Kerala
പരവൂര്: ഏറ്റവും കൂടുതല് സൈബര് തട്ടിപ്പ് പരാതികള് റിപ്പോര്ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യ രണ്ടാം സ്ഥാനത്ത്. കാനഡയാണ് പട്ടികയില് ഒന്നാമത്.
ലോകമെമ്പാടുമുള്ള സൈബര് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അമേരിക്കന് ഏജന്സി ഫെഡറല് ബ്യൂറോ ഒഫ് ഇന്വെസ്റ്റിഗേഷന്റെ (എഫ്ബിഐ) 2025-ലെ ഇന്റര്നെറ്റ് ക്രൈം റിപ്പോര്ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2025-ല് മാത്രം ലോകമെമ്പാടുമുള്ള ഇന്റര്നെറ്റ് ക്രൈം കംപ്ലെയിന്റ് സെന്ററില് പത്തുലക്ഷത്തിലധികം (1,008,597) പരാതികളാണ് ലഭിച്ചത്. ഏകദേശം 20.877 ബില്യണ് ഡോളറിന്റെ സാമ്പത്തിക നഷ്ടം ഇതിലൂടെ സംഭവിച്ചതായി റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു.
2024-നെ അപേക്ഷിച്ച് നഷ്ടത്തില് 26 ശതമാനത്തിന്റെ വര്ധനയാണുണ്ടായത്. ആകെ നഷ്ടത്തിന്റെ 85 ശതമാനവും ഇന്റര്നെറ്റ് വഴിയുള്ള തട്ടിപ്പുകള് മൂലമാണ് സംഭവിച്ചത്.
ഏറ്റവും കൂടുതല് പരാതികള് റിപ്പോര്ട്ട് ചെയ്ത രാജ്യങ്ങള്: കാനഡ (7,479 പരാതികള് ), ഇന്ത്യ (5,879 പരാതികള് ), ജപ്പാന് (5,764 പരാതികള് ), യുണൈറ്റഡ് കിംഗ്ഡം (4,106 പരാതികള് ), ജര്മനി (3,056 പരാതികള് ) പട്ടികയില് നൈജീരിയ (14ാം സ്ഥാനം), പാകിസ്ഥാന് (13ാം സ്ഥാനം), ചൈന (17ാം സ്ഥാനം) എന്നീ രാജ്യങ്ങളും ആദ്യ ഇരുപതില് ഉള്പ്പെടുന്നു.
സൈബര് തട്ടിപ്പുകാര് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് മുതിര്ന്ന പൗരന്മാരെയാണെന്ന് റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
60 വയസിന് മുകളിലുള്ളവരില് നിന്നാണ് ഏറ്റവും വലിയ സാമ്പത്തിക നഷ്ടം (7.7 ബില്യണ് ഡോളര്) രേഖപ്പെടുത്തിയിരിക്കുന്നത്.
2001-ല് 17.8 മില്യണ് ഡോളറായിരുന്ന ആഗോള സൈബര് തട്ടിപ്പ് നഷ്ടം 2025-ല് 20.877 ബില്യണ് ഡോളറായി കുതിച്ചുയര്ന്നു. ഒരു ഇരയ്ക്ക് ശരാശരി 20,699 ഡോളര് (ഏകദേശം 17 ലക്ഷം രൂപ) വീതം നഷ്ടമാകുന്നു.
സാങ്കേതികവിദ്യയുടെ വളര്ച്ചയ്ക്കൊപ്പം സൈബര് ക്രിമിനലുകള് പുതിയ തന്ത്രങ്ങള് ആവിഷ്കരിക്കുന്ന സാഹചര്യത്തില് പൊതുജനങ്ങളും സുരക്ഷാ ഏജന്സികളും കൂടുതല് ജാഗ്രത പാലിക്കണമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്കി.
Leader Page
“When you want something, all the universe conspires in helping you to achieve it.” പൗലോ കൊയ്ലോയുടെ ‘ആൽക്കെമിസ്റ്റ്’ എന്ന പുസ്തകത്തിലെ പ്രസിദ്ധമായ വാക്യമാണിത്.
