനികൾക്കും നേതാക്കളുടെ സിൽബന്തികൾക്കുമാണ്.
അടിമത്തത്തിന്റെ ചരിത്രം പേറുന്ന അംഗോളയിൽ 58 ശതമാനം ജനങ്ങളും കത്തോലിക്കരാണ്. മാർപാപ്പ അംഗോളയിലെ പ്രധാന മരിയൻ തീർഥാടനകേന്ദ്രമായ മാമ മക്സിമ സന്ദർശിച്ചു പ്രാർഥിച്ചു. 27 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ കെടുതികൾ ഇനിയും രാജ്യത്തുനിന്നു മാറിയിട്ടില്ല. നിക്ഷിപ്ത താത്പര്യങ്ങളിൽനിന്ന് രാഷ്ട്രനേതാക്കൾ സ്വതന്ത്രരാകണമെന്ന് മാർപാപ്പ ഉപദേശിച്ചു. സമൃദ്ധമായ എണ്ണ-ധാതുനിക്ഷേപമുള്ള രാജ്യത്തിൽ ഇപ്പോഴും അനവധി പേർ കൊടിയ ദാരിദ്ര്യത്തിലാണ്. ഇക്വറ്റോറിയൽ ഗിനിയയും ഒരു കത്തോലിക്കാ രാജ്യമാണ്. എന്നാൽ, 1982 മുതൽ പ്രസിഡന്റായി പ്രവർത്തിക്കുന്ന തെയ്ദോറോ ബസാഗോയുടെ ഭരണത്തിൽ അഴിമതി കൊടികുത്തി വാഴുകയാണ്. രാഷ്ട്രീയ എതിരാളികളും മാധ്യമ പ്രവർത്തകരും വിമർശകരുമൊക്കെ തടവിലാക്കപ്പെടുന്നു. എണ്ണ സമൃദ്ധമാണെങ്കിലും ദാരിദ്ര്യവും പട്ടിണിയുമാണ് പൗരന്മാരുടെ ഓഹരി. അധികാരക്കൊതിയും പണക്കൊതിയും രാജ്യത്തെ കോളനിവത്കരിച്ചിരിക്കുകയാണ്. ഒരു മാനസികാരോഗാശുപത്രിയും ജയിലും മാർപാപ്പ സന്ദർശിക്കുകയുണ്ടായി.
ശുഭപ്രതീക്ഷ
നാലു രാജ്യങ്ങളിലായി ലെയോ മാർപാപ്പ നടത്തിയ യാത്ര അജപാലന ദൗത്യത്തോടൊപ്പം സുവിശേഷ പ്രഘോഷണവും ഉൾച്ചേരുന്നതായിരുന്നു. സമാധാനവും നീതിയും ഓർമിപ്പിക്കാനും പ്രത്യാശ പങ്കുവയ്ക്കാനും അദ്ദേഹം ശ്രദ്ധിച്ചു. നിർഭയം സുവിശേഷം പ്രസംഗിക്കാനുള്ള തന്റെ ദൃഢനിശ്ചയവും അദ്ദേഹം പ്രഖ്യാപിച്ചു. ലൗകികാധികാരവും ധാർമികശക്തിയും തമ്മിലുള്ള ഏറ്റുമുട്ടൽ പോലെയാണ് ട്രംപിന്റെ പ്രസ്താവനയും മാർപാപ്പയുടെ പ്രതികരണവും മാധ്യമങ്ങൾ പങ്കുവച്ചത്. ധാർമികതയുടെമേൽ അധികാരത്തിനോ ആയുധങ്ങൾക്കോ മേൽക്കൈ നേടാനാകില്ല എന്ന പാഠമാണ് മാർപാപ്പ പഠിപ്പിച്ചത്. തന്റെ പ്രസ്താവനകൾക്ക് രാഷ്ട്രീയമാനമില്ലെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കുകയുണ്ടായി. “നേതാക്കൾ വിഭജിക്കുകയല്ല, പാലങ്ങൾ പണിയുകയാണു വേണ്ടത്’’ എന്ന് മാർപാപ്പ പറഞ്ഞതിന് വ്യാഖ്യാനം ആവശ്യമില്ല. “തങ്ങൾ സുരക്ഷിതരാണെന്നും കേൾക്കപ്പെടുന്നുണ്ടെന്നും മാനിക്കപ്പെടുന്നുണ്ടെന്നും ആളുകൾക്ക് അനുഭവപ്പെടണം. മാത്രമല്ല, അധികാരം കൈയാളുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളെ നിയമം നിയന്ത്രിക്കുകയും വേണം. അപ്പോഴാണ് യഥാർഥ സമാധാനം ഉണ്ടാകുന്നത്’’- മാർപാപ്പ പറഞ്ഞു. ലോകത്തിന് ഏറ്റവും ആവശ്യമായ ശുഭപ്രതീക്ഷ പ്രദാനം ചെയ്യാൻ മാർപാപ്പയുടെ ആഫ്രിക്കൻ പര്യടനം സഹായിച്ചു എന്നതിൽ സംശയമില്ല.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കേ മുഖ്യമന്ത്രി പിണറായി വിജയനോട് 10 ചോദ്യങ്ങളുമായി കെ.സി. വേണുഗോപാല്‍ എംപി. ചോദ്യങ്ങള്‍ അടങ്ങുന്ന കത്ത് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്ക് അയച്ചു.
ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജന്‍ഡ എന്തായിരുന്നു എന്നതാണ് ആദ്യ ചോദ്യം.
ഡല്‍ഹിയില്‍ കേരള ഹൗസില്‍ ഇതേ പോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുഖ്യമന്ത്രി പ്രഭാത ഭക്ഷണ വിരുന്നു നല്‍കിയത് എന്തു ‘ഡീല്‍’ ഉറപ്പിക്കാനായിരുന്നുവെന്നും വേണുഗോപാല്‍ ചോദിക്കുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
പക്ഷേ, ഡല്‍ഹിക്കു പുറത്ത് മുഖ്യമന്ത്രി ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കില്‍ അത് ഡീലിന്റെ ഭാഗം ആയിരുന്നോ എന്നും കത്തില്‍ ചോദിക്കുന്നു.
പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിനെതിരേ സിപിഐയുടെയും അവരുടെ മന്ത്രിമാരുടെയും പരസ്യ എതിര്‍പ്പിനെ മറികടന്ന് ബിജെപിയുമായി ധാരണയിലെത്തി കരാറില്‍ ഏര്‍പ്പെട്ടത് എന്തു ഡീല്‍ ആണെന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍കോഡ് വിഷയത്തിലും എല്‍ഡിഎഫിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ അതീവരഹസ്യമായി ലേബര്‍ കോഡിനു ചട്ടങ്ങള്‍ രൂപീകരിക്കുകയും നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തത് ആരെ പേടിച്ചാണെന്നും കത്തില്‍ ചോദിക്കുന്നു.
മുഖ്യമന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുന്നതായി പറഞ്ഞുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ കത്ത് അവസാനിപ്പിക്കുന്നത്.
സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രളയമുണ്ടാക്കാന്‍ വേണ്ടി അണക്കെട്ടുകള്‍ അടച്ചിട്ടുവെന്നാണ് മന്ത്രിയുടെ ശബ്ദരേഖ. ഇതുകേട്ട് താന്‍ ഞെട്ടിത്തരിച്ചുപോയി. കേരളത്തെ കൃത്രിമ പ്രളയത്തിലേക്ക് വലിച്ചിഴച്ചവര്‍ അതിനു സമാധാനം പറയേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് കേരളത്തിലെ സാമൂഹികജീവിതം കലുഷിതമാക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് സിപിഎം കൂട്ടുനില്‍ക്കുകയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാന അധ്യക്ഷനും സിപിഎം പോളിറ്റ്ബ്യൂറോ അംഗവും കേരളത്തില്‍ നടത്തിയ ഒരേ സ്വഭാവമുള്ള വര്‍ഗീയ പ്രസ്താവന അതിന് തെളിവാണ്. രണ്ട് പ്രസ്താവനയും ഒരേ കേന്ദ്രത്തില്‍ തയാറാക്കിയതാണ്. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ഇതോടെ കൂടുതല്‍ വ്യക്തമായി.
