നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ ഉപയോഗിച്ചു തകരാറിലായ ഒരൊറ്റ കാറെങ്കിലും രാജ്യത്തു കാണിക്കാനാകുമോയെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇ20 പെട്രോള്‍ മൂലം വാഹനങ്ങളുടെ മൈലേജ് കുറയുന്നുവെന്നും എന്‍ജിനുകള്‍ കേടാകുന്നുവെന്നുമുള്ള പരാതികള്‍ക്കും വിമര്ശനങ്ങള്ക്കുമിടയിലാണു കേന്ദ്രമന്ത്രിയുടെ വെല്ലുവിളി.
ഉയര്‍ന്ന എഥനോള്‍ കലര്‍ന്ന പെട്രോളന്റെ വില്‍പ്പനയെക്കുറിച്ചു തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു. ഇവ പെയ്ഡ് പ്രചാരണങ്ങളാണെന്നു മന്ത്രി പറഞ്ഞു. ഇ20 പെട്രോള്‍ കാരണം ഒരു കാറിനും പ്രശ്നമുണ്ടായതായി കണ്ടെത്തിയിട്ടില്ല.
ഡല്‍ഹിയില്‍ നടന്ന വികസിത ഭാരത് ഉച്ചകോടിയിലാണു എഥനോള്‍ മിശ്രിത പെട്രോള്‍ നിര്‍ബന്ധമാക്കിയതിനെ ഗഡ്കരി ന്യായീകരിച്ചത്.
തന്റെ കുടുംബാംഗങ്ങള്‍ക്കു പഞ്ചസാര ഫാക്ടറികള്‍ ഉണ്ടെന്നതു സത്യമാണെന്ന് ഗഡ്കരി വ്യക്തമാക്കി. പക്ഷേ ആ കമ്പനികള്‍ നിലനില്പിനായി എഥനോള്‍ ഉത്പാദനത്തെ ആശ്രയിക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു.
ഗഡ്കരിയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള നിരവധി കമ്പനികള്‍ എഥനോള്‍ ഉത്പാദിപ്പിക്കുന്നതിലാണ് ഇ20 പെട്രോള്‍ ഇന്ത്യയില്‍ നിര്ബന്ധമാക്കിയതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിശദീകരണം.
അസംസ്കൃത എണ്ണ ഇറക്കുമതി, കാര്‍ബണ്‍ ഉദ്വമനം എന്നിവ കുറയ്ക്കുന്നതിനും ആഭ്യന്തര കൃഷിയെ പിന്തുണയ്ക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് 20 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ വില്‍ക്കുന്നതെന്നാണു കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം. കരിമ്പ്, ചോളം, നെല്ല് എന്നിവയില്‍ നിന്നാണു പ്രധാനമായും എഥനോള്‍ ഉത്പാദനം. ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ പ്രതിവര്‍ഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും ഇതു ബദല്‍ ഇന്ധനങ്ങളെ സാമ്പത്തികവും തന്ത്രപരവുമായ ആവശ്യകതയാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കുന്നതിനായി രൂപകല്പന ചെയ്തവയല്ല രാജ്യത്തെ വാഹനങ്ങളെന്നതാണു പരാതി. മൈലേജ് കുറയുന്നതിനു പുറമേ 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ ദീര്‍ഘകാല ഉപയോഗം എന്‍ജിനുകള്‍ക്ക് ആഘാതം സൃഷ്ടിക്കുമെന്നു ചില വാഹന ഉടമകള്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.
വാഹനങ്ങളുടെ കമ്പനി ഗാരന്റിക്കും ഇന്‍ഷ്വറന്‍സ് തുക കിട്ടുന്നതിനും ഭാവിയില്‍ ഇതു തടസമാകുമെന്നും ചിലര്‍ക്ക് ആശങ്കയുണ്ട്.
Tags : nitin gadkari car Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash