സീരിയല്‍ നടി ഹൈടെക് പെണ്‍വാണിഭ സംഘത്തിലെ കണ്ണിയെന്നു പോലീസ്
കണ്ണൂര്‍: ജ്വല്ലറി ജീവനക്കാരിയായ യുവതിയെ പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് അറസ്റിലായ സീരിയല്‍ നടി ഹൈടെക് പെണ്‍വാണിഭ സംഘത്തിലെ കണ്ണിയാണെന്നു സൂചന ലഭിച്ചതായി പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. മമ്പറം സ്വദേശിനിയായ ഗ്രീഷ്മ (38) യാണു കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരില്‍ അറസ്റിലായത്. റിമാന്‍ഡിലായിരുന്ന ഇവരെ കൂടുതല്‍ അന്വേഷണത്തിനായി ജുഡീഷല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (ഒന്ന്) സി. മുജീബ് റഹ്മാന്‍ ഇന്നലെ പോലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തു.

ഇന്നു വൈകുന്നേരം അഞ്ചുവരെ കസ്റഡിയില്‍ വിട്ട നടിയെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ ഏജന്റ് കൂടിയാണു സീരിയല്‍ നടിയെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററിന്റെ മറവിലാണു പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതെന്നും പോലീസ് പറയുന്നു.


ഇന്നലെ കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ തന്റെ അസിസ്റന്റായി ജോലി നല്‍കാമെന്നു പറഞ്ഞാണു യുവതിയെ സീരിയല്‍ നടി കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും അതിനു വേശാവൃത്തി എന്ന് അര്‍ഥമില്ലെന്നും ഗ്രീഷ്മയ്ക്കു വേണ്ടി ഹാജരായ അഡ്വ. ബി.പി. ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേസന്വേഷണത്തിന്റെ ആവശ്യത്തിനു പ്രതിയെ പോലീസ് കസ്റഡിയില്‍ വിടാന്‍ മജിസ്ട്രേട്ട് തീരുമാനിക്കുകയായിരുന്നു.