National
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബീന് ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, മുന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് നിതിന്‍ നബീന് പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റത്. ബിജെപിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനെന്ന നേട്ടവുമായാണ് 45കാരനായ നിതിന്‍ നബീന് അധ്യക്ഷസ്ഥാനത്ത് എത്തിയത്.
ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രഡിഡന്റായി ഒരു മാസം പ്രവര്‍ത്തിച്ചതിനു ശേഷമാണ് അധ്യക്ഷ സ്ഥാനത്തേക്കു നിതിന്‍ നബീനെ പാര്‍ട്ടി ചുമതലപ്പെടുത്തിയത്. ബിജെപി ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പഹാരം അണിയിച്ചാണ് നിതിന്‍ നബീനിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് അവരോധിച്ചത്.
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള നിതിന്‍ നബീനിന്റെ കടന്നുവരവ് പാര്‍ട്ടിയിലെ തലമുറ മാറ്റത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയം ഉറപ്പാക്കുക ഉള്‍പ്പെടെയുള്ള ഭാരിച്ച ചുമതലകളാണ് നിതിന്‍ നബീനു മുന്നിലുള്ളത്.
2006 മുതല്‍ ബിഹാറില്‍നിന്നു തുടര്‍ച്ചയായി എംഎല്‍എയായും പിന്നീട് മന്ത്രിയായും ചുമതല വഹിച്ചിട്ടുള്ള നേതാവ് കൂടിയാണ് നിതിന്‍ നബീന്. മുന്‍ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിന് കീഴില്‍ ബിജെപി വലിയ നേട്ടങ്ങളാണ് കൈവരിച്ചതെന്നും ശൂന്യത്തില്‍നിന്നു ശിഖരത്തിലേക്കു പാര്‍ട്ടിയെ എത്തിച്ച നേതാവ് കൂടിയാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പുതിയതായി ചുമതലയേറ്റ ബിജെപി അധ്യക്ഷന്‍ എല്ലാ ആശംസകളും അറിയിച്ച ജെ.പി. നഡ്ഡ തിരുവനന്തപുരം നഗരസഭയില്‍ ബിജെപി നേടിയ വിജയം പാര്‍ട്ടിക്ക് പുതിയ ഊര്‍ജം നല്‍കിയെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബിജെപി ഇനിയും മുന്നേറുമെന്നും പറഞ്ഞു.
National
ന്യൂഡല്‍ഹി: ഇന്ത്യയില്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് വാഹനങ്ങള്‍ തമ്മില്‍ നേരിട്ട് ആശയവിനിമയം നടത്തുന്ന വെഹിക്കിള്‍ ടു വെഹിക്കിള്‍ സാങ്കേതികവിദ്യ 2026 അവസാനത്തോടെ നടപ്പാക്കുമെന്ന് കേന്ദ്രം. ഇന്റർനെറ്റിന്റെ ആവശ്യമില്ലാതെ വാഹനങ്ങള്‍ തമ്മില്‍ സിഗ്നലുകള്‍ കൈമാറി അപകട മുന്നറിയിപ്പുകള്‍ നല്കുന്ന സംവിധാനമാണിത്
പാര്‍ക്ക് ചെയ്ത വാഹനങ്ങളിലേക്ക് പിന്നില്‍നിന്ന് വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കുന്നതും കനത്ത മൂടല്‍മഞ്ഞില്‍ വന്‍ അപകടങ്ങള്‍ ഉണ്ടാവുന്നതും തടയാന്‍ ഇത് സഹായിക്കും. ഇതിനായി വാഹനങ്ങളില്‍ സിം കാര്‍ഡിന് സമാനമായ ഒരു ഉപകരണം സ്ഥാപിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഈ ഉപകരണം എല്ലാ ദിശകളില്‍നിന്നും (360 ഡിഗ്രി) അടുത്തുവരുന്ന വാഹനങ്ങള്‍ കണ്ടെത്തി റിയല്‍ ടൈം അലര്‍ട്ട് നല്‍കും.
സുരക്ഷിത ദൂരം പാലിക്കേണ്ടതിനെക്കുറിച്ചും റോഡരികിലുള്ള ഈ സംവിധാനം മുന്നറിയിപ്പ് നല്‍കും. 2026 അവസാനത്തോടെ ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. പുതിയ വാഹനങ്ങളില്‍ ആരംഭിച്ച് ഘട്ടംഘട്ടമായാകും പദ്ധതി നടപ്പാക്കുക. പദ്ധതിച്ചെലവ് ഏകദേശം 5000 കോടി രൂപയാണ്. ഈ സാങ്കേതികവിദ്യയിലൂടെ ഇന്ത്യന്‍ റോഡുകളിലെ സുരക്ഷ ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
National
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 72 ദേശീയപാത പദ്ധതികളിൽ തകർച്ച റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് രാജ്യത്തുടനീളമുള്ള ഹൈവേ സ്ട്രെച്ചുകളിൽ റിപ്പോർട്ട് ചെയ്ത തകർച്ചകളുടെയും ഗുരുതരമായ അപര്യാപ്തതകളുടെയും കണക്ക് ഗതാഗതമന്ത്രി സമർപ്പിച്ചത്.
20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 2020 മുതൽ 2025 വരെയുള്ള തകർച്ചകളുടെയും അവയ്ക്കെതിരേ കേന്ദ്രം സമർപ്പിച്ച നടപടികളും ഗതാഗതമന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതാ നിർവഹണ ഏജൻസികളുടെ കണക്കുകൾപ്രകാരം മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും ശേഷം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ തകർച്ചകളും അപര്യാപ്തതകളും റിപ്പോർട്ട് ചെയ്തതു കേരളത്തിലാണ്.
