National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്ക് ജന്തർ മന്തറിൽ നടത്തിവരുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം തുടരുന്നത്. നിരാഹാര സമരത്തെത്തുടർന്ന് വാംഗ്ചുക്കിന്റെ ആരോഗ്യനില വഷളായെന്നും, ഇതിനകം അദ്ദേഹത്തിന് അഞ്ച് കിലോ ഭാരം കുറഞ്ഞുവെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ അറിയിച്ചു.
ദേശീയതലത്തിൽ നടക്കുന്ന പ്രധാന പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സിജെപി സമരം ശക്തമാക്കുന്നത്. 20 വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി പുറത്തുപോകണമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിൽ അടിയന്തരമായി ഇടപെടണമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. വാംഗ്ചുക്കിന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി.
ജന്തർ മന്തറിൽ നടന്നുവരുന്ന സമരത്തിന് വലിയ പിന്തുണയാണ് രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ നിന്ന് ലഭിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, ബൃന്ദ കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ദീപാങ്കർ ഭട്ടാചാര്യ, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, ആനി രാജ, അഞ്ജലി ഭരദ്വാജ്, നിഖിൽ ഡേ, തൃണമൂൽ കോൺഗ്രസ് എംപിമാരായ സാഗരിക ഘോഷ്, മഹുവ മൊയ്ത്ര തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കും വിദ്യാഭ്യാസ മേഖലയിലെ അഴിമതികൾക്കുമെതിരെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാംഗ്ചുക്ക് നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഡൽഹി ജന്തർ മന്തറിൽ 'കോക്രോച്ച് ജനതാ പാർട്ടി' നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വാംഗ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും, നീറ്റ് പരീക്ഷാ സംവിധാനത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം. ലഡാക്കിന്റെ പാരിസ്ഥിതികവും സാംസ്കാരികവുമായ സംരക്ഷണവും ഭരണഘടനാപരമായ സുരക്ഷയും ഉറപ്പാക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
തുടർച്ചയായ നാല് ദിവസത്തെ നിരാഹാരം കാരണം സോനം വാംഗ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്. അദ്ദേഹം ഇതിനകം രണ്ട് കിലോയോളം ഭാരം കുറഞ്ഞതായും, ക്ഷീണം അനുഭവപ്പെടുന്നതായും സംഘാടകർ അറിയിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും കുറഞ്ഞതിനെത്തുടർന്ന് വെള്ളവും ഉപ്പും ഉൾപ്പെടെയുള്ളവ അധികമായി കഴിക്കാൻ ഡോക്ടർമാർ അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളും കർഷക നേതാക്കളും ഉൾപ്പെടെ നിരവധി പേർ സമരത്തിന് ഐക്യദാർഢ്യവുമായി ജന്തർ മന്തറിൽ എത്തിയിട്ടുണ്ട്. തങ്ങൾ ആവശ്യപ്പെട്ട മാറ്റങ്ങൾ നടപ്പിലാകും വരെ സമരം തുടരാനാണ് തീരുമാനം.
National
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കായും ഡൽഹി ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. പരീക്ഷാ തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ജൂൺ 27-നകം കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ നിരാഹാരത്തിലേക്ക് കടക്കുമെന്ന് അദ്ദേഹം മുൻപ് പ്രഖ്യാപിച്ചിരുന്നു.
അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധം തുടർച്ചയായ ഒന്‍പതാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോനം വാംഗ്ചുക്കും സമരവേദിയിലേക്ക് എത്തിയത്. പരീക്ഷാ നടത്തിപ്പിൽ പൂർണമായ സുതാര്യത ഉറപ്പാക്കുക, വിശ്വസനീയമായ രീതിയിൽ പരീക്ഷാ സംവിധാനം പരിഷ്കരിക്കുക, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്ക് ഇരയായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.
