Kerala
കൊച്ചി: തൃശൂര് പൂരം വെടിക്കെട്ട് നടക്കുന്നതു മൂലം വടക്കുന്നാഥ ക്ഷേത്രത്തിന് കേടുപാടും ബലക്ഷയവും സംഭവിക്കുന്നുണ്ടോയെന്ന് പുരാവസ്തു വകുപ്പില്നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തുമെന്ന് കേന്ദ്രസര്ക്കാരിനുവേണ്ടി അഡീ. സോളിസിറ്റര് ജനറല് ഹൈക്കോടതിയില് അറിയിച്ചു.
പൈതൃകമന്ദിരമായ ക്ഷേത്രത്തിന്റെ സംരക്ഷണത്തില് വിട്ടുവീഴ്ച പാടില്ലെന്നു കോടതി നേരത്തേ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തുടര്ന്ന് വെടിക്കെട്ടിന്റെ പ്രകമ്പനം ക്ഷേത്രഘടനയെയും പരിസരത്തെയും ബാധിക്കുന്ന വിവരം, മുന്കരുതല് എന്നിവ സംബന്ധിച്ചു റിപ്പോര്ട്ട് നല്കാന് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് കേന്ദ്രസര്ക്കാരിന് നിര്ദേശം നല്കി.
പുരാവസ്തു വകുപ്പിന്റെ അനുമതിയില്ലാതെ കഴിഞ്ഞവര്ഷം ക്ഷേത്രത്തോടു ചേര്ന്ന് വെടിക്കെട്ട് നടത്തിയത് ഗോപുരങ്ങള്ക്കും കൂത്തമ്പലത്തിനും ബലക്ഷയമുണ്ടാക്കിയെന്നാരോപിച്ച് എന്.കെ. മോഹന്ദാസ് എന്ന ഭക്തന് ഓംബുഡ്സ്മാന് നല്കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തുകയായിരുന്നു.ഹര്ജി ഒക്ടോബര് ഒമ്പതിന് പരിഗണിക്കും.
Kerala
തൃശൂര്: ഗുരുവായൂര് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. ചെറുതുരുത്തി പൈങ്കുളം സ്വദേശി തളിയില് ഉദയകുമാറിനാണ് ആക്രമണത്തില് പരിക്കേറ്റത്.
പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ചുണ്ടായ തര്ക്കമാണ് കത്തിക്കുത്തില് കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ വടക്കേ നടയില് അന്നലക്ഷ്മി ഹാളിന് സമീപമാണ് സംഭവം. പ്രസാദഊട്ട് അവസാനിപ്പിച്ച ശേഷം ഹാള് അടച്ചിരുന്നു.
പ്രസാദ ഊട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് ഒരാള് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ഉദയകുമാര് പറഞ്ഞു. തലയുടെ വലതുഭാഗത്താണ് ഉദയകുമാറിന് കുത്തേറ്റത്. ആക്രമണത്തില് പരിക്കേറ്റ ഇദ്ദേഹത്തെ ഉടന് തന്നെ ഗുരുവായൂര് ദേവസ്വം മെഡിക്കല് സെന്ററില് പ്രവേശിപ്പിച്ചു. തലയില് രണ്ട് തുന്നലു ണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ടെമ്പിള് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Kerala
കൊച്ചി: കാഞ്ഞൂര് പാറപ്പുറം വല്ലംകടവ് കോയിക്കല് ഭഗവതി ക്ഷേത്രത്തില് മോഷണം. ക്ഷേത്രമുറ്റത്തെ മൂന്നു ഭണ്ഡാരങ്ങള് കുത്തിത്തുറന്ന് പണം കവര്ന്നു. മുന്വശത്തും പിന്വശത്തും അകത്തുമുള്ള ഭണ്ഡാരങ്ങള് കുത്തിത്തുറന്ന് 20,000 രൂപയോളം മോഷ്ടിച്ചതായി ക്ഷേത്രം അധികൃതര് അറിയിച്ചു.
ക്ഷേത്രത്തിന്റെ രണ്ടു വാതിലുകളുടെ പൂട്ട് തകര്ത്താണ് മോഷ്ടാക്കള് അകത്തു കടന്നത്. ക്ഷേത്രത്തിനകത്തും മോഷണം നടത്താന് ശ്രമിച്ചിട്ടുണ്ട്. രണ്ടു മാസം കൂടുമ്പോഴാണ് ജീവനക്കാര് ഭണ്ഡാരം തുറന്നു പണം എടുക്കാറുള്ളത്.
ഇന്നു രാവിലെ ആറിന് ക്ഷേത്ര ജീവനക്കാരന് എത്തിയപ്പോഴാണു ഭണ്ഡാരത്തിന്റെ താഴുകള് തകര്ത്ത നിലയില് കണ്ടത്. കാലടി പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
National
ബറേലി(യുപി): ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗാ നദിയിലുണ്ടായ ശക്തമായ തീരശോഷണത്തെത്തുടർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം ഒഴുകിപ്പോയി.
ഇതിനിടെ, കിച്ചാ നദിക്കരയിൽ നിർമാണത്തിലിരുന്ന ജലസംഭരണി നദിയിലേക്ക് തകർന്നുവീണു. ഇരുസംഭവങ്ങളിലും ആളപായമില്ലെന്ന് ജില്ലാ അധികാരികൾ അറിയിച്ചു. കപുർപുർ ഗ്രാമത്തിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ളതെന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്.
ദിവസങ്ങളായി തുടരുന്ന തീരശോഷണത്തെത്തുടർന്ന് ക്ഷേത്രം പൂർണമായും രാംഗംഗയുടെ ഒഴുക്കിൽ അകപ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് ക്ഷേത്രം നദിയിൽ ഒഴുകിപ്പോകുന്നതായി ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
ജൽ ജീവൻ മിഷന്റെ ഭാഗമായി നാല് കോടി രൂപ ചെലവിൽ നിർമിച്ചുവരികയായിരുന്ന ഓവർഹെഡ് ജലസംഭരണിയാണ് നാലു സെക്കൻഡിനുള്ളിൽ നദിയിലേക്ക് പതിച്ചതെന്ന് അധികൃതർ പറഞ്ഞു.
ടാങ്കിന്റെ ചുറ്റുമതിൽ നാലു ദിവസം മുമ്പ് തകർന്നുപോയിരുന്നു. നദിയിൽ നിന്ന് എട്ട് മുതൽ പത്ത് മീറ്റർ വരെ മാത്രം അകലെയുള്ള മറ്റൊരു ഓവർഹെഡ് ടാങ്കും തകർന്നുവീഴാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
Tech
ന്യൂഡൽഹി: സോമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയലിന്റെ ഹെൽത്ത് ടെക് സംരംഭമായ 'ടെംപിൾ', ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആയുർദൈർഘ്യ മെഡിക്കൽ സ്ഥാപനമായ 'ലോഞ്ചെവസ്' സ്വന്തമാക്കി. സ്മാർട്ട് വെയറബിൾ ഉപകരണം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ടെംപിളിന്റെ ഈ നിർണായക നീക്കം.
ലോഞ്ചെവസിന്റെ സ്ഥാപകരായ ഡോ. റോബർട്ട് മോർ, ഡോ. അവി റോയ് എന്നിവർ ഇനി ടെംപിൾ ടീമിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് ദീപിന്ദർ ഗോയൽ എക്സിലൂടെ അറിയിച്ചു. ഡോ. റോബർട്ട് മോർ ടെംപിളിന്റെ ചീഫ് മെഡിക്കൽ ഓഫീസറായും ഡോ. അവി റോയ് ഹെഡ് ഓഫ് സയൻസായും ചുമതലയേൽക്കും.
എന്താണ് ടെംപിൾ? ലോഞ്ച് എപ്പോൾ?
തലച്ചോറിലെ രക്തയോട്ടവും നാഡീവ്യൂഹ സിഗ്നലുകളും നിരീക്ഷിക്കാൻ സഹായിക്കുന്ന വെയറബിൾ ഉപകരണമാണ് ടെംപിൾ നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ കായികതാരങ്ങൾ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ എന്നിവരടങ്ങുന്ന 100 പേരിൽ ഉപകരണം പരീക്ഷിച്ചിരുന്നു.
നേരത്തെ കാണിച്ച മോഡലിനേക്കാൾ പകുതിയിലധികം വലിപ്പം കുറച്ചാണ് പുതിയ പതിപ്പ് എത്തിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ (2026 അവസാനത്തോടെ) ഡെലിവറി ആരംഭിക്കുന്ന രീതിയിൽ ലിമിറ്റഡ് ലോഞ്ച് എഡിഷന്റെ പ്രീ-ഓർഡറുകൾ ഉടൻ ആരംഭിക്കും. ഉപകരണത്തിന്റെ കൃത്യമായ വിലയോ ലോഞ്ച് തീയതിയോ നിലവിൽ പുറത്തുവിട്ടിട്ടില്ല.
Kerala
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്നു ദീപം തെളിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും.
ഉത്രാട ദിനത്തിൽ രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. തിരുവോണ ദിവസം അയ്യപ്പഭക്തർക്കും ജീവനക്കാർക്കും തിരുവോണ സദ്യ ഉണ്ടായിരിക്കും.
ഇത്തവണ മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് തിരുവോണ ദിനത്തിൽ സദ്യ നടത്തുന്നത്. ഓണത്തോടനുബന്ധിച്ചുള്ള പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 28 ന് രാത്രി 10ന് നട അടയ്ക്കും.
Kerala
തൃശൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ ബുക്ക് ചെയ്തത് റിക്കാർഡ് കല്യാണങ്ങൾ. 392 വിവാഹങ്ങളാണ് ഇന്നുവരെ ബുക്ക് ചെയ്തത്. 23 ഞായറാഴ്ച വരെ ബുക്കിംഗിന് അവസരമുള്ളതിനാൽ 400 കടന്നേക്കും.
2024 സെപ്റ്റംബർ എട്ടിന് 334 വിവാഹങ്ങൾ നടന്നതാണ് നിലവിലെ റിക്കാർഡ്. അതേസമയം, കല്യാണ ബുക്കിംഗ് കൂടിയതോടെ സൗകര്യം കൂടുതലൊരുക്കുകയാണ് ദേവസ്വം. അഞ്ചു മണ്ഡപങ്ങൾ കൂടി ഒരുക്കാനാണ് തീരുമാനം. നിലവിൽ നാല് മണ്ഡലങ്ങളാണ് ഗുരുവായൂരിലുള്ളത്.
Kerala
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി വെർച്വൽ ക്യൂ വഴി ദർശനം നടത്താം.വെർച്വൽ ക്യൂ സംവിധാനം ഇന്നുമുതൽ ആരംഭിച്ചു. രാവിലെ ഏഴുമുതൽ എട്ടുവരെയുള്ള ആദ്യ ഘട്ടത്തിൽ നിരവധി ഭക്തർ വെർച്വൽ ക്യൂ വഴി ഗുരുവായൂരപ്പനെ ദർശിച്ചു സായൂജ്യം നേടി.
രാവിലെ ആറരയോടെ ക്ഷേത്രം കിഴക്കേ നടയിൽ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നാട മുറിച്ച് വെർച്വൽ ക്യൂ ദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തിരിച്ചറിയൽ രേഖാ പരിശോധനയ്ക്ക് ശേഷം കെ. രഘുനാഥൻ പിള്ള എന്ന ഭക്തനാണ് ആദ്യ വെർച്വൽ ക്യൂ ദർശനം നേടിയത്.
ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനചടങ്ങ്.. ഇടവിട്ട് പെയ്ത മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നെത്തിയ നൂറിലേറെ ഭക്തർക്ക് ആദ്യ മണിക്കൂറിൽ ദർശനം സാധ്യമായി. ഉച്ചയ്ക്ക് ഒന്ന് വരെ 1800 ഭക്തർ വെർച്വൽ ദർശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.
പരീക്ഷണടിസ്ഥാനത്തിൽ തുടങ്ങിയ വെർച്വൽ ക്യൂ ദർശനത്തിനായെത്തുന്ന ഭക്തർ ഓൺലൈനിൽ ബുക്ക് ചെയ്തതിന്റെ രസീതിയുമായി അര മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം. കിഴക്കേനടയിലെ ക്യൂ കോംപ്ലക്സിന്റെ വടക്കേ അറ്റത്തെ വരിയാണ് വെർച്വൽ ക്യൂ ദർശനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്.
ബുക്ക് ചെയ്യാനുപയോഗിച്ച തിരിച്ചറിയൽ രേഖ തന്നെ കൈയിൽ കരുതണം. ഇത് സുരക്ഷാ ജീവനക്കാർക്ക് പരിശോധനക്കായി നൽകാൻ ഭക്തർ ശ്രദ്ധിക്കേണ്ടതാണെന്ന് അധികൃതർ അഖിയിച്ചു.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ ഉച്ചവരെ ഓരോ മണിക്കൂർ വീതവും വൈകിട്ട് നാലുമുതൽ അഞ്ചുവരെയുമാണ് വെർച്വൽ ക്യൂ വഴിയുള്ള ദർശനം. കിഴക്കേ നടയിലെ ക്യൂ കോംപ്ലക്സിന്റെ വടക്കേ അറ്റത്തെ വരിയാണ് വെർച്വൽ ക്യൂ വഴി ദർശനത്തിനായി ക്രമീകരിച്ചിരിക്കുന്നത്.