മഹാരാഷ്ട്രയിൽ 16 സ്ട്രെച്ചുകളും രാജസ്ഥാനിൽ പത്ത് സ്ട്രെച്ചുകളിലും തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ 2020 മുതൽ 9 ദേശീയപാത പദ്ധതികളിലാണ് തകർച്ച റിപ്പോർട്ട് ചെയ്തത്. ഭൂമിവിസ്തൃതിയിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ പിന്നിലാണെങ്കിലും കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള സംസ്ഥാനങ്ങളേക്കാൾ തകർച്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ അഞ്ചു വർഷത്തിനിടെ ഒന്‍പത് ദേശീയപാത സ്ട്രെച്ചുകളിൽ തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ എട്ടു സ്ട്രെച്ചുകളിലും ഈ വർഷമാണ് തകർച്ച സംഭവിച്ചതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
അരൂർ മുതൽ തുറവൂർ തെക്ക് വരെയുള്ള എൻഎച്ച് 66 ഭാഗത്തിന്റെ നിലവിലുള്ള നാലുവരി റോഡിന്റെ വികസനത്തോടൊപ്പമുള്ള എലിവേറ്റഡ് കോറിഡോർ പദ്ധതി, എൻഎച്ച് 966എയിൽ കളമശേരി മുതൽ വല്ലാർപാടം വരെയുള്ള വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലേക്കുള്ള എൻഎച്ച് കണക്ടിവിറ്റി പദ്ധതി, കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെയുള്ള എൻഎച്ച് 66 പദ്ധതി, എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതി, എൻഎച്ച് 66ന്റെ നീലേശ്വരം-തളിപ്പറന്പ് സെക്ഷൻ പദ്ധതി, എൻഎച്ച് 66ന്റെ വളാഞ്ചേരി ബൈപാസ് മുതൽ കാപ്പിരിക്കാട് സെക്ഷൻ വരെയുള്ള ആറുവരി പാത പദ്ധതി, തുറവൂർ-പറവൂർ പദ്ധതി, എൻഎച്ച് 66ലെ കൊല്ലം ബൈപാസ് മുതൽ കടംന്പട്ടുകോണം വരെയുള്ള ആറുവരി പാത പദ്ധതി എന്നിവിടങ്ങളിലാണ് ഈ വർഷം തകർച്ച സംഭവിച്ചിട്ടുള്ളതെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതിയിൽ 2022ലും ദേശീയപാത തകർച്ച ഉണ്ടായിട്ടുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. തലശേരി-മാഹി ബൈപാസ് പദ്ധതിയുടെ ഭാഗമായുണ്ടായിരുന്ന പാലം 2020ൽ തകർന്നുവീണ സംഭവവും കേന്ദ്രത്തിന്റെ റിപ്പോർട്ടിലുണ്ട്.
National
ന്യൂഡൽഹി: വയനാട് തുരങ്കപാത പദ്ധതിക്ക് കേന്ദ്രസർക്കാരിൽനിന്നു സംസ്ഥാനസർക്കാർ സാന്പത്തിക സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
ലോക്സഭയിൽ കെ. രാധാകൃഷ്ണന്റെ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളസർക്കാർ സ്വന്തം സാന്പത്തിക സ്രോതസ് ഉപയോഗിച്ചാണു പദ്ധതി നടപ്പാക്കുന്നതെന്നും ഗഡ്കരി വ്യക്തമാക്കി. താമരശേരി ചുരം റോഡ് മെച്ചപ്പെടുത്തുന്നതിന് ഡിപിആർ തയാറാക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയനാട് തുരങ്കപാത നിർമിക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 2134 കോടി രൂപ പദ്ധതിക്കു ചെലവ് വരുമെന്നാണ് കണക്കുകൂട്ടുന്നത്. കൊങ്കണ്‍ റെയിൽവേ കോർപറേഷൻ ലിമിറ്റഡാണ് പാതയുടെ നിർവഹണ ഏജൻസി.
കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമിയാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതിൽ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ 90 ശതമാനം സ്വകാര്യഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു.
National
ന്യൂഡൽഹി: ദേശീയ ഹൈവേകളിലൂടെ തടസമില്ലാത്ത യാത്ര സാധ്യമാക്കുന്ന പുതിയ ഇലക്ട്രോണിക് ടോൾ സംവിധാനം ഒരു വർഷത്തിനകം രാജ്യത്തു സാധ്യമാക്കുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. നിലവിലുള്ള ടോൾ സംവിധാനം ഒരു വർഷത്തിനകം പൂർണമായി നിർത്തലാക്കിയാണ് പുതിയ സംവിധാനം വരികയെന്നു ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. പത്തിടങ്ങളിൽ ഇതിനോടകം പുതിയ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും ടോൾ പിരിവിന്റെ പേരിൽ ആരും നിങ്ങളെ ഇനി തടയില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു.
അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയനുസരിച്ചു ദേശീയ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത ദേശീയ ഇലക്ട്രോണിക് ടോൾ കളക്ഷൻ (എൻഇടിസി) പ്രോഗ്രാമിലൂടെയാണ് യാത്രക്കാർക്ക് ഇലക്ട്രോണിക് പേയ്മെന്റ് നടത്താൻ കഴിയുന്നത്.
വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ ഫ്രീക്വൻസ് ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) അധിഷ്ഠിതമായ ഉപകരണത്തിലൂടെയാണ് ടോൾ പിരിവ് സാധ്യമാകുന്നത്. ടോൾ പ്ലാസയിൽ വാഹനം നിർത്താതെതന്നെ ഉപയോക്താവിന്റെ ബന്ധപ്പെട്ട അക്കൗണ്ടിൽനിന്നു ടോൾ പേയ്മെന്റുകൾ സ്വയമേ നടത്താൻ ഈ ഉപകരണത്തിലൂടെ കഴിയുന്നു.