National
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) തടങ്കലിൽ വച്ചതിനെതിരേ ഭാര്യ ഗീതാഞ്ജലി ജെ ആങ്മോ സമർപ്പിച്ച ഹർജി സുപ്രീംകോടതി തീർപ്പാക്കി.
വാങ്ചുകിന്റെ തടവ് മാർച്ച് 14ന് കേന്ദ്ര സർക്കാർ റദ്ദാക്കിയതിനെ തുടർന്ന് ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, പി.ബി. വാരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. വിഷയത്തിൽ കൂടുതലൊന്നും ബാക്കിയില്ലെന്ന് സുപ്രീംകോടതി ഇന്ന് നിരീക്ഷിച്ചു.
വാങ്ചുകിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ തടങ്കലിൽ പാർപ്പിക്കുന്നത് പുനഃപരിശോധിക്കാൻ എന്തെങ്കിലും സാധ്യത നിലനിൽക്കുന്നുണ്ടോ എന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നേരത്തേ ചോദിച്ചിരുന്നു.
അറസ്റ്റിലായി ഏകദേശം ആറ് മാസത്തോളം ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിൽ പാർപ്പിച്ച ശേഷമാണ് വാങ്ചുകിനെ ഈ മാസം മോചിപ്പിച്ചത്.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് 2025 സെപ്റ്റംബറിൽ നടന്ന പ്രതിഷേധത്തെ തുടർന്നായിരുന്നു അറസ്റ്റ്.
National
ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമപ്രകാരം തടവിൽ കഴിയുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്കിന്റെ ആരോഗ്യനില വഷളാകുന്നതിൽ സുപ്രീംകോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. അഞ്ച് മാസത്തോളമായി തുടരുന്ന അദ്ദേഹത്തിന്റെ തടങ്കൽ അവസാനിപ്പിക്കാൻ സാധിക്കുമോ എന്ന് ഗൗരവമായി ചിന്തിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ജോധ്പൂർ സെൻട്രൽ ജയിലിൽ കഴിയുന്ന വാംഗ്ചുക്കിന്റെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഒട്ടും തൃപ്തികരമല്ലെന്ന് നിരീക്ഷിച്ചു. വയറുവേദനയും പ്രായത്തിന്റേതായ അവശതകളും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
"നിയമപരമായ വാദങ്ങൾക്കും സാങ്കേതികതകൾക്കും അപ്പുറം, ഒരു കോടതി ഓഫീസർ എന്ന നിലയിൽ ഇക്കാര്യം ഗൗരവമായി ആലോചിക്കൂ" എന്ന് സർക്കാർ അഭിഭാഷകനായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിനോട് കോടതി പറഞ്ഞു. സെപ്തംബർ 26 മുതൽ അദ്ദേഹം തടവിലാണ്. ഇത്രയും കാലം തടവിൽ വെച്ചത് കണക്കിലെടുത്ത് സർക്കാർ നിലപാടിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടോ എന്ന് കോടതി ആരാഞ്ഞു.
വാംഗ്ചുക്കിനെ തടങ്കലിലാക്കാൻ കാരണമായ ഔദ്യോഗിക ഫയലുകളും റിപ്പോർട്ടുകളും നേരിട്ട് ഹാജരാക്കാൻ കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി.
ലഡാക്കിലെ യുവാക്കളെ അക്രമത്തിലേക്ക് പ്രേരിപ്പിച്ചു എന്ന ഗുരുതരമായ ആരോപണമാണ് കേന്ദ്ര സർക്കാർ വാംഗ്ചുക്കിനെതിരെ ഉന്നയിച്ചിരിക്കുന്നത്. നേപ്പാളിലും ബംഗ്ലാദേശിലും ഉണ്ടായതുപോലെയുള്ള പ്രക്ഷോഭങ്ങൾ ലഡാക്കിലും കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചുവെന്നും അത് നാല് പേരുടെ മരണത്തിന് കാരണമായ അക്രമങ്ങളിൽ കലാശിച്ചുവെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
വാംഗ്ചുക്കിന്റെ തടങ്കൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്മോ സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ ഉത്തരവുകൾ പുറപ്പെടുവിച്ചത്. സമാധാനപരമായ പോരാട്ടത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അവർ കോടതിയിൽ വാദിച്ചു.
