തിരുവനന്തപുരം: സംസ്ഥാന സർവീസിലുള്ളവരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ജെ.ബി. കോശി കമ്മീഷൻ ശിപാർശ. സർക്കാർ വകുപ്പുകളിലെ എല്ലാ താത്കാലിക നിയമനവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി സംവരണം പാലിച്ചു നടത്തണമെന്നും കമ്മീഷൻ ശിപാർശ ചെയ്തു.
പരന്പരാഗത തോട്ടവിളകളായ റബർ, തേയില, കാപ്പി, കൊക്കോ എന്നിവയുടെ വിലയിടിവു മൂലം കർഷകർ അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം കാണാൻ മാവ്, പ്ലാവ്, സപ്പോട്ട, റംബൂട്ടാൻ, മാങ്കോസ്റ്റീൻ തുടങ്ങിയ ഫലവൃക്ഷങ്ങളെക്കൂടി തോട്ടവിളകളായി അംഗീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
മറ്റു പ്രധാന നിർദേശങ്ങൾ
- മലയോര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഉണ്ടാകണം.
- എൻജിനിയറിംഗ്, മെഡിസിൻ, സിവിൽ സർവീസ് തുടങ്ങിയവയ്ക്കുള്ള പരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും ക്രൈസ്തവ ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള മേഖലകളിൽ സ്ഥാപിക്കണം.
- ഇത്തരം കേന്ദ്രങ്ങൾ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഒരുപോലെ പ്രാപ്യവും സൗകര്യപ്രദവുമായ ഇടങ്ങളിൽ പ്രവർത്തിക്കണം.
- എയ്ഡഡ് സ്കൂളുകളിൽ ശന്പളം ഒഴികെയുള്ള ചെലവുകൾക്കായി ഒരു തുക സർക്കാർ നൽകണം.
- അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷ പാസാകുന്നതിനുള്ള മാർക്ക് എല്ലാവർക്കും തുല്യമായിരിക്കണം.
- സംവരണ വിഭാഗങ്ങൾക്കു കുറഞ്ഞ മാർക്ക് പരിഗണന നൽകേണ്ടതില്ല.
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെ മലപ്പുറത്തുള്ള പഠനകേന്ദ്രത്തിൽ 50 ശതമാനം സീറ്റ് മുസ്ലിംകൾക്കു മാറ്റിവച്ചിരിക്കുന്നു. ക്രിസ്ത്യാനികൾക്കും മറ്റു സമുദായങ്ങൾക്കും ഒരു സീറ്റ് പോലും നീക്കിവച്ചിട്ടില്ല. മതന്യൂനപക്ഷങ്ങൾക്കുവേണ്ടിയാണെങ്കിൽ മുസ്ലിംകളെ മാത്രമല്ല, എല്ലാ അംഗീകൃത ന്യൂനപക്ഷങ്ങളെയും ഒരുപോലെ പരിഗണിക്കണം. എടത്വ കേന്ദ്രമായി പരിശീലനകേന്ദ്രം ആരംഭിക്കണം.
- സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ റീജണൽ ഓഫീസുകൾ സ്ഥാപിച്ചിക്കുന്നതിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണം. ഇടുക്കി, തിരുവല്ല അല്ലെങ്കിൽ ചെങ്ങന്നൂർ എന്നിവടങ്ങളിൽ റീജണൽ ഓഫീസുകൾ തുറക്കണം.
- ജില്ലാ അടിസ്ഥാനത്തിൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പുകൾ നൽകുന്പോൾ ന്യൂനപക്ഷ ജനസംഖ്യാടിസ്ഥാനത്തിൽ നൽകണം.
- വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ കമ്യൂണിറ്റി ക്വാട്ട കൂടാതെ മാനേജ്മെന്റ് ക്വാട്ടയും വേണം. ഏതു വിഭാഗമാണോ സ്ഥാപനം നടത്തുന്നത് ആ വിഭാഗത്തിലെ കുട്ടികൾക്കു പ്രവേശനം നൽകാൻ ഇത് ആവശ്യമാണ്.