വടക്കേ ഇന്ത്യയില്‍ ബിജെപി പരീക്ഷിച്ച് വിജയിച്ച വിഭജന തന്ത്രത്തിന് കേരളത്തില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ കൂട്ടുനില്‍ക്കുന്നത് അപകടകരമാണ്. കേരളത്തെ മോശമായി ചിത്രീകരിച്ച ‘കേരള സ്റ്റോറി’ എന്ന സിനിമ കാണാന്‍ കൂട്ടാക്കാതെ തിരസ്കരിച്ചവരാണ് കേരള ജനത. കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്നു നടത്തുന്ന നീക്കങ്ങള്‍ക്കു കേരളം ഈ തെരഞ്ഞെടുപ്പില്‍ കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ കണ്ടെത്തിയ സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിലുണ്ടായിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ അടക്കം രണ്ടു പേർക്കെതിരേകൂടി നടപടി.
ഡെപ്യൂട്ടി സിഇഒയായ മിഷൽ സാഗർ ഭരത്, സെക്ഷൻ ഓഫീസർ എന്നിവർക്കെതിരേയാണ് നടപടി. ഇരുവരെയും ഉത്തരവാദിത്വങ്ങളിൽ നിന്ന് വിടുതൽ ചെയ്ത് ജോലി ചെയ്തിരുന്ന മാതൃ ഓഫീസുകളിലേക്കു മടക്കി അയയ്ക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉത്തരവിട്ടു.
ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്യുന്നതിൽ ഇരുവർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു നേരത്തെ ഒരു അസിസ്റ്റന്റ് സെക്ഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തിരുന്നു.
രാഷ്ട്രീയപാർട്ടികൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നയച്ച കത്തിൽ ബിജെപിയുടെ സീൽ കണ്ടെത്തിയ സംഭവത്തിലാണ് കൂടുതൽ നടപടി .
സംഭവത്തിൽ 48 മണിക്കൂറിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ സിഇഒ പി.ബി.നൂഹിനെ ചുമതലപ്പെടുത്തിയിരുന്നു. നൂഹ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് ഡെപ്യൂട്ടി സിഇഒ, സെക്ഷൻ ഓഫീസർ എന്നിവരെ മടക്കി അയച്ചത്.
Kerala
തിരുവനന്തപുരം : തെരഞ്ഞെടുപ്പു കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞതു സാങ്കേതികമായ ക്ലറിക്കൽ പിശകു മാത്രമാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ.
ബിജെപി നൽകിയ കത്ത് അശ്രദ്ധമൂലം മറ്റു പാർട്ടികൾക്കും അയച്ചു കൊടുത്തു. കഴിഞ്ഞ ശനിയാഴ്ച ഈ പിശക് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ആ നിർദേശം പിൻവലിച്ച് എല്ലാ പാർട്ടികൾക്കും ജില്ലാ കളക്ടർമാർക്കും അറിയിപ്പ് നൽകിയെന്നും തെരഞ്ഞെടുപ്പു ഓഫീസർ പറഞ്ഞു.
