കരിവെള്ളൂര്‍ ചെമ്പോട്ടിക്കുന്നിലെ ഉത്ഖനനത്തിന് ശേഷം പൂര്‍വസ്ഥിതിയിലാക്കിയ മഹാശിലാ സ്മാരകമായ കുടക്കല്ലിന് സമീപം പ്രദേശവാസി കെ.പി. ലക്ഷ്മി.
പയ്യന്നൂര്‍: തുടര്‍പഠനങ്ങള്‍ക്ക് വഴിയൊരുക്കി കരിവെള്ളൂര്‍ ചെമ്പോട്ടിക്കുന്നിലെ ഉത്ഖനനം ഇന്നു സമാപിക്കും. മഹാശിലാ സ്മാരകങ്ങളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ആര്‍ക്കിയോളജി വിദഗ്ധരെ സ്നേഹാദരത്തോടെയാണ് യാത്രയാക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്പോട്ടിക്കുന്ന് ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍ ചിതം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങ് വി. കുഞ്ഞികൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്.കെ. സുധാമണി അധ്യക്ഷത വഹിക്കും.
ഉത്ഖനനത്തിലൂടെ ചെമ്പോട്ടിക്കുന്നില് കണ്ടെത്തിയ നാശോന്മുഖമായ ഏഴ് കുടക്കല്ലുകളില്‍ നാലെണ്ണം പൂര്‍വസ്ഥിതിയിലാക്കാന്‍ ആര്‍ക്കിയോളജി വിദഗ്ധര്‍ക്ക് സാധിച്ചു.
2800 വര്‍ഷം പഴക്കമുള്ള കുടക്കല്ലുകള്ക്കകത്ത് നിന്ന് മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും ഇരുമ്പായുധങ്ങളുടെ സംസ്കരണത്തിനുപയോഗിച്ചിരുന്ന പീഠക്കല്ലും കണ്ടെത്തി. തൃശൂരില്‍ കണ്ടെത്തിയ കുടക്കല്ലുകളേക്കാള് വലുപ്പമുള്ളവയാണ് ചെമ്പോട്ടിക്കുന്നിലേത്.
കുത്തനെ വച്ചിരിക്കുന്ന രണ്ടു മീറ്ററോളം ഉയരത്തിലുള്ള നാലുകല്ലുകള്ക്ക് മുകളില്‍ കുടപോലെ വച്ചിരുന്ന അഞ്ച് ടണ്ണോളം ഭാരമുള്ള കല്ല് ക്രെയിനിന്റെ സഹായത്തോടെയാണ് എടുത്തുവച്ചത്. യന്ത്ര സംവിധാനങ്ങളില്ലാതിരുന്ന കാലഘട്ടത്തില്‍ ഈ കല്ലുകൾ എങ്ങനെ ഉയര്‍ത്തി മുകളില്വച്ചുവെന്നത് ചരിത്രകാരന്മാരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
ആദരച്ചടങ്ങിൽ ചിതം പ്രസിഡന്റ് ഡോ. ഇ. ഉണ്ണികൃഷ്ണന്, വാര്‍ഡ് മെംബര്‍ ജനേഷ്, കാലടി സര്‍വകലാശാല പയ്യന്നൂര്‍ സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോ. ഇ. ശ്രീധരന്, പി. മുരളീധരന് കരിവെള്ളൂര്‍, സ്ഥലമുടമയും പൈതൃക സംരക്ഷകനുമായ പെരികമന നാരായണന് നമ്പൂതിരി, ചെങ്കല്‍ കൊത്തുപണി വിദഗ്ധന്‍ പുഷ്പരാജ്, സി. ദിവാകരന് എന്നിവര്‍ പ്രസംഗിക്കും.
Tags : NattuVishesham DistrictNews