ഓരോ മണിക്കൂറിലും 300 പേരെ വീതം പ്രവേശിപ്പിക്കും. ദർശനത്തിനെത്തുന്ന ഭക്തർ തിരിച്ചറിയൽ രേഖ ഹാജരാക്കണം. സെപ്റ്റംബറിലെ വെർച്വൽ ക്യൂ ദർശനത്തിനായുള്ള ബുക്കിംഗ് വൈകാതെ ആരംഭിക്കും. https://guruvayurdevaswom.in എന്ന വെബ്സൈറ്റിലൂടെ ബുക്കിംഗ് നടത്താം.
National
പാറ്റ്ന: ബിഹാറിലെ ട്രാൻസ്ജൻഡർ വെൽഫെയർ ബോർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ക്ഷേത്രം നിർമിക്കുന്നു.
ട്രാൻസ്ജൻഡർ സമൂഹത്തിനു നൽകിയ അവകാശങ്ങളും ആദരവും പരിഗണിച്ചാണ് അദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം നിർമിച്ചുനൽകാൻ ബോർഡ് തീരുമാനിച്ചതെന്ന് ബോർഡംഗം രഞ്ജൻ സിംഗ് മാധ്യമങ്ങളോടു പറഞ്ഞു.
ബിഹാറിലെ ട്രാൻസ്ജൻഡർ സമൂഹത്തിന് ഇന്നോളം സ്വന്തമായി ഒരു ക്ഷേത്രം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് തങ്ങളുടെ അവകാശങ്ങൾക്ക് അംഗീകാരം നൽകിയ മോദിക്കുവേണ്ടി ഒരു ക്ഷേത്രം നിർമിക്കണമെന്ന് ബോർഡിന്റെ പ്രഥമ യോഗത്തിൽ താൻ നിർദേശം വച്ചത്. എല്ലാ അംഗങ്ങളും ഇതിനെ പിന്തുണച്ചതോടെ ബോർഡ് ഇതിന് അംഗീകാരം നൽകിയതായും രഞ്ജൻ സിംഗ് വ്യക്തമാക്കി.
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ അവകാശ സംരക്ഷണവും ക്ഷേമപ്രവർത്തനങ്ങളും ലക്ഷ്യമിട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് ബിഹാർ സർക്കാർ ട്രാൻസ്ജൻഡർ വെൽഫെയർ ബോർഡ് രൂപവത്കരിച്ചത്.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.മുരളീധരൻ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി. പിതൃതർപ്പണത്തിനും അപൂർവങ്ങളായ തുലാഭാര വഴിപാടുകൾക്കും പ്രശസ്തമായ പാപനാശം കടപ്പുറത്തിന് സമീപമുള്ള ക്ഷേത്രത്തിലെത്തിയാണ് മന്ത്രി വഴിപാട് നടത്തിയത്.
ക്ഷേത്രത്തിലെത്തിയ മന്ത്രി പ്രത്യേക പൂജകളിലും ദർശനത്തിലും പങ്കെടുത്ത ശേഷമാണ് തുലാഭാരത്തട്ടിലേക്ക് കയറിയത്. പഞ്ചസാര തുലാഭാരം പൂർത്തിയാക്കി ഭഗവദ് ദർശനവും കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്. നേരത്തെയും ഭരണപക്ഷത്തെ മറ്റ് പ്രമുഖ മന്ത്രിമാർ വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും, പുല്ലുളങ്ങര ക്ഷേത്രത്തിൽ മന്ത്രി എം. ലിജുവും മുൻപ് തുലാഭാര വഴിപാട് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആരോഗ്യ മന്ത്രിയും തുലാഭാരം നടത്തിയത്.
National
മൊഹോബ: ഉത്തർപ്രദേശിലെ ജൈത്പുരിൽ പുരാതന ഹനുമാൻ ക്ഷേത്രത്തിലെ പൂജാരിയെ അക്രമികൾ കൊലപ്പെടുത്തി.
കുൽപാഹർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രവളപ്പിൽ ശനിയാഴ്ച രാവിലെയാണ് 65കാരനായ പൂജാരി ഉദിത് നാരായൺ മിശ്രയുടെ മൃതദേഹം കണ്ടെത്തിയത്.
വടികൊണ്ട് അടിച്ച പാടുകൾ മൃതദേഹത്തിലുണ്ടെന്ന് മൊഹോബ എസ്പി വന്ദന സിംഗ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി പൂജാരിക്കു മർദനമേറ്റുവെന്നാണ് നിഗമനം.
ഹാമിർപുർ സ്വദേശിയായ മിശ്ര 16 വർഷമായി ക്ഷേത്രത്തിനു സമീപമാണു കഴിഞ്ഞിരുന്നത്. അക്രമികളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.
District News
ശ്രീനാരായണപുരം: പി. വെമ്പല്ലൂർ വെക്കോട് ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. വേക്കോട് ത്രിപുരസുന്ദരി ഭദ്രകാളി ക്ഷേത്രത്തിലാണു മോഷണം നടന്നത്. ഇന്നലെ രാവിലെ ആറോടെ ശാന്തി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. \
ക്ഷേ ത്രത്തിനകത്തും പുറത്തും ഉണ്ടായിരുന്ന രണ്ട് ഭണ്ഡാരങ്ങളാണു കുത്തിത്തുറന്നിട്ടുള്ളത്. ഏഴായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് വിവരം. മതിലകം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഹെൽമറ്റ് ധരിച്ച ഒരാൾ മതിൽ ചാടിക്കടന്ന് മോഷണം നടത്തുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
National
ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം ഹിന്ദു ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി വിധിക്കെതിരേ പരിമിത ഇടക്കാലാശ്വാസം നൽകി സുപ്രീംകോടതി.
വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്ന് വരെ തർക്കസ്ഥലത്തിന് സമീപമുള്ള തുറന്ന സ്ഥലത്ത് പ്രാർഥന നടത്താൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് അനുമതി നൽകി.
കേസിലെ അന്തിമവിധിക്ക് മുമ്പേയുള്ള താത്കാലിക ക്രമീകരണമാണിതെന്നും കോടതി വ്യക്തമാക്കി. മേയ് 15ലെ മധ്യപ്രദേശ് ഹൈക്കോടതി വിധിയെത്തുടർന്ന് പുരാവസ്തു വകുപ്പ് സമുച്ചയത്തിൽ വരുത്തുന്ന ഒരു മാറ്റവും സുപ്രീംകോടതിയുടെ മുൻകൂർ അനുമതിയില്ലാതെ നടപ്പിലാക്കാൻ പാടില്ലെന്നും ബെഞ്ച് ഉത്തരവിട്ടു. വിഷയത്തിൽ സുപ്രീംകോടതി വിശദമായ വാദം കേൾക്കും.
ഭോജ്ശാല സമുച്ചയം ഹിന്ദു സമുദായത്തിന് തിരികെ നൽകണമെന്നും മുസ്ലിം വിഭാഗക്കാർ അവിടെ നടത്തുന്ന പ്രാർഥന വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി മേയ് 15ന് വിധി പുറപ്പെടുവിച്ചത്.
ഈ മേഖലയിലെ കമാൽ മൗല മസ്ജിദ് ഉൾപ്പെടുന്ന തർക്ക പ്രദേശത്തിന്റെ മതപരമായ സ്വഭാവം സരസ്വതീ ദേവിയുടെ ക്ഷേത്രമുള്ള ഭോജ്ശാലയാണെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സമുച്ചയത്തിൽ പ്രാർഥന നടത്താൻ മുസ്ലീംകൾക്ക് അനുമതി നൽകികൊണ്ട് 2003ൽ പുരാവസ്തു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
പള്ളിനിർമാണത്തിന് മുസ്ലിംകൾക്ക് ബദൽ സ്ഥലം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, ലണ്ടൻ മ്യൂസിയത്തിലുള്ള സരസ്വതീ ദേവിയുടെ വിഗ്രഹം തിരികെ എത്തിക്കണമെന്ന ആവശ്യത്തിൽ വിദേശത്തുള്ള പുരാവസ്തുക്കൾ തിരികെ കൊണ്ടുവരാൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തുന്ന യാതൊരു നിർദേശവും നൽകാൻ സാധിക്കില്ലെന്ന് ഇന്നലത്തെ വാദത്തിനിടയിൽ സുപ്രീംകോടതി വ്യക്തമാക്കി.
National
ന്യൂഡല്ഹി: അയോധ്യയിലെ രാമക്ഷേത്രത്തില് നടന്ന സംഭാവന തട്ടിപ്പ് അന്വേഷിക്കാന് ഉത്തര്പ്രദേശ് സര്ക്കാര് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തോട് (എസ്ഐടി) സുപ്രീംകോടതി റിപ്പോര്ട്ട് തേടി. എസ്ഐടി ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്ട്ട് പരിഗണിച്ചശേഷം കൂടുതല് നിര്ദേശം നല്കുന്നത് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കേന്ദ്രസര്ക്കാര്, യുപി സര്ക്കാര്, ശ്രീരാമ ജന്മഭൂമി തീര്ഥക്ഷേത്ര ട്രസ്റ്റ് എന്നിവര്ക്കു ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നോട്ടീസ് അയച്ചു. ഹര്ജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
അന്വേഷണപുരോഗതി, അന്വേഷണസംഘത്തിലെ അംഗങ്ങള് എന്നിവ വ്യക്തമാക്കി റിപ്പോര്ട്ട് നല്കണമെന്ന് ചീഫ് ജസ്റ്റീസിനു പുറമെ ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് നിര്ദേശിച്ചു. റിപ്പോര്ട്ട് മുദ്രവച്ച കവറില് സമര്പ്പിക്കുമെന്ന് യുപി സര്ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര് ജനറല് തുഷാര് മേത്ത കോടതിയെ അറിയിച്ചു.
ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയയ്ക്കുന്നതിനെ സോളിസിറ്റര് ജനറല് തുഷാര് മേത്ത എതിര്ത്തെങ്കിലും ആവശ്യം കോടതി തള്ളി. ഹര്ജിക്കാര് ആവശ്യപ്പെടുന്ന കൂടുതല് നടപടികളിലേക്ക് കടക്കുന്നതിനു മുമ്പായി ക്ഷേത്ര ട്രസ്റ്റിന്റെ വിശദീകരണവും ഇതുവരെയുള്ള അന്വേഷണപുരോഗതിയും പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
റിപ്പോര്ട്ടിന്റെ പകര്പ്പ് വേണമെന്ന ഹര്ജിക്കാരുടെ ആവശ്യത്തെ സോളിസിറ്റര് ജനറല് എതിര്ത്തു. നിയമപ്രകാരം അവസാനം ഹര്ജിക്കാര് റിപ്പോര്ട്ട് കാണുമല്ലോയെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന മോഷണത്തില് നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജികളിലാണ് സര്ക്കാരിനും ക്ഷേത്ര ട്രസ്റ്റിനും സുപ്രീംകോടതി നോട്ടീസ് അയച്ചത്. ഇക്കാര്യത്തില് സുപ്രീംകോടതിയുടെ മേല്നോട്ടത്തില് സിബിഐ അന്വേഷണം വേണമെന്ന് ഹര്ജിക്കാരിലൊരാളായ നരേന്ദ്ര കുമാര് ഗോസ്വാമി ആവശ്യപ്പെട്ടു. ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങള് സിഎജി ഓഡിറ്റ് ചെയ്യണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്ര ട്രസ്റ്റിന്റെ കാര്യങ്ങളും ഭരണവും സാമ്പത്തിക ക്രമക്കേടുകളും മറ്റു നിയമവിരുദ്ധ പ്രവര്ത്തനങ്ങളും സിബിഐയുടെ നേതൃത്വത്തിലുള്ള മള്ട്ടി ഡിസിപ്ലിനറി സ്പെഷല് ഇന്വെസ്റ്റിഗേഷന് ടീം (എസ്ഐടി) അന്വേഷിക്കണമെന്ന് അഭിഭാഷകരായ അജയ് കുമാര് റായ്, ദിനേശ് കുമാര് യാദവ് എന്നിവര് സമര്പ്പിച്ച ഹര്ജിയില് ആവശ്യപ്പെട്ടു.
Kerala
കണ്ണൂർ: അയോധ്യ രാമക്ഷേത്ര കൊള്ളയ്ക്കെതിരേ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംഘപരിവാറിന് ദൈവമെന്നത് വിശ്വാസത്തിന്റെ അടയാളമല്ലെന്നും ക്ഷേത്രസ്വത്തുക്കൾ കൊള്ളയടിക്കാനും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ഉപകരണം മാത്രമാണെന്നും വേണുഗോപാൽ പറഞ്ഞു.
കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ പേരിൽ ബിജെപിയും സംഘപരിവാറും ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണെന്നും അയോധ്യ രാമക്ഷേത്രത്തിന്റെ പേരിൽ നടന്നത് വൻ സാമ്പത്തിക തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിച്ച് രൂപവത്കരിച്ച ട്രസ്റ്റിലാണ് കൊള്ള നടന്നിരിക്കുന്നത്. വിശ്വാസികൾ കാണിക്കയായി നൽകിയ പണവും സ്വർണവുമാണ് മോഷ്ടിക്കപ്പെട്ടത്. ഈ വിഷയത്തിൽ ആർഎസ്എസ് പ്രകടിപ്പിച്ച ഖേദത്തെ അദ്ദേഹം വിമർശിച്ചു.
സ്വർണവും പണവും മോഷ്ടിച്ചവർതന്നെ ഖേദിക്കുന്നുവെന്നു പറഞ്ഞാൽ തീരുന്നതാണോ തട്ടിപ്പെന്നും വിഎച്ച്പിയുടെ ഉന്നത നേതാക്കളാണ് ഈ കേസിലെ പ്രതികളെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ബിജെപിയും സംഘപരിവാറും അയോധ്യയിൽ മാത്രമല്ല, ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ ആരാധനാലയങ്ങളെയും കൊള്ളയടിക്കാനാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയും സംഘപരിവാറും നടത്തുന്ന അമ്പലക്കൊള്ളയ്ക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും സുപ്രീംകോടതി മോണിറ്റർ ചെയ്യുന്ന ഉന്നതല അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ, ഇഡി, ഇലക്ഷൻ കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ജനാധിപത്യ പ്രസ്ഥാനങ്ങളെ തകർക്കാനും പിളർത്താനുമാണ് മോദിയും അമിത്ഷായും ശ്രമിക്കുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാൻ ഡി ലിമിറ്റേഷൻ ബില്ല് പാസാക്കി എല്ലാ കാലത്തും രാജ്യം ഭരിക്കാനാണ് ലക്ഷ്യമെന്നും ആരോപിച്ചു.
National
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിൽ നടന്നത് പകൽക്കൊള്ളയാണെന്ന് എഐസിസി മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്ട്മെന്റ് ചെയർമാൻ പവൻ ഖേര . ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇത്തരത്തിൽ പ്രതികരിച്ചത്. പ്രധാനമന്ത്രി മോദിയുടെ നിർദേശപ്രകാരമാണ് അയോധ്യയിൽ ട്രസ്റ്റ് തുടങ്ങിയത്.
രാമക്ഷേത്ര നിർമാണത്തിൽ ഇതുവരെ ഊറ്റം കൊണ്ട മോദിയും ആർഎസ്എസും അഴിമതി പുറത്ത് വന്നപ്പോൾ മൗനം പാലിക്കുകയാണ്. ഇതിൽ ആരെയാണ് സംരക്ഷിക്കാൻ ശ്രമം നടക്കുന്നതെന്നും ആരാണ് വിഷയത്തിൽ വ്യക്തമായി മറുപടി തരുന്നതെന്നും അദ്ദേഹം ചോദിച്ചു.
ക്ഷേത്രം എൽ ആൻഡ് ടി കന്പനി സൗജന്യമായി നിർമിച്ചുനൽകാമെന്ന് അറിയിച്ചിരുന്നു. അത് തള്ളിക്കളഞ്ഞ് 2100 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രത്തിന്റെ നിർമാണം നടത്തിയത്. രാമക്ഷേത്രത്തിൽ ഗോശാല നിർമിക്കാനെന്ന് കാട്ടി കോടികളാണ് ചെലവഴിച്ചതെന്ന് പവൻ ഖേര ആരോപിച്ചു.
40 വർഷം കൊണ്ട് കോടിക്കണക്കിന് രൂപയാണ് ആർഎസ്എസും ബിജെപിയും ചേർന്ന് ക്ഷേത്ര നിർമാണമെന്ന പേരിൽ പിരിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്നു മാറ്റണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠര് രാജീവര്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി.
എന്നാൽ ഹൈക്കോടതിയുടെ അനുമതിയോടെ തീരുമാനമെടുക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. മേൽശാന്തി ഇന്റർവ്യൂ ബോർഡിൽ നിന്നും ഒഴിവാക്കണമെന്നും മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഈ മണ്ഡലകാലത്ത് തന്ത്രി രാജീവരാണ് സ്ഥാനത്ത് എത്തേണ്ടിയിരുന്നത്. സ്വർണക്കൊള്ള കേസിൽ രാജീവര് പ്രതിയായിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയുടെ നീക്കം.
National
ലക്നോ: അയോധ്യ ക്ഷേത്രക്കൊള്ളയിൽ അന്വേഷണം ഊർജിതമായിരിക്കേ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി. ഇരുപതിലേറെ ജീവനക്കാരാണു രാജിവച്ചത്. ഈ വിഭാഗത്തിൽ 40 ജീവനക്കാരാണുണ്ടായിരുന്നത്. ഇനി 15-20 പേരാണ് അവശേഷിക്കുന്നത്. ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞയുടൻ ജീവനക്കാർ, സംഭാവന എണ്ണലിന്റെ മേൽനോട്ട ചുമതലയുള്ള എസ്ബിഐ ബ്രാഞ്ചിലെത്തിയാണു രാജി നല്കിയത്.
ക്ഷേത്രക്കൊള്ളയിൽ കൂടുതൽ ജീവനക്കാരെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണു രാജി. അന്വേഷണം തങ്ങളിലേക്ക് എത്തുമോ എന്ന ഭീതിയിലാണ് ജീവനക്കാർ എന്നാണു സൂചന. അതേസമയം, അമിതജോലിഭാരമാണ് രാജിവച്ചവർ കാരണമായി പറയുന്നത്.
നേരത്തേ രണ്ടു ഷിഫ്റ്റിലായിരുന്നു ജീവനക്കാർ ജോലി ചെയ്തിരുന്നത്. ഇപ്പോൾ അത് ഒറ്റ ഷിഫ്റ്റാക്കി മാറ്റി. മാത്രമല്ല, ഒന്പതു മുതൽ പത്തു മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നുവെന്നും വേതനം വർധിപ്പിച്ചില്ലെന്നും രാജിവച്ചവർ പറഞ്ഞു. നേരത്തേ മേശകളിലും കസേരകളിലും ആയിരുന്നു കാണിക്ക എണ്ണിയിരുന്നത്. ഇപ്പോൾ തറയിലിരുന്ന് എണ്ണണം. സംഭാവനക്കൊള്ള പുറത്തുവന്നതിനു പിന്നാലെ കാണിക്ക എണ്ണുന്ന സ്ഥലത്ത് സുരക്ഷ കർക്കശമാക്കിയിട്ടുണ്ട്.
കാണിക്ക എണ്ണുന്ന സ്ഥലത്തേക്കു പ്രവേശിക്കുന്ന ജീവനക്കാരെ പല തവണ ദേഹപരിശോധനയ്ക്കു വിധേയരാക്കുന്നു. നഗ്നപാദരായി, മൊബൈൽഫോണുകളോ മറ്റു വസ്തുക്കളോ ഒഴിവാക്കി വേണം ജീവനക്കാർ അകത്തു പ്രവേശിക്കാൻ. ക്ഷേത്ര സമുച്ചയത്തിൽ വിവിധ സുരക്ഷാ ചെക്പോയിന്റുകളിൽ ജീവനക്കാരെ പരിശോധിക്കുന്നു. കാണിക്ക എണ്ണുന്നതിന്റെ മേൽനോട്ടത്തിനു മാത്രം നാലു ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
അയോധ്യ ക്ഷേത്രക്കൊള്ളയിൽ ഇതുവരെ എട്ടു പേരാണ് അറസ്റ്റിലായത്. ഇവരെല്ലാം കാണിക്ക എണ്ണലുമായി ബന്ധമുള്ളവരാണ്.
NRI
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ഗണേശിന്റെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും. തുടർന്ന് മൃത്യുഞ്ജയ ഹോമവും അരങ്ങേറും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടും മൃത്യുഞ്ജയ ഹോമത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9811219540, 9971215395, 9289886490.
District News
നെടുമങ്ങാട്: പൂവത്തൂർ ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലിനുള്ളിൽനിന്നു തങ്കഅങ്കി, വെള്ളി ശംഖ്, ദേവിയുടെ 15 സ്വർണ പൊട്ടുകൾ എന്നിവ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. കമ്മറ്റി ഓഫീസിന്റെ കതക് പൊളിച്ച് ഉള്ളിൽ കടന്ന് അലമാരയിൽനിന്ന് കാണിക്കപ്പണം ഉൾപ്പെടെ മോഷ്ടിച്ചശേഷം അമ്പലത്തിന്റെ മുൻ വാതിലിന്റെ താക്കോൽ ഉൾപ്പെടെ കവർന്നു.
കവർന്ന താക്കോലുമായി മതിൽചാടി കതക് തുറന്നു ഉള്ളിൽ കടന്നശേഷം ശ്രീകോവിലിന്റെ വാതിൽ കമ്പി പാര ഉപയോഗിച്ച് കുത്തിപ്പൊളിക്കുകയായിരുന്നു. നെടുമങ്ങാട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പരിശോധന നടത്തി. തുടർന്ന് ഡോഗ്സ്കോഡും വിരലടയാള വിദഗ്ധരരും വിവരശേഖരണം നടത്തി. ഏകദേശം രണ്ടു രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്രം സെക്രട്ടറി പൂവത്തൂർ ജയൻ പറഞ്ഞു.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള വിവാദം കൊടുംപിരികൊണ്ട് നിൽക്കവേ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ നിര്ണായക യോഗം ഇന്ന് ചേരും. യോഗത്തിൽ ചമ്പത് റായിയുടേത് ഉൾപ്പെടെയുള്ള രാജി അംഗീകരിക്കും.
ഇന്ന് വൈകിട്ട് മൂന്നിന് അയോധ്യയിലാണ് യോഗം. എന്നാൽ രാജിവച്ച പദവികളിലേക്ക് ആരെ നിയമിക്കുമെന്നതിൽ വ്യക്തതയില്ല. അതേസമയം ഇന്നത്തെ യോഗത്തില് ചമ്പത് റായി പങ്കെടുത്തേക്കില്ല. ചമ്പത് റായിക്ക് ക്ഷേത്രക്കൊള്ളയില് വീണ്ടും കുരുക്ക് മുറുകയയാണ്.
അഞ്ച് കോടി വിലമതിക്കുന്ന സ്വർണത്തിൽ തീര്ത്ത രാമചരിത മാനസം ചമ്പത് റായിയുടെ അറിവോടെ വഴിപാടായി നല്കിയെന്നും ഇപ്പോള് ഒരു വിവരവുമില്ലെന്നും മുന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ് ലക്ഷ്മി നാരായണന് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്കിയിരുന്നു.
National
അയോധ്യ: രാമക്ഷേത്ര സംഭാവനക്കൊള്ളകേസിൽ അറസ്റ്റിലായ ലവ്കുശ് മിശ്രയുടെ ഭാര്യക്ക് അനധികൃത നിർമാണത്തിന്റെ പേരിൽ അയോധ്യ ഡെവലപ്മെന്റ് അഥോറിറ്റി (എഡിഎ) നോട്ടീസ് അയച്ചു.
ബൻവീർപുർ ഗ്രാമത്തിലാണ് വീടു നിർമാണം നടക്കുന്നത്. ഭൂമി വാങ്ങിയത് ലവ്കുശ് മിശ്രയുടെ ഭാര്യ സുപ്രിയ മിശ്രയുടെ പേരിലാണ്. എഡിഎയുടെ അംഗീകാരമില്ലാതെയാണ് നിർമാണം.
ബുധനാഴ്ച പോലീസ് ലവ്കുശ് മിശ്രയുടെ വീട്ടിൽ മണിക്കൂറുകളോളം പരിശോധന നടത്തിയിരുന്നു. ഇയാളുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ലവ്കുശിന്റെ വീട്ടിൽനിന്ന് 14.25 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു.
അവിനാശ് ശുക്ല (20.39 ലക്ഷം), കരുണേഷ് പാണ്ഡെ (18.07 ലക്ഷം), അനുകല്പ് മിശ്ര (16.82 ലക്ഷം), രാമശങ്കർ മിശ്ര (7.32 ലക്ഷം), രാമശങ്കർ യാദവ് (ഒരു ലക്ഷം) എന്നിങ്ങനെയാണ് മറ്റു പ്രതികളുടെ വീടുകളിൽനിന്നു പിടിച്ചെടുത്തത്. 11 ഗ്രാം സ്വർണവും 375 ഗ്രാം വെള്ളിയും 1121 യുഎസ് ഡോളറും പോലീസ് പിടിച്ചെടുത്തു.
അയോധ്യയിലെ യോഗകേന്ദ്രത്തിൽനിന്ന് പേടിഎം ക്യു ആർ കോഡ് പതിച്ച രാമരാജ്യ കോശ് എന്ന പേരിലുള്ള ഭണ്ഡാരവും പിടിച്ചെടുത്തു. അവിനാശ് ശുക്ല കഴിഞ്ഞ പത്തു വർഷമായി ഇവിടെയായിരുന്നു താമസിച്ചിരുന്നത്.
National
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സാന്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ട്രസ്റ്റ് ഭാരവാഹികളും ക്ഷേത്ര ജീവനക്കാരും അയോധ്യ വിട്ടുപോകരുതെന്ന് എസ്ഐടി നിർദേശം.