രണ്ട് ആഴ്ചകൾക്കു മുമ്പു വന്ന ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ആകാംക്ഷ് ദുൽ എന്ന ചെറുപ്പക്കാരനും ഇത്തരമൊരു തിരുമാനത്തിന്റെ ഉടമയാണ്. കഴിഞ്ഞ നാലുവർഷമായി ഞാൻ എന്റെ കഴിവനുസരിച്ചു യുപിഎസ്സി പരീക്ഷയ്ക്കു ആകാംക്ഷിനെ പഠിപ്പിക്കുകയായിരുന്നു. അദ്ദേഹം ഇത്തവണ മൂന്നാം റാങ്ക് നേടിയത് എന്നെ അദ്ഭുതപ്പെടുത്തുന്നില്ല. കാരണം അത്രയും ചിട്ടയോടെയും നേടുമെന്ന ഉറച്ച വിശ്വാസത്തോടെയുമുള്ള പഠനരീതിയായിരുന്നു അത്.
ആകാംക്ഷ് ദുൽ ആ മൂന്നാം റാങ്കിൽ എങ്ങനെ എത്തിയെന്ന് നമ്മൾ ആലോചിക്കണം. അതിന് ആറു കാരണങ്ങൾ ഉണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്.
‘താൻ യുപിഎസ്സി പരീക്ഷ വിജയിച്ചേ അടങ്ങൂ, ഐഎഎസ് പദവി നേടിയിരിക്കും’ - നാലുവർഷംമുമ്പ് ആദ്യതവണ പരീക്ഷ എഴുതുമ്പോഴേയുള്ള ആകാംക്ഷിന്റെ ഉറച്ച തീരുമാനമായിരുന്നു അത്. അതുതന്നെയാണ് ആ വിജയത്തിളക്കത്തിന്റെ ആദ്യ കാരണം! താൻ വിജയിക്കും എന്ന ഉറച്ച വിശ്വാസമുണ്ടാക്കിയെടുക്കുന്ന ആർക്കും എവിടെയും ഒന്നാമതെത്താനാവും. ആകാംക്ഷിന്റെ വിജയത്തിനു പിന്നിൽ ആ ഉറച്ച തീരുമാനമുണ്ടായിരുന്നു എന്നുകാണാം. ‘യുപിഎസ്സി സർവീസ് കൊണ്ടല്ലാതെ താൻ തൃപ്തിപ്പെടില്ല’ എന്ന ചിന്തയോടെ പഠനം തുടങ്ങിയെന്നതാണ് മറ്റൊരു കാര്യം. അതൊരു അസന്നിഗ്ദ്ധമായ തീരുമാനം ആയിരുന്നിരിക്കണം. മറ്റേതെങ്കിലുമൊക്കെ പരീക്ഷയെഴുതാൻ ശ്രമിച്ചാൽ യുപിഎസ്സി തയാറെടുപ്പിനു സമയം കുറയുമെന്നദ്ദേഹം മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് ഈ നാലുവർഷവും യുപിഎസ്സിക്കുവേണ്ടി മാത്രം പഠിച്ചത്. സിവിൽ സർവീസ് നേടാൻ ആഗ്രഹിക്കുന്നവർക്കൊക്കെ ഇതൊരു പാഠമാണ്.
ആദ്യതവണ എഴുത്തുപരീക്ഷ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും തീരുമാനം ഉറച്ചതായതിനാൽ പിന്മാറാൻ അദ്ദേഹം തയാറല്ലായിരുന്നു. രണ്ടാമത്തെ തവണ 296 ാമത്തെ റാങ്ക് നേടുകയും ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസിൽ പ്രവേശിക്കുകയും ചെയ്തു. പക്ഷെ അവിടം കൊണ്ടു തൃപ്തിപ്പെടാൻ കൂട്ടാക്കിയില്ല. മൂന്നാം തവണയും പരീക്ഷ എഴുതി. എന്നാൽ നല്ല മാർക്കുണ്ടായിരുന്നെങ്കിലും ഇന്റർവ്യൂവിലെ പിഴവുകൊണ്ട് റാങ്കു മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. കഠിനപരിശ്രമത്തോടെ നാലാം തവണ എഴുതുമ്പോൾ 3ാം റാങ്കിൽ എത്തുകയുണ്ടായി. ആദ്യതവണയും രണ്ടാം തവണയുമൊക്കെ പരാജയപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തിൽ മുന്നോട്ടു പോവുകയും വിജയിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹം ചെയ്തത്. അതായിരുന്നു വേറൊരു സവിശേഷത.
