District News
ആലക്കോട്: ഉദയഗിരിയിലെ വോൾട്ടേജ് ക്ഷാമത്തിനും വൈദ്യുതി ലഭ്യതക്കുറവിനും പരിഹാരം കാണാൻ കാർത്തികപുരം കേന്ദ്രമാക്കി 110 കെവി സബ്സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി. കാർത്തികപുരത്ത് സബ്സ്റ്റേഷൻ സ്ഥാപിച്ചാൽ ഉദയഗിരി പഞ്ചായത്തിലെ വൈദ്യുതി ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ആവശ്യമായ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് സബ്സ്റ്റേഷൻ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി നിവേദക സംഘം അറിയിച്ചു.
സജീവ് ജോസഫ് എംഎൽഎ, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ, വൈസ് പ്രസിഡന്റ് എൻ.എൻ. പ്രസന്നകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ തോമസ് വക്കത്താനം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിൽ എന്നിവരാണു മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി, വയോജന ക്ഷേമ വകുപ്പ് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റുമായി (സിഎംഡി) ചേർന്നു വയോജനങ്ങളുടെ സംസ്ഥാനതല അടിസ്ഥാന വിവരശേഖരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു.
വയോജനങ്ങളുടെ ആരോഗ്യം, സാമൂഹികം, സാന്പത്തികം, ദൈനംദിന ജീവിതസാഹചര്യം എന്നിവ വിലയിരുത്തുകയും സാമൂഹികസുരക്ഷാ പദ്ധതികളുടെ ലഭ്യതയിലും സേവനങ്ങളിലുമുള്ള കുറവു കണ്ടെത്തുകയുമാണ് സർവേയുടെ പ്രധാന ലക്ഷ്യം. വയോജനങ്ങളുടെ മുൻഗണനകളും ആവശ്യങ്ങളും അടിസ്ഥാനമാക്കി ഭാവി പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുന്നതിനും തെളിവ് അധിഷ്ഠിത നയരൂപീകരണത്തിനും ഈ വിവരം ഉപയോഗിക്കും.
60 വയസും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും 3000ത്തോളം അഭിമുഖങ്ങൾ നടത്തിയാണ് സർവേ നടത്തുക. പ്രായവിഭാഗങ്ങൾ (60-69, 70-79, 80+), ഭൂമിശാസ്ത്രപരമായ മേഖലകൾ (നഗരം, അർധനഗരം, ഗ്രാമം) എന്നിവ കൂടാതെ തീരപ്രദേശം, വനമേഖല, ആദിവാസി മേഖല ഉൾപ്പടെ പരിസ്ഥിതി ദുർബല മേഖലകൾക്കും വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കുന്ന സയന്റിഫിക് മൾട്ടി സ്റ്റേജ് റാൻഡം സാന്പിളിംഗ് രീതിയാണ് സ്വീകരിക്കുക. ജില്ല, തദ്ദേശ സ്ഥാപനം, വാർഡ്, കുടുംബം എന്നീ തലങ്ങളിലാണ് സാന്പിൾ ശേഖരണം. പരിശീലനം ലഭിച്ച എന്യുമറേറ്റർമാർ നേരിട്ടുള്ള അഭിമുഖങ്ങളിലൂടെ സ്റ്റാൻഡേർഡ് സർവേ ഷെഡ്യൂൾ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്.
വയോജനങ്ങൾ, പരിചരിക്കുന്നവർ, പ്രദേശിക പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാനതല ശിൽപശാലയും സർവേയ്ക്ക് അനുബന്ധമായി നടത്തും.
വിവരശേഖരണം പൂർത്തിയാക്കി മൂന്നു മാസത്തിനകം അന്തിമ റിപ്പോർട്ട് വയോജന ക്ഷേമ വകുപ്പിനു സമർപ്പിക്കും. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവച്ചത്
District News
അടിവാരം: അടിവാരം അങ്ങാടിയിൽ നിന്ന് പുതിയ ബസ് സ്റ്റാന്ഡിലേക്ക് ദേശീയപാതയോരത്ത് അടിയന്തരമായി നടപ്പാത സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി.കെ. ബഷീറിന് പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാകുഴി നിവേദനം നൽകി.
