Movies
ലോകസിനിമയിലെ ഇതിഹാസതാരം ക്ലിന്റ് ഈസ്റ്റ്വുഡ് സിനിമാജീവിതം അവസാനിപ്പിച്ചു. 96ാം വയസിലാണ് അദ്ദേഹം വിശ്രമജീവിതത്തിലേക്കു പോകുന്നത്. ഏഴു പതിറ്റാണ്ടിനിടെ എഴുപതിലധികം സിനിമകളിൽ അഭിനയിക്കുകയും 40തിലധികം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
സാധാരണ നടനായി തുടങ്ങി സ്വന്തം കഠിനാധ്വാനവും തനത് ശൈലിയും കൊണ്ട് ഹോളിവുഡിന്റെ സിനിമാ സംസ്കാരത്തെത്തന്നെ മാറ്റിമറിച്ച അസാധാരണ കരിയറാണ് ക്ലിന്റ് ഈസ്റ്റ്വുഡിന്റേത്. മകന് കൈല് ഈസ്റ്റ്വുഡാണ് താരത്തിന്റെ വിരമിക്കല് വാര്ത്ത സ്ഥിരീകരിച്ചത്.
കൗബോയ് ചിത്രങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക്
1960കളില് പുറത്തിറങ്ങിയ ഡോളേഴ്സ് ട്രിലജി എന്നറിയപ്പെടുന്ന കൗബോയ് വെസ്റ്റേണ് സിനിമകളിലെ "പേരില്ലാത്ത മനുഷ്യന്' എന്ന കഥാപാത്രത്തിലൂടെയാണ് ക്ലിന്റ് ഈസ്റ്റ്വുഡ് ലോകശ്രദ്ധ നേടുന്നത്. സെർജിയോ ലിയോണിയാണ് സിനിമയുടെ സംവിധായകൻ.
ലോകമെങ്ങും അദ്ദേഹത്തിന് വലിയ ആരാധകരെയാണ് എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളേഴ്സ് (1964), ഫോർ എ ഫ്യു ഡോളേഴ്സ് മോർ (1965), ദ ഗുഡ്, ദ ബാഡ് ആൻഡ് ദ അഗ്ളി (1966) എന്നീ ചിത്രങ്ങൾ നേടിക്കൊടുത്തത്. ഈ സിനിമകളിലെ കഥാപാത്രം അദ്ദേഹത്തെ ഒരു ആഗോള ഐക്കണാക്കി മാറ്റി. കോട്ടും ചുണ്ടില് കത്തുന്ന ചുരുട്ടുമായി നില്ക്കുന്ന അദ്ദേഹത്തിന്റെ രൂപം സിനിമാചരിത്രത്തിലെ വലിയൊരു അടയാളമാണ്. ഇറ്റാലിയന് പശ്ചാത്തലത്തിലുള്ള ഇത്തരം കൗബോയ് സിനിമകള് സ്പഗെറ്റി വെസ്റ്റേണ് എന്നറിയപ്പെട്ടു. പിന്നീട് 20 ഓളം കൗബോയ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
ഡർട്ടി ഹാരിയായി മിന്നി
കുറ്റാന്വേഷക ഹാരിയായി അഭിനയിച്ച ഡേര്ട്ടി ഹാരി (1971) സിനിമകളിലൂടെയും ലോകമാകെ ക്ലിന്റ് ഈസ്റ്റ്വുഡ് എന്ന നാമം ഖ്യാതിയാര്ജിച്ചു. കൗബോയ് വേഷങ്ങളില്നിന്നു മാറി മോഡേണ് ആക്ഷന് സിനിമകളിലേക്ക് അദ്ദേഹം ചുവടുമാറ്റി. നിയമം കൈയിലെടുക്കുന്ന 'ഹാരി കാലഹന്' എന്ന പോലീസ് ഉദ്യോഗസ്ഥനായി അദ്ദേഹം തകര്പ്പന് പ്രകടനം കാഴ്ചവച്ചു. ഈ സീരീസിലെ അഞ്ചു സിനിമകളും വലിയ വിജയങ്ങളായിരുന്നു.
സംവിധായകന്റെ കുപ്പായത്തിലും തിളങ്ങി
സ്വയം നായകനായ ''പ്ലേ മിസ്റ്റി ഫോര് മി'' (1971) എന്ന ത്രില്ലര് ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 94-ാം വയസിൽ നിക്കോളാസ് ഹോള്ട്ടിനെ നായകനാക്കി 2024ല് റിലീസ് ചെയ്ത ''ജുറോര് 2'' ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ഈ കോര്ട്ട് റൂം ഡ്രാമ വലിയ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2021 ൽ പുറത്തിറങ്ങിയ ക്രൈ മാച്ചോയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
അഭിനയത്തേക്കാള് വലിയ അംഗീകാരങ്ങളാണ് സംവിധായകന് എന്നനിലയില് അദ്ദേഹത്തെ തേടിയെത്തിയത്. വളരെ വേഗത്തിലും കൃത്യമായ ബജറ്റിലും സിനിമകള് പൂര്ത്തിയാക്കുന്ന സംവിധായകനാണ് അദ്ദേഹം. മികച്ച നടനുള്ള ഓസ്കര് നാമനിര്ദേശവും മികച്ച സംവിധായകനുള്ള ഓസ്കര് പുരസ്കാരവും ഒരേ സിനിമയിലൂടെ (അൺഫോർഗിവൺ, മില്യൺ ഡോളർ ബേബി) രണ്ടുതവണ നേടിയ ചുരുക്കം ചിലരില് ഒരാളാണ് അദ്ദേഹം. കൂടാതെ മിസ്റ്റിക്ക് റിവര്, അമേരിക്കന് സ്നൈപ്പര്, ചെയ്ഞ്ചലിംഗ്, സള്ളി : മിറാക്കിള് ഓണ് ദി ഹഡ്സണ് തുടങ്ങിയ നിരവധി പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങള് അദ്ദേഹം സിനിമാലോകത്തിന് സമ്മാനിച്ചു.
