District News
പിറവം: മണീടിൽ നടന്ന പിറവം ഉപജില്ലാ കലോത്സവത്തിൽ വിധികർത്താക്കളായി എത്തുന്നവർ പക്ഷപാതപരമായി പെരുമാറുന്നതായി പരാതി. തങ്ങൾക്കു വേണ്ടപ്പെട്ട കുട്ടികളെ വിജയികളായി പ്രഖ്യാപിച്ച് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യരാക്കുകയാണെന്നാണ് ആക്ഷേപം.
ചില നൃത്തയിനങ്ങളിൽ വിധി ഏകപക്ഷീയമായി പ്രഖ്യാപിച്ചെന്ന് രക്ഷകർത്താക്കൾ ചൂണ്ടിക്കാട്ടി.
ഇത് സംബന്ധിച്ച് ഉന്നതാധികൃതർക്ക് പരാതി നൽകുമെന്ന് രക്ഷകർത്താക്കളായ എം. ജയലക്ഷ്മി, ശ്രീജ പ്രദീപ്, സിന്ധു ചന്ദ്രൻ, എം.വി. സുജാത എന്നിവർ പറഞ്ഞു.
കലോത്സവത്തിൽ വിധികർത്താക്കളായി എത്തുന്നവർക്കെതിരെ ആക്ഷേപമുണ്ടെങ്കിൽ അപ്പീൽ നൽകണമെന്നും സംഘാടക സമിതി ചെയർമാനായ തനിക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മണീട് പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് പറഞ്ഞു.
District News
പിറവം: പിറവത്ത് അടിക്കടിയുള്ള പൈപ്പ് പൊട്ടൽ മൂലം കുടിവെള്ള വിതരണം താറുമാറാകുന്നു. കഴിഞ്ഞ മൂന്നു ദിവസമായി മേഖലയിൽ കുടിവെള്ളമില്ല. നഗരസഭയിലെ കരക്കോട് ഭാഗത്ത് പ്രധാന ജലവിതരണക്കുഴൽ പൊട്ടിയതിനെത്തുടർന്നാണ് ജലവിതരണം മുടങ്ങിയത്. നന്നാക്കുന്ന ജോലികൾ പൂർത്തിയായിട്ടില്ല.
പൈപ്പുകളുടെ കാലപ്പഴക്കം മൂലമാണ് പൊട്ടൽ തുടരുന്നത്. ഭൂമിക്കടിയിലൂടെ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളിൽ ഭൂരിഭാഗവും, മൂന്നു പതിറ്റാണ്ടെങ്കിലും കാലപ്പഴക്കമുള്ളതാണ്. നിരോധിച്ചിരിക്കുന്ന പൈപ്പുകളിലൂടെയാണ് കുടിവെള്ളം വിതരണം ചെയ്യുന്നതെന്നാണ് ആക്ഷേപം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കക്കാട് പമ്പിംഗ് സ്റ്റേഷനിൽ നിന്നും പിറവത്തേയ്ക്ക് വെള്ളമെത്തുന്ന പൈപ്പ് കരക്കോട് ഭാഗത്ത് പൊട്ടിയത്. മിക്കവാറും ഈ ഭാഗത്ത് പൈപ്പ് പൊട്ടുന്നത് പതിവാണ്. 35 എംഎമ്മിന്റെ ആസ്ബറ്റോസ് പൈപ്പാണ് പൊട്ടിയത്. മൂന്നര മീറ്ററോളം ആഴത്തിൽ പൊട്ടിയതു മൂലമാണ് നന്നാക്കാൻ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
കിണറുകളില്ലാത്ത ഗാർഹിക ഉപയോക്താക്കളും ദുരിതത്തിലായി. ഇന്ന് രാവിലെ മുതൽ കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്നാണ് ഒടുവിലിപ്പോൾ അധികൃതർ അറിയിച്ചിരിക്കുന്നത്. അതേ സമയം പൈപ്പുകൾ പൊട്ടുന്നത് യഥാസമയം വാട്ടർ അഥോറിറ്റി അധികൃതർ നന്നാക്കാൻ തയാറാകുന്നില്ലെന്നുള്ള ആക്ഷേപവുമുണ്ട്.