അടിവാരം അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ദേശീയപാതയ്ക്ക് അഭിമുഖമായി എല്ലാവിധ സൗകര്യങ്ങളോടെയും സജ്ജമാക്കിയ പുതിയ ബസ് സ്റ്റാന്ഡ് നിലവിൽ പ്രവർത്തനസജ്ജമായിട്ടുണ്ട്. എന്നാൽ അടിവാരം അങ്ങാടി ഭാഗത്തുനിന്നും സ്റ്റാന്ഡിലേക്ക് ദിവസേന പോകുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് കാൽനടയാത്രക്കാർക്ക് പാതയോരത്ത് നടപ്പാതയില്ലാത്തത് വലിയ സുരക്ഷാഭീഷണിയാണ് സൃഷ്ടിക്കുന്നത്.
അപകട സാധ്യത വളരെയേറെയുള്ള ഈ പാതയിൽ അടിയന്തരമായി നടപ്പാത നിർമിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. തിരുവമ്പാടി എംഎൽഎ സി.കെ. കാസിമിന്റെ അധ്യക്ഷതയിൽ പുതുപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും സർവകക്ഷി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും വേഗത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
District News
ചാത്തന്നൂര്: നടയ്ക്കല് മിനി സ്റ്റേഡിയം നവീകരിക്കണമെന്നാവശ്യപ്പെട്ട് നടയ്ക്കല് യുവജന കൂട്ടായ്മ ബി.ബി. ഗോപകുമാര് എംഎല്എയ്ക്ക് നിവേദനം നല്കി.
കല്ലുവാതുക്കല് പഞ്ചായത്തിലെ പ്രധാന സ്റ്റേഡിയമായ നടയ്ക്കല് മിനി സ്റ്റേഡിയത്തില് മാലിന്യം തള്ളുന്ന സാഹചര്യവും സാമൂഹ്യവിരുദ്ധ ശല്യവും ചെളിക്കെട്ടും കാരണമുള്ള ശോചനീയാവസ്ഥ പരിഹരിക്കണം.
ടര്ഫ് മാതൃകയില് നവീകരികരിച്ചുകൊണ്ട് സംസ്ഥാന നിലവാരത്തിലേക്കുയര്ത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് നടയ്ക്കല് യുവജന കൂട്ടായ്മ ബി.ബി. ഗോപകുമാര് എംഎല്എ്ക്ക് നിവേദനം നല്കിയത്. യുവജനകൂട്ടായ്മ ഭാരവാഹികളായ ഭരത് പ്രകാശ്, ബിബിന് പ്രകാശ്, സുജിത്ത് കുമാര്, ശ്രീനാഥ്, റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്കിയത്.
Business
കൊച്ചി: ദുബായും ഇന്ത്യയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിനും ബിസിനസ് വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനുമായി ദുബായ് ചേംബേഴ്സ് രണ്ടു ധാരണാപത്രങ്ങളില് ഒപ്പുവച്ചു.
ദുബായ് ചേംബേഴ്സ് പ്രസിഡന്റും സിഇഒയുമായ എച്ച്.ഇ. മുഹമ്മദ് അലി റാഷിദ് ലൂത്തയുടെ നേതൃത്വത്തിലുള്ള സംഘം ഏജന്റിക് എഐ പ്രോത്സാഹനം ഉള്പ്പടെയുള്ള വിഷയങ്ങളിലാണ് സോഫ്റ്റ്വേര് കമ്പനികളുടെ അസോസിയേഷനായ നാസ്കോം, ഫെഡറേഷന് ഓഫ് കര്ണാടക ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്ഡ് ഇന്ഡസ്ട്രി എന്നിവയുമായി സഹകരണ കരാറുകളില് ഒപ്പുവച്ചത്.
സംഘം പ്രമുഖ ഇന്ത്യന് ബിസിനസ് സ്ഥാപനങ്ങളുമായും ബഹുരാഷ്ട്ര കമ്പനികളുമായും എട്ടു യോഗങ്ങള് നടത്തി.
District News
മലപ്പുറം: പരിവാഹൻ ഓണ്ലൈൻ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് യൂസഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ്് ബ്രോക്കേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഗതാഗത മന്ത്രി സി.പി. ജോണിന് നിവേദനം നൽകി.
പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരമായിട്ടില്ല. നിലവിലെ നിയമങ്ങൾ വാഹന ഡീലർമാർക്കും പൊതുജനങ്ങൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇൻഷ്വറൻസ് ഏജൻസികൾക്കും വളരെയധികം സാന്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് സിദീഖ് മാളിയേക്കൽ, നിഷാദ് മലപ്പുറം, ആർ.ടി.സി. മജീദ് മഞ്ചേരി എന്നിവരാണ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.