ക്ഷേത്രത്തിൽ കാണിയ്ക്കയായി ലഭിച്ച സ്വർണം, വെള്ളി, രത്നങ്ങൾ എന്നിവയിൽ വൻ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. 200 കോടിമുതൽ 1400 കോടിവരെ രൂപയുടെ വരെ ക്രമക്കേട് നടന്നതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മഹാകുംഭമേള കാലത്താണ് ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തൽ. സ്വർണത്തിലും വെള്ളിയിലും തീർത്ത 1250 കട്ടികൾ നഷ്ടപ്പെട്ടതായും ആരോപണമുണ്ട്. മഹാകുംഭമേള കാലത്തെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേട് ആരോപണം ഉയർന്നതിന് പിന്നാലെ ജൂൺ 13ന് ആണ് എസ്ഐടിയെ അന്വേഷണത്തിനായി നിയോഗിച്ചത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉടൻ കൈമാറുമെന്നാണ് വിവരം.
National
മംഗളൂരു: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി.
ഡൽഹി സന്ദർശനത്തിനു ശേഷം പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് 1.20ന് മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം അവിടെനിന്ന് കാറിലാണ് കൊല്ലൂരിലെത്തിയത്. മൂന്നോടെ കൊല്ലൂരിലെത്തിയ മുഖ്യമന്ത്രിയെ ക്ഷേത്ര ഭരണസമിതി അംഗങ്ങളുടെയും തന്ത്രിമാരുടെയും നേതൃത്വത്തിൽ വരവേറ്റു.
ക്ഷേത്രത്തിൽ ദേവീദർശനവും പ്രാർഥനയും നടത്തിയതിനുശേഷം സങ്കല്പ ദീപാരാധനയിലും വിജയ് പങ്കാളിയായി. ദേവിക്ക് വഴിപാടായി 1.6 കിലോഗ്രാം തൂക്കം വരുന്ന വെള്ളിവാൾ സമർപ്പിച്ചു. തുടർന്ന് ക്ഷേത്ര കമ്മിറ്റി ഓഫീസിലെത്തി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. 30 മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിച്ചതിനു ശേഷം വിമാനത്താവളത്തിലേക്കു മടങ്ങി.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് സംഘം മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ക്ഷേത്രത്തിലേക്കുള്ള മാർഗമധ്യേ വിജയിയെ കാണാൻ നിരവധി പേർ തടിച്ചുകൂടിയിരുന്നു. ്ള കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ശ്രീലങ്കൻ പ്രസിഡന്റായിരുന്ന റെനിൽ വിക്രമസിംഗെ ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തേ ദർശനം നടത്തിയിട്ടുണ്ട്.
Kerala
കൊച്ചി: തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് കീഴിലുള്ള ആലപ്പുഴ തുറവൂര് ക്ഷേത്രത്തിലെ ആഭരണ പരിശോധനയില് 18 ഇനം വസ്തുക്കള് കണ്ടെത്താനായില്ലെന്ന് ഹൈക്കോടതിയില് തിരുവാഭരണ കമ്മീഷറുടെ റിപ്പോര്ട്ട്. ഇതിന്റെ അടിസ്ഥാനത്തില് ക്ഷേത്രത്തിലെ തിരുവാഭരണങ്ങളടക്കം വിലപിടിപ്പുള്ള വസ്തുക്കളുടെ മൂല്യ പരിശോധന നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് ജസ്റ്റീസ് വി. രാജാ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
ജൂലൈ 27നകം റിപ്പോര്ട്ട് സമര്പ്പിക്കണം. തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് കീഴിലെ ക്ഷേത്രത്തിലെ 2013 വരെയുള്ള രജിസ്റ്ററുകള് പരിശോധിച്ച് സ്വര്ണം, വെള്ളി ആഭരണങ്ങള് തരം തിരിച്ചതായി കമ്മീഷണര് കോടതിയില് നേരിട്ടെത്തി സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നു. 1972ന് മുമ്പ് നടന്ന പരിശോധനകളിലും 18 ഇനം വസ്തുക്കള് കണ്ടെത്താനായിരുന്നില്ല. മുമ്പ് ക്ഷേത്ര ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിച്ചിരിക്കാമെന്നും അത് രേഖപ്പെടുത്താത്തതാകാമെന്നുമാണ് നിഗമനമെന്നും റിപ്പോര്ട്ടില് പറയുന്നു.
2023ലെ കോടതി ഉത്തരവ് പ്രകാരം കുറച്ച് സ്വര്ണം ഗോള്ഡ് മോണിറ്റൈസേഷന് സ്കീമില് നിക്ഷേപിച്ചിട്ടുണ്ട്. മറ്റ് 45 വസ്തുക്കളുടെ കൃത്യമായ വിവരങ്ങള് തിരുവാഭരണം രജിസ്റ്ററില് ലഭ്യമല്ല. മുദ്രപ്പൊതികള് പരിശോധിച്ചാലേ ക്ഷേത്രത്തിലുണ്ടോയെന്ന് ഉറപ്പിക്കാനാകൂ. ഇതിനായി 2013-19 കാലയളവിലെ മഹസറുകളും സ്ട്രോംഗ് റൂം മഹസറുകളും പരിശോധിക്കേണ്ടതുണ്ടെന്നും രേഖകള് ലഭ്യമാക്കാന് ബോര്ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര് അറിയിച്ചു.
District News
നെന്മാറ: ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ട് തകര്ത്ത് മോഷണം നടത്തിയയാളെ നെന്മാറ പോലീസ് പിടികൂടി. നെന്മാറ കണിമംഗലം പുഴക്കല്ത്തറ ചെരുവില് പ്രഭാവതിയെയാണ് (പ്രസന്ന-42) പിടികൂടിയത്. കണിമംഗലം പുഴക്കല്ത്തറ മാരിയമ്മന് ക്ഷേത്രത്തിലെ ഭണ്ഡാരമാണ് കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികള് എത്തിയപ്പോഴാണ് ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച രീതിയില് കണ്ടെത്തിയത്. ഇതേതുടര്ന്ന് നെന്മാറ പോലീസില് പരാതി നല്കി. പ്രദേശത്തെ സിസിടിവികളിൽ നടത്തിയ പരിശോധനയില് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇവരെ പിടികൂടി അറസ്റ്റു ചെയ്തു. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്ഥിയായി മത്സരിച്ചിരുന്ന പ്രഭാവതി മുന്പ് മുക്കുപണ്ടം നല്കി കബളിപ്പിച്ച കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ. അയ്യപ്പൻ അയ്യർ എന്നയാളാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മന്ത്രി ആണെന്ന് പുരോഹിതർ അറിഞ്ഞിരുന്നില്ല.
മന്ത്രിയെ തിരിച്ചറിഞ്ഞതോടെ പുരോഹിതർ മാപ്പ് എഴുതി നൽകുകയായിരുന്നു. എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്റെ പേരിൽ വിവാദം ഉയരുകയും പിന്നാലെ പൂജാരിയെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
ക്ഷേത്രങ്ങളിലെ ദർശന ഫീസുകളിലും ക്രമക്കേടുകളിലും വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് മന്ത്രി രമേശ് മാസ്ക് ധരിച്ച് സാധാരണക്കാരെപ്പോലെ ക്യൂവിൽ നിന്ന് നേരിട്ട് പരിശോധന നടത്തിയത്.
ഈ സമയത്ത് വിഐപി ദർശനം വേഗത്തിലാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പൂജാരി മന്ത്രിയോട് 4,000 രൂപ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ഉടൻ തന്നെ ഈ തുക ഗൂഗിൾ പേ വഴി കൈമാറി.
അന്നദാനത്തിന് എത്തിയപ്പോൾ ആണ് മന്ത്രിയെ മറ്റുള്ളവർ തിരിച്ചറിഞ്ഞത്. ഇതോടെ പുരോഹിതർ മാപ്പ് എഴുതി നൽകി. കൈക്കൂലി വാങ്ങാൻ അനുവദിക്കില്ലെന്ന് മന്ത്രി താക്കീത് നൽകുകയും ചെയ്തു.
എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്റെ പേരിൽ വിവാദം ഉയർന്നു. പൂജാരിമാർ അഴിമതി ചെയ്താൽ ശിക്ഷ ഇല്ലെന്ന് ഡിഎംകെ ആരോപിച്ചു. പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.
മാപ്പപേക്ഷ അല്ല വിശദീകരണം ആണ് എഴുതി വാങ്ങിയതെന്ന് രമേശ് വ്യക്തമാക്കി. അച്ചടക്കനടപടിക്ക് ഉചിതമായ നടപടിക്രമം ഉണ്ടെന്നും അതനുസരിച്ചുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബ്രാഹ്മണനെ ദേവസ്വം മന്ത്രി ആക്കിയത് നേരത്തെ തന്നെ ഡിഎംകെ വിമർശിച്ചിരുന്നു.
Kerala
തൃശൂർ: മുഖ്യമന്ത്രി വി.ഡി.സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ വെണ്ണ കൊണ്ട് തുലാഭാരം നടത്തി. ഞായറാഴ്ച രാവിലെ ഏഴിന് എത്തിയ മുഖ്യമന്ത്രിയെ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് സതീശന് ഗുരുവായൂരിലെത്തിയത്. സോപാനത്തിനു മുന്പില് വെണ്ണയും കദളിപ്പഴവും സമര്പ്പിച്ചു. തുടർന്ന് റവന്യൂ മന്ത്രി എ.പി.അനില്കുമാറിന്റെ മകന്റെ വിവാഹ ചടങ്ങിലും പങ്കെടുത്തു.
തൃപ്രയാര് ശ്രീരാമസ്വാമി ക്ഷേത്രത്തിലും മുഖ്യമന്ത്രി ദര്ശനം നടത്തി. രാവിലെ എട്ടരയോടെയാണ് ക്ഷേത്രത്തിലെത്തിയത്. തുടര്ന്ന് മീനൂട്ട്, കദളികുല, 101 വെടിവഴിപാട്, വെള്ളിക്കുടത്തില് നെയ്യ് സമര്പ്പണം തുടങ്ങിയ വഴിപാടുകളും നടത്തിയാണ് മടങ്ങിയത്.
ചെന്ത്രാപ്പിന്നി കോണ്ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷജില് സതീശന് വേണ്ടി ശയനപ്രദക്ഷിണവും നടത്തി. മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.
Kerala
തിരുവനന്തപുരം: നീറമണ്കര ശിവക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് കാണിക്കവഞ്ചികള് തകര്ത്ത് പണം കവര്ന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. ഇയാള്ക്ക് തിരുവനന്തപുരം നഗരത്തിലെ വിവിധ സ്റ്റേഷനുകളില് കേസുകള് ഉണ്ടെന്നും പ്രതിയെ ഉടന് തന്നെ പിടികൂടുമെന്നും കരമന സിഐ അറിയിച്ചു.
മൊബൈല് ഫോണ് ഉപയോഗിക്കാത്തയാളാണ് പ്രതിയെന്നും അതാണ് അന്വേഷണം നീളാന് കാരണമെന്നും പോലീസ് പറഞ്ഞു. 18ന് പുലര്ച്ചെയാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികള് കുത്തിത്തുറന്ന് 30,000-ഓളം രൂപ അപഹരിച്ചത്. ഇതില് നാണയങ്ങളും നോട്ടുകളും ഉള്പ്പെടുന്നു.
ക്ഷേത്ര പ്രസിഡന്റ് ഹരിയാണ് ഇതുസംബന്ധിച്ച് കരമന പോലീസ് സ്റ്റേഷനില് പരാതി നല്കിയത്. ക്ഷേത്രകോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന ഏഴു കാണിക്കവഞ്ചികളാണ് തകര്ക്കപ്പെട്ടത്. മൂന്നു ശ്രീകോവിലുകളുടെ വാതിലുകളും തകര്ത്തിട്ടുണ്ട്. കെടാവിളക്കിനു സമീപത്തു സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് തകര്ക്കപ്പെട്ടവയില് ഒന്ന്.
മോഷ്ടിക്കുന്ന പണം ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുന്നയാളാണ് പ്രതിയെന്നു വ്യക്തമാക്കിയ പോലീസ് ഇയാള് തിരുവനന്തപുരം ജില്ലക്കാരനാണെന്നും പറഞ്ഞു. അതേസമയം ഇയാളെക്കുറിച്ച് കൂടുതല് വിവരങ്ങള് പോലീസ് വ്യക്തമാക്കിയിട്ടില്ല.
മോഷണംനടന്ന അന്നുമുതല് സിസിടിവി ദൃശ്യങ്ങള് പരമാവധി ശേഖരിക്കാനായിരുന്നു പോലീസിന്റെ ശ്രമം. ക്ഷേത്ര കോമ്പൗണ്ടില് കാമറകള് സ്ഥാപിച്ചിട്ടില്ലാത്തത് അന്വേഷണത്തിന് വലിയൊരു തിരിച്ചടിയുമായിരുന്നു.
Kerala
കണ്ണൂർ: സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും മോഷ്ടാവ് തകർത്തു. ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെ രണ്ടോടെയാണ് സംഭവം.
