മഅദനിക്കു ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു പിഡിപി
കോഴിക്കോട്: ബാംഗളൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മഅ്ദനിക്കു ജാമ്യം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നു പിഡിപി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി. നിരവധി രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന മഅദനിക്ക് സ്വതന്ത്ര ചികിത്സ ലഭ്യമാക്കുന്നതിന് ജാമ്യം അത്യാവശ്യമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മഅദനിയെ മണിപ്പാല്‍ ആശുപത്രിയില്‍ കര്‍ണാടക പോലീസ് പീഡിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. കാഴ്ചക്കുറവും ഹൃദ്രോഗങ്ങളുമുള്ള മഅദനിക്ക് ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.


ജീവന്‍ തരാം മഅദനിയെ തരൂ എന്ന മുദ്രാവാക്യവുമായി പിഡിപി നടത്തുന്ന സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായി 25ന് കോഴിക്കോട് ടൌണ്‍ഹാളില്‍ ജില്ലാകണ്‍വന്‍ഷന്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രകമ്മിറ്റിയംഗം വി.എം. മാര്‍സല്‍, കോഴിക്കോട് ജില്ലാപ്രസിഡന്റ് ഷംസുദ്ദീന്‍ പയ്യോളി, സെക്രട്ടറി ജഫ്രി നല്ലളം, വൈസ് പ്രസിഡന്റ് റസല്‍ നന്തി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.