ബിജെപി കേരള ഘടകം, സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് 2019 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തെ സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ട് സിഇഓ ഓഫീസില്‍ എത്തിയിരുന്നു. വിശദീകരണം ആവശ്യപ്പെട്ട അപേക്ഷയോടൊപ്പം സമര്‍പ്പിച്ച 2019 ലെ കത്തിന്റെ പകര്‍പ്പില്‍ ആണ് പാര്‍ട്ടി സീല്‍ ഉണ്ടായിരുന്നത്.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നു സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയിലെ സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട്ആറ് ഘടക കഷികള്‍ ചെയര്മാന് രാജീവ് ചന്ദ്രശേഖറിന് കത്ത് നല്കി. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്, കേരള കാമരാജ് കോണ്‍ഗ്രസ്, ശിവസേന, സോഷ്യലിസ്റ്റ് ജനതാദള്‍, നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി, ലോക ജനശക്തി പാര്‍ട്ടി എന്നിവരാണ് രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കിയത്.
കഴിഞ്ഞ എന്‍ഡിഎ യോഗത്തില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഘടകകക്ഷി ചര്‍ച്ചകള്‍ ചെയര്‍മാന്റെ സാന്നിധ്യത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുണ്ടാവും എന്ന് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍, ഫെബ്രുവരി 15 ന് നടന്ന ഉഭയ കക്ഷി ചര്‍ച്ചയില്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യം ഉണ്ടായില്ല. നാളിതുവരെ ഒരു തീരുമാനമോ തുടര്‍നടപടിയോ ഉണ്ടായില്ല.
മുന്നണിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ഉഭയ കക്ഷി ചര്‍ച്ച നടത്തി അടിയന്തരമായി തീരുമാനം ഉണ്ടാകേണ്ടതാണ്. എന്‍ഡിഎയുടെ കെട്ടുറപ്പിന് ഇത് അത്യന്താപേക്ഷിതമാണ്. ഇതിനായി എത്രയും വേഗം സമയം നിശ്ചയിച്ച് നല്‍കണമെന്ന ആവശ്യമാണ് ഘടകകക്ഷികള്‍ മുന്നോട്ട് വയ്ക്കുന്നത്.
National
ന്യൂഡൽഹി∙ ദേശീയ തലസ്ഥാനമായ ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കി മാറ്റണമെന്ന് ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ . ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പ്രവീൺ ഖണ്ഡേവാൽ കത്ത് അയച്ചിട്ടുണ്ട്.
നമ്മുടെ പാരമ്പര്യത്തിലേക്കു തിരിച്ചുപോകണമെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. മഹാഭാരതത്തിൽ പാണ്ഡവരുടെ തലസ്ഥാനമായിരുന്നു ഇന്ദ്രപ്രസ്ഥ. പാണ്ഡവരുടെ പ്രതിമകൾ തലസ്ഥാനത്ത് സ്ഥാപിക്കണമെന്നും ഖണ്ഡേവാൽ ആവശ്യപ്പെട്ടു. രണ്ടാഴ്ച മുൻപ് വിശ്വ ഹിന്ദു പരിഷതും (വിഎച്ച്പി) ഇതേ ആവശ്യം ഉന്നയിച്ച് ഡൽഹി സാംസ്കാരിക മന്ത്രി കപിൽ മിശ്രയ്ക്ക് കത്ത് അയച്ചിരുന്നു.
ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്നു മാത്രമല്ല, ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം എന്നാക്കണം, ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസ്ഥ റെയിൽവേ സ്റ്റേഷൻ എന്നു മാറ്റണം, ഷാജഹാൻബാദ് ഡെവലപ്മെന്റ് ബോർഡ് ഇന്ദ്രപ്രസ്ഥ ഡെവലപ്മെന്റ് ബോർഡ് എന്നാക്കി പേരുമാറ്റണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ടിപി കേസ് പ്രതികൾക്കായി അസാധാരണ നീക്കവുമായി സർക്കാർ. ടിപി കേസ് പ്രതികളെ വിടുതൽ ചെയ്താൽ ആഭ്യന്തര സുരക്ഷാ പ്രശ്നമുണ്ടാകുമോ എന്ന് ചോദിച്ച് ജയിൽ സൂപ്രണ്ടുമാർക്ക് ജയിൽ മേധാവി കത്തയച്ചു.
