Kerala
തിരുവനന്തപുരം: റാഗിംഗിന്റെ പേരിൽ പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചതായി പരാതി. നഗരൂർ കൊടുവഴന്നൂർ സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി തല്ലിച്ചതച്ചത്. മർദ്ദനത്തിനിടെ കാലുകൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ വിദ്യാർഥികൾ സ്വന്തമായി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതാണ് സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. ഇതിനെച്ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിന് പുറത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്ലസ് ടു വിദ്യാർഥികൾ തന്നെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ പരിക്കേറ്റ കുട്ടിയുടെ രക്ഷിതാക്കളുടെ പക്കൽ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ നഗരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
National
ന്യൂഡൽഹി: വ്യാജ ആധാറും പാൻ കാർഡും ഉപയോഗിച്ച് മറ്റുള്ളവരുടെ പേരിൽ കോടിക്കണക്കിന് രൂപ വായ്പയെടുക്കുന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മൊഹാലി സ്വദേശിയായ അജയ് കുമാർ (24) ആണ് പിടിയിലായത്. തട്ടിപ്പ് നടത്തിയശേഷം ഡൽഹിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ഇയാൾ അമ്പതോളം പേരെ വഞ്ചിച്ച് ഏകദേശം 1.6 കോടി രൂപയുടെ ലോൺ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ 25ന് ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എടുക്കാത്ത വായ്പയുടെ ഇഎംഐ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോളുകൾ വന്നതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്.
തുടർന്ന് സിബിൽ സ്കോർ പരിശോധിച്ചപ്പോഴാണ് തന്റെ പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 4.5 ലക്ഷം രൂപയുടെ ലോൺ എടുത്തതായി ഇയാൾ അറിഞ്ഞത്. പരാതിക്കാരൻ അറിയാതെ അദ്ദേഹത്തിന്റെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ മാറ്റിയാണ് തട്ടിപ്പ് സംഘം ക്രമക്കേട് നടത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ ലോൺ തുക പഞ്ചാബിലെ മൊഹാലി സ്വദേശിയായ അജയ് കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്ന് പോലീസ് കണ്ടെത്തി. ഈ തുക ഇയാൾ പിൻവലിക്കുകയും ചെയ്തിരുന്നു.
തുടർന്ന് രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഡൽഹി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനായി ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
തൂത്തുക്കുടി: കുടുംബത്തെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാളുടെ കൂടെപ്പോയതിൽ മനംനൊന്ത് മക്കളെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. തൂത്തുക്കുടി പുതുകോട്ടൈയ്ക്ക് സമീപം സാവേരിയർപുരത്ത് നടന്ന സംഭവത്തിൽ മേരി മൈക്കിൾ (40), മക്കളായ മേരി നിരോഷ (14), മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്.
മേരി മൈക്കിളിന്റെ ഭാര്യ അടുത്തിടെ മറ്റൊരാളോടൊപ്പം പോയിരുന്നു. ഇതിനുശേഷമുണ്ടായ കടുത്ത മാനസിക വിഷമമാണ് ഈ ദാരുണമായ കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികൾ ഇരുവരും പ്രദേശത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളാണ്.
വെള്ളിയാഴ്ച രാത്രി മക്കൾക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം അവരോട് ഉറങ്ങാൻ മൈക്കൾ ആവശ്യപ്പെട്ടു. പിന്നീട് ഇലക്ട്രിക് വയറുകൾ കുട്ടികളുടെ ശരീരത്തിൽ കെട്ടിവെച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇതേ വയർ ഉപയോഗിച്ച് തന്നെ മൈക്കളും ജീവനൊടുക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചയായിട്ടും വീട് തുറക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പുതുകോട്ടൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ദിശ ഹെൽപ് ലൈനിൽ വിളിക്കുക. 1056, 0471-2552056)
Kerala
പാലക്കാട്: ചിറ്റൂരിൽ പതിനാലുവയസുകാരനായ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ചിറ്റൂർ കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെയാണ് കാണാതായത്. വീട്ടിൽ നിന്നും സൈക്കിളിൽ പുറപ്പെട്ട കുട്ടിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
കാണാതായ ഹരീഷിനെ വാളയാർ പരിസരത്ത് വെച്ച് കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കുട്ടി സൈക്കിളിൽ വാളയാറിന് സമീപം സഞ്ചരിക്കുന്ന നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
Kerala
ആലപ്പുഴ: ജി.സുധാകരൻ എംഎൽഎയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാർച്ചിൽ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഏരിയാ സെക്രട്ടറി സി. ഷാംജിയെ ഒന്നാം പ്രതിയാക്കിയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്.
