x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ത്ത​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള നി​യ​മ​നി​ര്‍​മാ​ണം; ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ​യ്ക്ക് നി​വേ​ദ​നം കൈ​മാ​റി യു​ക്മ

കുര്യൻ ജോർജ്
Published: July 16, 2026 02:41 AM IST | Updated: July 16, 2026 10:24 AM IST

പരിപാടിയിൽ നിന്ന്

ലണ്ടൻ: ആ​ഗോ​ള മ​ല​യാ​ളി​ക​ളു​ടെ സ്വ​ത്ത​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള നി​യ​മ​നി​ര്‍​മാ​ണ​ത്തി​ന് നി​ര്‍​ണാ​യ​ക നീ​ക്ക​വു​മാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ യു​ക്മ (യൂ​ണി​യ​ന്‍ ഓ​ഫ് യുകെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍​സ്) പ്ര​വ​ര്‍​ത്ത​നം സ​ജീ​വ​മാ​ക്കു​ന്നു.

ഇ​തി​നാ​യി കേ​ര​ള എ​ന്‍ആ​ര്‍ഐ & ഒസി​ഐ പ്രോ​പ്പ​ര്‍​ട്ടി പ്രൊ​ട്ട​ക്ഷ​ന്‍ ആ​ക്ട്, 2026 ക​ര​ട് ചാ​ണ്ടി ഉ​മ്മ​ന്‍ എംഎ​ല്‍എ​യ്ക്ക് കൈ​മാ​റി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഇ​ത് സം​ബ​ന്ധി​ച്ച പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു​ക്മ ദേ​ശീ​യ ഭ​ര​ണ​സ​മി​തി മൂ​ന്ന് മു​ന്ന​ണി​ക​ളോ​ടും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​ട്ടാ​ണ് പു​തി​യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യി യുകെ സ​ന്ദ​ര്‍​ശി​ക്കു​ന്ന ഭ​ര​ണ​ക​ക്ഷി ജ​ന​പ്ര​തി​നി​ധി​യാ​യ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ​യ്ക്ക് മു​ന്നി​ല്‍ ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​വേ​ദ​ന​വും അ​തോ​ടൊ​പ്പം ത​യ്യാ​റാ​ക്കി​യ ക​ര​ട് നി​യ​മ​വും ന​ല്‍​കി​യ​ത്.​യു​ക്മ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍ നാ​യ​ര്‍ ചാ​ണ്ടി ഉ​മ്മ​ന്‍ എംഎ​ല്‍എ​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ "കേ​ര​ള എ​ന്‍ആ​ര്‍ഐ & ഒസിഐ പ്രോ​പ്പ​ര്‍​ട്ടി പ്രൊ​ട്ട​ക്ഷ​ന്‍ ആ​ക്ട്, 2026" എ​ന്ന നി​യ​മ​ത്തി​ന്‍റെ ക​ര​ട് എംഎ​ല്‍എ​യ്ക്ക് ഔ​ദ്യോ​ഗി​ക​മാ​യി കൈ​മാ​റി. ഈ ​നി​യ​മ​നി​ര്‍​മാ​ണ നി​ര്‍​ദ്ദേ​ശം കേ​ര​ള​ത്തി​ലെ എ​ന്‍ആ​ര്‍ഐ/​ഒസിഐ മ​ല​യാ​ളി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ അ​ന​ധി​കൃ​ത കൈ​യേ​റ്റം, വ്യാ​ജ ര​ജി​സ്ട്രേ​ഷ​ന്‍, വ്യാ​ജ പ​വ​ര്‍ ഓ​ഫ് അ​റ്റോ​ര്‍​ണി, വ​ഞ്ച​ന, നി​യ​മ​വി​രു​ദ്ധ കൈ​മാ​റ്റ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര​മാ​യ നി​യ​മ​ച​ട്ട​ക്കൂ​ടാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ക​ര​ട് നി​യ​മം സ്വീ​ക​രി​ച്ച എംഎ​ല്‍എ, ഇ​ത് കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ സ്വ​കാ​ര്യ ബി​ല്ലാ​യോ അ​നു​യോ​ജ്യ​മാ​യ നി​യ​മ​നി​ര്‍​മാ​ണ ന​ട​പ​ടി​ക​ളി​ലൂ​ടെ​യോ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി. ആ​ഗോ​ള മ​ല​യാ​ളി​ക​ളു​ടെ സ്വ​ത്ത​വ​കാ​ശ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​ര​മൊ​രു നി​യ​മം കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