മാസ് ഡയലോഗുകളുടെ സഹചാരി
സംഭാഷണങ്ങളിൽ പല്ലിറുമ്മി സംസാരിക്കുന്ന ശൈലിയുണ്ടെന്നു പറഞ്ഞ് ആദ്യകാലത്ത് അദ്ദേഹത്തിന് വലിയ വിമർശനങ്ങളെ നേരിടേണ്ടിവന്നു. പിന്നീട് ഇതേ ശൈലിയാണ് അദ്ദേഹത്തിന്റെ മാസ് ഡയലോഗുകളുടെ സിഗ്നേച്ചര് ആയി മാറിയത്. അക്രമിക്കുനേരേ തോക്കു ചൂണ്ടിക്കൊണ്ട് ''സഡന് ഇംപാക്ടി''ലെ ഹാരി കാലഗന് പറയുന്നു: ''ഗോ എഹെഡ്, മേക്ക് മൈ ഡേ..'' സിനിമാപ്രേമികൾ ഒരിക്കലും മറക്കാത്ത ഡയലോഗാണിത്. എക്കാലത്തെയും പ്രശസ്തമായ 100 സിനിമാഡയലോഗുകളുടെ പട്ടികയില് ആറാം സ്ഥാനമാണ് ആ സംഭാഷണത്തിന് അമേരിക്കന് ഫിലിം ഇന്സ്റ്റിറ്റ്യൂട്ട് (എഎഫ്ഐ) നല്കിയത്.
ഇന് ദിസ് വേള്ഡ് ദെയർ ആര് ടു കൈന്ഡ്സ് ഓഫ് പീപ്പിള്, ഫ്രന്ഡ് (ദി ഗുഡ്, ദി ബാഡ് ആന്ഡ് ദി അഗ്ലി) എന്ന ഡയലോഗ് ഇന്നും കാണികളെ രോമാഞ്ചം കൊള്ളിക്കുന്നു.
പേരില്ലാത്ത കഥാപാത്രമായി ചുണ്ടിൽ എരിയുന്ന ചുരുട്ടുമായി കുതിരപ്പുറത്തു പ്രത്യക്ഷപ്പെട്ട ക്ലിന്റ് ഈസ്റ്റ്വുഡ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട ദി ഗുഡ്, ദി ബാഡ് ആന്ഡ് ദി അഗ്ലി സിനിമയുടെ പശ്ചാത്തലത്തിൽ മുഴങ്ങിയ ബിജിഎമ്മും ലോകപ്രശസ്തമായി. ഒരു ചൂളമടി ശബ്ദമായിരുന്നു അത്. പിന്നീട് ആ ശബ്ദം എത്രയെത്ര സിനിമകളിൽ കേട്ടു.
Sports
ലണ്ടൻ: 24 വർഷത്തെ പ്രീമിയർ ലീഗ് കരിയറിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇംഗ്ലണ്ട് മിഡ്ഫീൽഡർ ജെയിംസ് മിൽനർ. 40-ാം വയസിലാണ് വിരമിക്കൽ.
കഴിഞ്ഞ മൂന്ന് സീസണുകൾ ബ്രൈറ്റണിൽ ചെലവഴിച്ച മിൽനർ ലീഡ്സിലാണ് തന്റെ കരിയർ ആരംഭിച്ചത്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം രണ്ടും ലിവർപൂളിനൊപ്പം ഒന്നുമടക്കം മൂന്ന് പ്രീമിയർ ലീഗ് കിരീട നേട്ടങ്ങളിൽ പങ്കാളിയാണ്.
ഫെബ്രുവരിയിൽ ബ്രെന്റ്ഫോർഡിനെതിരേ ബ്രൈറ്റണിനായി കളത്തിലിറങ്ങിയതോടെ ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരമെന്ന റിക്കാർഡ് മിൽനർ സ്വന്തമാക്കി. ആകെ 658 മത്സരങ്ങളോടെയാണ് മിൽനർ കരിയർ അവസാനിപ്പിക്കുന്നത്.