National
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാംഗ്ചുക് ബംഗ്ലാദേശിലും നേപ്പാളിലും നടന്നതിന് സമാനമായ ജെൻസി കലാപത്തിന് ആഹ്വാനം ചെയ്തതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.
തന്റെ ലക്ഷ്യങ്ങൾക്ക് മറയായി ഗാന്ധിജിയുടെ പ്രസംഗങ്ങളും ഉപയോഗിച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. സോനം വാംഗ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആംഗ്മോ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് നാല് പേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബർ 26ന് ആയിരുന്നു സോനത്തെ എൻഎസ്എ പ്രകാരം കസ്റ്റഡിയിലെടുത്തത്.
നിലവിൽ ജോധ്പൂർ സെൻട്രൽ ജയിലിൽ തടങ്കലിൽ കഴിയുകയാണ് സോനം വാംഗ്ചുക്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് വാംഗ്ചുകിനായി കോടതിയിൽ ഹാജരായത്. കേസിൽ ചൊവ്വാഴ്ചയും വാദം തുടരും.
National
ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തെത്തുടർന്ന് പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിൽ പാർപ്പിച്ചതു ചോദ്യം ചെയ്തു ഭാര്യ ഗീതാഞ്ജലി ആംഗ്മോ സമർപ്പിച്ച ഭേദഗതി ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി.
ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന അധികവിഷയങ്ങൾക്കു പ്രതികരണം നൽകാനാണ് ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വാംഗ്ചുക്കിന്റെ അറസ്റ്റിനുമുന്‍പ് അദ്ദേഹത്തിനെതിരേ സ്വീകരിച്ച നടപടികളെക്കുറിച്ച് ഭാര്യ ഭേദഗതിഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ എൻജിഒയ്ക്ക് വിദേശ ധനസഹായം റദ്ദാക്കിയതിനു സ്വീകരിച്ച നടപടികളും ഹർജിയിൽ ചൂണ്ടിക്കാട്ടി. അഞ്ച് എഫ്ഐആറുകളുടെ അടിസ്ഥാനത്തിൽ വാംഗ്ചുക്കിനെ കസ്റ്റഡിയിലെടുത്തെങ്കിലും മൂന്നെണ്ണത്തിൽ അദ്ദേഹത്തിനെതിരായ ഒരു ആരോപണവും പരാമർശിക്കുന്നില്ലെന്നും ഭാര്യ ചൂണ്ടിക്കാട്ടി. അയൽരാജ്യങ്ങളിൽ സർക്കാരിനെതിരേ ഉണ്ടായ പോരാട്ടം വാംഗ്ചുക് തന്റെ പ്രസംഗങ്ങളിൽ പരാമർശിച്ചിരുന്നു.
ഇത് അദ്ദേഹത്തെ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള കാരണമായാണു സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ, മറ്റുള്ളവരുടെ പ്രസ്താവനകൾ അദ്ദേഹം തന്റെ പ്രസംഗങ്ങളിൽ പരാമർശിക്കുക മാത്രമാണുണ്ടായതെന്നും ഭേദഗതിഹർജിയിൽ വ്യക്തമാക്കുന്നു. അടുത്ത മാസം 24ന് കേസ് പരിഗണിക്കും.
