National
പാറ്റ്ന: ബിഹാറിലെ മുസാഫർപുരിൽ ട്രക്ക് മറിഞ്ഞ് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാൽ സംഭവസ്ഥലത്ത് തടിച്ചുകൂടിയ ആളുകൾ പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം വാഹനത്തിൽ നിന്ന് തെറിച്ചുവീണ മാമ്പഴങ്ങൾ എടുത്തുകൊണ്ടുപോയി.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ഭർത്താവ് മരിച്ചു. ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയപാത 27-ലാണ് അപകടമുണ്ടായത്. അജയ് പാസ്വാൻ(40) ഭാര്യ സാന്താര ദേവിയോടൊപ്പം പശ്ചിമ ബംഗാളിൽ നിന്നും മുസാഫർപുരിലേക്ക് ട്രക്കിൽ മാമ്പഴവുമായി വരുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവത്തിന് പിന്നാലെ സ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം റോഡിൽ ചിതറി കിടന്ന മാമ്പഴം ശേഖരിച്ചുകൊണ്ടുപോയി. പോലീസ് സ്ഥലത്തെത്തിയാണ് ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ ഗുരുതര പരിക്കേറ്റ അജയ് പാസ്വാൻ ചികിത്സയ്ക്കിടെ മരിച്ചു. ഭാര്യ ചികിത്സയിലാണ്.
National
പാറ്റ്ന: ബിഹാറിൽ സ്വകാര്യ ബസ് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഔറംഗബാദ് ജില്ലയിലെ മുഫാസിൽ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഡിയോ മോറെ പ്രദേശത്താണ് അപകടം നടന്നത്.
ഗയയിൽ നിന്ന് വാരാണസിലേയ്ക്ക് തീർഥാടകരുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. നിർത്തിയിട്ടിരുന്ന ട്രക്കിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ആന്ധ്രാ പ്രദേശിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു
ആന്ധ്രയിലെ നെല്ലൂരിൽ നിന്നുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരിൽ എട്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ഗയയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. ബാക്കിയുള്ള സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
National
ലക്നോ: ഡൽഹിയിൽ നിന്നും മൃതദേഹവുമായി ജാർഖണ്ഡിലേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ട്രക്കിന് പിന്നിലിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ കൗശാംബി ജില്ലയിലാണ് അപകടം.
ആംബുലൻസ് ഡ്രൈവറായ ഇറ്റാവ സ്വദേശി ആകാശ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ട്രക്കിന്റെ പിറകിലേക്ക് ആംബുലൻസ് ഇടിച്ചുകയറിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
ഗണേഷ് മണ്ഡൽ (50) എന്നയാളുടെ മൃതദേഹവുമായി ഡൽഹിയിൽ നിന്നും ജാർഖണ്ഡിലേക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ട്. ആകാശ്, ലളിത, മഞ്ജു, ഹർകു എന്നിവർക്കാണ് പരിക്കേറ്റത്. ആംബുലൻസിലുണ്ടായിരുന്ന ജാൻവി, അഞ്ജലി എന്നീ രണ്ട് കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
International
ധാക്ക: ബംഗ്ലാദേശിലെ തങ്കാലി ജില്ലയിൽ ഇരുമ്പ് കമ്പികൾ കയറ്റിയ ലോറി മറിഞ്ഞ് 15 പേർ മരിച്ചു, 10 പേർക്ക് പരിക്കേറ്റു. ലോറിക്ക് മുകളിൽ കയറിയ യാത്രക്കാരാണ് മരിച്ചവർ. ജമുന പാലത്തിന്റെ കിഴക്ക് ഭാഗത്ത് തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ചട്ടോഗ്രാമിൽ നിന്നും വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക് പോവുകയായിരുന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
ബക്രീദ് പ്രമാണിച്ചുള്ള 10 ദിവസത്തെ അവധി ആരംഭിച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങാൻ ട്രെയിനുകളിലും ബസുകളിലും ടിക്കറ്റ് കിട്ടാത്ത യാത്രക്കാരാണ് ലോറിയിൽ ഉണ്ടായിരുന്നത്. വഴിയിൽ പലയിടങ്ങളിൽ നിന്നായി ഇവർ വണ്ടിയിൽ കയറിയതാണെന്ന് പോലീസ് കരുതുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ സലാംപൂർ ബുദ്ധവിഹാറിന് സമീപം അമിതവേഗത്തിലെത്തിയ ട്രക്ക് ട്രാക്ടറിന് പിന്നിലിടിച്ച് മൂന്ന് പേർ മരിച്ചു. അലിഗഡ് സ്വദേശികളായ വിഷ്ണു (25), ഋതിക് (16), അസെഹ് സ്വദേശി രാഥമോഹൻ കതേരിയ (18) എന്നിവരാണ് മരിച്ചത്. ഋതികിന്റെ പിതാവ് അർജുനാണ് പരിക്കേറ്റത്.
