ഒറ്റപ്പാലം: അമ്മയോടൊപ്പം പോവുകയായിരുന്ന ഒന്നര വയസുകാരനു വാണിയംകുളത്തു തെരുവുനായയുടെ കടിയേറ്റു.വാണിയംകുളം ഉണ്ടിയിൽപടി വീട്ടിൽ രോഹിണി - ഷനൂജ് ദമ്പതികളുടെ മകൻ ഇഷാനാണ് കടിയേറ്റത്.
വാണിയംകുളം ടൗണിൽവച്ചാണ് തെരുവുനായ കുട്ടിയെ കടിച്ചത്. അമ്മയുടെ കൈപിടിച്ചു നടന്നുപോകുകയായിരുന്ന ഇഷാന്റെ ഇടുപ്പിനാണ് കടിയേറ്റത്. വാണിയംകുളം പരിസരപ്രദേശങ്ങളിൽ തെരുവുനായ്ശല്യം അതിരൂക്ഷമാണ്. രാപ്പകൽവ്യത്യാസമില്ലാതെ ചന്തപ്പരിസരങ്ങളിൽ കൂട്ടംകൂടി നിൽക്കുന്ന നായ്ക്കൾ പതിവുകാഴ്ചയാണ്.
വാഹനങ്ങൾക്കു പിറകെ പരാക്രമംകാട്ടി കടിക്കാൻ ഓടിവരുന്ന നായ്ക്കളുമുണ്ട്. പരസ്പരം ആക്രമണം നടത്തി ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി ഭയാന്തരീക്ഷം സൃഷ്ടിക്കുന്ന സംഭവങ്ങളും പതിവാണ്.
പലയിടങ്ങളിൽനിന്നും അലഞ്ഞുതിരിഞ്ഞെത്തുന്ന തെരുവുനായ്ക്കൾ വാണിയംകുളം ചന്തയിലാണ് സ്വൈരവിഹാരം നടത്താൻ തമ്പടിക്കുന്നത്. പിടികൂടാനും വന്ധ്യംകരണം നടത്താനും കുത്തിവയ്പ് നടത്തുന്നതിനും നടപടികളില്ലാത്തത് ഇവയുടെ പെറ്റുപെരുകലിനു കാരണമാകുന്നു. രാത്രികാലങ്ങളിൽ നായ്ക്കളുടെ ശല്യം കൂടുതലാവും.
Tags : nattu vishesham Strikes by street dogs Vaniyamkulam