District News
തോട്ടയ്ക്കാട്: വഴിയില് കിടന്നു കിട്ടിയ പണം ഉടമസ്ഥനു നല്കി സഹോദരങ്ങള് മാതൃകയായി. എഴുവന്താനം സിഎംഎസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്ഥിനി എറിന് ബിനു, സഹോദരനും മൂന്നാം ക്ലാസ് വിദ്യാര്ഥിയുമായ എമില് ബിനു എന്നിവരാണ് പണം ഉടമയ്ക്കു തിരികെ നല്കി മാതൃകയായത്.
കഴിഞ്ഞ ദിവസം സ്കൂള് വിട്ട് എറിനും എമിലും വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് റോഡില് നിന്ന് പണം ലഭിച്ചത്. ഇതേ സ്കൂളിലെ വിദ്യാര്ഥിയായ ഇഷികയുടെ മാതാവ് ഇമ്പ സുന്ദരിയുടെ പണമാണ് നഷ്്ടപ്പെട്ടത്. എഴുവന്താനം ചരിവുപറമ്പില് ബിനു സി. മര്ക്കോസ്- സോണി ടി. ഐസക്ക് ദമ്പതികളുടെ മക്കളാണ് എറിനും എമിലും. സ്കൂളില് നടന്ന അനുമോദന യോഗത്തില് പണം ഉടമയ്ക്കു കൈമാറി.
യോഗത്തില് വാകത്താനം പഞ്ചായത്തംഗം കെ.കെ. വര്ഗീസ് കയ്യാലപ്പറമ്പില്, ലോക്കല് മാനേജര് എം.ജെ. മാത്യു, പിടിഎ പ്രസിഡന്റ് ലീലാമ്മ മാത്യു, ഹെഡ്മിസ്ട്രസ് റെജി റെയ്ച്ചല് ജോണ് എന്നിവര് വിദ്യാര്ഥികളെ അനുമോദിച്ചു. വിദ്യാര്ഥികള്ക്കു ഉപഹാരവും നല്കി.
Business
പരവൂര്: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില് 98.47 ശതമാനവും തിരിച്ചെത്തിയതായി റിസര്വ് ബാങ്ക്.
2023 മേയ് 19ന് നോട്ടുകള് പിന്വലിക്കുന്നതായി പ്രഖ്യാപിക്കുമ്പോള് 3.56 ലക്ഷം കോടിയുടെ നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. ഇത് 2026 ഏപ്രില് 30ലെ കണക്കനുസരിച്ച് 5,451 കോടിയായി കുറഞ്ഞുവെന്ന് ആര്ബിഐ അധികൃതര് അറിയിച്ചു.
2000 രൂപയുടെ നോട്ടുകള് പ്രചാരത്തില് നിന്ന് പിന്വലിച്ചെങ്കിലും അവയ്ക്ക് ഇപ്പോഴും നിയമ സാധുതയുണ്ടെന്ന് റിസര്വ് ബാങ്ക് വ്യക്തമാക്കി. നിലവില് ബാങ്ക് ശാഖകള് വഴി നോട്ടുകള് മാറ്റിയെടുക്കാന് കഴിയില്ല. എന്നാല് റിസര്വ് ബാങ്കിന്റെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകള് വഴി വ്യക്തികള്ക്കും സ്ഥാപനങ്ങള്ക്കും നോട്ടുകള് മാറാനോ അക്കൗണ്ടുകളില് നിക്ഷേപിക്കാനോ സാധിക്കും.
ആര്ബിഐ ഓഫീസുകളില് നേരിട്ട് എത്താന് കഴിയാത്തവര്ക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില് നിന്നും ഇന്ഷ്വർ ചെയ്ത പോസ്റ്റ് വഴി നോട്ടുകള് റിസര്വ് ബാങ്കിലേക്ക് അയയ്ക്കാം. ഇത് ഉടമയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം റിസര്വ് ബാങ്ക് ഒരുക്കിയിട്ടുണ്ട്.
2023 ഒക്ടോബര് മുതല് ആര്ബിഐയുടെ പ്രത്യേക കൗണ്ടറുകള് വഴി നോട്ടുകള് നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനുമുള്ള നടപടികള് തുടരുകയാണ്.
Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യന്സ് ലീഗ് രണ്ടാംപാദ ക്വാര്ട്ടറില് 2-1ന്റെ ജയം നേടിയെങ്കിലും സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സലോണ പുറത്ത്.
ആദ്യപാദത്തില് 2-0ന്റെ ജയം നേടിയ അത്ലറ്റിക്കോ മാഡ്രിഡ്, ഇരുപാദങ്ങളിലുമായി 3-2ന്റെ ജയത്തോടെ സെമിയിലെത്തി. ലാമിന് യമാല് (4), ഫെറാന് ടോറസ് (24) എന്നിവരാണ് രണ്ടാംപാദത്തില് ബാഴ്സയ്ക്കായി വല കുലുക്കിയത്. അഡെമോള ലുക്ക്മാനായിരുന്നു (31) അത്ലറ്റിക്കോയുടെ ഗോള് നേട്ടക്കാരന്.
സെമിയില് ഇംഗ്ലീഷ് ക്ലബ് ആഴ്സണല് എഫ്സിയാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികള്. പോര്ച്ചുഗല് ക്ലബ് സ്പോര്ട്ടിംഗിനെയാണ് ആഴ്സണല് എഫ്സി ക്വാര്ട്ടറില് കീഴടക്കിയത്.
ലണ്ടനില് നടന്ന രണ്ടാംപാദം ഗോള്രഹിത സമനിലയില് അവസാനിച്ചു. ആദ്യപാദത്തിലെ 1-0ന്റെ ജയമാണ് ഗണ്ണേഴ്സിനു സെമി ടിക്കറ്റ് നല്കിയത്.
District News
പൂക്കോട്ടുംപാടം: സഹായ മനസ്കരായ ഒട്ടേറെ പേരുടെ കാരുണ്യം ജയമോഹിനിക്ക് ഉണ്ടായിരുന്നെങ്കിലും ഇനിയുള്ള സഹായങ്ങൾക്ക് കാത്തുനിൽക്കാതെയാണ് അവർ മടങ്ങിയത്.
ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി ഹൈദരാബാദിലെ യശോദ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അഞ്ചാംമൈൽ ചക്കിങ്ങൽ തൊടിക ജയമോഹിനി (47) വിട പറഞ്ഞത്.
ചികിത്സാ സഹായത്തിനായി അമരന്പലം പഞ്ചായത്ത് പരിധിയിൽ വിപുലമായ സമിതി രൂപീകരിച്ച് ഒന്നാംഘട്ടത്തിൽ 90.76 ലക്ഷം രൂപ സമാഹരിച്ചിരുന്നു. ജനുവരിയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ചിരുന്നു.
തുടർന്ന് മഞ്ഞപ്പിത്തവും ഹൃദയ സംബന്ധമായ അസുഖങ്ങളും ബാധിച്ചതോടെ ആരോഗ്യസ്ഥിതി വീണ്ടും വഷളായി. ഇതിനിടെ വൃക്കയുടെ പ്രവർത്തനം തകരാറിലായതിനെത്തുടർന്ന് ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സ തുടരുന്നതിനിടെയായിരുന്നുമരണം.
ഹൈദരാബാദിൽനിന്ന് പൂക്കോട്ടുംപാടം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഏഴരയോടെ എത്തിച്ച മൃതശരീരം പൊതുദർശനത്തിന് ശേഷമാണ് സംസ്കരിച്ചത്. ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉൾപ്പെടെ നിരവധി പേരാണ് ജയമോഹിനിക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്.
പൂക്കോട്ടുംപാടം ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാർഥിനി ഗൗരിയും പത്താം ക്ലാസ് വിദ്യാർഥി ഗൗതവും മക്കളാണ്.
National
ദിസ്പുർ: കോൺഗ്രസ് വിട്ട പിസിസി മുൻ അധ്യക്ഷൻ ഭുപൻ ബോറ പാർട്ടിയിൽ തിരിച്ചെത്തി. സംസ്ഥാന അധ്യക്ഷൻ ഗോഗോയിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് പാർട്ടിയിൽ തിരിച്ചെത്തിയത്.