അർജുൻ, ഋതിക്, വിഷ്ണു എന്നിവർ ട്രാക്ടറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സലാംപൂർ ബുദ്ധവിഹാറിന് സമീപം ട്രാക്ടർ എത്തിയപ്പോൾ അമിതവേഗത്തിലെത്തിയ ട്രക്ക് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ തലകീഴായി മറിഞ്ഞു. ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന ബൈക്ക് യാത്രികനായ രാഥമോഹനെയും ട്രക്ക് ഇടിക്കുകയായിരുന്നു.
രാഥമോഹൻ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും ഋതികിനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അർജുൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പോലീസ് പറഞ്ഞു. അപകടമുണ്ടാക്കിയ ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തതായും ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ വാനും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. നിയന്ത്രണം വിട്ട വാനും ട്രക്കും മുഖാമുഖം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച പുലർച്ചെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ലംഖിംപൂരിൽ നിന്നു സിസൈയയിലേക്ക് പോവുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ബർവാനി ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം.
സച്ചിൻ വാസ്കലെ (25), പ്രദ്യുമ് സാഹ്തെ (25), ആകാശ് ദയാറാം (25), പപ്പു ഹിരാലാൽ (29), യശ്വന്ത് സുദാപിയ (30) എന്നിവരാണ് മരിച്ചത്.
ജൽഗൗൺ ഗ്രാമത്തിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് കാറിലുണ്ടായിരുന്നത്. തിരിച്ചു പോകുമ്പോൾ, ഒരു ടോൾ ബാരിയറിന് സമീപം അവരുടെ കാർ ഒരു ട്രക്കുമായി കൂട്ടിയിടിച്ചു.
വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ ബർവാനിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു.
പരിക്കേറ്റവർ ബർവാനിയിൽ ചികിത്സയിലാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ വികാരാബാദിൽ സ്കൂട്ടറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. സഹീറാബാദ് സ്വദേശി കവിരാജ് (40), ഭാര്യ പവാനി (35), മകൾ കീർത്തന (11) എന്നിവരാണ് മരിച്ചത്. മകൻ കാർത്തിക്കിന് പരിക്കേറ്റു. സംഭവത്തിൽ ട്രക്ക് ഡ്രൈവർ ഷെരീഫിനെതിരെ പോലീസ് കേസെടുത്തു.
രുക്മപൂരുള്ള പവാനിയുടെ വീട്ടിൽ നിന്ന് കുടുംബം മടങ്ങുന്നതിനിടെയായിരുന്നു അപകടം. തട്ടെപ്പള്ളിക്ക് സമീപം എത്തിയപ്പോൾ എതിരെ വന്ന ട്രക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കവിരാജും പവാനിയും കീർത്തനയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ കാർത്തിക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഷെരീഫ് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുകൊടുത്തു.
National
ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗറിൽ ദേശിയപാതയിൽ അമിതവേഗത്തിൽ എത്തിയ ട്രക്ക് ഇടിച്ച് ആറ് തീർഥാടകർ ഉൾപ്പെടെ ഏഴ് പേർ മരിച്ചു.
രാജ്കോട്ടിലെ ഗദ്ക ഗ്രാമത്തിൽ നിന്ന് ദേകവാലയിലെ ക്ഷേത്രത്തിലേക്ക് കാൽനടയായി യാത്ര ചെയ്യുകയായിരുന്നു തീർഥാടക സംഘം. ലഖ്താർ-വിരാംഗാം പാതയിൽ ടയർ മാറ്റുന്നതിനായി റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു ലോറി മറികടക്കാൻ ശ്രമിക്കുകന്നതിനിടെയാണ് പിന്നിൽ നിന്ന് വന്ന ട്രക്ക് ഇടിച്ചുതെറിപ്പിച്ചത്. പത്തോളം പേരാണ് അപകടത്തിൽപ്പെട്ടത്.
ആറ് തീർഥടകരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ട്രക്കിടിച്ച ലോറി ഡ്രൈവർ ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങി.