District News
ചെമ്പേരി: ചളിമ്പറമ്പ്-നെല്ലിക്കുറ്റി-കോട്ടക്കുന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ആശ്യപ്പെട്ട് നെല്ലിക്കുറ്റിയിലെ ഒരു സംഘം യുവാക്കൾ സജീവ് ജോസഫ് എംഎൽഎയെ നേരിൽ കണ്ട് നിവേദനം നൽകി.
റോഡിന്റെ ദുരവസ്ഥ ചിത്രീകരിച്ച വീഡിയോ അദ്ദേഹത്തിന്റെ മുന്നിൽ പ്രദർശിപ്പിച്ചു. വാഹന ഗതാഗതത്തിന് തടസമായി റോഡരികിൽ കൂട്ടിയിട്ടിരുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പുകൾ ഉടൻതന്നെ നീക്കം ചെയ്യാൻ കരാറുകാർക്ക് എംഎൽഎ നിർദേശം നൽകി. ചളിമ്പറമ്പിൽ നിന്ന് കോട്ടക്കുന്നു വരെ റോഡ് മെക്കാഡം ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. ഈ റോഡിനായി നിലവിൽ അനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികളുടെ വിശദാംശങ്ങൾ എംഎൽഎ യുവാക്കളെ ധരിപ്പിച്ചു. റോഡ് നവീകരണം കോട്ടക്കുന്ന് വരെ നീട്ടാൻ ആവശ്യമായ സാഹചര്യങ്ങൾ പരിശോധിക്കുമെന്നും എംഎൽഎ ഉറപ്പ് നൽകി.
District News
കൊല്ലം: കൊല്ലം വെള്ളയിട്ടമ്പലത്തുള്ള ബിഎസ്എന്എല്ജില്ലാ ജനറല് മാനേജരുടെ ഓഫീസിലെ താഴത്തെ നിലയിലുള്ള ജീവനക്കാരെ മറ്റുള്ള ഓഫീസുകളിലേക്ക് സ്ഥലം മാറ്റി താഴത്തെ നില വാടകയ്ക്ക് നല്കാനുള്ള ബിഎസ്എന്എല് അഡ്മിനിസ്ട്രേഷന്റെ തീരുമാനത്തില് നിന്നു പിന്തിരിയണമെന്നവശ്യപ്പെട്ട് എന്.കെ പ്രേമചന്ദ്രന് എംപിക്ക് നിവേദനം നല്കി.
സിജിഎംറ്റിയുമായി അദ്ദേഹം സംസാരിക്കുകയും മിനിസ്റ്റര് ഓഫ് ടെലികമ്യൂണിക്കേഷന് മന് ത്രിയെ കണ്ട് കാര്യങ്ങള് ധരിപ്പിക്കാമെന്ന് ഉറപ്പ് നല്കുകയും ചെയ്തതായി ഭാഗവാഹികള് അറിയിച്ചു. ബിഎസ്എന്എല്ഇയു, എന്എഫ്റ്റിഇ, എസ്എന്ഇഎ, എഐജിഇറ്റിഒഎ, എഐബിഎസ്എന്എല്ഇഎ, സേവാ ബിഎസ്എന്എല്, എഐബിഡിപിഎ എന്നീ സംഘടനാ നേതാക്കളാണ് എംപിക്ക് നിവേദനം നല്കിയത്.
District News
പയ്യാവൂർ: സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പയ്യാവൂർ പഞ്ചായത്ത്തല വികസന സദസിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യാവൂർ യൂണിറ്റ് ഭാരവാഹികൾ പയ്യാവൂർ ടൗണിന്റെ സമഗ്ര വികസനസാധ്യതകൾ ഉൾപ്പെടുന്ന പത്തോളം നിർദേശങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചു.
പയ്യാവൂർ ടൗണിൽ പോലീസ് എയ്ഡ് പോസ്റ്റ്, ടൗൺ സൗന്ദര്യവത്കരണം, മലയോര ഹൈവേയുടെ നിർത്തിവച്ച പ്രവൃത്തി പുനരാരംഭിക്കുക, ടൗണിലെത്തുന്ന ബസുകൾക്ക് വൺവേ സംവിധാനം പുനസ്ഥാപിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുക തുടങ്ങിയവയാണു പ്രധാന നിർദേശങ്ങൾ. വ്യാപാരി നേതാക്കളായ ജോസുകുട്ടി കുര്യൻ, കെ. സുരേഷ് കുമാർ, പി.വി. രാമചന്ദ്രൻ എന്നിവർ ചേർന്നാണു നിവേദനം സമർപ്പിച്ചത്.
