മാര്‍ച്ച് 31 വരെ പാലിനു മില്‍മ രണ്ടുരൂപ അധികം നല്‍കും
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന്‍ എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ പ്രാഥമിക ക്ഷീരോത്പാദക സഹകരണ സംഘങ്ങളില്‍ നിന്നു സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും ഇന്നു മുതല്‍ മാര്‍ച്ച് 31 വരെ രണ്ടു രൂപ വീതം പ്രഖ്യാപിത ചാര്‍ട്ട് വിലയെക്കാള്‍ അധികം നല്‍കും.

കാലിത്തീറ്റയുടെ വിലവര്‍ധനമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമെന്ന നിലയില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മേഖലാ യൂണിയന്‍ ഒരു ലിറ്റര്‍ പാലിന് ഒരു രൂപ അധികം നല്‍കിയിരുന്നു. ഇതിനുപുറമേ ഓരോ ലിറ്റര്‍ പാലിനും 800 പ്രാഥമിക സംഘങ്ങള്‍ക്ക് ഒരു രൂപ വീതം മേഖലാ യൂണിയനില്‍ ഗിഫ്റ്റ് ഷെയറും നല്‍കുന്നുണ്െടന്നും മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ അറിയിച്ചു.

ഒക്ടോബറില്‍ പാലിന്റെ വില്‍പ്പന വില അഞ്ചു രൂപ വര്‍ധിപ്പിച്ചപ്പോള്‍ 4.80 രൂപ പ്രാഥമിക സംഘങ്ങള്‍ക്ക് വര്‍ധിപ്പിച്ച് നല്‍കുമെന്നാണു പ്രഖ്യാപിച്ചിരുന്നത്.


എന്നാല്‍ മേഖലാ യൂണിയന്‍ ഈ പ്രോത്സാഹന വില പദ്ധതി കൂടി നടപ്പാക്കുമ്പോള്‍ ശരാശരി ഒരു ലിറ്റര്‍ പാലിന് 8.20 രൂപയാണ് സംഭരണ വിലയില്‍ സംഘങ്ങള്‍ക്ക് വര്‍ധിപ്പിച്ച് നല്‍കുന്നത്. മേഖലാ യൂണിയന്റെ പ്രവര്‍ത്തന ലാഭത്തില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം സംഘങ്ങളില്‍ നിന്നു സംഭരിച്ച പാലിന് ഏപ്രില്‍, മേയ് മാസങ്ങളില്‍ 86.47 ലക്ഷം രൂപയും, ഒക്ടോബര്‍ മുതല്‍ ജനുവരി വരെ 4.10 കോടി രൂപയും പ്രോത്സാഹന അധികവിലയായി കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇന്നു മുതല്‍ മാര്‍ച്ച് 31 വരെ 3.20 കോടി രൂപ വിതരണം ചെയ്യുമെന്നു ജയന്‍ അറിയിച്ചു.