മുൻ എംഎൽഎ കൂടിയായ ഭൂപെൻ ബോറ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇന്ന് ഉച്ചയോടയാണ് രാജിക്കത്ത് നൽകിയത്. തന്നെ പാർട്ടി അവഗണിച്ചെന്നായിരുന്നു രാജിക്കത്തിലെ ഉള്ളടക്കം. പിന്നാലെ ഭുപെൻ ബോറയെ ബിജെപിയിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സുരക്ഷിത സീറ്റ് നൽകുമെന്നും പറഞ്ഞിരുന്നു.
2021 മുതൽ കഴിഞ്ഞ വർഷം വരെ അസം പിസിസി അധ്യക്ഷനായ ഭുപെൻ ബോറയെ മാറ്റിയാണ് ഗൗരവ് ഗോഗോയിയെ സംസ്ഥാന അധ്യക്ഷനാക്കിയത്. എഐസിസി നടപടിക്കെതിരെ പാര്ട്ടിയില് പ്രതിഷേധമുയര്ന്നിരുന്നു.
NRI
മാസച്യുസിറ്റ്സ്: കോടതി വിലക്ക് ലംഘിച്ച് കോളജ് വിദ്യാർഥിനിയെ നാടുകടത്തി യുഎസ് സർക്കാർ. ആനി ലൂസിയ ലോപ്പസ് ബെല്ലോസ(19) ആണ് മാസച്യുസിറ്റ്സിലെ ഫെഡറൽ ജഡ്ജി റിച്ചഡ് സ്റ്റേൺസിന്റെ ഉത്തരവ് ലംഘിച്ച് സർക്കാർ കഴിഞ്ഞ നവംബറിൽ നാടുകടത്തിയത്.
വിദ്യാർഥിനിയെ അമേരിക്കയിൽ നിന്ന് ഹോണ്ടുറാസിലേക്ക് നാടുകടത്തിയ നടപടിയിൽ ഉറച്ചുനിൽക്കാനാണ് സർക്കാർ തീരുമാനം. ലോപ്പസ് ബെല്ലോസയെ തിരികെ കൊണ്ടുവരില്ലെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ അറിയിച്ചു.
നാടുകടത്തൽ നടന്നതിനെത്തുടർന്ന്, ഈ തെറ്റ് തിരുത്താനും ആനിക്ക് സ്റ്റുഡന്റ് വീസ നൽകി തിരികെ കൊണ്ടുവരാനും ജഡ്ജി സർക്കാരിനോട് നിർദേശിച്ചു.
ആനിയെ തിരികെ കൊണ്ടുവരാൻ കഴിയില്ലെന്ന് യുഎസ് അറ്റോർണി ലിയ ളി വെള്ളിയാഴ്ച കോടതിയെ അറിയിച്ചു. വീസ അനുവദിക്കാൻ സ്റ്റേറ്റ് സെക്രട്ടറിക്ക് നിയമപരമായ അധികാരമില്ലെന്നും തിരികെ എത്തിച്ചാലും വിദ്യാർഥിനിയെ തടങ്കലിലാകുമെന്നും സർക്കാർ വാദിക്കുന്നു.
താൻ ക്രിമിനൽ പശ്ചാത്തലമില്ലാത്ത ഒരാളാണെന്നും പഠനത്തിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നതെന്നും ആനി പറയുന്നു. കുടുംബത്തിൽ നിന്ന് കോളജിൽ പോകുന്ന ആദ്യത്തെ വ്യക്തി താനാണെന്നും തന്റെ സ്വപ്നങ്ങൾ തകർക്കപ്പെട്ടതായും ആനി വേദനയോടെ വ്യക്തമാക്കി.
കോടതി വിധി ലംഘിച്ചുള്ള ഈ നാടുകടത്തൽ വലിയ നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്.