സാധാരണ ഗതിയിൽ ഇത്തരം പരീക്ഷയെഴുതി അക്കൗണ്ട് ആൻഡ് ഓഡിറ്റ് സർവീസ് പോലെയുള്ള ജോലിയിൽ പ്രവേശിച്ചാൽ അതൊരു സുരക്ഷിത മേഖലയായി കണ്ട് അവിടെ തുടരുകയാണ് പലരുടെയും പതിവ്. ഇനിയും എന്തിനു വെറുതേ ബുദ്ധിമുട്ടണം എന്ന ചിന്തയും ഉണ്ടാവും. മാത്രമല്ല ശമ്പളവും ഏറെക്കുറെ തുല്യമായിരിക്കും. എന്നാൽ ആകാംക്ഷ് അങ്ങനെയല്ല ചിന്തിച്ചത്. തനിക്കു ജോലിയേ കിട്ടിയിട്ടില്ല എന്നു കരുതി തുടർന്നു പഠിച്ചതിനാൽ മികച്ച പ്രകടനം നടത്താനും ആഗ്രഹിച്ചതു നേടാനും കഴിഞ്ഞു.
ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയുമൊക്കെ വിജയിച്ച പലരും യുപിഎസ്സിയിൽ തങ്ങളുടെ വിഷയം മാറ്റുന്നത് സർവസാധാരണമാണ്. എന്നാൽ കോമേഴ്സ് ഡിഗ്രി വിദ്യാർത്ഥിയായ ആകാംക്ഷ് യുപിഎസ്സിയിലും അതുതന്നെ തെരഞ്ഞെടുത്തുവെന്നതാണ് വിജയത്തിനു പിന്നിലെ വേറൊരു കാര്യം. പ്ലസ്ടുവിനും ഡിഗ്രിക്കും പിജിയ്ക്കുമൊക്കെ പഠിക്കുന്ന വിഷയം തന്നെ യുപിഎസ്സിക്കും തെരഞ്ഞെടുത്താൽ നിശ്ചയമായും അതിന്റെ ഗുണം കിട്ടുമെന്നുതന്നെയാണ് എന്റെയും അഭിപ്രായം. കാരണം നമ്മൾ പഠിച്ച വിഷയവും യുപിഎസ്സിയിൽ നമ്മൾ തെരഞ്ഞെടുക്കുന്ന വിഷയവും തമ്മിലൊരു ചേർച്ചയുണ്ടായിക്കുകയും അതു നമുക്കു മികച്ച മാർക്കുനേടിത്തരാൻ സഹായിക്കുകയും ചെയ്യും. മാത്രമല്ല, പൊതുവിജ്ഞാനത്തിലും ഇന്റർവ്യൂവിലും ധാരാളം ചോദ്യങ്ങൾ കോമേഴ്സ് സബ്ജക്ടിലായിരുന്നു. ആ ചോദ്യങ്ങളുടെ മറുപടി വളരെ എളുപ്പത്തിൽ നല്കാൻ ആകാംക്ഷിനു സാധിച്ചു.
സ്വയം വിശകലനം ചെയ്തു വിലയിരുത്താനായി എന്നത് ആ വിജയത്തിലെ പ്രധാനപ്പെട്ട മറ്റൊരു കാര്യമായി കാണാം. നാലുതവണ പരീക്ഷയെഴുതിയപ്പോഴും ഒരോ തവണയും എഴുത്തുപരീക്ഷയിൽ അദ്ദേഹം നില മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നുകാണാം. എന്തുകൊണ്ട് തനിക്ക് എഴുത്തുപരീക്ഷയിൽ മാർക്കു കുറഞ്ഞു എന്നു വിലയിരുത്തി അതെങ്ങനെ മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം ആലോചിച്ചു. മുൻ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ വലിയ ജാഗ്രതയാണ് പുലർത്തിയത്. ഉന്നത വിജയത്തിന് അതു നിർബന്ധമാണുതാനും. യുപിഎസ്സിയിൽഎഴുത്തുപരീക്ഷയും ഇന്റർവ്യൂവും ഒരുപോലെ പരമപ്രധാനമാണ്.
ആയിരക്കണക്കിനു മോക്ക് ഇന്റർവ്യൂകളിൽ പങ്കെടക്കുകയെന്ന തീരുമാനം പരമപ്രധാനമായ ഒരു കാരണമായി ഞാൻ വിലയിരുത്തുന്നു. ‘ലക്ഷ്യം നേടുന്നതിനേക്കാൾ വലിയ തടസം പരാജയപ്പെടുമോ എന്ന ഭയമാണ്. ആ ഭയത്തെ കീഴടക്കുന്നവനാണ് യഥാർഥ ആൽക്കെമിസ്റ്റ്’ എന്ന് പൗലോ കൊയ്ലോ പറഞ്ഞത് ഓർക്കുക.