National
ന്യൂഡൽഹി: സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെഎസ്ആർടിസിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ ഏകപക്ഷീയമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റീസുമാരായ മനോജ് മിശ്ര, പി.ബി. വരാലെ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീം കോടതി വിധി കെഎസ്ആർടിസിക്ക് കോടികളുടെ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചേക്കും.
വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെഎസ്ആർടിസിയുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും കെഎസ്ആർടിസിയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ക്ഷമ ബത്ത വിതരണം നയപരമായ വിഷയമാണെന്നും അതിൽ തീരുമാനം എടുക്കാൻ കെഎസ്ആർടിസിക്ക് അധികാരം ഉണ്ടെന്നും ആയിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം.
Sports
പേരാമ്പ്ര (കോഴിക്കോട്): ഒളിമ്പ്യന് ജിന്സണ് ജോണ്സണ് കായിക മത്സര രംഗത്തു നിന്ന് വിരമിക്കല് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ ചക്കിട്ടപാറയിലെ സ്വന്തം വീട്ടില് നിന്ന് സോഷ്യല് മീഡിയ വഴിയായിരുന്നു പ്രഖ്യാപനം. സ്വരം നന്നായിരിക്കുമ്പോള് ഗാനാലാപനം നിര്ത്തുന്നതാണ് അഭികാമ്യമെന്ന് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജിന്സണ് ദീപികയോട് പറഞ്ഞു.
ചക്കിട്ടപാറ എന്ന മലയോര ഗ്രാമത്തിന്റെ അഭിമാന സ്തംഭമാണ് ജിന്സണ്. ആദ്യ കായിക ഗുരു കെ.എം. പീറ്ററിന്റെ കൈ പിടിച്ച് ഓട്ടം തുടങ്ങിയ ജിന്സണ് ലോക കായിക താരങ്ങളുടെ സ്വപ്നമായ ഒളിമ്പിക്സില് വരെ എത്തി. 2007 മുതല് 2023വരെ 16 വര്ഷക്കാലം ദേശീയ, അന്തര്ദേശീയ തലങ്ങളില് നടന്ന മത്സരങ്ങളില് വെങ്കലവും വെള്ളിയും സ്വര്ണമെഡലുകളുമായി വ്യക്തിമുദ്ര പതിപ്പിച്ചു.
800, 1500 മീറ്റര് ഓട്ടത്തിലാണ് ശ്രദ്ധ പതിപ്പിച്ചത്. കോല്ക്കത്തയില് നടന്ന നാഷണല് സ്കൂള് അത്ലറ്റിക് മീറ്റില് 800 മീറ്റര് ഓട്ടമായിരുന്നു ദേശീയ തലത്തിലെ ആദ്യ മത്സരം. 2023ല് ചൈനയില് നടന്ന ഏഷ്യന് ഗെയിംസില് വെങ്കല മെഡല് നേടിയതാണ് അവസാന അന്തര്ദേശീയ മത്സരം. ജിവി രാജ, അര്ജുന അവാര്ഡുകള് അടക്കം നിരവധി ഉപഹാരങ്ങള് ഇതിനോടകം കരസ്ഥമാക്കി.
2015ലെ ഏഷ്യന് ചാമ്പ്യന്ഷിപ്, 2017ലെ ഭുവനേശ്വര് ചാമ്പ്യന്ഷിപ്, 2018ലെ ജക്കാര്ത്ത ഏഷ്യന് ഗെയിംസ് എന്നിവയില് മെഡലുകള് നേടിയിട്ടുണ്ട്. 2016ല് നടന്ന റിയോ ഒളിമ്പിക്സില് ഇന്ത്യയെ പ്രതിനിധീകരിച്ചു. രണ്ട് ദേശീയ റിക്കാര്ഡുകള് ഭേദിക്കാന് ജിന്സനു കഴിഞ്ഞു. 2018ല് ഗോഹട്ടിയില് നടന്ന ഇന്റര്സ്റ്റേറ്റ് നാഷണല് അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് 800 മീറ്ററില് 42 വര്ഷം പഴക്കമുള്ള റിക്കാര്ഡും ഇതേ വര്ഷം ഓസ്ട്രേലിയയില് നടന്ന കോമണ്വെല്ത്ത് ഗെയിംസില് 1500 മീറ്ററില് 23 വര്ഷം പഴക്കമുള്ള റിക്കാര്ഡും മറികടന്നു.
മാര് ഇവാനിയോസ് കോളജിലെ ഡോ. ജോര്ജ് ഇമ്മാനുവേല്, കരസേനയിലെ മുഹമ്മദ് കുഞ്ഞി, ഒടുവില് ജെ.എസ്. ഭാട്യ എന്നിവരാണ് ജിന്സന്റെ കുതിപ്പിനു വഴിയൊരുക്കിയ കായിക ഗുരുക്കന്മാര്. മാതാപിതാക്കളായ ജോണ്സണും ഷൈലജയും ഭാര്യ ഡോ. ലക്ഷ്മിയും ആര്മിയില് ജൂണിയര് കമാന്ഡ് ഓഫീസറായ ജിന്സന്റെ നേട്ടങ്ങളില് അഭിമാനം കൊള്ളുന്നു.