District News
മാനന്തവാടി: തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് തിരുനെല്ലി, തൃശിലേരി ദേവസ്വങ്ങളുടെ നിക്ഷേപതുക തിരിച്ച് നൽകിയതായി ബാങ്ക് ഭരണസമിതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലബാർ ദേവസ്വം കമ്മീഷണറുടെ സർക്കുലർ തെറ്റായി വ്യാഖ്യാനിച്ച് മുൻ എക്സിക്യുട്ടീവ് ഓഫീസർ തിരുനെല്ലി സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകൾ നിർത്തലാക്കുകയായിരുന്നു.
നൂറ് വർഷത്തോളമായി ദേവസ്വവും ബാങ്കും തമ്മിലുള്ള ബന്ധം ഇല്ലാതാക്കാനാണ് എക്സിക്യുട്ടീവ് ഓഫീസ് ഓഫീസർ ശ്രമിച്ചത്. 17 കോടി രൂപയുടെ ദേവസ്വം നിക്ഷേപത്തിൽ ഒന്പത് കോടിയോളം രൂപ നേരത്തെ തിരിച്ച് നൽകിയിരുന്നു. എന്നാൽ കോടതിയെ സമീപിച്ച് മുഴുവൻ തുകയും തിരിച്ച് നൽകാനുള്ള ഉത്തരവും വാങ്ങിയിരുന്നു.
ഇതിനിടയിൽ തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് ദേവസ്വം നിക്ഷേപം തിരിച്ച് നൽകുന്നില്ലെന്ന തരത്തിൽ ചില മാധ്യമങ്ങളും തെറ്റായ വാർത്ത നൽകി. ഈ സാഹചര്യത്തിൽ ഈ മാസം ഒന്പതിന് മുൻപ് നിക്ഷേപം തിരിച്ച് നൽകാൻ ഹൈക്കോടതി സിറ്റിംഗിൽ ധാരണയായിരുന്നു.
എന്നാൽ കഴിഞ്ഞ ഡിസംബർ 31 മുൻപെ നിക്ഷേപ പണം തിരിച്ച് നൽകാൻ ബാങ്കിന് കഴിഞ്ഞു. നൂറ് വർഷത്തിലധികം പ്രവർത്തന പാരന്പര്യവും മുപ്പതിനായിരത്തിലധികം അംഗങ്ങളും ഉൾപ്പെടുന്ന ബാങ്ക് തിരുനെല്ലി പഞ്ചായത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്.
തിരുനെല്ലി പഞ്ചായത്തിലെ ജനങ്ങളുടെ സാന്പത്തിക ആവശ്യത്തിന് ഉതകുന്ന പ്രവർത്തനങ്ങളുമായാണ് ബാങ്ക് മുന്നോട്ട്പോകുന്നതെന്നും ജനങ്ങളുടെ വിശ്വാസം എല്ലാ കാലത്തും കാത്ത് സൂക്ഷിക്കുമെന്നും ബാങ്ക് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് സി.കെ. ശങ്കരൻ, വൈസ് പ്രസിഡന്റ് സി.കെ. പുരുഷോത്തമൻ, ഡയറക്ടർമാരായ ഐ.എസ്. സ്റ്റീഫൻ, പി.എം. അബ്ദുൾ നാസർ, സെക്രട്ടറി പി.ആർ. ഷിബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
District News
പനങ്ങാട്: കളഞ്ഞു കിട്ടിയ സ്വർണമാല തിരികെ നൽകി മാതൃകയായി. കുമ്പളം സ്വദേശിയായ കണിശേരി വീട്ടിൽ സഹദേവനാണ് തനിക്ക് വഴിയിൽ കിടന്നു കിട്ടിയ സ്വർണ്ണമാല തിരികെ നൽകിയത്.