National
ന്യൂഡല്‍ഹി: ലഡാക് സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റിലായ പരിസ്ഥിതി പ്രവര്ത്തകന് സോനം വാംഗ്ചുകിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ. അംഗ്മോ നല്കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ഗീതാഞ്ജലിയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍, ലഡാക്ക് ഭരണകൂടം, രാജസ്ഥാന് സര്‍ക്കാര്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. ജസ്റ്റീസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വാംഗ്ചുകിനെ കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചില്ലെന്ന് ഗീതാഞ്ജലി ചൂണ്ടിക്കാട്ടിയപ്പോള്‍, എന്തുകൊണ്ട് ഭാര്യയെ ഇക്കാര്യം അറിയിക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. തടങ്കലില്‍ വച്ചതിന്റെ കാരണങ്ങള്‍ ഭാര്യയെ അറിയിക്കണമെന്ന് നിയമപരമായി നിര്‍ബന്ധമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നൽകി.
വാംഗ്ചുകിന് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജയില്‍ നിയമപ്രകാരം നല്‍കേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വാംഗ്ചുകിന്റെ മോചനത്തില്‍ ഇപ്പോള്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ഈ മാസം 14 ന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
നിലവില്‍ ജോധ്പുര്‍ ജയിലിലാണ് സോനം വാംഗ്ചുകിനെ പാര്‍പ്പിച്ചിട്ടുള്ളത്. വാംഗ്ചുകിനെ ആര്‍ട്ടിക്കിള്‍ 22 പ്രകാരം നിയമവിരുദ്ധമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ജയില്‍ മോചിതനാക്കണമെന്നുമാണ് ഗീതാഞ്ജലി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്രസര്‍ക്കാര്‍, ലഡാക്ക് ഭരണകൂടം, എന്നിവര്‍ക്ക് പുറമെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും ഹര്‍ജിയിലെ എതിര് കക്ഷികളാണ്.
National
ന്യൂഡൽഹി: ലഡാക്കിലെ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലിൽ തുടരുമെന്ന് ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്ക്. ലീഗൽ ടീം ആണ് ഇക്കാര്യം അറിയിച്ചത്.
ശാരീരികമായും മാനസികമായും താൻ സുഖമായിരിക്കുന്നു. വെടിവയ്പ്പിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം. ജുഡീഷ്യൽ അന്വേഷണം ആരംഭിക്കുംവരെയും ജയിലിൽ തുടരും. ആറാം ഷെഡ്യൂളിനും സംസ്ഥാന പദവിക്കും വേണ്ടിയുള്ള ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. അപ്പക്സ് ബോഡി സ്വീകരിക്കുന്ന ഏതൊരു നടപടിയിലും പൂർണഹൃദയത്തോടെ കൂടെ നിൽക്കും. യഥാർഥ ഗാന്ധിയൻ അഹിംസയുടെ വഴിയിൽ സമാധാനപരമായി പോരാട്ടം തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, ഭാര്യ ഗീതാഞ്ജലി ആംഗ്മോ നൽകിയ ഹേബിയസ് കോർപ്പസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റീസ് അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയയും എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
National
ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം അറസ്റ്റിലായ ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഭാര്യ ഗീതാഞ്ജലി ജെ. ആംഗ്മോ.
ജോധ്പുരിലെ ജയിലിൽ നിന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വാംഗ്ചുക്കിനെതിരെ എൻഎസ്എ ചുമത്താനുള്ള തീരുമാനത്തെയും ഹർജിയിൽ ചോദ്യം ചെയ്യുന്നു.
വാംഗ്ചുക്കിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തനിക്ക് ഇപ്പോഴും ഒരു വിവരവുമില്ലെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ ഗീതാഞ്ജലി പറഞ്ഞു.
പാക്കിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകനുമായി വാംഗ്ചുക്കിന് ബന്ധമുണ്ടെന്ന ആരോപണങ്ങളും ഗീതാഞ്ജലി നിഷേധിച്ചു.
National
ലേ: ലഡാക് സംഘർഷത്തിന് ദിവസങ്ങൾക്ക് ശേഷം ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തു. ലേ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. വാംഗ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം.
വാംഗ്ചുക്കിന്റെ സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്ക് (SECMOL) ന്റെ രജിസ്ട്രേഷൻ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.