- ഇഡബ്ല്യുഎസ്, ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള വരുമാനപരിധി രണ്ടു ലക്ഷമാക്കി ഏകീകരിക്കണം. സ്കോളർഷിപ്പ് തുകയും ഏകീകരിക്കണം.
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാറ്റിൻ/ ആംഗ്ലോ ഇന്ത്യൻ, നാടാർ, പരിവർത്തിത ക്രൈസ്തവ സംവരണം ആറു ശതമാനമാക്കണം. ഇത് യഥാക്രമം 3:2:1 എന്ന അനുപാതത്തിലായിരിക്കണം.
- എസ്സി, എസ്ടി സംവരണ സീറ്റുകളിൽ ആളില്ലാതെ വന്നാൽ പരിവർത്തിത ക്രൈസ്തവരെ പരിഗണിക്കാൻ അനുവദിക്കണം.
- എയ്ഡഡ് മേഖലയിലെ എല്ലാ ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങളിലും കമ്യൂണിറ്റി ക്വാട്ട 20 ശതമാനം അനുവദിക്കണം.
- സ്പെഷൻ സ്കൂളുകളിലെ മാനേജ്മെന്റിനും ജീവനക്കാർക്കും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സൗകര്യവും ശന്പളവും അനുവദിക്കണം.
- രണ്ടു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള മാതാപിതാക്കൾ മരിച്ചുപോയതോ നഷ്ടപ്പെട്ടതോ ആയ ക്രിസ്ത്യൻ കുട്ടികൾക്കും പിതാവ് മരിച്ചുപോയ സ്കൂൾ വിദ്യാർഥികളായ പെണ്കുട്ടികൾക്കും ക്രൈസ്തവ കർഷകരുടെ മക്കൾക്കും സ്കോളർഷിപ്പ് നൽകുക.
- ഓർഫനേജിലെ അന്തേവാസികൾക്കുള്ള തുക ക്ഷേമപെൻഷനു തുല്യമാക്കുക.
- യത്തീം ഖാനയിലെ പ്രഫഷണൽ കോഴസിനു പഠിക്കുന്ന കുട്ടികൾക്കു വർഷം 10,000 രൂപ സ്കോളർഷിപ്പ് നൽകുന്നതു പോലെ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ നടത്തുന്ന അനാഥാലയങ്ങളിൽ താമസിക്കുന്ന കുട്ടികൾക്കും നൽകുക.
- കേരള മദ്രസ അധ്യാപക ക്ഷേമനിധിക്കു സമാനമായി സണ്ഡേ സ്കൂൾ, വേദപഠനം, മതബോധനം നടത്തുന്ന അധ്യാപകർക്കും ക്ഷേമനിധി നടപ്പിലാക്കുക.
- പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതി പ്രകാരമുള്ള ജില്ലാ സമിതികളിൽ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നൽകുക.
- ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഒരു സമുദായത്തിൽനിന്നാകുന്പോൾ അംഗം മറ്റേ സമുദായത്തിൽനിന്നാകണം.
- കേരള സ്റ്റേറ്റ് ക്രിസ്ത്യൻ മൈനോരിറ്റീസ് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ രൂപീകരിച്ച് കുറഞ്ഞ പലിശനിരക്കിൽ കൃഷിക്കും ബിസിനസ് സംരംഭങ്ങൾക്കും വായ്പ അനുവദിക്കുക.
- ഓർഫനേജ് കണ്ട്രോൾ ബോർഡ് അധ്യക്ഷരായി റൊട്ടേഷൻ ക്രമത്തിൽ ക്രൈസ്തവരെയും നിയമിക്കുക.
- ആരാധനാലയങ്ങൾക്കുള്ള വെള്ളം, വൈദ്യുതി എന്നിവയ്ക്ക് കൊമേഴ്സ്യൽ താരിഫ് മാറ്റി ഡൊമസ്റ്റിക് നിരക്ക് ഏർപ്പെടുത്തുക.