കുമ്പളം സെന്റ് ജോസഫ്സ് പള്ളിയിലെ കപ്യാരായ ഐക്യനാട്ടിൽ റാഫേലിന്റെ രണ്ടു പവനോളം തൂക്കംവരുന്ന സ്വർണമാലയാണ് തിങ്കളാഴ്ച്ച ഉച്ചയോടെ പള്ളിയിലേക്ക് വരുന്ന സമയം പള്ളിയുടെ മുൻവശത്തുള്ള ബേക്കറിക്ക് സമീപം കളഞ്ഞുപോയത്. അതുവഴി വന്ന റിട്ട. കെഎസ്ഇബി ജീവനക്കാരനായ സഹദേവൻ തനിക്ക് വഴിയിൽ കിടന്നുകിട്ടിയ മാല കെഎസ്ഇബി ഉദ്യോഗസ്ഥർക്കൊപ്പമെത്തി പനങ്ങാട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
തൊട്ടടുത്ത സമയം തന്നെ മാലയുടെ ഉടമസ്ഥനായ റാഫേൽ പോലീസ് സ്റ്റേഷനിലെത്തുകയും എസ്ഐ സേതുവിന്റെ സാന്നിധ്യത്തിൽ സഹദേവൻ മാല ഉടമസ്ഥന് കൈമാറുകയായിരുന്നു.
District News
മൂലേടം: കാണാതായ നായക്കുട്ടിയെ ഓട്ടോക്കാരനില്നിന്ന് ഉടമയ്ക്ക് തിരിച്ചുകിട്ടി. മൂലേടത്തു നിന്നു വഴിതെറ്റിപ്പോയ ഒന്നരവയസുള്ള സൈബീരിയന് ഹസ്കി ഇനത്തില്പ്പട്ട നായ്ക്കുട്ടിയെ ആണ് തിരികെകിട്ടിയത്.
കഴിഞ്ഞദിവസമാണ് വീട്ടുമുറ്റത്തുനിന്നു തുറന്നുകിടന്ന ഗേറ്റിലൂടെ വഴിയില് ഇറങ്ങിയ നായക്കുട്ടിയെ അതുവഴി വന്ന മാങ്ങാനം സ്വദേശി ഓട്ടോ ഡ്രൈവര് കണ്ടതും തുടര്ന്ന് സമീപത്തെ വീട്ടിലെ ഗൃഹനാഥനില്നിന്നു കയര് വാങ്ങി കെട്ടി ഓട്ടോയില് കയറ്റിക്കൊണ്ടു പോയതും. സംശയം തോന്നിയ ഗൃഹനാഥൻ ഓട്ടോയുടെ നമ്പര് കുറിച്ചെടുത്തതാണ് ഉടമയ്ക്ക് നായയെ തിരിച്ചുകിട്ടാന് ഇടയാക്കിയത്.
തുടര്ന്ന് നായ്ക്കുട്ടിയുടെ ഉടമ ചിങ്ങവനം പോലീസില് പരാതി നല്കുകയും പോലീസ് ഓട്ടോ ഡ്രൈവറുടെ നമ്പര് കണ്ടെത്തി വിളിച്ചുവരുത്തുകയുമായിരുന്നു. വൈകുന്നേരത്തോടെ നായക്കുട്ടിയെ ഉടമയ്ക്ക് തിരികെ ലഭിച്ചു.
International
കീവ്: റഷ്യപിടിച്ചെടുത്ത പ്രധാന നഗരങ്ങളിലൊന്നായ കുപിയാൻസ്ക് യുക്രെയ്ൻ തിരിച്ചുപിടിച്ചു. യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ച നഗരത്തിൽ പ്രസിഡന്റ് സെലെൻസ്കി സന്ദർശനം നടത്തി. ഇതിന്റെ ചിത്രങ്ങളും സെലെൻസ്കി പങ്കുവച്ചു.
വടക്കുകിഴക്കൻ നഗരത്തിലുണ്ടായിരുന്ന റഷ്യൻ സേനാംഗങ്ങളെ തങ്ങൾ വളഞ്ഞിരിക്കുകയാണെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. യുഎസ് പിന്തുണയോടെ സമാധാന ശ്രമങ്ങൾ മുന്നേറുന്നതിനിടെയാണ് കുപിയാൻസ്ക് തിരിച്ചുപിടിച്ചതായ യുക്രെയ്ന്റെ പ്രഖ്യാപനം.
എന്നാൽ കുപിയാൻസ്കും മറ്റൊരു തന്ത്രപ്രധാന നഗരമായ പൊക്രോവ്സ്കും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് റഷ്യ അവകാശപ്പെട്ടു.