Kerala
തിരുവനന്തപുരം: സിപിഎം-എസ്ഡിപിഐ ബന്ധം എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ആരോപണം കനഗോലു ക്യാപ്സൂൾ മാത്രമാണെന്നും ബേബി പരിഹസിച്ചു.
ആദ്യം പറഞ്ഞത് സിപിഎം - ബിജെപി ഡീൽ എന്നാണ്. എസ്ഡിപിഐയോട് വർഗീയ നിലപാട് തിരുത്തണമെന്നാണ് പറയാനുള്ളതെന്നും ബേബി പറഞ്ഞു. എസ്ഡിപിഐ പിന്തുണയ്ക്കും എന്ന് പറയുന്നത് അവരുടെ അനുഭവത്തിൽ നിന്നുള്ള പ്രതികരണമാണെന്നും ബേബി കൂട്ടിച്ചേർത്തു.
സിപിഎം വർഗീയ ശക്തികളോട് ചർച്ച നടത്താറില്ല. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. പിന്തുണ പ്രഖ്യാപിച്ചാൽ പോളിംഗ് ബൂത്തിൽ പോയി വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോ എന്നും ബേബി പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഗൃഹസന്ദർശന പരിപാടിക്കിടെ ഭക്ഷണം കഴിച്ച പാത്രം കഴുകിവച്ച ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
എം.എ. ബേബിയെ പരിഹസിക്കുന്നവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് വെളിച്ചത്തുവരുന്നതെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
ഡൽഹിയിലെ എകെജി ഭവനിലായാലും തിരുവനന്തപുരത്തെ എകെജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവയ്ക്കുക എന്നത് തങ്ങളുടെ രീതിയും ശീലവുമാണെന്ന് ശിവൻകുട്ടി വിശദീകരിച്ചു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സി.പി.ഐ (എം) ജനറൽ സെക്രട്ടറി സഖാവ് എം.എ ബേബിയെ പരിഹസിച്ചുകൊണ്ട് ചില കോണുകളിൽ നിന്ന് ഉയരുന്ന ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. ആ പരിഹാസത്തിന് പിന്നിലുള്ളവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. ഡൽഹിയിലെ എ.കെ.ജി ഭവനിലായാലും തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും, ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് ഞങ്ങളുടെ രീതിയും ശീലവുമാണ്.
ബേബി സഖാവിനെ അടുത്തറിയുന്നവർക്ക്, അദ്ദേഹം എവിടെയായിരുന്നാലും സ്വന്തം പാത്രം കഴുകി വെക്കുന്ന ശീലം പണ്ടേയുള്ളതാണെന്നും, പാത്രം കഴുകുക മാത്രമല്ല നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാമെന്നും വ്യക്തമായി അറിയാം.
തുണികഴുകൽ, പാചകം, വീട് വൃത്തിയാക്കൽ, കക്കൂസ് കഴുകൽ തുടങ്ങിയ ജോലികൾ 'മോശപ്പെട്ട' പണികളാണെന്നും, അവയൊക്കെ സ്ത്രീകളോ അല്ലെങ്കിൽ സമൂഹത്തിലെ താഴെക്കിടയിലുള്ളവർ എന്ന് ഒരു വിഭാഗത്താൽ വിളിക്കപ്പെടുന്നവരോ മാത്രം ചെയ്യേണ്ടതാണെന്നും കരുതുന്നവർ ഇന്നും നമുക്കിടയിലുണ്ട്.
പുരുഷന്മാർ ഇതൊന്നും ചെയ്യാൻ പാടില്ലെന്നുള്ള പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽ പേറുന്നവർക്ക്, ഒരാൾ സ്വന്തം പാത്രം കഴുകുന്നത് കാണുമ്പോൾ അസ്വസ്ഥത ഉണ്ടായേക്കാം. ഏതൊരു തൊഴിലിനും അന്തസ്സുണ്ടെന്നും, സ്വന്തം കാര്യം നോക്കുന്നത് ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയാനുള്ള പക്വത ഇക്കൂട്ടർക്ക് ഇല്ലാതെ പോയി.
