ആറ്റുതീരം പാർക്കിന്റെ ഒരു ഭാഗം പൂർണമായി മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞു താഴ്ന്ന നിലയിൽ.
കൊച്ചി: പിറവത്തെ പ്രശസ്തമായ ആറ്റുതീരം പാർക്കിന്റെ ഒരു ഭാഗം പൂർണമായി മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞു താഴ്ന്നു. നടപ്പാതകളും ഇരിപ്പിടങ്ങളും സംരക്ഷണ ഭിത്തിയുമടക്കമുള്ള ഭാഗങ്ങളാണ് ശക്തമായ ഒഴുക്കിലും മണ്ണിടിച്ചിലിലും പുഴയിലേക്ക് പതിച്ചത്.
അപകടസമയത്ത് പാർക്കിൽ സന്ദർശകരോ ജീവനക്കാരോ ഇല്ലാതിരുന്നത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് പാർക്കിനുള്ളിലേക്ക് വെള്ളം കയറിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ ദുരന്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബാക്കി ഭാഗങ്ങളും ഇടിഞ്ഞു താഴാൻ സാധ്യതയുള്ളതിനാൽ പാർക്കിലേക്കുള്ള പ്രവേശനം പൂർണമായി നിരോധിച്ചിട്ടുണ്ട്.
Tags : Piravom Muvattupuzha River Park Collapse nattu vishesham