അപകടം കണ്ടുനിന്ന യാത്രക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
International
സൂറിച്ച്: ഇറ്റലിയിൽനിന്നു പോളണ്ടിലേക്ക് ട്രക്കിൽ കൊണ്ടുപോയ 12 ടൺ ചോക്ലേറ്റ് മോഷണം പോയി.
സ്വിസ് ഭക്ഷ്യോത്പന്ന കന്പനിയായ നെസ്ലെയുടെ കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകളാണ് കഴിഞ്ഞയാഴ്ച മോഷണം പോയത്.
ഈസ്റ്റർ പ്രമാണിച്ചു കന്പനി പുതുതായി വിപണിയിലിറക്കിയ ചോക്ലേറ്റാണു യൂറോപ്പിലെ വിവിധ ഭാഗങ്ങളിൽ വിലപ്നയ്ക്കായി മധ്യ ഇറ്റലിയിൽനിന്നു പോളണ്ടിലേക്കു കൊണ്ടുപോകവെ കവർച്ച ചെയ്യപ്പെട്ടത്.
വാഹനത്തെയും ഡ്രൈവറെയുംകുറിച്ച് വിവരമൊന്നുമില്ലെന്നാണു റിപ്പോർട്ട്.
National
ദിസ്പൂർ: ആസമിലെ സോണിത്പൂരിൽ രോഗിയുമായി പോയ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. തേസ്പൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
രോഗിയും കുടുംബവുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഏഴു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ തേസ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടന്ന ഉടൻ തന്നെ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തുകയും ഹൈവേയിൽ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ കന്നുകാലി കടത്തുകാരുടെ വാഹനം ഇടിച്ച് ഗോ സംരക്ഷകൻ കൊല്ലപ്പെട്ടു. കോസി കലാൻ പോലീസ് ഔട്ട്പോസ്റ്റ് പരിധിയിലുള്ള നവിപൂർ ഗ്രാമത്തിനടുത്തുള്ള കോസി പ്രദേശത്താണ് സംഭവം.
'ഫർസ വാലെ ബാബ' എന്ന പേരിൽ പ്രദേശത്ത് അറിയപ്പെടുന്ന ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്. കന്നുകാലിയെ കടത്തുന്നുണ്ടെന്ന് സംശയിച്ച് ചന്ദ്രശേഖർ തന്റെ മോട്ടോർ സൈക്കിളിൽ ഒരു ട്രക്ക് പിന്തുടരുകയായിരുന്നു. ഇതിനിടെ, ട്രക്ക് ചന്ദ്രശേഖറിനെ ഇടിച്ചു. ഗുരുതര പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
സംഭവസ്ഥലത്ത് നിന്നും ഒരു പ്രതിയെ പിടികൂടിയതായും മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥർ വാഹനം കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
National
അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാറിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ബംഗുളൂരുവിൽ നിന്നും തിരുപ്പതിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പലമനേരുവിന് സമീപമുള്ള നാലുവരിപ്പാതയിൽ രാവിലെ 8.45 ഓടെയാണ് അപകടം നടന്നത്. അഞ്ച് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ചക്സു പ്രദേശത്തെ ടിഗാഡിയയിലാണ് അപകടം നടന്നത്.
ഇന്ന് രാവിലെ ആറോടെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിൽ വച്ചുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. സരയ് ജുലെന സ്വദേശി മാനവ് (19) ആണ് മരിച്ചത്.
മാനവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് സാദ് (21) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇരുവരും ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികളാണ്.
മാനവിന്റെ പിറന്നാൾ ആഘോഷത്തിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മോദി മിൽ ഫ്ലൈ ഓവറിന് സമീപത്ത് വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
മാനവ് സംഭവസ്ഥലക്ക് വച്ച് തന്നെ മരിച്ചു. മുഹമ്മദ് സാദ് സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി ട്രക്ക് ഡ്രൈവർ ജഹുൽ (32) നെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിൽ പാലം തകർന്നുവീണു. ട്രക്ക് കടന്നുപോകുന്നതിനിടെയാണ് പാലം തകർന്നുവീണത്. പാലം രണ്ടായി തകര്‍ന്നുവീണതിന് പിന്നാലെ ലോറി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തില്‍ ഒറ്റപ്പെട്ടുപോയ ഡ്രൈവറെ ഉടന്‍ രക്ഷപ്പെടുത്തി പ്രാഥമിക പരിചരണം നല്കി വിട്ടയച്ചു.മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള പാലത്തില്‍ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികളിലൊരാള്‍ പ്രതികരിച്ചു.