അതുകൊണ്ട് എത്രത്തോളം മോക് ഇന്റർവ്യൂവിൽ പങ്കെടുക്കാമോ അത്രയും പങ്കെടുക്കുക. അത് ഭയം മാറ്റാനും അടുത്ത തവണത്തേയ്ക്ക് കൂടുതൽ കരുത്തു പകരാനും ഭാഷാപ്രാവീണ്യം നേടാനും ഉപകരിക്കും. ഓരോ തവണയും കിട്ടുന്ന മാർക്കു വിവരങ്ങൾ ഗൂഗിളിൽ സെർച്ചു ചെയ്താൽ ആർക്കും കാണാവുന്നതാണ്.
സിവിൽ സർവീസ് നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ആകാംക്ഷ് ദുല്ലിനെപ്പോലെ കഠിനമായ പരിശ്രമവും മനഃസാന്നിധ്യവുമുള്ള ആർക്കും ആദ്യത്തെ പത്തു റാങ്കുകൾക്കുള്ളിൽ എത്താൻ കഴിയും എന്നുറപ്പാണ്.
Kerala
പരവൂര്: ആഗോള തലത്തില് സൈബര് തട്ടിപ്പുകള്ക്ക് ഏറ്റവും കൂടുതല് ഇരയാകുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് റിപ്പോര്ട്ട്. ഇന്ത്യന് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഓണ്ലൈന് തട്ടിപ്പിന്റെ വര്ധിച്ചു വരുന്ന വ്യാപ്തിയും സങ്കീര്ണതകളും എടുത്തു കാണിക്കുന്ന റിപ്പോര്ട്ട് മെറ്റയാണ് പുറത്തിറക്കിയത്.
ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് അധിഷ്ഠിത തട്ടിപ്പുകള് രാജ്യത്ത് അനുദിനം വര്ധിച്ച് വരികയാണ്. ബിസിനസുകള് പോലെ പ്രവര്ത്തിക്കുന്ന സംഘടിത തട്ടിപ്പ് ശൃംഖലകള് വന് ഭീഷണിയാണ് ഉയര്ത്തുന്നതെന്നും റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ഡിജിറ്റല് സാങ്കേതികവിദ്യ അതിവേഗമാണ് വികസിച്ച് വരുന്നത്. ഇത് പരമാവധി മുതലെടുത്ത് സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള്, മെസേജിംഗ് ആപ്പുകള്, നൂതന സാങ്കേതിക വിദ്യകള് എന്നിവ ഉപയോഗിച്ച് വലിയ തോതിലുള്ള തട്ടിപ്പുകളാണ് അരങ്ങേറുന്നത്. ഈ സ്ഥിതിവിശേഷം ആശങ്കാജനകമാണെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.
എഐ അധിഷ്ഠിത തട്ടിപ്പുകളിലാണ് സൈബര് കുറ്റവാളികള് ഇപ്പോള് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൃത്രിമ ബുദ്ധി തട്ടിപ്പുകള് വേഗത്തില് നടപ്പിലാക്കാന് സാധിക്കും.
Kerala
കാഞ്ഞിരപ്പള്ളി: കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾക്കായി നടപ്പിലാക്കിയ 2025ലെ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (കെഐആർഎഫ്) നാലാം റാങ്ക് കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജ് (ഓട്ടോണമസ്).
രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ നടന്ന ചടങ്ങിലാണ് റാങ്കിംഗ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. മാനേജ്മെന്റ് പ്രതിനിധി റവ.ഡോ. സിജു ജോൺ, ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. നിമി ആൻ വിൻസെന്റ് എന്നിവർ ചേർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച അധ്യാപക - വിദ്യാർഥി അനുപാതം, അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണങ്ങൾ, നവീന ആശയങ്ങൾക്കും സംരംഭകത്വത്തിനും നൽകുന്ന മുൻഗണന, മികച്ച പ്ലേസ്മെന്റ് - ഉപരിപഠന സാധ്യതകൾ, കാമ്പസിലെ വിദ്യാർഥി വൈവിധ്യം എന്നീ വിഭാഗങ്ങളിൽ ഉയർന്ന സ്കോറുകൾ നേടിയാണ് കോളജ് ഈ നേട്ടം കൈവരിച്ചത്.