ഈ അവസരത്തിൽ എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോട് ഒരുകാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് ഒരിക്കലും കുറച്ചിലല്ല, മറിച്ച് അതൊരു വലിയ ഗുണമാണ്. പഠനത്തോടൊപ്പം തന്നെ വീട്ടിലെ ചെറിയ ജോലികൾ ചെയ്യാനും, ആൺകുട്ടികൾ പാചകവും പാത്രം കഴുകലും അടക്കമുള്ള കാര്യങ്ങൾ ശീലിക്കുന്നതും നല്ല സംസ്കാരത്തിന്റെ ഭാഗമാണ്.
തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞ്, ലിംഗഭേദമില്ലാതെ എല്ലാ ജോലികളും ചെയ്യാൻ മടിയില്ലാത്ത ഒരു പുതിയ തലമുറയായി നിങ്ങൾ വളർന്നുവരണം. ജീർണ്ണിച്ച ചിന്താഗതികളെ അവഗണിച്ചുകൊണ്ട്, അധ്വാനത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ എൽഡിഎഫിനെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ടേം ഇളവ് ചര്‍ച്ചയായിട്ടില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.
വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ വിളിച്ചു പറയാൻ ഒരു ഉളുപ്പുമില്ലാത്ത നേതാക്കളാണ് കേരളത്തിലെ കോൺഗ്രസിലുള്ളത്. മൃദു ഹിന്ദുത്വ സമീപനമാണ് കേരളത്തിലെ ഇടത് സർക്കാരിനുള്ളത് എന്ന തോന്നൽ വരുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്നും എം.എ. ബേബി ആരോപിച്ചു.
സിപിഎമ്മിന് കേരളത്തിൽ മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നത് ആസൂത്രിതമാണ്. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ദൃഢഹിന്ദുത്വമാണെന്നും സിപിഎം ജനറൽ സെക്രട്ടറി ആരോപിച്ചു. മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാണെന്നും ബേബി പറഞ്ഞു.
ഹിന്ദുത്വ വർഗീയ സംഘങ്ങളാണ് ആക്രമണങ്ങൾക്ക് പിന്നിൽ. ബിജെപി സര്‍ക്കാരുകളുടെ നിഷ്ക്രിയത്വമാണ് ഇതിന് കാരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപിക്കാൻ കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യം ഒന്നിച്ചു നിന്നെന്നും എം.എ.ബേബി ആരോപിച്ചു.
10 വർഷം കേരളത്തിൽ വർഗീയ സംഘർഷം നടന്നിട്ടില്ലെന്നതിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിന് മാത്രമാണ്. നവോഥാന നായകന്മാരുടെ അടക്കം പ്രവർത്തനങ്ങളുടെ ഫലമാണിത്. മൂന്നാം വട്ടവും എൽഡിഎഫ് സർക്കാർ തന്നെ അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസം കേന്ദ്ര കമ്മിറ്റി പ്രകടിപ്പിച്ചതായും എം.എ.ബേബി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം : ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാൻ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിൽ പാർട്ടിക്കു ശുഭപ്രതീക്ഷയുള്ള ഏക സംസ്ഥാനം കേരളമാണെന്നും അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാകണം രൂപപ്പെടുത്തേണ്ടതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി. ബംഗാളിൽ എത്ര സീറ്റുകൾ നേടാനാകുമെന്നതിൽ പോലും അവിടുത്തെ രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിൽ വ്യക്തതയില്ല. തമിഴ്നാട്ടിലും ഇതേ നിലയാണ്.