K-Rail Survey K-Rail Survey

നി​യ​മ​ത്തിന്‍റെ ക​ര​ട് കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ ബി​ല്ലാ​യി അ​വ​ത​രി​പ്പി​ച്ച ശേ​ഷം, അ​തി​ന്‍റെ അ​ന്തി​മ രൂ​പീ​ക​ര​ണ​ത്തി​ന് മു​മ്പ് ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ പൊ​തു​ച​ര്‍​ച്ച​യും പൊ​തു​ജ​നാ​ഭി​പ്രാ​യ ശേ​ഖ​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യു​ക്മ ദേ​ശീ​യ നേ​തൃ​ത്വം അ​റി​യി​ച്ചു.

യു​ക്മ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ള്‍, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ള്‍, നി​യ​മ വി​ദ​ഗ്ധ​ര്‍, എ​ന്‍.​ആ​ര്‍.​ഐ/​ഒസി​ഐ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​യ​മം കൂ​ടു​ത​ല്‍ ശ​ക്ത​വും പ്രാ​യോ​ഗി​ക​വു​മാ​ക്കു​ന്ന​തി​നാ​ണ് ഈ ​പൊ​തു​പ​രി​ശോ​ധ​ന ല​ക്ഷ്യ​മി​ടു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് നി​ര്‍​ണാ​യ​ക സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ നി​യ​മ​പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും, സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സു​താ​ര്യ​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ പ​രാ​തി​പ​രി​ഹാ​ര സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഈ ​നി​യ​മ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ഈ ​ച​രി​ത്ര​പ​ര​മാ​യ സം​രം​ഭം ആ​ഗോ​ള മ​ല​യാ​ളി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​ണെ​ന്നും, കേ​ര​ള​വും പ്ര​വാ​സി സ​മൂ​ഹ​വും ത​മ്മി​ലു​ള്ള വി​ശ്വാ​സ​ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ല്‍ ഇ​ത് നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്നും യു​ക്മ ദേ​ശീ​യ നേ​തൃ​ത്വം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ബ​ര്‍​മിം​ഗ്ഹാ​മി​ലെ കാ​യ​ല്‍ റ​സ്റ്റോ​റ​ന്‍റിൽ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക സം​ഗ​മ​ത്തി​നാ​യി എ​ത്തി​ച്ചേ​ര്‍​ന്ന ചാ​ണ്ടി ഉ​മ്മ​ന്‍ എംഎ​ല്‍എ​യെ റ​സ്റ്റോ​റ​ന്‍റ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ ജ​യ്മോ​ന്‍ വ​ഞ്ചി​ത്താ​ന​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. യോ​ഗ​ത്തി​ന് യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡന്‍റ് വ​ര്‍​ഗ്ഗീ​സ് ഡാ​നി​യേ​ല്‍ സ്വാ​ഗ​ത​വും ജോ​യി​ൻ്റ് സെ​ക്ര​ട്ട​റി സ​ണ്ണി​മോ​ന്‍ മ​ത്താ​യി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ല്‍ യു​ക്മ ദേ​ശീ​യ നേ​താ​ക്ക​ളാ​യ ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, കു​ര്യ​ന്‍ ജോ​ര്‍​ജ്ജ്, ലീ​നു​മോ​ള്‍ ചാ​ക്കോ, ജോ​ര്‍​ജ് തോ​മ​സ്, രാ​ജേ​ഷ് രാ​ജ്, ബെ​ന്നി അ​ഗ​സ്റ്റി​ന്‍, സു​നി​ല്‍ ജോ​ര്‍​ജ്ജ്, ജോ​ബി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : UUKMA submits memorandum

Recent News

Corehub Up