District News
പിറവം: നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിൽസ് പെരിയപ്പുറം കൗൺസിലർ സ്ഥാനം രാജിവച്ചു. നഗരസഭയിൽ ഇന്നലെ ഉച്ചക്ക് 12 ന് ജിൽസ് പെരിയപ്പുറത്തിന്റെ അധ്യക്ഷതയിൽ സ്റ്റാൻഡിംഗ് കമ്മറ്റി കൂടിയിരുന്നു. ക്ഷേമ പെൻഷനുകൾ സംബന്ധിച്ചുള്ള വിഷയങ്ങൾ തീർപ്പാക്കിയ ശേഷം സെക്രട്ടറിക്ക് രാജി സമർപ്പിക്കുകയായിരുന്നു.
കേരള കോൺഗ്രസ്-എം സ്ഥാനാർഥിയായി മത്സരിച്ചാണ് ജിൽസ് വിജയിച്ചത്.
കേരള കോൺഗ്രസ് നേതൃത്വമായുള്ള അഭിപ്രായ ഭിന്നത മൂലം മാസങ്ങളായി നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു. ജിൽസിന്റെ രാജിയോടെ നഗരസഭയുടെ കക്ഷി നില എൽഡിഎഫ് -13, യുഡിഎഫ് - 13 എന്ന നിലയിലായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തോൽവിയുമായി ബന്ധപ്പെട്ട് കൂറുമാറ്റ നിരോധന നിയമപ്രകാരം ജിൽസിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് - എം ജില്ലാ പ്രസിഡന്റ് ടോമി ജോസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
ഈ പരാതി ചീഫ് ഇലക്ഷൻ കമ്മീഷണൻ തള്ളിയത് കഴിഞ്ഞ ദിവസമാണ്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന തോമസ് ചാഴികാടന്റെ പരാജയവും യുഡിഎഫിലെ ഫ്രാൻസീസ് ജോർജിന്റെ വിജയവും ആഘോഷിച്ച് പിറവം ടൗണിൽ രണ്ടായിരം പേർക്ക് പിടിയും ബീഫ് കറിയും വിതരണം ചെയ്തിരുന്നു. കൂടാതെ ഫ്രാൻസീസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പങ്കെടുത്തിരുന്നു. ഇക്കാര്യങ്ങളൊക്കെ ടൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
District News
പിറവം: മാതൃഭാഷയും ഭാരതത്തിന്റെ സാസ്ക്കാരിക പൈതൃകവും കൈവിടാതെ വേണം പുതിയ തലമുറ വളർന്നുവരേണ്ടതെന്ന് ചിന്മയമിഷൻ ആഗോള അധ്യക്ഷനും ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാല ചാൻസലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി.
പിറവത്തിനടുത്ത് വെളിയനാട് ആദിശങ്കര നിലയത്തിൽ ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ പാരമ്പര്യ വിഞ്ജാന ശാഖയെ ലോകം ഉറ്റു നോക്കുന്നകയാണെന്നും ഇത് പുതുതലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ചുണ്ടിക്കാട്ടി. സർവകലാശാല ആക്ടിംഗ് വൈസ് ചാൻസലർ ഡോ. ടി. അശോകൻ, ഡീൻ സുനീത ഗ്രാന്ധി , ട്രസ്റ്റി സുരേഷ് വാദ്വാനി, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ബി.ഭവേഷ് എന്നിവർ പ്രസംഗിച്ചു.
District News
പിറവം: കണ്ണിറ്റുമലയിൽ നഗരസഭയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ ഗ്രീൻ ഹിൽ പാർക്ക് തുറന്നു. ഇവിടുത്തെ മാലിന്യ സംസ്കരണ പ്ലാന്റിന്റെയും, പൊതു ശ്മശാനത്തിന്റെയും അടുത്താണ് അനുബന്ധ പണികൾ പൂർത്തിയാക്കി 1.42 കോടി രൂപ ചിലവഴിച്ച് പാർക്ക് പൂർത്തിയാക്കിയത്.
ഇതിനൊപ്പം ശ്മശാനത്തിന്റെ തകര്‍ന്ന് കിടന്ന സംരക്ഷണ ഭിത്തി നിര്‍മിക്കുകയും സംസ്കരണ പ്ലാന്റിന്റെ പുകക്കുഴല്‍ മാറ്റി സ്ഥാപിക്കുകയും, പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ നിര്‍മാണവും നടത്തി. ഇതിനടുത്ത് തന്നെ ഒരേക്കറോളം സ്ഥലം വാങ്ങിയാണ് പാർക്ക് പൂർത്തിയാക്കിയത്. പാർക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജൂലി സാബു നിർവഹിച്ചു.
ഉപാധ്യക്ഷന്‍ കെ.പി. സലിം അധ്യക്ഷത വഹിച്ചു.