പുതുച്ചേരിയിലും ആസാമിലും ഈ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ഒന്നും ചെയ്യാനില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ കേരളത്തിൽ വലിയ ഭൂരിപക്ഷത്തിൽ ഭരണം തുടരേണ്ടതു പാർട്ടിയുടെ മാത്രമല്ല രാജ്യത്തെ ഇടതുപക്ഷത്തിന്റെ തന്നെ നിലനിൽപ്പിന്റെ ഭാഗമാണെന്നും കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയാണു റിപ്പോർട്ട് അവതരിപ്പിച്ചത്.
കേരളത്തിലെ സംഘടനാ സംവിധാനം ശക്തമാണ്. എന്നാൽ കഴിഞ്ഞ ഒൻപതു വർഷത്തെ ഇടതുപക്ഷ ഭരണത്തിന്റെ നേട്ടം പരിശോധിക്കുന്പോൾ ഇപ്പോൾ നടന്ന തദ്ദേശതെരഞ്ഞെടുപ്പു ഫലത്തിൽ അതു പ്രതിഫലിക്കുന്നില്ല. അതായതു വികസന കാര്യങ്ങളൊന്നും ജനങ്ങളിലെത്തിക്കാൻ സർക്കാരും പാർട്ടി സംവിധാനവും പരാജയപ്പെട്ടു എന്നുവേണം മനസിലാക്കാൻ.
ആവശ്യമായ തിരുത്തലുകൾ അതു സംഘടനാ സംവിധാനത്തിലായാലും ഭരണതലത്തിലായാലും വരുത്തിയേ മതിയാകൂ. ഇല്ലെങ്കിൽ വലിയ തിരിച്ചടിയാകും പൊതുവെ ഉണ്ടാകാൻ പോകുന്നതെന്നും കേരളത്തെ സംബന്ധിച്ചുള്ള കേന്ദ്ര കമ്മിറ്റിയുടെ സംഘടനാ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ ജയിച്ചേ മതിയാകൂ. അതിനുള്ള രാഷ്ട്രീയ അന്തരീക്ഷം ഉണ്ട്. വിവാദങ്ങളിൽ പെടാതെ മൂന്നുമാസം സർക്കാരിന്റെ ജനകീയ പദ്ധതികൾ പൂർത്തീകരിക്കാനുള്ള അശ്രാന്തപരിശ്രമം നടത്തണം. നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ചു സ്ഥാനാർഥികളെ തീരുമാനിക്കാം. ഇതിനു പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ പരിപൂർണ അനുവാദമുണ്ടെന്നും ബേബി യോഗത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശന്റെ വിസ്മയം ജോസ് കെ. മാണിയുടെ പ്രസ്താവനയോടെ ചീറ്റിപ്പോയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മണ്ണന്തലയിൽ സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനഗോലുമാരുടെ ഉപദേശ പ്രകാരം രാഷ്ട്രീയം യുഡിഎഫുകാർ പാരഡിയാക്കി മാറ്റിയെന്നും എം.എ. ബേബി കുറ്റപ്പെടുത്തി. ചില ആശയക്കുഴപ്പം പ്രചരിപ്പിക്കാനായി പാരഡിഗാനം ഉപയോഗിച്ചു. കെൽപ്പോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ഒരു ആശയക്കുഴപ്പവും പാർട്ടിക്കില്ലെന്നും എം.എ. ബേബി പറഞ്ഞു. അറസ്റ്റിലായ എ. പത്മകുമാറിന്റെ പങ്ക് വ്യക്തമായാൽ കൃത്യമായ നടപടി സിപിഎം എടുക്കും. കേസിൽ കുറ്റപത്രം നൽകുമ്പോൾ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കൊല്ലം: കൊട്ടാരക്കര മുൻ എംഎൽഎ കോൺഗ്രസിൽ ചേർന്നതിൽ പ്രതികരിച്ച് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. വ്യക്തിപരമായി അടുപ്പമുള്ള ആളാണ് ഐഷാ പോറ്റിയെന്നും പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നുവെന്നും എംഎ ബേബി പറഞ്ഞു.
ഐഷാ പോറ്റിയെ അവഗണിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് അറിയില്ല. മൂന്നുതവണ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. മതിപ്പ് ഉണ്ടാക്കുന്ന തീരുമാനം അല്ല ഇതെന്നും പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നെന്നും ബേബി പറഞ്ഞു.
എതിർ പാളയത്തിലേക്ക് പോകുന്നത് വാർത്തയാക്കാൻ കഴിയുന്ന രീതിയിൽ അവസരം നൽകിയത് സിപിഎം ആണ്. പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നു. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലെ ഐഷാ പോറ്റിയുടെ പോക്ക് ഒരു തരത്തിലും ബാധിക്കില്ലെന്നും ബേബി വ്യക്തമാക്കി.
കൊട്ടാരക്കരയിൽ ഉണ്ടായ ഈ മാറ്റം തെരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ല. ഐഷാ പോറ്റി ആര്‍എസ്എസിനെ അനുകൂലിച്ച് പ്രതികരണങ്ങൾ നടത്തിയെന്ന് അറിയുന്നു. അതൊക്കെ വല്ലാത്ത വിഷമം ഉണ്ടാക്കുന്നതാണെന്നും ബേബി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോൽവിയെ ഖത്തർ ലോകകപ്പിൽ ജേതാക്കളായ അർജന്റീനയുടെ പ്രകടനത്തോട് ഉപമിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം തോറ്റപ്പോൾ അർജന്റീനയെ എല്ലാവരും വിമർശിച്ചു. എന്നാൽ പിന്നീട് അവർ കിരീടം നേടുന്നതാണ് ലോകം കണ്ടതെന്നും ബേബി പറഞ്ഞു. അതുപോലെ ഇടതുമുന്നണിയും തിരിച്ചുവരുമെന്ന് ബേബി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ തെറ്റുക്കാർക്കെതിരെ പാർട്ടി നടപടിയെടുക്കുമന്നും സിപിഎം എം.എ.ബേബി വ്യക്തമാക്കി. പോറ്റി പാരഡി മ്ലേച്ഛമെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.
സോണിയ ഗാന്ധിക്ക് നേരെ വിരൽ ചൂണ്ടാനില്ലെന്ന് വ്യക്തമാക്കിയ ബേബി പക്ഷേ പോറ്റി എങ്ങനെ അവിടെയെത്തിയെന്നും ചോദിച്ചു. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശവുമായി ബന്ധപ്പെട്ട് അസ്വീകാര്യമായതിനെ തള്ളുമെന്നാണ് ബേബി പ്രതികരിച്ചത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇരുത്തി ചിന്തിപ്പിക്കുന്ന വിധിയെഴുത്താണിതെന്ന് എം.എ.ബേബി പറഞ്ഞു. തെരഞ്ഞെടുപ്പിലെ തിരിച്ചടി അപ്രതീക്ഷിതമാണെന്നും സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കി.
പാർട്ടിയുടെയോ എൽഡിഎഫിന്റെയോ ദൃഷ്ടിയിൽ പെടാത്ത ചില പ്രവണതകൾ ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു എന്നു വേണം ഈ അപ്രതീക്ഷിത തോൽവിയിൽ നിന്ന് മനസിലാക്കാനെന്നും എം.എ.ബേബി അഭിപ്രായപ്പെട്ടു.
സാധാരണ ഗതിയിൽ പാർട്ടി നടത്തുന്ന വിലയിരുത്തലുകൾ ശരിയായി വരികയോ ശരിയോട് വളരെ അടുത്തു വരികയോ ചെയ്യും. ഇത്തവണ ശരിയിൽ നിന്ന് വളരെ അകലെയായിരുന്നു. അതെങ്ങനെ സംഭവിച്ചു എന്ന കാര്യമടക്കം പാർട്ടി പരിശോധിക്കുമെന്നും ബേബി അറിയിച്ചു.
