മന്ത്രി പി.കെ. ബഷീറിന് പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാകുഴി നിവേദനം നൽകുന്നു.
അടിവാരം: അടിവാരം അങ്ങാടിയിൽ നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് ദേശീയപാതയോരത്ത് അടിയന്തരമായി നടപ്പാത സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി.കെ. ബഷീറിന് പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാകുഴി നിവേദനം നൽകി.
അടിവാരം അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ദേശീയപാതയ്ക്ക് അഭിമുഖമായി എല്ലാവിധ സൗകര്യങ്ങളോടെയും സജ്ജമാക്കിയ പുതിയ ബസ് സ്റ്റാന്‍ഡ് നിലവിൽ പ്രവർത്തനസജ്ജമായിട്ടുണ്ട്. എന്നാൽ അടിവാരം അങ്ങാടി ഭാഗത്തുനിന്നും സ്റ്റാന്‍ഡിലേക്ക് ദിവസേന പോകുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് കാൽനടയാത്രക്കാർക്ക് പാതയോരത്ത് നടപ്പാതയില്ലാത്തത് വലിയ സുരക്ഷാഭീഷണിയാണ് സൃഷ്ടിക്കുന്നത്.
അപകട സാധ്യത വളരെയേറെയുള്ള ഈ പാതയിൽ അടിയന്തരമായി നടപ്പാത നിർമിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. തിരുവമ്പാടി എംഎൽഎ സി.കെ. കാസിമിന്റെ അധ്യക്ഷതയിൽ പുതുപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും സർവകക്ഷി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും വേഗത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.