കാലവർഷം ദുർബലമായതോടെ രയറോം പുഴ വറ്റിയ നിലയിൽ.
Aആലക്കോട്: കാലവർഷം ദുർബലമായതോടെ മലയോര മേഖലയിലെ പുഴകളിലും തോടുകളിലും ജലനിരപ്പ് താഴ്ന്നു. രണ്ടാഴ്ചയായി മഴ ലഭിക്കാത്തതോടെ സെപ്റ്റംബറിൽ തന്നെ പുഴകൾ വറ്റിത്തുടങ്ങി. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയോര മേഖലയിലെ പുഴകളിലെല്ലാം നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഓഗസ്റ്റ് ഒന്നിനുണ്ടായ കനത്ത മഴയിൽ കരകവിഞ്ഞൊഴുകിയ പുഴകളാണ് ഒന്നര മാസം പിന്നിടുമ്പോൾ വരണ്ട നിലയിലായത്. പകൽ സമയത്തെ കനത്ത വെയിലും തുടർന്നുള്ള ചൂടും ജലനിരപ്പ് താഴാൻ കാരണമായി.
കുടക് വനാതിർത്തിൽ നിന്ന് ആരംഭിച്ച് ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ്, പരിയാരം പഞ്ചായത്തുകളിൽ കൂടി ഒഴുകി കുപ്പം പുഴയിൽ എത്തിച്ചേരുന്ന രയറോം പുഴയിൽ മുൻ കാലങ്ങളിൽ ഡിസംബർ വരെ നീരൊഴുക്ക് ഉണ്ടാകാറുള്ളതാണ്. ഈ വർഷം ക്രമാതീതമായി വെള്ളം കുറഞ്ഞു. മഴ ലഭിക്കാത്ത സാഹചര്യം തുടർന്നാൽ ജലക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
Tags : NattuVishesham DistrictNews