District News
മലപ്പുറം: ജില്ലയിലെ ബസുടമകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്കും ഗതാഗതവകുപ്പു മന്ത്രിക്കും ജില്ലയിലെ മറ്റ് മന്ത്രിമാർക്കും നിവേദനം നൽകി. ബസുകളുടെ കൈമാറ്റം നടത്തുന്നതിനും പഴയ ബസുകൾ മാറ്റി പുതിയ ബസുകൾ നിരത്തിലിറക്കുന്നതിനും നൽകുന്ന അപേക്ഷ പല കാരണങ്ങൾ പറഞ്ഞ് നീട്ടികൊണ്ടുപോവുകയാണ്.
ബസുകളുടെ സമയക്രമത്തിൽ മുനിസിപ്പൽ പ്രദേശത്ത് അഞ്ച് മിനിട്ടും ഗ്രാമപഞ്ചായത്തിൽ 10 മിനുട്ടും വേണമെന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ തീരുമാനം അധികൃതർ പാലിക്കുന്നില്ല. കൂടാതെ 140 കിലോമീറ്ററിന് മുകളിലുള്ള ബസുകളുടെ പെർമിറ്റ് പുതുക്കി നൽകാത്തതും ബസുടമകളെ പ്രതികൂലമായി ബാധിക്കുന്നു.
ആർടിഒ ഓഫീസുമായി ബന്ധപ്പെട്ട മറ്റു ജില്ലകളിലുള്ള സേവനങ്ങൾ മലപ്പുറത്ത് ലഭിക്കുന്നില്ലെന്നും "പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാ വിഷയവും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. മൂസ, ജില്ലാ പ്രസിഡന്റ്് മുസ്തഫ കളത്തുംപടിക്കൽ, ജില്ലാ സെക്രട്ടറി എം.സി. കുഞ്ഞിപ്പ, ജില്ലാ ഭാരവാഹികളായ യൂസഫ് വടക്കൻ, റാഫി കൊളക്കാടൻ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്. മലപ്പുറത്ത് ആർടി ഓഫീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകുമെന്ന് നിവേദക സംഘത്തിന് മന്ത്രിമാർ ഉറപ്പുനൽകിയതായി ഭാരവഹികൾ അറിയിച്ചു.
District News
ഫോര്ട്ടുകൊച്ചി: തോപ്പുംപടിയിലെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നീക്കം ചെയ്ത ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തില് മുഹമ്മദ് ഷിയാസ് എംഎല്എയ്ക്ക് നിവേദനം നല്കി.
തോപ്പുംപടി ജംഗ്ഷനിലെ ട്രാന്സ്പോര്ട്ട് ബസ് സ്റ്റോപ്പ്, തോപ്പുംപടി ഹാര്ബര് ബസ് സ്റ്റോപ്പ്, കണ്ണമാലി ബസ് സ്റ്റോപ്പ്, ഇടക്കോച്ചി ബസ് ഷെല്ട്ടര്, പ്യാരി ജംഗ്ഷന് ബസ് ഷെല്ട്ടര് എന്നിവിടങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പുനസ്ഥാപിക്കണമെന്നും നിവേദനത്തില് ഉള്പ്പെടുത്തി.
കെസിവൈഎം സംസ്ഥാന ജനറല് സെക്രട്ടറി കാസി പൂപ്പന, തോപ്പുംപടി യൂണിറ്റ് ആനിമേറ്ററും പതിനൊന്നാം ഡിവിഷന് കൗണ്സിലറുമായ ജോസഫ് സുമിത്, യൂണിറ്റ് സെക്രട്ടറി മാത്യു സിജോ, വൈസ് പ്രസിഡന്റ് സി.എം. സെബിന്, എക്സിക്യൂട്ടീവ് അംഗങ്ങളായ സ്നേഹ സെലിന് അക്ഷയ് ആന്റണി, ആല്ഡ്രിന് മാനുവല് എന്നിവര് ചേര്ന്നാണ് നിവേദനം കൈമാറിയത്.
NRI
ലണ്ടൻ: ആഗോള മലയാളികളുടെ സ്വത്തവകാശ സംരക്ഷണത്തിനായുള്ള നിയമനിര്മാണത്തിന് നിര്ണായക നീക്കവുമായി ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മ യുക്മ (യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്സ്) പ്രവര്ത്തനം സജീവമാക്കുന്നു.