പാലം തകര്‍ന്നുവീണ സംഭവത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. മമതാ ബാനര്‍ജി വെസ്റ്റ് ബംഗാളിനോട് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും, വികസനമല്ല, അഴിമതിയാണ് ഇവിടെ വ്യാപകമാകുന്നതെന്നും ബിജെപി ഐടി സെല്‍ ചീഫ് അമിത് മാളവ്യ എക്സിലൂടെ വിമർശിച്ചു.
Kerala
കോട്ടയം: തിരുവല്ല മുത്തൂരിൽ എംസി റോഡിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 1.30 ഓടെ ആയിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ബസിലുണ്ടായിരുന്ന 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരെ തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെൺപാലയിൽ നിന്നും പോയ ടൂറിസ്റ്റ് ബസും മിക്സർ ട്രക്കും നേർക്കുനേർ ഇടിച്ചതായാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു.
തുടർന്ന് അഗ്നിശമന യൂണിറ്റും പോലീസും നാട്ടുകാരും ചേർന്ന് ട്രക്ക് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ട്രക്ക് ഡ്രൈവർ ഉൾപ്പെടെ നാല് പേരുടെ നില നില ഗുരുതരമാണെന്നാണ് വിവരം. അപകട കാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
Kerala
കൊച്ചി: പൈങ്ങോട്ടൂരില്‍ നിയന്ത്രണം വിട്ട പിക്അപ് വാനിടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം. പനങ്കര കന്നാരത്തൊട്ടി മറ്റക്കോടിയില്‍ ബേബിയുടെ ഭാര്യ ശോഭന (58) ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.15ന് ആണ് സംഭവം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന വീട്ടിലേക്ക് പോവുകയായിരുന്ന ശോഭന, മൂവാറ്റുപുഴ-കാളിയാര്‍ റൂട്ടില്‍ മടത്തോത്ത്പാറയില്‍ ബസ് ഇറങ്ങി നടന്നു പോകവെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്അപ് വാന്‍ ശോഭനയെ പിന്നില്‍ നിന്നും ഇടിക്കുകയായിരുന്നു.
പിക്അപ് വാന്‍ തലകീഴായി സമീപത്തുള്ള പുരയിടത്തിലേക്ക് മറിഞ്ഞു. എന്നാല്‍ ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന സഹായിക്കും സാരമായ പരിക്കുകളില്ല.
വാഹനം മറിയുന്നതിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോത്താനിക്കാട് പോലീസും ചേര്‍ന്ന് ശോഭനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു. സംസ്കാരം നാളെ രാവിലെ 11ന് ഞാറക്കാട് സെന്റ് ജോസഫ്സ് പള്ളിയില്‍.
NRI
ബെര്‍ലിന്‍: ജര്‍മനിയിലെ സാക്സണി - അന്‍ഹാള്‍ട്ടിലെ ബുര്‍ഗ് പട്ടണത്തിലെ പട്ടാളക്യാമ്പിലേക്കുള്ള ഡെലിവറി ട്രക്കില്‍ നിന്ന് അജ്ഞാതരായ അക്രമികള്‍ ആയിരക്കണക്കിന് വെടിയുണ്ടകള്‍ മോഷ്ടിച്ചതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജര്‍മന്‍ പ്രതിരോധ മന്ത്രാലയം മോഷണം സ്ഥിരീകരിച്ചു. ആസൂത്രിതമല്ലാത്ത സ്റ്റോപ്പ് നടത്തിയ ഡെലിവറി ഡ്രെെവറെ അധികൃതർ കുറ്റപ്പെടുത്തി. എന്നാല്‍ ആരാണ് വെടിയുണ്ടകള്‍ എടുത്തതെന്നും എന്തുകൊണ്ടാണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. നവംബര്‍ 25നാണ് മോഷണം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു സിവിലിയന്‍ ഡെലിവറി ട്രക്ക് വെടിയുണ്ടകള്‍ കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ഡ്രെെവര്‍ ബുര്‍ഗിലെ ഒരു ഹോട്ടലില്‍ ട്രക്ക് രാത്രി നിര്‍ത്തി, സുരക്ഷിതമല്ലാത്ത ഒരു കാര്‍ പാര്‍ക്കില്‍ ട്രക്ക് പാര്‍ക്ക് ചെയ്തു. പിറ്റേന്ന് രാവിലെ, ഡെലിവറി ബാരക്കുകളില്‍ എത്തിയപ്പോഴാണ് ചില വെടിയുണ്ടകള്‍ നഷ്ടപ്പെട്ടതായി വ്യക്തമായത്.
ഡെലിവറി ലിസ്റ്റ് പരിശോധിച്ച ശേഷം, പിസ്റ്റളുകള്‍ക്കായുള്ള ഏകദേശം 10,000 റൗണ്ട് ലൈവ് വെടിയുണ്ടകളും അസോള്‍ട്ട് റൈഫിളുകള്‍ക്കായുള്ള 9,900 റൗണ്ട് പരിശീലന വെടിയുണ്ടകളും മോഷണം പോയതായി അറിയിച്ചത്.
മന്ത്രാലയവും ഡെലിവറി കമ്പനികളും തമ്മിലുള്ള കരാര്‍ അനുസരിച്ച് ചരക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ രണ്ടാമത്തേതിന് ബാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, സാധാരണയായി രണ്ട് ഡ്രെെവര്മാരുണ്ടാകും. അതിനാല്‍ ഏതൊരു സ്റ്റോപ്പിലും വാഹനം നിരീക്ഷിക്കാന്‍ കഴിയും.
പ്രാദേശിക പോലീസിന്റെ സഹായത്തോടെ സൈന്യം അന്വേഷണം നടത്തുന്നുണ്ട്.
Kerala
കൊച്ചി: അമിത ഭാരം കയറ്റുന്ന ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങളെ ദേശീയപാതയില്‍ അനുവദിക്കാനാകില്ലെന്നു ഹൈക്കോടതി.
ഇത്തരം വാഹനങ്ങള്‍ റോഡുകളുടെ തകര്‍ച്ചയ്ക്കും അപകടത്തിനും കാരണമാകും. ദേശീയപാതയില്‍ ഇവയുടെ സഞ്ചാരം തടയാന്‍ അടിയന്തിര നടപടി വേണം. ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അഥോറിറ്റി തയാറാക്കിയിരിക്കുന്ന കരട് പ്രവര്‍ത്തന നടപടിക്രമം എങ്ങനെ നടപ്പാക്കാനാകുമെന്ന് സര്‍ക്കാര്‍ അറിയിക്കാനും ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.
കരിങ്കല്‍ ഉത്പന്നങ്ങളും മറ്റും ഇപ്രകാരം കൊണ്ടുപോകുന്നതിലൂടെ വ്യാപകമായി നികുതിവെട്ടിപ്പും നടക്കുന്നുണ്ടെന്നതടക്കം ചൂണ്ടിക്കാട്ടി തൃശൂര്‍ നേര്‍ക്കാഴ്ച അസോസിയേഷന് ഡയറക്ടര്‍ പി.ബി. സതീശന് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
ദേശീയപാത അഥോറിറ്റിയുടെ കരട് പ്രവര്‍ത്തന നടപടിക്രമം ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തതായി അറിയിച്ച സര്‍ക്കാര്‍, ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തീരുമാനങ്ങളും അവ നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും അറിയിക്കാന്‍ ഒരാഴ്ച സമയം തേടി.
ട്രക്കുകളില്‍ അമിതഭാരം കയറ്റുന്നത് തടയാന്‍ ദേശീയപാത അഥോറിറ്റിയും ഗതാഗത വകുപ്പും മറ്റ് ഏജന്‍സികളും കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Kerala
തിരുവല്ല: എംസി റോഡിൽ തിരുവല്ല പെരുംതുരുത്തിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. തൃശൂർ ചാലക്കുടി മാർത്താലയ്ക്കൽ വീട്ടിൽ തങ്കപ്പൻ ( 61), ഭാര്യ ലളിതാ തങ്കപ്പൻ (54 ), ടിപ്പർ ഡ്രൈവർ തിരുവല്ല ചുമത്ര അമ്പനാട്ടുകുന്നിൽ വീട്ടിൽ അഭിലാഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്ത് നിന്നും എംസാൻഡ് കയറ്റി വന്ന ലോറിയും എതിർവശത്തുനിന്നും വന്ന മാരുതി സിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
തങ്കപ്പൻ ആണ് കാർ ഓടിച്ചിരുന്നത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ലളിതാ തങ്കപ്പന്റെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. അഞ്ച്പേർക്ക് പരിക്കേറ്റു.
ബുദ്ഗാമിലെ പാലാറിൽ രാത്രി 10.30 ഓടെയാണ് അപകടം. ടാറ്റ സുമോയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിന് പിന്നാലെ ഒമ്പത് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതിൽ നാല് പേർ മരിച്ചതായും അധികൃതർ അറിയിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.