ഏകദേശം 20,000 രൂപയോളം മോഷണം പോയതായി ക്ഷേത്രം മാനേജർ സി.എം. ശ്രീജിത്ത് ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്തു കയറിയ മോഷ്ടാവ് അകത്തെ മുറിയിൽ ഉണ്ടായിരുന്ന ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടിട്ടായിരുന്നു മോഷണം നടത്തിയത്.
പിക്കാസുമായി അകത്ത് കയറിയ മോഷ്ടാവ് നേരെ ക്ഷേത്രത്തിനകത്തെ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറി. മേശവലിപ്പ് കുത്തി തുറന്നായിരുന്നു വഴിപാട് രസീതായി ലഭിച്ച പണമുൾപ്പെടെ മോഷ്ടിച്ചത്.
തുടർന്ന് ചുറ്റമ്പലത്തിന്റെ പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തെങ്കിലും പണം കവരാൻ സാധിച്ചില്ല. ഇതിനിടെയാണ് പൂട്ടിയിട്ട ക്ഷേത്രനടയിലെ മേശ കുത്തി തുറന്നു. പിന്നീട് വഴിപാട് കൗണ്ടറിനു സമീപത്തെ ഭണ്ഡാരം തകർത്താണ് പണം കവർന്നത്.
ക്ഷേത്രത്തിന്റെ പിറക് വശത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരൻ മുറി തള്ളിത്തുറന്നു പുറത്തെത്തിയത്. മോഷ്ടാവും സെക്യൂരിറ്റി ജീവനക്കാരനുമായി മൽപ്പിടുത്തത്തിന് ഒടുവിൽ ജീവനക്കാരനെ തള്ളി മാറ്റി മോഷ്ടാവ് പിറകു വശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
മോഷ്ടാവിന്റെ രണ്ട് ടോർച്ച് ക്ഷേത്രത്തിനകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷണത്തിനു ശേഷം തൊട്ടടുത്ത വീട്ടിൽനിന്നു വസ്ത്രം മാറിയാണ് കള്ളൻ സ്ഥലം വിട്ടത്. ഫോറൻസിക് സംഘം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. എഎസ്പി അഭിഷേക് ഷിറ, ടൗൺ എസ്ഐ ജിഷ്ണു തുടങ്ങിയവർ സ്ഥലത്തെത്തി.
Kerala
കൊച്ചി: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നത് ആകാശത്തുനിന്ന് അയ്യപ്പനെ തൊഴുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്ന് അന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ മാസം 23നായിരുന്നു കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന് പറന്നത്.
നെടുമ്പാശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിംഗ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്. ശബരിമല പോലുള്ള അതീവ സുരക്ഷാ മേഖലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറത്തിയത് വിവാദമായതിനെ തുടർന്ന് ഉദ്യോഗസ്ഥനെ നെടുമ്പാശേരിയിലെ ചുമതലയിൽ നിന്ന് മാറ്റി കൊച്ചിയിലെ കോസ്റ്റ് ഗാർഡ് മേഖലാ ആസ്ഥാനത്തേക്ക് നിയമിച്ചു.
ഹെലികോപ്റ്ററിൽ പൈലറ്റായ ഉദ്യോഗസ്ഥനൊപ്പം സഹ പൈലറ്റും കാമറ ക്രൂവും ഉൾപ്പെടെ മൂന്ന് പേരും ഉണ്ടായിരുന്നു. ഇതേ ഉദ്യോഗസ്ഥൻ മുന്പും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ ശബരിമലയിലേക്കും ഗുരുവായൂരിലേക്കും യാത്ര നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ മോശം കാലാവസ്ഥയെതുടർന്നാണ് ഹെലികോപ്റ്റർ വഴി തെറ്റിയതെന്നായിരുന്നു കോസ്റ്റ് ഗാർഡിന്റെ വിശദീകരണം.
Kerala
പേരൂര്ക്കട: നീറമണ്കര ശിവക്ഷേത്രത്തില് വീണ്ടുമുണ്ടായ മോഷണം സിസിടിവി ദൃശ്യങ്ങള് സ്ഥാപിക്കണമെന്ന പോലീസ് നിര്ദേശം അവഗണിച്ചതുമൂലമെന്നു സൂചന. 18ന് പുലര്ച്ചെയാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികള് കുത്തിത്തുറന്ന് 30,000-ഓളം രൂപ അപഹരിച്ചത്. ഇതിൽ നാണയങ്ങളും നോട്ടുകളും ഉള്പ്പെടുന്നു.
ക്ഷേത്ര പ്രസിഡന്റ് ഹരിയാണ് ഇതുസംബന്ധിച്ച് കരമന പോലീസ് സ്റ്റേഷനില് പരാതി നല്കിയത്. പുലര്ച്ചെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് മോഷണ വിവരം അറിയുന്നത്.തുടര്ന്ന് ഭാരവാഹികളെവിവരമറിയിക്കുകയായിരുന്നു. ക്ഷേത്രകോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന ഏഴു കാണിക്കവഞ്ചികളാണ് തകര്ക്കപ്പെട്ടത്.
മൂന്നു ശ്രീകോവിലുകളുടെ വാതിലുകളും തകര്ത്തിട്ടുണ്ട്. കെടാവിളക്കിനു സമീപത്തു സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് തകര്ക്കപ്പെട്ടവയില് ഒന്ന്. ഒന്നില്ക്കൂടുതല് മോഷ്ടാക്കള് കൃത്യം നടത്താന് എത്തിയിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില് വ്യക്തമാകുന്നത്. ആയുധം ഉപയോഗിച്ച് കാണിക്കവഞ്ചികള് തകര്ത്തതിന്റെ ലക്ഷണങ്ങള് കണ്ടെത്തിയിട്ടുണ്ട്. എന്നാല് ആയുധങ്ങള് കണ്ടെത്താനായിട്ടില്ല.
ദേവസ്വംബോര്ഡിന്റെ വകയായുള്ള ക്ഷേത്രത്തില് കുറച്ചുനാള് മുമ്പും മോഷണമുണ്ടായിരുന്നു. അന്നു പോലീസ് നടത്തിയ പരിശോധനയില് ക്ഷേത്ര മതില്ക്കെട്ടിനുള്ളില് ക്യാമറകള് സ്ഥാപിക്കണമെന്ന നിര്ദേശമുണ്ടായിരുന്നു. എന്നാല് മാസങ്ങള് കഴിഞ്ഞിട്ടും ഈയൊരു നിര്ദേശം നടപ്പാക്കപ്പെട്ടില്ല.
ക്ഷേത്രത്തിന്റെ മേല്ക്കൂരയും ചുമരുകളും തമ്മില് അധികം ദൂരമില്ലാത്തതിനാല് മുഖങ്ങള് വ്യക്തമാകുമെന്നതാണ് ഇതിനു കാരണം. സംഭവമറിഞ്ഞ് വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
നിരവധി വിരലടയാളങ്ങള് ലഭിച്ചിട്ടുണ്ടെന്നാണു സൂചന. കരമന സ്റ്റേഷന് പരിധിയിലെ പ്രാദേശിക മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ എത്രയും വേഗം പിടികൂടാനാകുമെന്നാണു പ്രതീക്ഷയെന്നും കരമന സിഐ അറിയിച്ചു.
National
ഇൻഡോർ: മധ്യപ്രദേശിലെ ഭോജ്ശാല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഭോജ്ശാലയിൽ മുസ്ലിംകൾക്ക് നമസ്കാരം അനുവദിച്ചത് ഹൈക്കോടതി റദ്ദാക്കി.
ക്ഷേത്രഭരണവും നടത്തിപ്പും കേന്ദ്ര സർക്കാരിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും(എഎസ്ഐ) തീരുമാനിക്കാമെന്ന് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് നിർദേശിച്ചു.
ജസ്റ്റീസ് വിജയ്കുമാർ ശുക്ല, ജസ്റ്റീസ് അലോക് അവസ്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണു വിധി പ്രസ്താവിച്ചത്.ധർ ജില്ലയിലാണ് ഭോജ്ശാല സമുച്ചയം സ്ഥിതി ചെയ്യുന്നത്.
വെള്ളിയാഴ്ചതോറും ഭോജ്ശാലയ്ക്കകത്ത് മുസ്ലിംകൾക്ക് നമസ്കാരം നടത്താൻ 2003 ഏപ്രിൽ ഏഴിനായിരുന്നു എഎസ്ഐ അനുമതി നല്കിയത്. പുതിയ മോസ്ക് നിർമാണത്തിനു സംസ്ഥാന സർക്കാരിനെ സമീപിക്കാമെന്നു കോടതി നിർദേശിച്ചു.
പ്രദേശത്ത് ഹിന്ദു ആരാധാനത്തുടർച്ച ഒരിക്കലും മുടങ്ങിയിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു. ഭോജ്ശാലയിൽ സംസ്കൃത പഠന കേന്ദ്രവും സരസ്വതി ദേവീക്ഷേത്രവും ഉണ്ടായിരുന്നതിന്റെ ലക്ഷണമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. മധ്യപ്രദേശ് ഹൈക്കോടതി വിധിയെ വിശ്വ ഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള, പതിനൊന്നാം നൂറ്റാണ്ടിലെ സ്മാരകമായ ഭോജ്ശാലയെ സരസ്വതീക്ഷേത്രമായാണ് ഹിന്ദുക്കൾ കരുതുന്നത്. മുസ്ലിംകൾ ഇതിനെ കമാൽ മൗല മോസ്കായി കണക്കാക്കുന്നു.
ഹിന്ദുക്കൾ ചൊവ്വാഴ്ചയാണു ഭോജ്ശാലയിൽ ആരാധന നടത്തിവരുന്നത്.ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധർ ഷഹർ ഖാസി വഖർ സാദിഖ് പറഞ്ഞു.
കോടതിവിധിക്കു മുന്നോടിയായി ഭോജ്ശാലയിൽ 1200 പോലീസുകാരെ വിന്യസിച്ചിരുന്നു.സമൂഹമാധ്യമത്തിലൂടെ വിദ്വേഷം ജനിപ്പിക്കുന്ന കുറിപ്പ് പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നു ധർ ജില്ലാ കളക്ടർ രാജീവ് രഞ്ജൻ മീണ മുന്നറിയിപ്പ് നൽകി.
Kerala
തൃശൂർ: സിപിഎം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിനെ അദ്ദേഹത്തിന്റെ വിശ്വാസയാത്രയായി ഹിന്ദുത്വ ഗ്രൂപ്പുകളും ചില മാധ്യമങ്ങളും വിശേഷിപ്പിക്കുന്നതിനെതിരേ എഴുത്തുകാരൻ വിനിൽ പോൾ. താനും പി. ജയരാജന്റെ ഒപ്പം പല ക്ഷേത്രങ്ങളും സന്ദർശിച്ചിട്ടുണ്ടെന്നും അതു പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഭാഗമായിട്ടാണെന്നും വിനിൽ പോൾ കുറിച്ചു.
കേരളത്തിലെ പ്രാദേശിക ദേവതകളെയും ആരാധനാ രൂപങ്ങളെയും ബ്രാഹ്മണിക സനാതന വ്യവസ്ഥ എങ്ങനെ ഏറ്റെടുത്തു എന്ന പഠനത്തിന്റെ ഭാഗമാണ് ഇത്തരം സന്ദർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഈ സന്ദർശനങ്ങളുടെ ഫലമായിട്ടാണ് സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനത്തെ വിശ്വാസയാത്രയായി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രാഷ്ട്രീയ ഉദ്ദേശം വളരെ വ്യക്തമാണ്. കേരളത്തിലെ പ്രാദേശിക ദേവതകളെയും ജനകീയ ആരാധനാരൂപങ്ങളെയും എങ്ങനെ ബ്രാഹ്മണിക സനാതന വ്യവസ്ഥ ഏറ്റെടുത്തു, എങ്ങനെ അവയെ ഹിന്ദു ബ്രാഹ്മണിക ചട്ടക്കൂടിനുള്ളിൽ ഉൾപ്പെടുത്തി എന്ന ചരിത്രം മനസിലാക്കുന്നതിന്റെ ഭാഗമായി ജയരാജൻ സാറിന്റെ ഒപ്പം ഞാനും കുറെ അമ്പലങ്ങളിലും കാവിലുമെല്ലാം പോയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് "സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇത് അവസാനിച്ച ഒരു പദ്ധതി അല്ല; തുടർച്ചയുള്ള ഗവേഷണ/ഫീൽഡ് വർക്ക് പ്രക്രിയയാണ്.
ഏകദേശം ഒന്നര വർഷത്തോളം നീണ്ടുനിന്ന ഫീൽഡ് വർക്കിൽ ചില മാസങ്ങൾ ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ബ്രാഹ്മണ പൂജാരിമാരുടെ ആധിപത്യത്തിനു കീഴടങ്ങാത്ത ‘ക്ഷേത്ര‘ങ്ങളിലാണ് ഞാൻ കൂടെ പോയത്. കല്ലേലി അപ്പൂപ്പൻ, മറ്റം, വേങ്ങമല തുടങ്ങി നിരവധി നിരവധി ക്ഷേത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചുപോയി.