- കേരള മാര്യേജ് രജിസ്ട്രേഷൻ ബിൽ 2020 നടപ്പിലാക്കരുത്.
- കന്യാസ്ത്രീകൾക്കു വ്യക്തിപരമായി റേഷൻ കാർഡ് ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കുക.
- പൊതു വാർധക്യകാല മാനദണ്ഡങ്ങൾക്കനുസരിച്ച് അർഹരാണെങ്കിൽ നിശ്ചിത പ്രായമുള്ള എല്ലാ ക്രൈസ്തവ സന്യസ്തർക്കും വാർധക്യകാല പെൻഷൻ നൽകുക.
- വിധവകളുടെയും പെണ്മക്കളുടെയും വിവാഹാവശ്യത്തിന് പലിശരഹിത വായ്പ അനുവദിക്കുക.
- പുതിയ കെട്ടിടങ്ങൾ പണിയാൻ കഴിവില്ലാത്ത, അരനൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളികളുടെ ജീർണോദ്ധാരണത്തിന് ഫണ്ട് അനുവദിക്കുക.
- സെമിത്തേരി നിർമാണത്തിനുള്ള തടസങ്ങൾ നീക്കണം. നിയമപ്രകാരമുള്ള സെമിത്തേരികളിൽ മൃതദേഹം സംസ്കരിക്കുന്നതു തടസപ്പെടുത്തുന്ന സംഭവങ്ങളിൽ പോലീസ് സംരക്ഷണം ഉറപ്പാക്കണം.
- ക്രൈസ്തവ ചരിത്രം, സാഹിത്യം, കലകൾ, സുറിയാനി-ലത്തീൻ ഭാഷകൾ എന്നിവയിൽ ഗവേഷണം നടത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുക.
- ദൈവശാസ്ത്ര ബിരുദങ്ങൾ സർവകലാശാലാ ബിരുദങ്ങൾക്കു തുല്യമായി അംഗീകരിക്കുക.
- ബൈബിൾ വിഷയങ്ങളിൽ പിഎച്ച്ഡിക്ക് സാഹചര്യമൊരുക്കുക.
- കാലിക്കറ്റ് സർവകലാശാലയിലേതു പോലെ ക്രിസ്ത്യൻ ചെയറുകൾ മറ്റു സർവകലാശാലകളിലും സ്ഥാപിക്കുക.
- കൊച്ചിയിലും തൃശൂരിലും ക്രിസ്ത്യൻ പൈതൃക കേന്ദ്രങ്ങൾ ആരംഭിക്കുക.
- പുരാതന ക്രിസ്ത്യൻ ദേവാലയങ്ങൾ സംരക്ഷിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുക.
- ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസങ്ങൾ പരിഹരിക്കാൻ ജില്ലാ തലത്തിൽ ഓദ്യോഗിക സംവിധാനത്തിനു രൂപം നൽകുക.
- സമുദായ സർട്ടിഫിക്കറ്റുകൾക്കു ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന രേഖകൾ ആധികാരികമായി പരിഗണിക്കുക.
- ക്ലാസ് 1, 2 തസ്തികകളിൽ ലത്തീൻ, ദളിത് കത്തോലിക്കാ സമുദായ പ്രാതിനിധ്യം കണക്കാക്കി നഷ്ടമായ അവസരങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തുക.
- ലത്തീൻ കത്തോലിക്കർക്ക് 12-ാം ക്ലാസ് വരെയുള്ള എല്ലാ ആനുകൂല്യങ്ങളും ബിരുദതലം വരെയായി ഉയർത്തുക.
- പരിവർത്തിത ക്രൈസ്തവർക്കുവേണ്ടി കമ്മീഷനെ നിശ്ചയിച്ചു സംവരണം നൽകുക. പരിവർത്തിത ക്രൈസ്തവരുടെ കണക്കെടുപ്പു നടത്തുക.
- തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തിൽ നാടാർ, ദളിത് ക്രൈസ്തവരുടെ ക്ഷേമത്തിന് നിശ്ചിത ശതമാനം നീക്കി വയ്ക്കുക.