കത്തിൽ പരോൾ എന്നോ വിട്ടയയ്ക്കൽ എന്നോ വ്യക്തമാക്കാതെ "വിടുതൽ' എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും വിയ്യൂർ ജയിൽ സൂപ്രണ്ടിനുമാണ് കത്തയച്ചിട്ടുള്ളത്.
അതേസമയം, ഇക്കാര്യത്തിൽ വിശദീകരണവുമായി ജയിൽ എഡിജിപി ബൽറാംകുമാര്‍ ഉപധ്യായ രംഗത്തെത്തി. പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്നാണ് എഡിജിപി വ്യക്തമാക്കുന്നത്. മഹി ഇരട്ടക്കൊല കേസിലും ടിപി വധക്കസിലെ മുഖ്യപ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവവർ ഉള്‍പ്പെട്ടിരുന്നു.
മാഹി ഇരട്ടക്കൊലക്കേസിൽ ടിപി കൊലക്കേസിലെ പ്രതികളെയടക്കം കോടതി വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ച് കത്ത് അയച്ചതെന്നാണ് വിശദീകരണം.
മാഹി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നൽകിയാൽ സുരക്ഷാ പ്രശ്നമുണ്ടോയെന്നാണ് കത്തിൽ ഉദ്ദേശിച്ചതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
എന്നാൽ, സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി കെ.കെ. രമ എംഎൽഎ രംഗത്തെത്തി. പ്രതികളെ വിട്ടയക്കണമെങ്കിൽ സുപ്രീംകോടതിയിൽ പോയി അപ്പീൽ വാങ്ങണമെന്ന് കെ.കെ. രമ പറഞ്ഞു.
20വര്‍ഷത്തേക്ക് ടിപി കേസ് പ്രതികളെ വിട്ടയക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവുള്ളത്. എന്നാൽ, പലപ്പോഴായി പരോള്‍ അടക്കം നൽകി അവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും ഇതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും കെ.കെ. രമ ആരോപിച്ചു.
District News
കൊച്ചി : ‘100 ഗീതകങ്ങള്‍ എഴുതി ഒരു പുസ്തകമാക്കണമെന്നായിരുന്നു ഉദ്ദേശം. 22 പദ്യങ്ങളെ എഴുതിയുള്ളൂ. ഗീതാഗോവിന്ദ പരിഭാഷയ്ക്ക് ഒരുമ്പെട്ടതിനാല്‍ ഈ കൃതി തരാന്‍ സാധിച്ചില്ല'. 1931 മേയ് എട്ടിന് ചങ്ങമ്പുഴ ഒരു പ്രസാദകന് എഴുതിയ കത്താണ് ഇത്.
കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ തമ്മനം നളന്ദ പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരുക്കിയ കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടേത് അടക്കം തെരഞ്ഞെടുക്കപ്പെട്ട 75 പ്രശസ്ത വ്യക്തികളുടെ കത്തുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി.
ശ്രീനാരായണ ഗുരു, ഇ.എം.എസ്. നമ്പൂതിരിപ്പാട്, വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപ്പിള്ള തുടങ്ങി നിരവധി വ്യക്തികളുടെ കത്തുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
ജില്ലയിലെ വിവിധ സ്കൂളുകളില്‍ നടത്തുന്ന പ്രദര്‍ശനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉമാ തോമസ് എംഎല്‍എ നിര്‍വഹിച്ചു. വിചാര്‍വിഭാഗ് ജില്ലാ ചെയര്മാന് ഷൈജു കേളന്തറ അധ്യക്ഷത വഹിച്ച യോഗത്തില്‍ നളന്ദ പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജലക്ഷ്മി ശിവരാമന്, കെ. ജി. ബാലന്, എസ്. വീണദേവി, ജോണ്സണ് ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു.
മുന്‍ കെഎസ്ഇബി ജീവനക്കാരന് വി.ഡി. ഷജില്‍ ശേഖരിച്ച കത്തുകളായിരുന്നു പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.