കണ്ടാലറിയാവുന്ന മറ്റ് 49 പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ മണ്ണ് കടത്തലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ തർക്കമാണ് പരസ്യമായ തെരുവ് യുദ്ധത്തിലേക്കും പോലീസ് കേസിലേക്കും വഴിമാറിയത്.
സ്കൂൾ കെട്ടിടം പൊളിച്ചശേഷം അവിടെ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നു എന്ന ആരോപണം അന്വേഷിക്കാനാണ് ജി.സുധാകരൻ സ്ഥലത്തെത്തിയത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പമെത്തിയ സുധാകരനെ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ മുൻ പ്രസിഡന്റും സിപിഎം അംഗങ്ങളും ചേർന്ന് തടഞ്ഞതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
എച്ച്.സലാമിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവും സ്കൂൾ പിടിഎ പ്രസിഡന്റുമായ പ്രശാന്ത് കുട്ടി, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് എന്നിവരും ഈ സമയം സ്കൂളിലുണ്ടായിരുന്നു. മണ്ണ് കടത്തൽ ആരോപണത്തെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.
National
ഭിലായ്: നഴ്സിംഗ് വിദ്യാർഥിനി താമസസ്ഥലത്ത് കുത്തേറ്റ് മരിച്ചു. ഛത്തീസ്ഗഡിലെ ഭിലായിൽ നടന്ന സംഭവത്തിൽ ബെമേതാര ജില്ലയിലെ കുംഹി സ്വദേശിനിയായ ഖുഷി സാഹു (19) ആണ് കൊല്ലപ്പെട്ടത്.
ഖുഷിക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് പുറത്തുപോയ സമയത്തായിരുന്നു സംഭവം. സുഹൃത്ത് തിരിച്ചെത്തിയപ്പോൾ ഖുഷി ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഖുഷിയുടെ വയറ്റിലും കൈകളിലും പുറത്തുമായി പത്തിലധികം കുത്തേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.
National
ഇൻഡോർ: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയുടെ സഹോദരനെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇൻഡോറിൽ മാരക ലഹരിമരുന്നുമായി രണ്ട് പേരെ പിടികൂടിയതിന് പിന്നാലെയാണ് ജിതു പട്വാരിയുടെ സഹോദരനായ നാനാ പട്വാരിക്ക് കേസിൽ പങ്കുണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയത്.
രാജേന്ദ്ര നഗർ പോലീസ് നടത്തിയ പരിശോധനയിൽ 10.8 ഗ്രാം ബ്രൗൺ ഷുഗറുമായി ഇർഫാൻ ഖാൻ (ഗോലു ചന്ദേരി), റാണി ഭായി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ ലഹരിമരുന്ന് എത്തിച്ചുനൽകാൻ ആവശ്യപ്പെട്ടവരിൽ പ്രധാനി നാനാ പട്വാരിയാണെന്ന് ഇൻഡോർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നരേന്ദ്ര റാവത്ത് പറഞ്ഞു.
നാനാ പട്വാരിക്കെതിരെ ഒമ്പത് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. അതേസമയം പോലീസ് നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി രംഗത്തെത്തി. വീട്ടുകാരെ മുൻകൂട്ടി അറിയിക്കാതെയാണ് പോലീസ് തന്റെ സഹോദരനെ കസ്റ്റഡിയിലെടുത്തതെന്നും ബിജെപി സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗവൺമെന്റിനും മുഖ്യമന്ത്രി മോഹൻ യാദവിനും എതിരെ ശബ്ദമുയർത്തുന്നവരെ നിയമം ദുരുപയോഗം ചെയ്ത് നിശബ്ദരാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത്തരം രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് മുന്നിൽ തങ്ങൾ വഴങ്ങില്ലെന്നും ജിതു പട്വാരി വ്യക്തമാക്കി.
Kerala
നെടുമ്പാശേരി: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിലവിലെ സിപിഎം വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞ കേസില്‍ സിപിഎം പ്രവര്ത്തകൻ അറസ്റ്റിൽ.
നെടുമ്പാശേരി പോസ്റ്റ് ഓഫീസ് കവലയ്ക്കു സമീപം തെക്കേപ്പറമ്പില്‍ വീട്ടില്‍ തിലകന് (56) ആണ് പിടിയിലായത്. 12ന് രാത്രിയാണ് സംഭവം. 16-ാം വാര്‍ഡ് മെംബര്‍ ബിന്ദു സാബുവിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് കത്തിച്ച് വലിച്ചെറിഞ്ഞെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
വാര്‍ഡില്‍ സിപിഎമ്മിനകത്തെ തര്‍ക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിലും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.