ഇതിനായി കേരള എന്ആര്ഐ & ഒസിഐ പ്രോപ്പര്ട്ടി പ്രൊട്ടക്ഷന് ആക്ട്, 2026 കരട് ചാണ്ടി ഉമ്മന് എംഎല്എയ്ക്ക് കൈമാറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇത് സംബന്ധിച്ച പ്രവാസികളുടെ ആശങ്കകള് പരിഹരിക്കുന്നത്തിന് ആവശ്യമായ നടപടികള് സ്വീകരിക്കണമെന്ന് യുക്മ ദേശീയ ഭരണസമിതി മൂന്ന് മുന്നണികളോടും ആവശ്യം ഉന്നയിച്ചിരുന്നു.
ഇതിന്റെ തുടര്ച്ചയായിട്ടാണ് പുതിയ സര്ക്കാര് അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായി യുകെ സന്ദര്ശിക്കുന്ന ഭരണകക്ഷി ജനപ്രതിനിധിയായ ചാണ്ടി ഉമ്മന് എംഎല്എയ്ക്ക് മുന്നില് ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന നിവേദനവും അതോടൊപ്പം തയ്യാറാക്കിയ കരട് നിയമവും നല്കിയത്.യുക്മ ദേശീയ ജനറല് സെക്രട്ടറി ജയകുമാര് നായര് ചാണ്ടി ഉമ്മന് എംഎല്എയെ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന് "കേരള എന്ആര്ഐ & ഒസിഐ പ്രോപ്പര്ട്ടി പ്രൊട്ടക്ഷന് ആക്ട്, 2026" എന്ന നിയമത്തിന്റെ കരട് എംഎല്എയ്ക്ക് ഔദ്യോഗികമായി കൈമാറി. ഈ നിയമനിര്മാണ നിര്ദ്ദേശം കേരളത്തിലെ എന്ആര്ഐ/ഒസിഐ മലയാളികളുടെ സ്വത്തുക്കള് അനധികൃത കൈയേറ്റം, വ്യാജ രജിസ്ട്രേഷന്, വ്യാജ പവര് ഓഫ് അറ്റോര്ണി, വഞ്ചന, നിയമവിരുദ്ധ കൈമാറ്റങ്ങള് തുടങ്ങിയവയില് നിന്ന് സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ നിയമചട്ടക്കൂടാണ് ലക്ഷ്യമിടുന്നത്.
കരട് നിയമം സ്വീകരിച്ച എംഎല്എ, ഇത് കേരള നിയമസഭയില് സ്വകാര്യ ബില്ലായോ അനുയോജ്യമായ നിയമനിര്മാണ നടപടികളിലൂടെയോ അവതരിപ്പിക്കുന്നതിനായി ആവശ്യമായ നടപടികള് സ്വീകരിക്കുമെന്ന് ഉറപ്പുനല്കി. ആഗോള മലയാളികളുടെ സ്വത്തവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇത്തരമൊരു നിയമം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
International
പാരീസ്: ഇറാനുമായുള്ള സമാധാനത്തിനുള്ള ധാരണാപത്രം അന്തിമമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ഇറാന് അതു പാലിച്ചില്ലെങ്കില് അവരുടെ തലയില് ബോംബിടുമെന്ന് ട്രംപ് പറഞ്ഞു.
ജി- 7 ഉച്ചകോടിക്കിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. സമാധാന കരാര് ഒപ്പുവയ്ക്കാന് മണിക്കൂറുകള് മാത്രം ശേഷിക്കേയാണ് ട്രംപിന്റെ ഭീഷണി.
“ഇത് അന്തിമമല്ല. ഇതൊരു ധാരണാപത്രം മാത്രമാണ്. എനിക്കിത് ഇഷ്ടപ്പെട്ടില്ലെങ്കില് അവരെ വെടിവച്ചിട്ട് തിരികെ പോരും. ധാരണയ്ക്കു വിരുദ്ധമായി അവര് പെരുമാറിയാല് അവരുടെ തലയില് ബോംബ് വര്ഷിക്കും” ട്രംപ് പറഞ്ഞു.
ഈജിപ്ഷ്യന് പ്രസിഡന്റ് അബ്ദുള് ഫത്താ അല്-സിസിയുടെ സാന്നിധ്യത്തിലായിരുന്നു ട്രംപിന്റെ ഭീഷണി