കൂടാതെ, പേറ്റന്റ് സംബന്ധമായ സംഭാവനകൾക്കുള്ള വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും കോളജ് കരസ്ഥമാക്കി. നാക് എ പ്ലസ് ഗ്രേഡ് അംഗീകാരമുള്ള അമൽജ്യോതിയിൽ ഏഴ് എൻബിഎ അക്രഡിറ്റഡ് പ്രോഗ്രാമുകളുണ്ട്.
National
മുംബൈ: ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ ഗ്ലോബൽ പാസ്പോർട്ട് ഇൻഡെക്സ് റിപ്പോർട്ട് പ്രകാരം ലോകത്തെ കരുത്തുറ്റ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ 75-ാം സ്ഥാനത്ത്. ഇതുവഴി 56 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാൻ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കു സാധിക്കും.
2025ൽ 85-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. റാങ്കിംഗിൽ മുന്നേറിയെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വീസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ ഈ വർഷം ഒന്നിന്റെ കുറവുണ്ടാകും.
ഐവറി കോസ്റ്റ്, ഗാബണ്, മഡ്ഗാസ്കർ, മൗറിടാനിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ റാങ്ക് പങ്കിടുന്നത്.
ഒരു രാജ്യത്തിന്റെ വിദേശനയത്തിന്റെ കരുത്തും ആഗോള രാഷ്ട്രീയത്തിൽ അതിന്റെ സ്ഥാനവുമാണ് പാസ്പോർട്ട് ഇൻഡക്സ് പ്രതിഫലിപ്പിക്കുന്നത്. 2000ത്തിന്റെ മധ്യം മുതലാണ് ഹെൻലി പാസ്പോർട്ട് ഇൻഡെക്സ് ആരംഭിക്കുന്നത്. അന്ന് മുതൽ സിംഗപ്പൂർ, ജപ്പാൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ രാജ്യങ്ങളാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നത്. സിംഗപ്പൂരാണ് ഒന്നാമത് വിസയില്ലാതെ പാസ്പോർട്ടുമായി 192 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.
ജപ്പാനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്. ഇവയുടെ പാസ്പോർട്ടുമായി 187 രാജ്യങ്ങൾ സന്ദർശിക്കാം. മൂന്നാം സ്ഥാനത്തുള്ള സ്വീഡൻ, യുഎഇ രാജ്യങ്ങളുടെ പാസ്പോർട്ടിൽ 186 രാജ്യങ്ങളിലെത്താം.
ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ്, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങൾ നാലാം സ്ഥാനത്താണ്. വീസയില്ലാതെ 185 രാജ്യങ്ങളിൽ രാത്ര ചെയ്യാം. ഓസ്ട്രിയ, ഗ്രീസ്, മാൾട്ട, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ അഞ്ചാം സ്ഥാനത്താണ്. ഇവരുടെ പാസ്പോർട്ടുമായി 184 രാജ്യങ്ങൾ സന്ദർശിക്കാം.
ഇത്തവണത്തെ പ്രധാന മാറ്റം, യുഎസും (ഏഴാമത്) യുകെയും (10-ാമത്) ഹെൻലി പാസ്പോർട്ട് ഇൻഡക്സിലെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇല്ല എന്നതാണ്. ആദ്യ പത്തു സ്ഥാനങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളുടെ ആധിപത്യമാണ്. നോർഡിക് രാജ്യങ്ങളിൽ ഡെന്മാർക്ക്, ഫിൻലാൻഡ്, സ്വീഡൻ, നോർവെ രാജ്യങ്ങൾ ആദ്യ അഞ്ചിൽ ഉൾപ്പെടുന്നു.
ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ മാലദ്വീപ് 49-ാം സ്ഥാനത്തും ചൈന 56-ാമതുമാണ്. പട്ടികയിൽ ഏറ്റവും താഴെയുള്ളവരിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ്. പാക്കിസ്ഥാൻ 97-ാമതും പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള അഫ്ഗാന് 101-ാം സ്ഥാനവുമാണ്. പാക് പാസ്പോർട്ടിൽ വീസയില്ലാതെ 32 കേന്ദ്രങ്ങളും അഫ്ഗാൻ പാസ്പോർട്ടിൽ 24 കേന്ദ്രങ്ങളും സന്ദർശിക്കാം.