സത്യത്തിൽ അവിടങ്ങളിലെ ആളുകൾ അദ്ദേഹത്തെ സ്വീകരിക്കുന്ന രീതി കണ്ടപ്പോൾ ഞാൻ അതിശയിച്ചു. എവിടെയും ഞങ്ങളെ തടഞ്ഞില്ല; മറിച്ച്, അവർ അതിയായ സൗഹൃദത്തോടെയും ആത്മാർഥതയോടെയും കാര്യങ്ങൾ വിശദീകരിച്ചു തന്നു. സനാതന രാഷ്ട്രീയത്തിന്റെ കപടത തിരിച്ചറിഞ്ഞ കരുത്തരായ നിരവധി മനുഷ്യരെ ജയരാജൻ സാറിലൂടെ പരിചയപ്പെടാനും എനിക്കു സാധിച്ചു.
കൊടുങ്ങല്ലൂർ പോലുള്ള ഇടങ്ങൾ വെറും ക്ഷേത്രങ്ങൾ മാത്രമല്ല; അവ കേരളത്തിന്റെ സാമൂഹിക ചരിത്രവും ജാതിരാഷ്ട്രീയവും അധികാര പുനർനിർമാണവും വായിച്ചറിയാൻ കഴിയുന്ന ജീവിച്ചിരിക്കുന്ന ചരിത്രരേഖകളാണ്. നാട്ടുദേവതകളെയും ആദിവാസി-ദളിത് ആരാധനാരീതികളെയും സംസ്കൃതവത്കരിച്ച് ബ്രാഹ്മണിക ആധിപത്യം എങ്ങനെ നിർമിക്കപ്പെട്ടു എന്നതിന്റെ സജീവ ഉദാഹരണങ്ങൾ അവിടെയുണ്ട്.
അമ്പലങ്ങളിൽ മാത്രം സഞ്ചരിക്കുന്ന ആളല്ല അദ്ദേഹം. ഇതിനു സമാനമായ ഗൗരവമുള്ള ഫീൽഡ് വർക്കിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം രചിച്ച മറ്റൊരു പ്രധാന കൃതിയാണ് കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം(മാതൃഭൂമി ബുക്സ്). ഉത്തരകേരളം: ആരാധനാലയങ്ങളും സമകാലീന പ്രവണതകളും (ചിന്ത) എന്നത് അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയ കൃതിയാണ്.
Special News
തൃശൂർ: കാക്കിക്കുള്ളിൽ കലാകാരനുണ്ട് എന്നു കേട്ടിട്ടുണ്ടാകും. കഴകക്കാരനുമുണ്ടെന്നു കൂട്ടിചേർക്കണം രാജീവ് നമ്പീശനെ കണ്ടാൽ. മാള പോലീസ് സ്റ്റേഷനിൽ പിആർഒ ആയ രാജീവ് നമ്പീശനാണ് ജോലിയോടൊപ്പം പാരമ്പര്യ പ്രവൃത്തികളിലും കലാ, സാഹിത്യ രംഗങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. മാള 'മഠത്തിക്കാവ് പുഷ്പകം' എന്ന കുടുംബത്തിലെ അംഗമാണ് രാജീവ്. ഓർമവച്ചകാലം മുതൽ കുടുംബത്തിന്റെ അടിയന്തര പ്രവൃത്തികളും ക്ഷേത്രകലകളും കണ്ടു വളർന്ന രാജീവിനു സംഗീതവും വാദ്യവും ഹരമായിരുന്നു.
മൃദംഗത്തിൽ തുടക്കം
ഇരുപത്തഞ്ചു വർഷം മുമ്പ് ആർഎൽവി വേണുവിന്റെ കീഴിൽ മൃദംഗപഠനം ആരംഭിച്ചു. ഒപ്പം ഘടം, മുഖർശംഖ് എന്നിവയും. തുടർന്ന് സംഗീതക്കച്ചേരികൾക്കു പങ്കെടുത്തു തുടങ്ങി. രണ്ടു വർഷം കഴിഞ്ഞപ്പോൾ പോലീസ് സേനയിൽ ജോലി കിട്ടി. എന്നാലും തന്റെയുള്ളിലെ കലയെ രാജീവ് കൈവിട്ടില്ല. തുടർന്ന് കുഴൂർ വിജയൻമാരാരുടെ കീഴിൽ ചെണ്ട, ഇടയ്ക്ക പഠനം ആരംഭിച്ചു. കാലങ്ങൾക്കുശേഷം മകനൊപ്പം കുഴൂർ ക്ഷേത്രത്തിലാണ് പഞ്ചാരിമേളത്തിൽ അരങ്ങേറിയതെന്നു മാത്രം. തുടർന്ന് കാവിൽ ഉണ്ണികൃഷ്ണവാര്യരുടെ കീഴിൽ സോപാനസംഗീതവും ഗുരുവായൂർ ജ്യോതിദാസിന്റെ കീഴിൽ അഷ്ടപദിയും പഠിക്കാൻ ആരംഭിച്ചു.
ഗുരുവായൂരപ്പനു മുന്നിൽ
സോപാന സംഗീതത്തിലാണ് രാജീവ് കൂടുതൽ ശ്രദ്ധേയനായത്. കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലെ നൂറുകണക്കിനു വേദികളിൽ രാജീവ് പാടി. എടുത്തുപറയുന്ന വേദി സാക്ഷാൽ ഗുരുവായൂരപ്പനു മുന്നിൽത്തന്നെ. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച പോലീസ് വിളക്കിന് സ്ഥിരം അഷ്ടപദിപാടാൻ രാജീവിന് അവസരംലഭിക്കാറുണ്ട്. ആലാപനത്തിൽ ആത്മവിശ്വാസം വന്നതോടെ രചനയിലേക്കും കടന്നു ഇദ്ദേഹം. പത്തിലേറെ സോപാനസംഗീത പദങ്ങൾ രചിച്ചു.
പൂരത്തിനു സ്പെഷൽ ഡ്യൂട്ടി
വല്യമ്മയുടെ വീടും ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളുമായ തെക്കേപട്ടത്തിന്റെ പ്രതിനിധിയായി ബാല്യം മുതൽ ക്ഷേത്രത്തിൽ സേവ ചെയ്യാറുണ്ട് രാജീവ്. അവകാശ ജോലികളായ ഉത്സവത്തിനിടയിൽ വിളക്കുപിടിയ്ക്കലും താമരമാലകെട്ടലുമാണ് പതിവ്.
11 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനു മിക്കവർഷവും ഔദ്യോഗിക ചുമതലയും രാജീവിനുണ്ടാകാറുണ്ട്. ഉത്സവദിനങ്ങളിൽ ദിവസവും കാക്കിയണിയും മുൻപ് മുണ്ടും വേഷ്ടിയും ധരിച്ചു വിളക്കുപിടിക്കാനും മാലകെട്ടാനും അഷ്ടപദിപാടാനും രാജീവ് ഓടിയെത്തും. ഇത്തവണ സ്വയം രചിച്ച സംഗമേശ്വരകൃതിയും പാടി. അതുപോലെ തൃശൂർ പൂരത്തിനു രാജീവിനു ഡ്യൂട്ടിയിടാൻ ദേവസ്വം അധികൃതർതന്നെ ആവശ്യപ്പെടാറുണ്ട്. ഒരു നിയമപാലകർ മാത്രമായല്ല, ആരാധനാലയത്തിന്റെ വിശുദ്ധി സംരക്ഷിക്കുന്ന വ്യക്തികൂടിയാണ് താനെന്ന ബോധ്യമാണ് പല മഹാക്ഷേത്രങ്ങളിലും തന്റെ സേവനം ആവശ്യപ്പെടുന്നതെന്നു രാജീവ് പറയുന്നു. വ്യക്തിപരമായും ഔദ്യോഗികമായും അത് തനന്റെ കടമയാണെന്നും രാജീവ് നമ്പീശൻ കൂട്ടിച്ചേർക്കുന്നു.
ഇനി മദ്ദളം
കവിതയാണ് ഭാര്യ. ഡിഗ്രി വിദ്യാർഥിയായ ദേവദർശൻ, ഒൻപതാം ക്ലാസ് വിദ്യാർഥിയായ ദേവമിത്ര എന്നിവർ മക്കളാണ്. ഇരുവരും സംഗീതം അഭ്യസിക്കുന്നുണ്ട്. ജോലി, കഴകം, പാട്ട്, കൊട്ട്, രചന ഇനിയെന്തെങ്കിലും പഠിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനും രാജീവിനു മറുപടിയുണ്ട്, മദ്ദളം. താൻ ഉൾപ്പെടുന്ന നമ്പീശൻ സമുദായത്തിന്റെ പ്രവൃത്തികളിലൊന്നാണ് മദ്ദളവാദനം. പല മദ്ദള വിദഗ്ധരും നമ്പീശൻ സമുദായാംഗങ്ങളാണ്. അതുകൊണ്ടു തനിക്കു ഇനി മദ്ദളം പഠിക്കാൻ ആഗ്രഹമുണ്ടെന്നു തുറന്നുപറയുന്നു ഈ പോലീസ് ഉദ്യോഗസ്ഥൻ.
Kerala
തിരുവനന്തപുരം: ക്ഷേത്രത്തിന് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, ചോദ്യം ചെയ്ത യുവാവിനെ മർദിക്കുകയും ചെയ്ത സംഘം അറസ്റ്റിൽ.
മൺവിള സ്വദേശി അനസ് .എൻ (21), പാങ്ങപ്പാറ സ്വദേശികളായ അഫ്സൽ (21), അദ്വൈത് (20), ചാവടിമുക്ക് സ്വദേശി അബുബേക്കർ സിദിഖ് (19) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരം ആറ്റിപ്ര, കുഴിവിള, നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിനു സമീപമാണ് സംഭവം. സംഘം ചേർന്നെത്തിയ പ്രതികൾ ആളുകളുമായി വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇത് ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ അടിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
പിന്നീട് നാട്ടുകാർക്ക് നേരെ തോക്കും വാളും കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സുരക്ഷാ പ്രശ്നം ഉള്ളതായി തോന്നുന്നില്ലെന്നുംകോപ്റ്റർ പറന്നപ്പോൾ തന്നെ വിവരം ലഭിച്ചെന്നും സാങ്കേതിക പ്രശ്നം കോസ്റ്റ് ഗാർഡ് വിളിച്ചറിയിച്ചിരുന്നുവെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമല സന്നിധാനത്തിനു മുകളിൽ ഇതാദ്യമായുണ്ടായ ഹെലികോപ്റ്റർ സാന്നിധ്യം വലിയ വിവാദമായി തുടരുന്നതിനിടെയാണ് ദേവസ്വം പ്രസിഡന്റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അതേസമയം സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നതിൽ പമ്പ പോലീസ് കേസ് എടുത്തിട്ടുണ്ട്.
അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത് അതീവ ഗൗരവതമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അന്തരീക്ഷം മേഘാവൃതമായതിനെ തുടർന്ന് ദിശതെറ്റി പറന്നു പോയതാണെന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു.
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അത് കണ്ടാണ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.
Kerala
പാലാഴി: ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തൽ ചിറയ്ക്കൽ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെയാണ് സംഭവം.
പാലാഴി സ്വദേശി ഷൈനി (54) യാണ് മരിച്ചത്. നൃത്തം പൂർത്തിയാക്കുന്നതിനു മുമ്പേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഷൈനി പിന്നാലെ സ്റ്റേജിന് പിറകിലേക്ക് പോയി. ഉടൻ ഉടൻ പാലാഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയായിരുന്നു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പ്രദേശത്തെ ഏഴ് വീട്ടമ്മമാർ ചേർന്ന് നൃത്തം അവതരിപ്പിച്ചത്.
നൃത്തത്തിനിടയിൽ പെട്ടെന്ന് ഷൈനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഭർത്താവ് - എ.എൻ. ഷാജു. മക്കൾ: ഡോ. സ്നേഹ, സപ്ത.
Kerala
ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണും കുടുംബവും ഗുരുവായൂർ ക്ഷേത്രദർശനം നടത്തി.
ഇന്നലെ വൈകുന്നേരമാണ് കുടുംബം ദർശനം നടത്താനെത്തിയത്. ദർശനത്തിനെത്തിയ വിവേക് കിരണിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ചവരെ ഒപ്പുണ്ടായിരുന്നവർ വിലക്കി.
കാമറയിൽ ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക ചാനൽ കാമറാമാന്റെയും ഭക്തരുടെയും ദൃശ്യങ്ങൾ ദേവസ്വം ജീവനക്കാർ ഇടപെട്ടു നീക്കം ചെയ്യിച്ചു.
അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ വിവേക് കിരണിനൊപ്പം ക്ഷേത്രത്തിലെത്തി ദർശനസൗകര്യം ഒരുക്കി.
Kerala
തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണി ദർശനത്തിനായി ക്ഷേത്രങ്ങളിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ 2.55മുതൽ ദർശനം ആരംഭിച്ചു.
തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളുമുണ്ടാവും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൺ, പ്രാദേശിക വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേനെ പരിമിതപ്പെടുത്തും.
പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തു നിന്നും മുതിർന്ന പൗരൻമാർക്ക് ഭഗവതി ക്ഷേത്രത്തിന് പുറത്തെ നെയ്യ് വിളക്ക് കൗണ്ടർ വഴി പുലർച്ചെ 3.30 മുതൽ ദർശനത്തിനായുള്ള ടോക്കൺ നൽകിത്തുടങ്ങി. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാടുള്ള ഭക്തർക്ക് ദർശനം രാവിലെ 7.30 മുതലാകും. തിരക്കേറിയാൽ നെയ്യ് വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
Kerala
കൊച്ചി: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രപരിസരത്തെ ഭൂമി നഗരസഭയ്ക്കു കൈമാറാനുള്ള സര്ക്കാര് തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ.
സാംസ്കാരിക നിലയം സ്ഥാപിക്കാന് 31.8 സെന്റ് ഭൂമി കൊട്ടാരക്കര നഗരസഭയ്ക്ക് മൂന്നു വര്ഷത്തേക്കു പാട്ടത്തിന് നല്കാനുള്ള ഫെബ്രുവരി 20ലെ റവന്യു വകുപ്പിന്റെ ഉത്തരവാണ് ജസ്റ്റീസുമാരായ വി.രാജ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.
ഹിന്ദു ഐക്യവേദി ഭാരവാഹികളായ വി. സുരേഷ്, ഗോപാലകൃഷ്ണന് എന്നിവര് നല്കിയ ഹര്ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
National
പാറ്റ്ന: ബിഹാറിലെ നളന്ദയിലുള്ള മാ ശീതള ക്ഷേത്രത്തില് മേളയ്ക്കിടെ അപകടത്തിൽ എട്ട് പേർ മരിച്ച സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് രാവിലയാണ് അപകടമുണ്ടായത്.
ക്ഷേത്രത്തില് മേളയുടെ ഭാഗമായി നിരവധി പേര് പങ്കെടുത്തിരുന്നു. എന്നാല് ഇതിനിടെ തിക്കും തിരക്കുമുണ്ടായതോടെ ആള്ക്കൂട്ടം ഭയപ്പെടുകയും തുടര്ന്ന് അപകടമുണ്ടാവുകയുമായിരുന്നു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നളന്ദ കളക്ടർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
National
ബംഗളൂരു: കർണാടകയിലെ ഹാസനിൽ പ്രീ-വെഡിംഗ് ഷൂട്ടിംഗിനിടെ ഒരു സംഘം ആളുകൾ ചേർന്ന് ഫോട്ടോഗ്രാഫർമാരെ ക്രൂരമായി മർദിച്ചു. നവി, നന്ദൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ആഷി, പ്രശാന്ത്, രക്ഷ, അരവിന്ദ്, ഉച്ചിത്, പ്രജ്വാൾ, നിഷാന്ത് എന്നിവർ അറസ്റ്റിലായി. ബെട്ടാഡ ഭൈരവേശ്വര ക്ഷേത്രത്തിലാണ് സംഭവം.
ക്ഷേത്ര പരിസരത്ത് ഫോട്ടോഗ്രാഫർമാർ ചെരുപ്പിട്ട് പ്രവേശിച്ചുവെന്ന് ആരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് പറഞ്ഞ അക്രമികൾ ഇരുവരെയും മർദിക്കുകയായിരുന്നു. പിന്നീട് കാമറ തകർക്കുകയും ചെയ്തു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പ്രതികൾക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നു കളിവിളക്ക് തെളിയും. അഞ്ചാം ഉത്സവദിനമായ ഇന്നു രാത്രി 10നു ശിവശക്തി കലാവേദിയില് കോട്ടയ്ക്കല് പിഎസ്വി നാട്യസംഘത്തിന്റെ കചദേവയാനി കഥകളി അരങ്ങേറും. തുടര്ന്നു ബാലിവധം അരങ്ങിലെത്തും. നാളെ രാത്രി 10നു ലവണാസുരവധം, കിരാതം എന്നീ കഥകളും അരങ്ങിലെത്തും. കഥകളിപ്രേമികളായി നിരവധിപേര് കലാവേദിയില് എത്തിച്ചേരും.
ക്ഷേത്രസന്നിധിയില് ഇന്നു രാവിലെ 7.15നു ശ്രീബലി എഴുന്നള്ളിപ്പ്, 10നു ആനയൂട്ട്, ഉച്ചകഴിഞ്ഞു രണ്ടിനു ഉത്സവബലി ദര്ശനവും നടക്കും. രാത്രി 6.30നു ദീപാരാധാനയും ചുറ്റുവിളക്കും, ഒന്പതിനു വിളക്കും നടക്കും. ശിവശക്തി കലാവേദിയില് രാത്രി ആറിനു കാഴ്ചശ്രീബലിയും രാത്രി 8.30നു ഡാന്സും നടക്കും.
ആറാം ഉത്സവമായി നാളെ രാവിലെ ശ്രീബലി എഴുന്നള്ളിപ്പും ഉച്ചകഴിഞ്ഞ് ഉത്സവബലി ദര്ശനവും രാത്രി ദീപാരാധയും നടക്കും. ശിവശക്തി കലാവേദിയില് രാത്രി ആറിനു കാഴ്ചശ്രീബലിയും രാത്രി 8.30നു പിന്നണി ഗായകന് സായി വിഘ്നേശ് നയിക്കുന്ന സമന്വയ സംഗീതസദ്യ അരങ്ങേറും.
Kerala
തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരി അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനിൽ സജിത്ത് പോറ്റി(40) ആണ് അറസ്റ്റിലായത്.
അഞ്ചൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലായാണ് സജിത്ത് പോറ്റി കവർച്ച നടത്തിയത്. ഇയാൾക്കെതിരെ 25ഓളം കവർച്ചാ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
അഞ്ചൽ വടമൺ ക്ഷേത്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് സുജിത്ത് പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ ക്ഷേത്രത്തിൽ പോറ്റി കവർച്ച നടത്തിയത്.
ക്ഷേത്രത്തിന്റെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന പ്രതി, ശ്രീകോവിലിന് മുന്നിലിരുന്ന കാണിക്കവഞ്ചികളടക്കം കുത്തിപ്പൊളിച്ച് പണം കവരുകയായിരുന്നു. സംഭവത്തിന് പിന്നാലെ ക്ഷേത്രഭാരവാഹികൾ പോലീസിൽ പരാതി നൽകുകയും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയുകയും ചെയ്തു.
വിവിധ ജില്ലകളിൽ കീഴ്ശാന്തിയായി ജോലി ചെയ്ത പ്രതി, അഞ്ചലിലെ ഈ ക്ഷേത്രത്തിലും ഏതാനും മാസങ്ങൾ ജോലി ചെയ്തിരുന്നു. പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു മോഷണക്കേസിൽ ഇയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
ഇതോടെ കോടതി മുഖാന്തരം പ്രതിയെ അഞ്ചൽ ക്ഷേത്രത്തിലുണ്ടായ കവർച്ചയിൽ അഞ്ചൽ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
Kerala
പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട 14ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തില് മേല്ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി ദീപം തെളിക്കും.
മാളികപ്പുറം ക്ഷേത്രനട എം.ജി. മനു നമ്പൂതിരി തുറക്കും. പൂജകള്ക്ക് ശേഷം ഈ മാസം 19 രാത്രി 10ന് നട അടയ്ക്കും. പൈങ്കുനി ഉത്ര ഉത്സവത്തിനായി 22ന് വീണ്ടും നട തുറക്കും. 23-നാണ് ഉത്സവം കൊടിയേറുക.
സന്നിധാനത്തെ മുറികള് ഓണ്ലൈനായി ബുക്ക് ചെയ്യാനാകും. ഭക്തർ ദർശനത്തിനായി വെർച്വല് ക്യൂ സ്ലോട്ട് ബുക്ക് ചെയ്യണം.
District News
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു മാര്ച്ച് 15നു കൊടിയേറും. രാത്രി ഏഴിനു തന്ത്രി താഴമണ്മഠം കണ്ഠര് മോഹനരുടെ കാര്മികത്വത്തിലാണ് കൊടിയേറ്റ്. തുടര്ന്നു നടക്കുന്ന സമ്മേളനം മന്ത്രി വി.എന്. വാസവന് ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്ഡ് അംഗം കെ. രാജു അധ്യക്ഷത വഹിക്കും. ചലച്ചിത്ര താരം വിജയരാഘവന്, നാഗസ്വര സംഗീതജ്ഞന് തിരുവിഴ ജയശങ്കര് എന്നിവരെ ചടങ്ങില് ആദരിക്കും.
കോട്ടയം നഗരസഭ അധ്യക്ഷന് എം.പി. സന്തോഷ്കുമാര് സുവനീര് പ്രകാശനം നിര്വഹിക്കും. തുടര്ന്ന് 9.30ന് ആര്.എല്.വി. രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കും. 19നു രാവിലെ 10നു ബാലിവധം കഥകളി അരങ്ങിലെത്തും. 20നു രാവിലെ 10നു ലവണാസുര വധം, കിരാതം കഥകളി, 22നു രാത്രി ആറിനു കിഴക്കേഗോപുര നടയിലെ ദേശവിളക്കിനു ഗൗരി പാര്വതി ഭായി ദീപം തെളിക്കും.
23ന് വൈകുന്നേരം നാലിനു തിരുനക്കര പകല്പൂരം. 22 ഗജവീരന്മാര് പൂരത്തില് അണിനിരക്കും. കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം പകല്പ്പൂരത്തിനു മിഴിവേകും. തുടര്ന്നു തുറവൂര് നാരായണപ്പണിക്കര്, തിരുവന്വണ്ടൂര് അഭിജിത്ത് വാരിയര് എന്നിവരുടെ നേതൃത്വത്തില് നാഗസ്വര കച്ചേരിയും ഉണ്ടായിരിക്കും.24ന് ആറാട്ടോടെ ഉത്സവത്തിനു സമാപനമാകും. രാത്രി 8.30ന് സമാപനസമ്മേളനം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും.
District News
ചാരുംമൂട്: നൂറനാട് പടനിലം കാവിൽ ഭഗവതി നാഗരാജ സ്വാമി ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി. നൂറനാട് നെടുകുളഞ്ഞി അവിട്ടം വീട്ടിൽ മുകേഷ്, മുതുകുളം തെക്കുംമുറി ശ്രീമന്ദിരത്തിൽ സോജേഷ് നാഥ് എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന കവരവിളക്ക്, ശ്രീകോവിലിനു പുറത്തെ തൂക്കുവിളക്ക്, ഉപദേവതമാരുടെ പ്രതിഷ്ഠയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള തറകളിൽ വച്ചിരുന്ന ഏഴു നിലവിളക്കുകൾ എന്നിവ മോഷണം നടത്തിയ സംഭവത്തിലാണ് ഇവർ പിടിയിലായത്.
ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൻ സി ഐ ശ്രീകുമാർ, എസ്ഐ രാജേന്ദ്രൻ, സിപിഒ മനുകുമാർ, സിപിഒ മനു പ്രസന്നൻ, സിപിഒ വിഷ്ണു, സിപിഒ നിതീഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
Kerala
കൊച്ചി: തൃപ്പൂണിത്തുറ പൂര്ണത്രയീശ ക്ഷേത്രത്തില് ആന ഇടഞ്ഞ് പാപ്പാന് ഗുരുതര പരിക്ക്. ഞായറാഴ്ച രാത്രി അത്താഴ ശീവേലിക്കായി എഴുന്നള്ളിക്കാന് നിര്ത്തിയ ചാമപ്പുഴ ഉണ്ണിക്കൃഷ്ണനെന്ന ആനയാണ് ഇടഞ്ഞത്.
അത്താഴ ശീവേലിക്കായി നടപ്പുര ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെ ആന ഇടയുകയായിരുന്നു. തുടർന്ന് പിന്നിലേക്ക് ഓടിയ ആന ദേവസ്വം ഓഫീസിന് സമീപത്തായി നിലയുറപ്പിച്ചു.
ഉടൻ തന്നെ ക്ഷേത്ര ജീവനക്കാർ ഇടപെട്ട് ഭക്തരെ പുറത്തിറക്കി ഗോപുര വാതിലുകൾ അടച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഒരുമണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ആനയെ തളച്ചത്.
Kerala
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്പ്പനയിലെ ക്രമക്കേടില് ദേവസ്വം ബോർഡ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി സുനിൽകുമാർ പോറ്റിയാണ് അറസ്റ്റിലായത്.
വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 ആം പ്രതിയാണ് സുനിൽകുമാർ പോറ്റി. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആകെ 33 പേരാണ് കേസിലുള്ളത്. സുനിൽകുമാർ പോറ്റിയെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ആടിയ ശിഷ്ടം നെയ്യ് വിതരണത്തിന്റെ ചുമതലക്കാരൻ ആയിരുന്നു സുനിൽകുമാർ പോറ്റി. പത്തനംതിട്ട വിജിലൻസ് ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
District News
ആനിക്കാട് വടക്ക്: തെക്കുംതല ഭഗവതീ ക്ഷേത്രത്തിലെ ഉത്സവം മൂന്നുമുതല് എട്ടുവരെ നടക്കും. തന്ത്രി കടിയക്കോല്മന കൃഷ്ണന് നമ്പൂതിരി മുഖ്യകാര്മികത്വവും മേല്ശാന്തി മേലണ്ണൂര് ഇല്ലം ശ്രീനിവാസന് നമ്പൂതിരി സഹകാര്മികത്വവും വഹിക്കും. മൂന്നിന് രാവിലെ 10ന് ശുദ്ധികലശം, വൈകുന്നേരം 5.30ന് കൊടിയേറ്റ്, പഞ്ചാരിമേളം, രാത്രി ഏഴിന് തിരുവാതിര, 7.30ന് നൃത്തം. നാലിന് രാവിലെ 10ന് ഉത്സവബലി, 12ന് പ്രസാദമൂട്ട്, രാത്രി ഏഴിന് കൈകൊട്ടിക്കളി. അഞ്ചിന് രാവിലെ 10ന് ഉത്സവബലി, 12ന് പ്രസാദമൂട്ട്, രാത്രി ഏഴിന് തിരുവാതിരകളി, എട്ടിന് കൈകൊട്ടിക്കളി. ആറിന് രാവിലെ 11.30ന് ഉത്സവബലിദര്ശനം, ദേവസ്വം പ്രസാദമൂട്ട്, രാത്രി ഏഴിന് നൃത്തനാടകം.
ഏഴിന് രാവിലെ ഒന്പതിന് ശ്രീബലി, 11നാ മഹാപ്രസാദമൂട്ട്, വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി, നാദസ്വരം, മേജര്സെറ്റ് പഞ്ചവാദ്യം, പഞ്ചാരിമേളം, 12ന് പള്ളിവേട്ട എഴുന്നള്ളത്ത്. എട്ടിനു രാവിലെ എട്ടിന് നാരായണീയ പാരായണം, 11ന് ആറാട്ട്സദ്യ, നാലിന് ആറാട്ടിന് എഴുന്നള്ളത്ത്, രാത്രി ഏഴിന് തിരിച്ചെഴുന്നള്ളത്ത്, ഒന്പതിന് ആറാട്ട് എതിരേല്പ്പ്, 12ന് കൊടിയിറക്ക്.
പുലിയന്നൂർക്കാട് ശാസ്താക്ഷേത്രത്തിൽ ഉത്സവം
ഉരുളികുന്നം: പുലിയന്നൂർക്കാട് ധർമശാസ്താക്ഷേത്രത്തിൽ ഉത്സവം നാല്, അഞ്ച് തീയതികളിൽ നടത്തും. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടും മേൽശാന്തി അഭിജിത്ത് തമ്പലക്കാടും കാർമികത്വം വഹിക്കും.
നാലിനു രാവിലെ ഏഴുമുതൽ ഉത്സവപൂജകൾ, രാത്രി 7.15ന് തിരുവാതിരകളി, 7.45ന് വയലിൻ സോളോ, 8.15ന് ഫ്യൂഷൻ ഡാൻസ്, തുടർന്ന് ഭക്തിഗാനമേള. അഞ്ചിന് രാവിലെ 9.30ന് കലശപൂജ, 11ന് കാവടിപൂജ, 12.30ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, എഴുന്നള്ളത്ത്, രാത്രി ഏഴിന് താലപ്പൊലിയോടെ തിരിച്ചെഴുന്നള്ളത്ത്, 7.30ന് പുഷ്പാഭിഷേകം, എട്ടിന് നാടകം, 11ന് എഴുന്നള്ളത്ത്.
District News
കൊച്ചി: എറണാകുളം ശിവക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭക്തിഗാന സുധയും ഭജനയും കാണാന് വന്തിരക്ക്. ഇന്നലെ രാത്രി ദര്ബാര് ഹാളില് നടന്ന നന്ദഗോവിന്ദം ഭജന്സിന്റെ ഭജന കാണാനാണ് നിരവധി ആളുകള് ദര്ബാര് ഹാള് പരിസരത്ത് എത്തിയത്. വന് തിരക്ക് ഉണ്ടായതോടെ റോഡുകളിലും വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി.
കൊച്ചിയില് വൈകിട്ട് മുതലേ പ്രൈവറ്റ് ബസ് സര്വീസുകള് ഗതാഗതക്കുരുക്കിലായിരുന്നു. ക്ഷേത്രത്തില് ഇന്നലെ ഉച്ചയ്ക്കു നടന്ന അന്നദാന ചടങ്ങിലും നിരവധി പേര് എത്തിയിരുന്നു. ചരിത്രത്തില് ആദ്യമായാണ് ഇത്രയധികം ജനങ്ങള് ക്ഷേത്ര ഉത്സവത്തില് പങ്കെടുക്കുന്നത്.
District News
മയ്യിൽ: നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നതായി പരാതി. കഴിഞ്ഞ ദിവസം ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറക്കാൻ എത്തിയപ്പോഴാണ് ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തിയത് ശ്രദ്ധയിപ്പെട്ടത്. തുടർന്ന് ക്ഷേത്രം ഭാരവാഹികൾ മയ്യിൽ പോലീസിൽ പരാതി നൽകി.
Kerala
കൊച്ചി: എറണാകുളത്തപ്പന് ക്ഷേത്രത്തില് ഭക്തര്ക്ക് പ്രസാദമൂട്ടിന് വിളമ്പി നടന് മമ്മൂട്ടി. പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ താരം നിലവിളക്ക് തെളിച്ചശേഷമാണ് ഭക്ഷണം വിളമ്പി ചടങ്ങ് നിര്വഹിച്ചത്.
നാലു ദിവസം നീളുന്ന പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്യുന്നതിനു തന്നെ ക്ഷണിച്ചതില് സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
തന്റെ സാന്നിധ്യം കേരളത്തിന്റെ സാമുദായിക സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണ്. മനുഷ്യമനസുകളില് ഒരുപാട് മാറ്റങ്ങള് ഉണ്ടാകട്ടെയെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു. നടി ശാന്തി മായാദേവി സന്നിഹിതയായിരുന്നു.
പദ്മഭൂഷണ് പുരസ്കാരം നേടിയ മമ്മൂട്ടിയെ പൊന്നാടയണിച്ച് ക്ഷേത്രം ഭാരവാഹികള് ആദരിച്ചു. പായസവും കഴിച്ചാണ് മമ്മൂട്ടി മടങ്ങിയത്. താരത്തെ നേരില് കാണാനും പ്രസാദമൂട്ടില് ഭാഗമാകാനും വലിയൊരു ജനക്കൂട്ടംതന്നെ ക്ഷേത്രപരിസരത്ത് തടിച്ചുകൂടിയിരുന്നു.
Kerala
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട് സിപിഎം - ബിജെപി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്കിടെയാണ് സംഭവം.
ഗണഗീതം പാടിയതോടെ രണ്ട് സിപിഎം പ്രവർത്തർ സ്റ്റേജിലേക്ക് കയറി പാട്ട് പാട്ട് നിർത്തിവയ്പ്പിക്കുകയായിരുന്നു. ഇതോടെ മറ്റു ചിലർ എത്തി ഇയാളെ സ്റ്റേജിൽനിന്നു പിടിച്ചു മാറ്റി. ഉന്തും തള്ളുമായതോടെ പാട്ട് നിർത്തിവച്ചു.
പിന്നാലെ വേദിക്ക് സമീപം ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Kerala
പത്തനംതിട്ട: മണ്ഡല - മകരവിളക്ക് തീർഥാടനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ശബരിമലയിൽ തീർഥാടക പ്രവാഹം. കഴിഞ്ഞ ദിവസം 99,700 ഭക്തരാണ് ദർശനത്തിന് എത്തിയത്. ഞായറാഴ്ച വൈകുന്നേരം വരെ 67,000 പേർ എത്തി.
തിരക്കു വർധിച്ചതോടെ പമ്പയിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. നെയ്യഭിഷേകം പൂർത്തിയായ ഇന്ന് പതിനെട്ടാംപടി കയറാനും ദർശനത്തിനും നാലു മണിക്കൂർ വരെ തീർഥാടകർക്കു കാത്തു നിൽക്കേണ്ടി വന്നു. അതേസമയം ഈ വർഷത്തെ തീർഥാടനം തിങ്കളാഴ്ച്ച രാത്രി 10ന് പൂർത്തിയാകും.
തീർഥാടനത്തിനു സമാപനം കുറിച്ച് തിങ്കളാഴ്ച രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് രാവിലെ 6.30ന് നട അടയ്ക്കും. പന്തളം രാജപ്രതിനിധിക്കു മാത്രമാണ് അന്ന് ദർശനം ഉണ്ടാക്കുക.
Kerala
കൊച്ചി: മൂവാറ്റുപുഴ തൃക്ക ശ്രീകൃഷ്ണ ക്ഷേത്രത്തില് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. കേത്ര വളപ്പിലെ സര്പ്പ പ്രതിഷ്ഠയ്ക്കും നാഗ പ്രതിഷ്ഠയ്ക്കപം മുന്നിലുണ്ടായിരുന്ന ഭണ്ഡാരങ്ങള് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
പുലർച്ചെ പൂജാരി എത്തിയപ്പോഴാണ് ഭണ്ഡാരങ്ങള് തകര്ത്ത നിലയില് കണ്ടെത്തിയത്. തുടർന്ന് വിവരം ക്ഷേത്ര കമ്മിറ്റി അധികൃതരെയും പോലീസിനെയും അറിയിച്ചു.
ക്ഷേത്രത്തിന് പുറത്തുള്ള ഒരു സിസിടിവിയില് പ്രതിയുടെ ദൃശ്യങ്ങള് അവ്യക്തമായി പതിഞ്ഞിട്ടുണ്ട്. സിസിടിവി ക്യാമറകള് പ്രതി തുണി ഉപയോഗിച്ച് മറച്ച ശേഷമാണ് കവർച്ച നടത്തിയിരിക്കുന്നത്. സംഭവത്തില് പോലീസ് അന്വേഷണം തുടങ്ങി.
Kerala
മലപ്പുറം: വള്ളിക്കുന്നിൽ ഉത്സവത്തിന് ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു. നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലെത്തിച്ച ഗജേന്ദ്രൻ എന്ന ആനയാണ് ചരിഞ്ഞത്.
ചൊവ്വാഴ്ച രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ച ആന ഇന്ന് രാവിലെയാണ് ചരിഞ്ഞത്. കോഴിക്കോട് ബാലുശേരി സ്വദേശിയുടേതാണ് ആന.
ക്ഷേത്രോത്സവത്തിന്റെ എഴുന്നള്ളത്തിലടക്കം പങ്കെടുപ്പിക്കുന്നതിനായാണ് ആനയെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് ആന ചരിഞ്ഞത്.
മരണകാരണം വ്യക്തമല്ല. വനംവകുപ്പിന്റെ നടപടികള്ക്കുശേഷമായിരിക്കും സംസ്കാരം. കോഴിക്കോട്, തൃശൂര് ജില്ലകളിലെ ഉത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ.
Kerala
മലപ്പുറം: കീഴാറ്റൂരിൽ താലപ്പൊലി മഹോത്സവത്തിനിടെ സംഘർഷം. കീഴാറ്റൂർ മുതുകുർശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ നാടൻപാട്ടിനിടെയാണ് സംഘർഷമുണ്ടായത്.
പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഗാനമേളയ്ക്ക് വലിയ തോതിൽ ആളുകളെത്തിയിരുന്നു.
ആദ്യം നൃത്തച്ചുവടുകളിൽ തുടങ്ങുകയും പിന്നീടിത് കൂട്ടയടിയിലേയ്ക്ക് എത്തുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
National
അയോധ്യ: അയോധ്യയില് രാമക്ഷേത്രത്തിന് ചുറ്റും 15 കിലോമീറ്റര് പരിധിയില് ജനുവരി ഒന്പത് വെള്ളിയാഴ്ച മുതല് ഓണ്ലൈന് വഴിയുള്ള മാംസാഹാര ഡെലിവറിയും പൂര്ണമായി നിരോധിച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള പഞ്ചകോശി പരിക്രമണ പാത ഉള്പ്പെടെയുള്ള 15 കിലോമീറ്റര് ചുറ്റളവിലാണ് മാംസാഹരത്തിന് നിരോധനം.
ഓണ്ലൈന് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സോമാറ്റോ, സ്വിഗി തുടങ്ങിയവ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ നിരവധി പരാതികള് ലഭിച്ചതിനെ തുടര്ന്നാണ് ഈ നടപടി. ക്ഷേത്ര നഗരിയുടെ പവിത്രതയും സാത്വിക സ്വഭാവവും നിലനിര്ത്താനാണ് ലക്ഷ്യം.
ഹോട്ടലുകൾ, ഹോംസ്റ്റേകള്, റെസ്റ്റോറന്റുകള്, ഗസ്റ്റ്ഹൗസുകള് എന്നിവയില് അതിഥികള്ക്ക് നോൺ-വെജ് ഭക്ഷണവും മദ്യവും നല്കരുതെന്ന് കര്ശന മുന്നറിയിപ്പ് നല്കി. മുന്നറിയിപ്പ് പാലിക്കുന്നുണ്ടോയെന്ന് അയോധ്യ ഭരണകൂടം നിരീക്ഷിക്കുമെന്നും അസിസ്റ്റന്റ് ഫുഡ് കമ്മീഷണര് മനിക് ചന്ദ്ര സിംഗ് പറഞ്ഞു.