കുരിശു ജംഗ്ഷനിലേക്ക് വൺവേ തെറ്റിച്ച് പ്രവേശിക്കുന്ന മിനി ലോറി .
പിറവം: ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് പിറവം ടൗൺ. സ്വകാര്യ ബസ് സ്റ്റാൻഡ് - മാർക്കറ്റ് റോഡ്, കരവട്ടെ കുരിശ്, അണ്ടേത്ത് കവല എന്നിവിടങ്ങളിലാണ് രൂക്ഷമായ ഗതാഗത തടസം നേരിടുന്നത്.
അശാസ്ത്രീയമായ ഗതാഗത നിയമങ്ങളാണ് പ്രധാന കാരണം. കൂടാതെ നിലവിലുള്ള ഗതാഗത നിയമങ്ങൾ പലരും പാലിക്കാത്തതും പോലീസിന്റെ ഉദാസീനതയും കുരുക്കിന് വഴിവയ്ക്കുന്നു.
മാർക്കറ്റ് റോഡിൽ തോന്നിയപടി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരവധി പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. ഇതുവഴി വലിയ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിട്ടുള്ളതാണങ്കിലും ടോറസ് ലോറികൾ ഉൾപ്പെടെ ഇതു വഴിയാണ് സഞ്ചരിക്കുന്നത്.
സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ നിന്നും കരവട്ടെ കുരിശ് ജംഗ്ഷനിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുള്ളതാണ്. ഇത് സൂചിപ്പിച്ചുകൊണ്ടുള്ള നോ എൻഡ്രി ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ ഭൂരിഭാഗം വാഹനങ്ങളും എളുപ്പ വഴിയെന്ന നിലയിൽ ഇതു വഴിയാണ് പോകുന്നത്. ഇത് പലപ്പോഴും കരവട്ടെ കുരിശിൽ ഗതാഗത തടസത്തിലുപരി അപകടങ്ങൾക്കും കാരണമാകുന്നു.
മുവാറ്റുപുഴ, പാലാ, കോട്ടയം, വൈക്കം ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാൻഡിൽ നിന്നു പോകുന്നതും , തിരിച്ചു വരുന്നതും ചാപ്പൽ പള്ളിയുടെ മുന്നിലൂടെയുള്ള കടവ് റോഡ് വഴി അണ്ടേത്ത കവല കൂടിയാണ്. വീതി കുറഞ്ഞ റോഡിലൂടെ ഇരു വശത്തേക്കും ബസുകളും മറ്റു വാഹനങ്ങളും സഞ്ചരിക്കുന്നതിനാൽ അണ്ടേത്ത് കവലയിലും മിക്ക സമയത്തും കുരുക്ക് അനുഭവപ്പെടുകയാണ്.
ബസുകൾ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന പി ഒ ജംഗ്ഷനിലാണങ്കിൽ അപകടങ്ങൾ പതിവ് സംഭവമായിരിക്കുകയാണ്.
നാലു റോഡുകൾ കൂടിച്ചേരുന്ന ഇവിടെ മീഡിയനടക്കം ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ലാത്തതാണ് അപകട ജംഗ്ഷനായി മാറുന്നത്. ഗതാഗതം പുനക്രമീകരണത്തിന് അടിയന്തിരമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.