നിലവിലെ മെംബറായിരുന്ന ബിന്ദു സാബുവിന് ഇക്കുറി പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുകയും ചെയ്തു. ഫല പ്രഖ്യാപനത്തിന്റെ തലേന്നാണ് ഗുണ്ട് കത്തിച്ച് എറിഞ്ഞത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറയാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് കോടതിയിലെത്തി. കോടതി നടപടികൾ 11ന് ആരംഭിക്കും.
അതിജീവിത കോടതിയിൽ എത്തില്ല. അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനിയും അമ്മയും കോടതിയിൽ എത്തിയിട്ടുണ്ട്.
ദിലീപ് ഉൾപ്പടെയുള്ള കേസിലെ 10 പ്രതികളും കോടതിയിൽ എത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്.
പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്നും എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അതിജീവിതയുടെ അഭിഭാഷക റ്റി.ബി. മിനി മാധ്യമങ്ങളോടു പ്രതികരിച്ചു.
National
നോയിഡ: ജെവാറിൽ നിർമാണത്തിലിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അലുമിനിയം കേബിളുകൾ മോഷ്ടിച്ച എൻജിനിയർ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ.
സൈറ്റ് എഞ്ചിനിയർ അലിഗഡ് സ്വദേശി ശിവം ശർമ (22) ഡ്രൈവർ ഇർഷാദ് അഹമദ് (23), സഹായി മുഹമദ് സിറാജ് (21), സ്ക്രാപ്പ് ഡീലർ ഇസ്ഹാർ (26) എന്നിവരാണ് പിടിയിലായത്.
15 ലക്ഷം രൂപ വിലമതിക്കുന്ന കേബിളുകളാണ് മോഷണം പോയത്. ചൊവ്വാഴ്ച രാത്രി നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. അലുമിനിയം കേബിളുകൾ, വ്യാജ നമ്പർ പ്ലേറ്റ്, ഇവർ സഞ്ചരിച്ച കാർ എന്നിവ കണ്ടെടുത്തതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) സുധീർ കുമാർ പറഞ്ഞു.
വിമാനത്താവള പരിസരത്ത് നിന്നാണ് കേബിളുകൾ മോഷ്ടിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ മൊഴി നൽകി. സംഭവത്തിൽ മറ്റ് ആളുകൾക്കും പങ്കുണ്ടായേക്കാമെന്നാണ് സൂചന.
ഗൗതം ബുദ്ധ നഗറിലെ ഇക്കോടെക്-1 പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) സെക്ഷൻ 317(5), 318(4), 3(5) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. താൻ നിരാഹര സമരത്തിലാണെന്ന് രാഹുൽ ജയിൽ സൂപ്രണ്ടിന് എഴുതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രണ്ടോടെ രാഹുൽ ഈശ്വറിനെ ജയിൽ മാറ്റിയത്.
രാഹുലിന്റെ ആരോഗ്യം നിരീക്ഷിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജയിൽ വകുപ്പ് പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇവിടെ ഡോക്ടറുടെ സേവനവും രാഹുൽ ഈശ്വറിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ വെള്ളം മാത്രം കുടിച്ചാണ് രാഹുൽ ജയിലിൽ കഴിയുന്നത്
ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ കോടതിയില്‍ വാദിച്ചത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇരയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി.
പരിഹാസം നിറഞ്ഞ കുറിപ്പ് ഫേസ്ബുക്കിലാണ് മന്ത്രി പങ്കുവച്ചത്. ഒരു 30 സെക്കന്റ്.. പ്ലീസ്....30 സെക്കന്റ് ആണ് ചോദിച്ചത്, പക്ഷെ.. മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: ബിജെപി പ്രവർത്തകന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. ചിറയിൻ കീഴിലാണ് സംഭവം.
രണ്ട് ബൈക്കുകൾ, ഒട്ടോ റിക്ഷ, സ്കൂട്ടി എന്നിവയാണ് കത്തിനശിച്ചത്. ബിജെപി പ്രവർത്തകനായ ബാബുവിന്റെ വീട്ടിലാണ് സംഭവം.
Kerala
തേഞ്ഞിപ്പലം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോർവിളി നടത്തിയതിന് പിന്നാലെ മുസ്ലീം ലീഗ് നേതാവിനെ മർദിച്ച രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ചേലേമ്പ്ര കുറ്റിപ്പാല സ്വദേശി പടിഞ്ഞാറെ കോട്ടായിൽ അബ്ദു സലാമിനാണ് മർദനമേറ്റത്.
സംഭവത്തിൽ ചേലേമ്പ്ര കൊളക്കാട്ടുചാലി സ്വദേശി പറമ്പിൽ അനൂപ് (43), ചേലൂപ്പാടം സ്വദേശി ചേളാശേരി പറമ്പിൽ സജിത്ത് (33)എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. വാട്ട്സ് ഗ്രൂപ്പിലുണ്ടായ രാഷ്ട്രീയ തർക്കം ഒടുവിൽ വ്യക്തിപരമായ വെല്ലുവിളിയിലേക്ക് എത്തുകയും സിപിഎം പ്രവർത്തകർ ലീഗ് നേതാവിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയുമായിരുന്നു.
ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് തലക്ക് സാരമായി പരിക്കേറ്റ അബ്ദുൾ സലാം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കോട്ടയം: പാലായിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും ഓട്ടോയിലും കാറിടിച്ച ശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പാലാ സ്വദേശിയായ ജോർജ്കുട്ടി ആനിത്തോട്ടമാണ് ഡമ്മി പ്രതിയെ ഹാജരാക്കിയിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്റ്റേഷനിൽ ഹാജരാക്കിയത് ഡമ്മി പ്രതിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇരുവർക്കുമെതിരെ പോലീസ് ആൾമാറാട്ടത്തിന് കേസെടുത്തു. ബുധനാഴ്ചയാണ് ജോർജ്കുട്ടി കാറിടിച്ച ശേഷം നിർത്താതെ പോയത്.
പാലാ-രാമപുരം റോഡിൽ പാലാ സിവിൽ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. ഓട്ടോയിലുണ്ടായിരുന്ന റോസമ്മ ഉലഹന്നാൻ എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വാഹനം ആരുടേതാണെന്ന് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്റ്റിൽ. കറുകുറ്റി കരിപ്പാല ഭാഗത്ത് പയ്യപ്പിള്ളി വീട്ടിൽ റോസി (63) യെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
കറുകുറ്റി കോരമന ഭാഗത്ത് താമസിക്കുന്ന ദമ്പതികളുടെ ആറുമാസം പ്രായമായ ഡൽന മറിയം സാറയെയാണ് അമ്മൂമ്മ കൊലപ്പെടുത്തിയത്. അഞ്ചാം തീയതി രാവിലെ ഒമ്പതോടെയാണ് സംഭവം.
കുട്ടിയെ റോസിയുടെ അടുത്ത് കിടത്തിയശേഷം റോസിക്ക് കഞ്ഞിയെടുക്കാൻ കുഞ്ഞിന്റെ അമ്മ അടുക്കളയിലേക്ക് പോയ സമയത്താണ് കൊലപാതകം. റോസി കത്തികൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കൊലപാതകം നടത്താനുള്ള കത്തി പ്രതി മുമ്പേ കരുതി വച്ചിരുന്നു.
ഡിവൈഎസ്പി റ്റി.ആര്. രാജേഷ്, ഇന്‍സ്പെക്ടര്‍ എ. രമേഷ്, എസ്ഐമാരായ കെ. പ്രദീപ്കുമാര്‍, ബിജീഷ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
National
ഭുവനേശ്വർ: ഒഡീഷയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി മാസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതി. ബാലസോർ സ്വദേശിനിയായ 23കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
പ്രദേശവാസിയായ ഒരാൾ തന്നെ തട്ടിക്കൊണ്ടുപോയി മയൂർഭഞ്ച് ജില്ലയിലെ ബാരിപാഡയിൽ ആറുമാസം തടവിലാക്കി നിരവധി പ്രാവശ്യം പീഡിപ്പിച്ചെന്നാണ് പരാതി. തന്നെ കൂട്ടബലാത്സംഗത്തിനും പീഡനങ്ങൾക്കും ഇരയാക്കിയെന്നും ഭോഗ്രായി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു.
അതേസമയം, മകൾ ഒരാളോടൊപ്പം ഒളിച്ചോടിയെന്നും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചെന്ന് കാണിച്ച് യുവതിയുടെ അമ്മ മാർച്ച് മൂന്നിന് പരാതി നൽകിയതായി ഭോഗ്രായി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് രോഹിത് കുമാർ ബാൽ പറഞ്ഞു.
സ്ത്രീയെ ബാലസോറിലെ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിന് നോട്ടീസ് നല്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്നത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
മ്യൂസിയം പോലീസ് രാഹുലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി രാഹുലിന് നേരിട്ട് ബന്ധപ്പെടുത്താനുള്ള തെളിവ് ലഭിച്ചില്ലെന്നാണ് പോലീസ് സൂചിപ്പിച്ചിരുന്നത്.
രാഹുലുമായി അടുത്ത ബന്ധമുള്ള ചില ആളുകളെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.
കേസിലെ മൂന്നാം പ്രതിയുടെ ഫോണിലുള്ള ശബ്ദ സന്ദേശത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പറ്റിയുള്ള പരാമര്‍ശം അടങ്ങിയത് വീണ്ടെടുത്തിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണ് ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചു വരുത്തുന്നത്.