ന്യൂഡൽഹി: യാത്രക്കാർക്ക് ആശ്വാസമായി രാജ്യത്തെ രണ്ടാമത്തെ ബാരിയർ-രഹിത ടോൾ പ്ലാസ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു. ഡൽഹി അർബൻ എക്സ്റ്റൻഷൻ റോഡിലെ മുണ്ഡ്ക-ബക്കർവാല ടോൾ പ്ലാസയിലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഈ പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തത്. ഗുജറാത്തിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ നഗരമായി ഡൽഹി മാറി.
മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. നിലവിലെ ടോൾ പ്ലാസകളിൽ വാഹനം വരുമ്പോൾ ബാരിയർ ഉയരുകയും താഴുകയും ചെയ്യുന്ന രീതി ഇതിലില്ല. പകരം, റോഡിന് മുകളിലുള്ള സെൻസറുകളും ക്യാമറകളും ഉപയോഗിച്ച് വാഹനം തിരിച്ചറിഞ്ഞ് ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ടോൾ തുക ഈടാക്കും.
ടോൾ പ്ലാസകളിൽ വാഹനം നിർത്തേണ്ടി വരുന്നില്ല, യാത്രാസമയവും ഇന്ധനവും ലാഭിക്കാം. ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാക്കാം തുടങ്ങിയവയാണ് ഇതിന്റെ നേട്ടങ്ങൾ. പുതിയ സംവിധാനത്തിൽ ടോൾ തുക കൃത്യസമയത്ത് അടയ്ക്കുന്ന കാര്യത്തിൽ കർശന നിർദേശങ്ങളാണ് ദേശീയപാത അതോറിറ്റി നൽകിയിരിക്കുന്നത്. ടോൾ പ്ലാസ കടന്നുപോകുമ്പോൾ തുക ഈടാക്കാൻ സാധിച്ചില്ലെങ്കിൽ വാഹന ഉടമയ്ക്ക് ഇ-നോട്ടീസ് ലഭിക്കും.
നോട്ടിസ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ പണമടച്ചാൽ സാധാരണ ടോൾ തുക മാത്രം നൽകിയാൽ മതി. 72 മണിക്കൂർ കഴിഞ്ഞാൽ ടോൾ തുകയുടെ ഇരട്ടി പിഴയായി നൽകേണ്ടി വരും. ഇതിനായി ഫാസ്ടാഗ് എപ്പോഴും ആക്ടീവ് ആയിരിക്കണം. ഫാസ്ടാഗ് വാലറ്റിൽ മതിയായ ബാലൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം, വാഹനത്തിൽ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് നിർബന്ധമാണ്.
2026 സെപ്റ്റംബറോടെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങി ഒൻപത് സംസ്ഥാനങ്ങളിലെ 17 ടോൾ പ്ലാസകൾ കൂടി ഇത്തരത്തിൽ ബാരിയർ രഹിതമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരക്കേറിയ പാതകളിലും ഭാവിയിൽ ഈ സംവിധാനം നടപ്പിലാക്കിയേക്കും.
Tags : Nitin Gadkari Toll Plazas Latest News