Kerala
കൊച്ചി: തൃശൂർ ആർച്ച്ബിഷപ്പും സീറോമലബാർ സഭയുടെ പെർമനന്റ് സിനഡ് അംഗവും ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ മുൻ അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത് ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽ നടത്തിയ നിരീക്ഷണങ്ങൾ ഗൗരവമുള്ളതാണെന്ന് സീറോമലബാർ സഭ പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട്.
സഭയെയും സമുദായത്തെയും സംബന്ധിച്ച കാര്യങ്ങൾ പ്രതിപാദിച്ചു നൽകിയ അഭിമുഖം, മൂന്ന്, നാല് തീയതികളിൽ ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ഈ അഭിമുഖത്തിൽ ക്രൈസ്തവരിലും വർഗീയത വളർത്താൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി കേരളത്തിലും ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളിലും ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും തീവ്രവാദ സംഘടനകൾ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചും മാർ താഴത്ത് വിവരിക്കുന്നുണ്ട്.
ഇതിനിടയിൽ സഭയിലെ നിസാരമായ കാര്യങ്ങളിൽപോലും ഇടപെട്ട് ഭിന്നിപ്പുണ്ടാക്കുന്ന ബാഹ്യശക്തികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. സഭയിൽ ഭിന്നിപ്പുണ്ടാക്കുന്നതിനുവേണ്ടി ചില തീവ്രവാദ സ്വഭാവമുള്ള നിരോധിത സംഘടനകൾ നടത്തിയ ഇടപെടലുകളെക്കുറിച്ച് തനിക്കു ലഭിച്ച വിവരങ്ങളും ആർച്ച്ബിഷപ് പങ്കുവച്ചു. മാർ ആൻഡ്രൂസ് താഴത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതിനുശേഷം ചില കോണുകളിൽനിന്നുണ്ടായ പ്രതികരണങ്ങൾ പിതാവ് ഉന്നയിച്ച വിഷയത്തെ അതിന്റെ യഥാർഥ ലക്ഷ്യത്തിൽനിന്നു വഴിതിരിച്ചു വിടുന്നവയായിരുന്നു.
അദ്ദേഹത്തിന്റെ അഭിമുഖത്തിൽ ഒരിടത്തും ഇതര മതങ്ങളെയോ മതനേതാക്കന്മാരെയോ മതവിശ്വാസങ്ങളെയോ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. മതസൗഹാർദത്തിനു വിഘാതമായി അദ്ദേഹം പറഞ്ഞിട്ടുമില്ല.
സീറോമലബാർ സഭയിലെ അനുഭവജ്ഞാനമുള്ള മുതിർന്ന ഒരു വൈദിക മേലധ്യക്ഷൻ എന്നനിലയിലും വിശ്വാസിസമൂഹത്തിന്റെ തിരിച്ചറിവിലേക്കും വിദ്യാഭ്യാസ- സാംസ്കാരിക മേഖലകളിൽ പൊതുസമൂഹത്തിന് നിസ്തുലമായ സംഭാവനകൾ നൽകുന്ന തൃശൂർ അതിരൂപതയുടെ അധ്യക്ഷനെന്ന നിലയിലും പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്കായി മാർ താഴത്ത് നടത്തിയ തുറന്നുപറച്ചിൽ തെറ്റായി വ്യാഖ്യാനിച്ചവരും സ്വാർഥതാത്പര്യങ്ങളെ മുൻനിർത്തി പ്രതികരിച്ചവരുമാണ് യഥാർഥത്തിൽ ദീപികയിലെ അഭിമുഖത്തെ വിവാദമാക്കിയത്.
ദീപികയ്ക്കു നൽകിയ അഭിമുഖത്തിന്റെ പേരിൽ മാർ താഴത്തിനെ വ്യക്തിഹത്യ നടത്തുന്നതും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും ഒരു വിധത്തിലും ന്യായീകരിക്കാനാകില്ല.
ഇത്തരം പ്രവണതകളെ സീറോമലബാർ സഭ ശക്തമായി അപലപിക്കുന്നു. മാർ താഴത്ത് പറയാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് അദ്ദേഹത്തിനെതിരേ നടത്തുന്ന ദുഷ്പ്രചാരണങ്ങൾക്കുനേരേ സഭാവിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലർത്തണം.
തന്റെ ബോധ്യങ്ങളിൽനിന്നും തനിക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും പൊതുസമൂഹത്തോട് തുറന്നുപറച്ചിൽ നടത്തിയ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനൊപ്പം സീറോമലബാർ സഭാസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും സഭാ പിആർഒ വ്യക്തമാക്കി.
Movies
നടനും അവതാരകനുമായ രാജേഷ് കേശവ് ജീവിതത്തിലേയ്ക്ക് തിരിച്ചുവരണമെങ്കിൽ പ്രിയപ്പെട്ടവരുടെ പ്രർഥനകൾ ആവശ്യമാണെന്ന് സുഹൃത്തുക്കൾ. ഞായറാഴ്ച രാത്രി കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച രാജേഷ് നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ്.
ഞായറാഴ്ച ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയ്ക്ക് ശേഷം തളർന്ന വീണ രാജേഷിനെ ഉടൻ തന്നെ കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. കാർഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തെങ്കിലും ശരീരം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
രാജേഷിന്റെ സുഹൃത്ത് ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പ്
നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷ് കേശവിന് ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്.
ഏകദേശം 15-20 മിനിറ്റിനുള്ളിൽ രാജേഷിനെ കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ കൊണ്ട് വന്നു. പക്ഷെ വീണപ്പോൾ തന്നെ Cardiac arrest ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് Angioplastyl ചെയ്തു.
അപ്പോൾ മുതൽ വെന്റിലേറ്റർ സഹായത്തോടെ ജീവിക്കുന്ന അവൻ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങൾ കണ്ടതൊഴിച്ചാൽ). തലച്ചോറിനെയും ചെറിയ രീതിയിൽ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ജീവിതത്തിലേക്ക് അവനു തിരിച്ചു വരാൻ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാർഥന കൂടി ആണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. സ്റ്റേജിൽ തകർത്തു പെർഫോമൻസ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റർ ബലത്തിൽ കിടക്കാൻ കഴിയില്ല..
നമ്മളൊക്കെ ഒത്തു പിടിച്ചാൽ അവൻ എണീറ്റു വരും.. പഴയ പോലെ സ്റ്റേജിൽ നിറഞ്ഞാടുന്ന… നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാൻ ഇപ്പോൾ പറ്റുന്നില്ല… അവൻ തിരിച്ചു വരും.. വന്നേ പറ്റൂ….