ഷൊർണൂർ: കനത്ത മഴയും ഗതാഗത കുരുക്കും. വാണിയംകുളം വീർപ്പുമുട്ടുന്നു. വാണിയംകുളം ചന്തയുള്ള ദിവസങ്ങളിൽ ഒച്ചിഴയും വേഗത്തിലാണ് വാഹനങ്ങളുടെ ഇതുവഴിയുള്ള സഞ്ചാരം. പാലക്കാട് - കുളപ്പുള്ളി പ്രധാനപാതയിൽ ഒറ്റപ്പാലം നഗരത്തിനു തുല്യമായ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കനത്ത മഴകൂടി എത്തിയതിന്നാൽ ഗതാഗതക്കുരുക്ക് മുറുകുകയാണ്. വ്യാഴാഴ്ച ദിവസങ്ങളിൽ ഇതിന്റെ തോത് കുത്തനെ വർധിക്കും.
ഈ ദിവസമാണ് ഇവിടെ ചന്ത നടക്കുന്നത്. ഈ ദിവസം വാണിയംകുളം ടൗൺ കടന്നുകിട്ടാൻ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വാണിയംകുളം ടൗണിലെ കുരുക്കഴിക്കാൻ പോലീസും ഏറെ ബുദ്ധിമുട്ടുകയാണ്. പലപ്പോഴും വാണിയംകുളം പഞ്ചായത്ത് മുതൽ അജപാമഠം വരെ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
രാവിലെ സ്കൂൾ ബസുകളും കുരുക്കിൽപെടാറുണ്ട്. വാണിയംകുളം വല്ലപ്പുഴ റോഡ് കവല മുതൽ കോതകുറുശി റോഡ് കവല വരെയാണ് തിരക്ക് വർധിക്കുന്നത്. ഇതിനിടയിലുള്ള ചെറുകാട്ടുപുലം റോഡ് ജംഗ്ഷനിലും വാഹനങ്ങൾ നിയന്ത്രിക്കാനായി പോലീസിനു നിൽക്കേണ്ട അവസ്ഥയാണ്. ചന്തയിലേക്കു കന്നുകാലികളുമായി വരുന്ന വാഹനങ്ങൾ പാലക്കാട് കുളപ്പുള്ളി പാതയിലെ അജപാമഠം മുതൽ മനിശ്ശേരി വരെയുള്ള പാതയോരത്താണു നിർത്തിയിടുന്നത്.
ടൗണിലെ ഓട്ടോ തൊഴിലാളികൾക്കും സീബ്രാലൈനിലൂടെ റോഡ് കുറുകെ കടക്കുന്ന ആളുകൾക്കും ഇതു വലിയ പ്രയാസമാണുണ്ടാക്കുന്നത്. ടൗണിലെ നവീകരണ പ്രവൃത്തികൾ എല്ലാം പൂർത്തിയായിട്ടും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. കൂടുതൽ പോലീസ് ഉദ്യോഗസ്ഥന്മാരെ വാണിയംകുളത്ത് നിയോഗിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് ഉയർന്നു വന്നിട്ടുള്ള ജനകീയ ആവശ്യം.