ജനങ്ങളുടെ വിമർശനങ്ങൾ കേട്ട് ശരിയാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്തേണ്ടവ തിരുത്തി ഈ തിരിച്ചടിയിൽ നിന്ന് മുന്നോട്ടു പോകുമെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: പിഎം ശ്രീ വിവാദത്തിന് ശേഷം ആദ്യ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. കേരളത്തിലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പോളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ചയാകും.
പിഎം ശ്രീ വിവാദത്തിൽ സിപിഐയുമായുള്ള തർക്കം പരിഹരിക്കാൻ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും ഇടപെട്ടിരുന്നു. ഇന്ന് ചേരുന്ന പിബി യോഗത്തിൽ പിഎം ശ്രീ വിവാദവും ശബരിമല സ്വർണക്കടത്ത് കേസും ചർച്ചയായേക്കും.
Kerala
ന്യൂഡല്‍ഹി: സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചത് കേരളത്തിന്റെ ചരിത്രനേട്ടമാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി. കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന ചരിത്രം കുറിച്ചിരിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. ഇത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. രാഷ്ട്രീയ വേര്‍തിരിവുകള്‍ ഉണ്ടെങ്കിലും കേരളം ഒറ്റക്കെട്ടാണെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ട വിവാദം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നവിധം കൂടുതൽ സങ്കീർണമാകുന്നു. ഒരു കാരണവശാലും ഇടതുമുന്നണിയെയും മന്ത്രിസഭയെയും നോക്കുകുത്തിയാക്കി പിഎം ശ്രീയിൽ ഒപ്പിട്ട നടപടി അംഗീകരിക്കില്ലെന്ന ശക്തമായ നിലപാടിലാണു സിപിഐ.
എൻഇപി നടപ്പിലാക്കില്ലെന്നു മന്ത്രിക്കും സിപിഎമ്മിനും എങ്ങനെ പറയാൻ കഴിയുമെന്ന കടുത്ത ഭാഷയിലാണു സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പ്രതികരിച്ചത്. അതായത് കേരള സർക്കാരിന്റെ നയമാറ്റത്തിൽ ഒരു ഒത്തുതീർപ്പിനും സിപിഐ ഇല്ല എന്ന സന്ദേശമാണ് രാജ ഇന്നലെ നൽകിയത്.
എന്നാൽ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഇടതുനയം പാടെ വിഴുങ്ങി. എൻഇപി നടപ്പിലാക്കില്ലെന്നു സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ തെറ്റില്ലെന്നായിരുന്നു ബേബിയുടെ ഇന്നലത്തെ നിലപാട്.
ഇന്നലെ മന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ എത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇടതുമുന്നണിയെയും സിപിഐ മന്ത്രിമാരെയും ഇരുട്ടിൽ നിർത്തി എന്തിനാണു പിഎം ശ്രീയിൽ ഒപ്പുവച്ചതെന്ന ബിനോയ്യുടെ ചോദ്യത്തിനു മുന്നിൽ ശിവൻകുട്ടിക്ക് തലകുനിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ. ബാക്കി തിങ്കളാഴ്ച തീരുമാനിക്കുമെന്ന് മാത്രമായിരുന്നു ശിവൻകുട്ടിക്കുള്ള ബിനോയ്യുടെ മറുപടി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അനുമതിയോടെയാണ് മന്ത്രി വി. ശിവൻകുട്ടി എംഎൻ സ്മാരകത്തിലെത്തിയത്. മന്ത്രി ജി.ആർ. അനിലും എംഎൻ സ്മാരകത്തിൽ ഉണ്ടായിരുന്നു. ചർച്ചയെ സംബന്ധിച്ച് ആരും ഒന്നും പുറത്തു മിണ്ടിയില്ലെങ്കിലും സിപിഐ സെക്രട്ടറി നിലപാടിൽ പിന്നോട്ടില്ലെന്ന നയമാണു സ്വീകരിച്ചത്. എന്തോ ആയിക്കോട്ടേ ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ പൊടുന്നനെ എന്തിനാണ് ഉദ്യോഗസ്ഥയെ അയച്ച് എംഒയുവിൽ ഒപ്പിട്ടത്. “സഖാവേ നമ്മൾ തമ്മിലെങ്കിലും ഒന്നു ചർച്ച ചെയ്യുന്നതായിരുന്നില്ലേ ഭംഗി” ഇതായിരുന്നു ബിനോയ് ശിവൻകുട്ടിയോടു ചോദിച്ചത്. ബിനോയ്യുടെ ഈ ചോദ്യത്തിന് ഒരു ചിരി മാത്രമേ ശിവൻകുട്ടിക്കു മറുപടിയായി ഉണ്ടായിരുന്നുള്ളൂ. ഇത്ര മാത്രമായിരുന്നു സിപിഎം -സിപിഐ ചർച്ച.
തിങ്കളാഴ്ച ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം കടുത്ത തീരുമാനങ്ങൾ എടുത്തേക്കുമെന്ന സൂചനയാണു ലഭിക്കുന്നത്. മന്ത്രിസഭായോഗത്തിൽ മന്ത്രിമാരെ പങ്കെടുപ്പിക്കാതെയുള്ള പ്രതിഷേധമാകും സിപിഐ സ്വീകരിക്കുക.
പരിഹരിക്കപ്പെടുമെന്നു മന്ത്രി ശിവൻകുട്ടി; ഇങ്ങനെയല്ല ചർച്ചവേണ്ടതെന്ന് അനിൽ
തിരുവനന്തപുരം: എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സിപിഐ സംസ്ഥാന സമിതി ഓഫീസായ എംഎൻ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായ ചില കാര്യങ്ങളാണ് ചർച്ച ചെയ്തത്. ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ടു പ്രതികരിക്കുന്നില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
അതേസമയം, സ്വകാര്യ സംഭാഷണത്തിൽ തീരുമാനമാകേണ്ട വിഷയമല്ല ഇതെന്നായിരുന്നു ചർച്ചയിൽ സംസ്ഥാന സെക്രട്ടറിക്കൊപ്പം പങ്കെടുത്ത സിപിഐ മന്ത്രി ജി.ആർ. അനിൽ പറഞ്ഞത്. നയപരമായ ചർച്ചയാണ് ഇക്കാര്യത്തിൽ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Kerala
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പദ്ധതിയിൽ ചേർന്നെങ്കിലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വർഗീയവത്കരണം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ ഇടത് സർക്കാർ ചേർന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ഇന്ന് ബേബിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയായിരുന്നു സിപിഎം ജനറൽ സെക്രട്ടറിയുടെ പ്രതികരണം.
വിഷയത്തിൽ സിപിഐ ഉയർത്തുന്ന എതിർപ്പ് ചൂണ്ടിക്കാണിച്ചപ്പോൾ ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ സംസാരിച്ച് യോജിപ്പിലെത്തുമെന്ന് ബേബി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ മൂന്ന് പ്രധാന വിഷയങ്ങളായ വർഗീയവൽക്കരണം, വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം, കച്ചവടവത്കരണം എന്നിവയിൽ സിപിഎമ്മും സിപിഐയും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സ്കൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരേ എതിർപ്പുയരുന്നതിനിടെ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. വിദ്യാഭ്യാസമേഖലയിലെ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുതെന്ന് അദ്ദേഹം പ്രതികരിച്ചു.
വിദ്യാഭ്യാസ മേഖലയിലെ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എന്നാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്നൊക്കെ പറയുന്നത് ആധുനിക കാലഘട്ടത്തിന് യോജിച്ച കാര്യങ്ങളല്ല.
സമൂഹത്തില്‍ എല്ലാവരും ഒരുമിച്ചാണ് ജീവിക്കുന്നത്. സൂംബ നൃത്തം 150ല്‍ അധികം രാജ്യങ്ങളില്‍ നിലവിലുണ്ട്. സൂംബയിൽ അൽപവസ്ത്രം ധരിക്കുന്നുവെന്നത് അറിവില്ലായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.